ജയസൂര്യ, സൗബിൻ മികച്ച നടൻമാർ; നിമിഷ നടി

0
229

തിരുവനന്തപുരം: 2018 ലെ സംസഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ജയസൂര്യയും സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിന് സൗബിൻ ഷാഹിറും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. നിമിഷ സജയനാണ് മികച്ച നടി. ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളിലെ പ്രകടനമാണ് നിമിഷയെ പുരസ്കാരത്തിന് അർഹയാക്കിയത്.

ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഒരു ഞായറാഴ്ച മികച്ച രണ്ടാമത്തെ സിനിമയായി. ഷെരീഫ് സി സംവിധാനം ചെയ്ത ‘കാന്തന്‍ ദ ലവര്‍ ഓഫ് കളറാ’ണ് മികച്ച ചിത്രം.

ജോസഫിലെ അഭിനയത്തിലൂടെ ആരാധകരെ ഞെട്ടിച്ച ജോജുവാണ് മികച്ച സ്വഭാവ നടൻ. ജോജുവിന്റെ ‘ചോല’യിലെ പ്രകടനവും അവാർഡിന് പരിഗണിക്കപ്പെട്ടു.

മികച്ച ജനപ്രിയ ചിത്രമായി സുഡാനി ഫ്രം നൈജീരിയ തെരഞ്ഞെടുക്കപ്പെട്ടു. സുഡാനി ഫ്രം നൈജീരിയയില്‍ സൗബിന്റെ ഉമ്മമാരായി അഭിനയിച്ച സാവിത്രി ശ്രീധരന്‍, സരസ ബാലുശേരി എന്നിവര്‍ മികച്ച സ്വഭാവനടിമാരായി തെരഞ്ഞെടുക്കപ്പെട്ടു. സുഡാനിയിലൂടെ സക്കറിയ മികച്ച നവാഗത സംവിധായകൻ, മികച്ച തിരക്കഥാകൃത്ത് എന്നീ പുരസ്‌കാരങ്ങൾക്ക് അർഹനായി. മുഹ്‌സിൻ പരാരിയും തിരക്കഥയിൽ പങ്കാളിയായിരുന്നു.

ആദി സംവിധാനം ചെയ്ത പന്തില്‍ അഭിനയിച്ച അവനി ആദി മികച്ച ബാലതാരം ആയി. ആദിയുടെ മകളാണ് അവനി.

കാര്‍ബണ്‍ എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ച മോഹന്‍ മികച്ച ഛായാഗ്രാഹകനായി. ജോസഫ്, തീവണ്ടി എന്ന ചിത്രങ്ങളിലെ ഗാനങ്ങളിലൂടെ പി കെ ഹരിനാരായണന്‍ മികച്ച ഗാനരചയിതാവായി. കാര്‍ബണിലെ എല്ലാ ഗാനങ്ങളും വിശാല്‍ ഭരദ്വാജിനെ മികച്ച സംഗീത സംവിധായകനാക്കി. ആമിയുടെ പശ്ചാത്തല സംഗീതത്തിന് ബിജിപാലും ആദരിക്കപ്പെട്ടു.

ജോസഫിലെ പൂമുത്തോളേ.. എന്ന ഗാനം ആലപിച്ച വിജയ് യേസുദാസ് മികച്ച ഗായകനായി. ശ്രേയ ഘോഷാല്‍ ആണ് മികച്ച ഗായിക.

സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

ക്യാപ്റ്റൻ സിനിമ റിവ്യൂ വായിക്കാം:

ക്യാപ്റ്റന്‍: വി പി സത്യന്‍റെ ആത്മാവ് ജയസൂര്യയിലൂടെ ജീവിക്കുന്നു

സുഡാനി ഫ്രം നൈജീരിയ റിവ്യൂ വായിക്കാം:

ഉമ്മമാരും മലപ്പുറവും ഫുട്ബോളും

ഞാൻ മേരിക്കുട്ടി റിവ്യൂ വായിക്കാം:

ജീവിച്ച് ജയിച്ച മേരിക്കുട്ടി

ജോസഫ് റിവ്യൂ വായിക്കാം:

ജോസഫ്‌ എന്ന മനുഷ്യൻ

LEAVE A REPLY

Please enter your comment!
Please enter your name here