അസ്ഥിയില്‍ തൊട്ട വാക്കുറപ്പ്

4
393
athmaonline-rajithan-kandanassery-wp

വായന

കോവിലന്റെ ‘ഒരു കഷണം അസ്ഥി’ എന്ന കഥയുടെ പുനർവായനയിൽ കുറിച്ചത്

രജിതൻ കണ്ടാണശ്ശേരി

‘ഒരു കഷണം അസ്ഥി’ക്കു പറയുവാനുള്ളത്:

മനുഷ്യർ സകലചരാചരങ്ങളെയും പോലെ അപ്രസക്തരായി മാറുന്നു, മരണശേഷം. കൂടെ ജീവിച്ചിരിക്കുന്നവരുടെ സ്മരണകളിൽ നിന്ന് മായുവോളം മാത്രം അവർ ജീവിക്കുന്നു. കഥാകാരൻ എഴുതുന്നത് പോലും ആരുടെയൊക്കെയോ ഓർമ്മകളിൽ ‘ഒരു കഷ്ണം അസ്ഥി’യായി ഭവിക്കുവാനാണ്. വർഷങ്ങൾക്കോ ദശാബ്ദങ്ങൾക്കോ ശേഷം ആരൊക്കെയോ കണ്ടെടുക്കുന്ന,ദ്രവിക്കാത്ത ചെറിയ അവശേഷിപ്പുകളാണ് ഓരോ സാഹിത്യ സൃഷ്ടികളും. ഒരു പ്രണയം പോലെ ഒരു നിരൂപകൻ, ഒരു സാഹിത്യപ്രേമി അത് കണ്ടെടുക്കുന്നു. കാഠിന്യം അലിഞ്ഞുകലരാത്ത, നഷ്ടപ്പെട്ടുപോയ നിരവധി മൃദുല രചനകൾക്കിടയിൽ നിന്നും.

അസ്ഥികൾക്കൊപ്പം ബലവത്തായവകൾക്കു മാത്രമേ കാലത്തേ അതിജീവിക്കുവാൻ പറ്റു എന്നും കോവിലൻ പറഞ്ഞു വെക്കുന്നു ഈ കഥയിലൂടെ. ഉയർന്നും താഴ്ന്നും കിടക്കുന്ന മണ്ണ് മാറ്റി മേട് കിളച്ച് നിരപ്പാക്കിയാൽ കവുങ്ങുകളുടെ തടത്തിൽ മണ്ണിടാം. വീടിനു ചുറ്റും മുറ്റം വളർത്താം. വളക്കൂറുള്ള പുതുമണ്ണിൽ ചേമ്പു നടാം. മകന്റെ ആഗ്രഹങ്ങൾ ഇതൊക്കെയാണ്. മേട്ടിൽ നിന്നും മണ്ണു കോരിയാൽ തെങ്ങിൻ തൈ വെക്കാം. അച്ഛനും ആഗ്രഹങ്ങളുണ്ട്. പക്ഷേ അധിക ദൂരം വേണ്ട. ഇനിയങ്ങോട്ട് വേണ്ട. അച്ഛൻ തടയുന്നു. ശവം മാന്തണ്ട. അവിടെ അച്ഛന്റെ സമപ്രായക്കാരിയായിരുന്ന അകന്ന ബന്ധുവിന്റെ ശവമടക്കിയിട്ടുണ്ട്. ഇരുപതോ ഇരുപത്തിരണ്ടോ പ്രായമുള്ള ഒരു യുവതിയുടെ. അന്നിവിടെ വീടില്ലായിരുന്നു. അച്ഛൻ കുന്നു കയറി വീട് വെച്ചത് എന്തിനാണെന്ന് കഥയിൽ മകൻ തിരിച്ചറിയുന്നുണ്ട്. അച്ഛൻ അരുതെന്ന് പറഞ്ഞിടത്തു നിന്ന് മകൻ തുടങ്ങുകയാണ്. അച്ഛനു പ്രിയപ്പെട്ടതായിരുന്നെന്നറിയാവുന്ന നശിക്കാത്ത ഒരു കഷണം അസ്ഥി മകൻ കണ്ടെടുക്കുന്നു. അച്ഛന്റെ വേദനകൾ മക്കളറിയുന്നില്ല. മകന്റെ ചിന്തയിൽ പേടിപ്പിക്കുന്ന ആ കുഴിമാടം നീക്കം ചെയ്യണമെന്നും അവിടെ നിരവധി തൈകൾ നട്ട് പെണ്ണ് കെട്ടുമ്പോൾ ഭാര്യയോട് വീമ്പ് പറയണമെന്നുമാണ്.

kovilan
കോവിലൻ

അച്ഛന്റെ ആ ജന്മത്തിലെ ആഗ്രഹങ്ങളുടെ സാധ്യതകൾ ഇല്ലാതാക്കുന്ന മകൻ,ഏത് കാലത്തും പ്രസക്തമത്രെ. കുഴിമാടം മാന്തുന്ന മകന്റെ വിവരണങ്ങൾ വായിച്ചാൽ കോവിലൻ ശവക്കുഴി മാന്തിയിട്ടുണ്ട് എന്നുതന്നെ തോന്നും. “അടിയിലോട്ടു മണ്ണിനു നിറവ്യത്യാസമുണ്ട്. വളം പിടിച്ചിട്ടുള്ളത് പോലെ, അതിർത്തിയിൽ നിൽക്കുന്ന പിലാവിന്റെതാകണം, ഇളം വേരുകൾ ആ കുതിർന്ന മണ്ണിൽ ചെട കുത്തിക്കിടക്കുന്നു. അടിയെത്താറായപ്പോൾ നന്നേ സൂക്ഷിച്ചു എന്തെങ്കിലുമുണ്ടോ?
നന്നേ നിരാശ തോന്നുകയായി.കുഴിയുടെ അടിയിലെത്തി. കാണാനില്ല. ഒരെല്ലു പോലും, തലനാരു കൂടെ….”

കോവിലനെന്ന എഴുത്തുകാരൻ കണ്ടാണശ്ശേരിയിലെ തന്നെ സൗമ്യാർദ്രത കളിൽ നിന്നും കാഠിന്യം അന്വേഷിച്ചു പോയ വ്യക്തി യത്രേ !. പഞ്ചസാരപ്പൂഴി നിറഞ്ഞ ചൊവ്വല്ലൂത്തോട് അതിരിടുന്ന പടിഞ്ഞാറു നിന്നും ചരലും ചെമ്മണ്ണും പാറ കണക്കേ അടിഞ്ഞു കിടന്നു രൂപം കൊണ്ട കുന്നുകളിലൊന്നിലേക്ക്, സ്വമേധയാ താമസം മാറുമ്പോൾ ഉറ്റവരും ഉടയവരും ആശ്ചര്യം പൂണ്ടു. വെള്ളം വറ്റാത്ത കിണറുകളും ചെരുപ്പില്ലാതെയും ഉള്ളടി നോവാതെ നടക്കാവുന്ന മണ്ണുമുള്ള ഭൂവിഭാഗത്തെ കൈവിട്ട് കുന്നു കയറുന്നത് എന്തബദധമാണ്. കോവിലനെന്ന എഴുത്തുകാരനെ തിരിച്ചറിഞ്ഞ ആർക്കും അങ്ങനൊരു ചോദ്യം ഉറവിടുകയേ ഇല്ല. ഇന്ത്യയുടെ മരുഭൂമികളിലും മഞ്ഞു നിറഞ്ഞ മലനിരകളിലും കാറ്റിലും വരൾച്ചയിലും മുൾപ്പടർപ്പിലും ജീവിച്ച ഈ മനുഷ്യന് ആർദ്രതകളേക്കാളും ഇഷ്ടം എന്നും വേനൽ നൽകിയ പരുഷഭാവമുള്ള കാഠിന്യങ്ങളോടായിരുന്നു. “തട്ടക “‘ത്തിൽ പറഞ്ഞു നിർത്തുന്ന പോലെ സ്വയം നിർമ്മിച്ച ഉമിത്തീയിൽ എരിഞ്ഞു തീരാൻ എന്നേ പാകമായിരുന്നു ആ ജീവിതം. നൂറ്റാണ്ടുകളുടെ ചവിട്ടേറ്റ് ഇടിഞ്ഞും കാടുപിടിച്ചും കിടന്നിരുന്ന, താമസത്തിനോ കൃഷിക്കോ ഒട്ടും പറ്റാതിരുന്ന, വെട്ടിയാൽ കീറാത്ത മണ്ണിലാണ് അയ്യപ്പനെന്ന കോവിലൻ ഒരു ജന്മം മുഴുവൻ കൂത്താടിയത്. മുനിയറയുടെ സമീപത്തെങ്ങും നന്നങ്ങാടികളും നങ്ങണാം കുഴികളുമായിരുന്നു. ഒരു ചെറു കഷണം അസ്ഥി പോലും അവശേഷിപ്പിക്കാത്ത കുഴിമാടങ്ങൾ. വെട്ടിയും നിരത്തിയും സ്വജീവിതം മുഴുവൻ ആ കുന്നുകളെ അയ്യപ്പൻ എന്ന കൃഷിക്കാരൻ നിരപ്പാക്കി. എന്നെങ്കിലും ഒരു കഷണം അസ്ഥി വാരിയെടുത്ത മൺകൂനയിൽ കണ്ടുവോ? അതോ സുഹ്യത്തുക്കളിലാരോ പറഞ്ഞ ശൂന്യമായ “ഇരുട്ടുപെട്ടി” യിൽ നിന്നും കോവിലനിലെ മാന്ത്രികൻ ഒരുക്കിയെടുത്ത അത്ഭുതദൃശ്യങ്ങളോ?ഒരു കഷണം അസ്ഥി എന്ന ഈ കഥയുടെ വിത്ത് മുളച്ച പശിമയേറിയ മണ്ണ് ഏതാണെന്ന് ചിന്തിക്കുക രസകരം.

അതിശയവും അതിഭാവുകത്വവും ഏറി നിൽക്കുന്ന ഈ കഥയിൽ അതിൽ നിന്നൊക്കെ സ്വന്തംചുമലുകൾ സ്വതന്ത്രമാക്കാൻ കഥാകൃത്ത് കൂട്ടുകാരനെ കൂട്ടു പിടിക്കുന്നു.എല്ലാം അയാൾ പറഞ്ഞതാകുന്നു,അത് പോലെയോ അല്ലാതെയോ ഞാൻ എഴുതുന്നു അത്രെയേ ഉള്ളൂ. പ്രണയകഥകൾ എഴുതി പ്രശസ്‌തരായ നിരവധി മലയാള എഴുത്തുകാരിൽ മാംസനിബദ്ധമല്ലാത്ത ഈ രാഗം കുറിക്കാൻ മലയാളത്തിൽ മറ്റാർക്കാണ് കഴിഞ്ഞത്?.ജീവിച്ചിരുന്ന കാലത്തെ കഥാപാത്രങ്ങളുടെ ഒരു പ്രണയചാപല്യം പോലും ചൂണ്ടിക്കാണിക്കാതെ ഈ കഥ എഴുതാൻ തോന്നിയ മനസിന്റെ കാഠിന്യം ഓരോ എഴുത്തുകാരന്റെയും ഉള്ളിലേക്ക് നീട്ടിയെറിഞ്ഞ കൊടുവാളിനു സമാനമാണ്.ജനങ്ങൾക്കിഷ്ടപെടുന്നത് എഴുതാതെ വിട്ടുകളയാൻ പറ്റുന്ന ഒരപൂർവതയുടെ ചാരുത ഇവിടെയുണ്ട്. അറുപതു വർഷം മുൻപ് എഴുതപ്പെട്ട(1961)ഈ കഥയുടെ ക്രാഫ്‌റ്റും അത്ഭുതപ്പെടുത്തുന്നു.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

4 COMMENTS

  1. അസ്ഥികൾക്കും ഒരു പാട് പറയാനുണ്ട് ല്ലേ? നന്നായിട്ടുണ്ട്

  2. അപൂർവ്വതയുടെ ചാരുത , കാഠിന്യം ഒരിക്കലും ദ്രവിക്കാത്ത അസ്ഥിയോളം …
    എഴുത്ത്‌ തിളങ്ങുന്നുണ്ട്‌ രജിതൻ .

LEAVE A REPLY

Please enter your comment!
Please enter your name here