കഥ
സിനാൻ പതിമംഗലം
മൊയ്ദീൻ പള്ളിയിലെ ഖുർആൻ ഓത്ത് കേട്ടാണ് മുരളി എണീറ്റത്. തലേന്ന് രാത്രി പുകച്ചു വെച്ച ദിനേശ് ബീഡിയുടെ ചാരം വിരിപ്പിൽ അങ്ങിങ്ങായി പരന്നിട്ടുണ്ട്.പുതപ്പ് മാറ്റിയിട്ടപ്പോൾ കൊതുക് കൂട്ടങ്ങൾ പറന്നു പൊങ്ങി. മുരളി തുണി മുറുക്കിയുടുത്ത് അടുക്കളയിലേക്ക് നടന്നു. മധുരമിടാത്ത ഒരു ഗ്ലാസ് കട്ടൻ വലിച്ചിറക്കി അയാൾ ചായ്പ്പിലേക്ക് ചെന്നു. പങ്കായവും ചെമ്മീൻകൂടുകളുമെടുത്ത് വലിയ തുറ ലക്ഷ്യമാക്കി നീട്ടി നടന്നു. ചെരുപ്പിന്റെ പിൻ ഭാഗം തേഞ്ഞുതീരനായത് കൊണ്ട് ചെറിയ കല്ലുകൾ കാൽമടമ്പിൽ കൊള്ളുന്നുണ്ട്.
റംസാൻ കാലമാണ്, സ്ഥിരമായി കൂടെ കടലിൽ പോന്നിരുന്ന മൊയ്‌ദീനും മമ്മിക്കയും നോമ്പായതിനാൽ കഴിഞ്ഞ പത്ത് ദിവസമായി വരാറില്ല. ഒറ്റക്കാണെങ്കിലും കഴിഞ്ഞ ഇരുപത്തി മൂന്ന് കൊല്ലമായി മുരളി കടലിൽ പോകാറുണ്ട്. ഹാർബറിന്റെ വടക്കേ അറ്റത്ത് കേറ്റി നിർത്തിയ തോണി ലക്ഷ്യമാക്കി അയാൾ ആഞ്ഞു നടന്നു. ചിതലക്കിളികൾ അതിരാവിലെ തന്നെ ഹാർബറിന്റെ കോൺഗ്രീറ്റ് നിലങ്ങളിൽ ഒച്ചയുണ്ടാക്കി പറക്കുന്നുണ്ട്. കിഴക്ക് വെളിച്ചം വീഴാൻ തുടങ്ങിയിട്ടില്ല. മുരളി തിരകളെ മുറിച്ച് തോണി കടലിലേക്ക് തള്ളിയിറക്കി.
“അസ്സലാത്തു ഖൈറുൻ മിനന്നൗം” മൊയ്ദീൻ പള്ളിയിലെ മുക്രിക്ക തന്റെ മധുരമുള്ള ശബ്ദത്തിൽ സുബ്ഹി വാങ്ക് വിളിക്കുന്നത് മുരളിക്ക് കേൾക്കാം.
ഹാർബർ റോഡിലൂടെ പള്ളിയിലേക്ക് ടോർച്ച് വെളിച്ചത്തിൽ ആരൊക്കെയോ നടക്കുന്നത് തോണിയിലിരുന്ന് മുരളി കാണുന്നുണ്ട്. കടൽ ഇന്ന് കുറച്ച് ശക്തമാണ്. തീരം വിടും തോറും വലിയ തിരമാലകൾ ചെറുതിനെ തിന്ന് തീരത്തേക്ക് പാഞ്ഞു പോകുന്നു.രാത്രിയിൽ പുറം കടലിൽ പോയ വലിയ മീൻ ബോട്ടുകൾ ഒന്നൊന്നായി ഹാർബറിലേക്കെത്തിക്കൊണ്ടിരിക്കുന്നു. ബോട്ടുകൾക്ക് മീതെ പരുന്തുകൾ വട്ടമിട്ട് പറക്കുന്നു. ആകാശത്ത് വെളിച്ചം പരന്നിട്ടുണ്ടെങ്കിലും ചന്ദ്രൻ ആകാശം വിട്ട് മാഞ്ഞിട്ടില്ല. അപ്പോഴേക്കും തോണി കരയിൽ നിന്ന് നാലര നാഴിക പിന്നിട്ടിരുന്നു. മുരളി വെള്ളിയാങ്കല്ല് ലക്ഷ്യമാക്കി തുഴഞ്ഞു കൊണ്ടിരുന്നു. ചെമ്മീൻ കൂട്ടങ്ങൾ ഒരുപാട് കാണുന്നതിനാൽ ചെറു തോണികളുടെ ആശ്രയ കേന്ദ്രമാണ് വെള്ളിയാങ്കല്ല്. തന്റെ കുട്ടിക്കാലത്ത് വല്യച്ഛൻ ചെമ്മീൻ കൂടുകളിൽ ചുവന്ന നിറവും വലിയ കൊമ്പുകളുമുള്ള ചെമ്മീനുകളെ തറവാട്ടിലേക്ക് കൊണ്ട് വരുമ്പോഴാണ് ആദ്യമായി അതിനെ കാണുന്നത്. പുളിയിട്ട് വറ്റിച്ചെടുത്ത കറി കാത്ത് കുട്ടികൾ ഇറയത്ത് അക്ഷമരായി കാത്തിരിക്കുമായിരുന്നു.
ദൂരെ ഒരു പൊട്ട് പോലെ വെള്ളിയാങ്കല്ല് കാണുന്നുണ്ടിപ്പോൾ. മേഘക്കീറുകളിൽ നിന്ന് വീഴുന്ന വെളിച്ചം തിരകളിൽ തട്ടി തിളങ്ങുന്നു. തോണിയുടെ വലത് വശത്തൂടെ ഒരു ചെറിയ അയലക്കൂട്ടം പാഞ്ഞുപോയി. കൂറ്റൻ പാറക്കെട്ടുകളിൽ തട്ടി തിരിച്ചു വരുന്ന തിരകളിൽ പെടാതെ മുരളി തോണി മെല്ലെ വെള്ളിയാങ്കല്ലിന്റെ പടിഞ്ഞാറു വശത്തേക്കടുപ്പിച്ചു. തന്റെ തോണിയല്ലാതെ മറ്റൊന്നും പരിസരത്തെവിടെയും അയാൾ കണ്ടില്ല. ഭീമാകാരമായ പാരപ്പുറത്ത് തുമ്പിക്കൂട്ടങ്ങൾ പാറിപ്പറക്കുന്നുണ്ട്. കാലിൽ കക്കത്തോടുകൾ കൊള്ളാതെ മുരളി പാറപ്പുറത്തേക്ക് കയറി നിന്നു. കാറ്റ് പിടിക്കാതിരിക്കാൻ കൈ കവച്ചു വെച്ച് തീപ്പെട്ടി ഉരച്ചൊരു ബീഡി കത്തിക്കാൻ ശ്രമിച്ചു. തുടർച്ചയായ മൂന്നാമത്തെ കൊള്ളിയിൽ ബീഡിയുടെ അറ്റം പുകച്ച് മൂക്കിലൂടെ പുക പുറത്തേക്കൊഴുകി. ആഞ്ഞൊരു പുകയെടുത്ത് മുരളി അധികാര ഭാവത്തിൽ ഒന്ന് മന്ദഹസിച്ചു. അയാൾ തോണിയിൽ നിന്ന് ചെമ്മീൻ കൂടുകളെടുത്ത് പാറയിടുക്കിൽ ഒന്നൊന്നായി വെക്കാൻ തുടങ്ങി. ഉണങ്ങിയ കൊപ്രയിൽ മഞ്ഞൾ പൊടി വിതറിയ കൂടുകൾ പാറക്കെട്ടുകൾക്കിടയിൽ ഓരോന്നായി സ്ഥാനം പിടിച്ചു.
പൊടുന്നനെയാണ് മുരളി അത് ശ്രദ്ധിച്ചത്, തിരകൾക്ക് കാറ്റ് പിടിക്കാൻ തുടങ്ങിയിരിക്കുന്നു, പരുന്തുകൾ കൂട്ടമായി കര ലക്ഷ്യം വെച്ച് പറക്കുന്നു, ആകാശത്ത് നിന്ന് വെളിച്ചം പെയ്യുന്ന കീറുകളിൽ ഇരുട്ട് കേറുന്നു. ആദ്യ ബീഡി കത്തിത്തീരുന്നതിന് മുൻപ് കൂറ്റനൊരു തിര വന്ന് തോണിയെ പാറയിലിടിച്ചു തകർത്തു കളഞ്ഞു. ബാക്കി വന്ന പിണ്ണാക്കും മഞ്ഞൾ പൊടിയും തിരയിൽ കലർന്നൊഴുകി. തിരയിൽ വഴുതി വീണ മുരളി മെല്ലെ ഒരുയർന്ന പാറപ്പുറത്തേക്ക് കയറിക്കിടന്ന് മേലോട്ട് നോക്കി. ആകാശത്ത് മഴ മേഘങ്ങൾ ഇരുണ്ടുകൂടിയിരിക്കുന്നു. ആകാശം ചരൽക്കല്ല് പോലെ കനമുള്ള മഴത്തുള്ളികൾ താഴോട്ടെറിഞ്ഞു കൊണ്ടിരുന്നു. കാറ്റ് തട്ടി തിരയിൽ നിന്നുപ്പ് വെള്ളം പാറപ്പുറത്തേക്ക് തെറിച്ചു വീഴുന്നുണ്ടായിരുന്നു. തമ്മിൽ തിരിച്ചറിയാത്ത വിധം മഴയിൽ ഉപ്പ് രസമുള്ള വെള്ളം മുരളിയുടെ മേൽ വീണ് കൊണ്ടിരുന്നു. ദൂരെയൊരു വെളിച്ചം വെള്ളിയാങ്കല്ല് ലക്ഷ്യമാക്കി വരുന്നത് മുരളി പാതിയടഞ്ഞ കണ്ണിലൂടെ കണ്ടു.
തുറന്നിട്ട ജനലിലൂടെ മഴത്തുള്ളികൾ മുഖത്ത് വന്ന് വീണിട്ടാണ് മുരളി എഴുന്നേറ്റത്. ഞരമ്പിലേക്ക് അരിച്ചു കയറുന്ന ഗ്ലൂക്കോസിന്റെ മരവിപ്പ് കയ്യിലാകെയുണ്ട് . മകൾ അടുത്തിരുന്ന് ഏതോ മാസിക വായിക്കുകയാണ്. അവൾ എണീറ്റ് ചെന്ന് ജനൽ അടച്ചു.അവസാനമായി കടലിൽ പോയിട്ട് വർഷം പതിനെട്ട് കഴിയുന്നു,മുരളി ഓർത്തെടുത്തു. വലതു വശത്തെ ആശുപത്രി ടേബിളിൽ കൊണ്ട് വെച്ച ചായയിൽ ഒരീച്ച വീണ് മുങ്ങിപ്പൊങ്ങുന്നു. മുരളി വിരൽ കൊണ്ട് പുറത്തേക്കൊരു പാലമിട്ടു കൊടുത്തു. നന്ദി പൂർവ്വം ചിറകൊന്ന് കൊട്ടി ഈച്ച പറന്നു പോയി. വായിച്ചു മടക്കി വെച്ച ‘മയ്യയിപ്പുഴയുടെ തീരങ്ങളിൽ’ എടുത്തു തുറന്നു. അടുക്കി വെച്ച മരുന്ന് കവറുകൾക്കിടയിൽ നിന്ന് തന്റെ കട്ടിക്കണ്ണട എടുത്തു മുഖത്തേക്ക് വെച്ച് മുരളി വായന തുടർന്നു…
” അനാദിയായി പരന്നു കിടക്കുന്ന സമുദ്രത്തിൽ അങ്ങകലെ വെള്ളിയാങ്കല്ല് കാണാമായിരുന്നു. അവിടെ അപ്പോഴും ആത്മാക്കൾ തുമ്പികളായി പാറി നടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളിലൊന്ന് ദാസനായിരുന്നു”
കയ്യിൽ നിന്ന് പുസ്തകം ഊർന്ന് വീഴുന്നത് മുരളി അർദ്ധ ബോധത്തിൽ അറിയുന്നുണ്ടായിരുന്നു. നെടുവീർപ്പിടാനാവാത്ത വിധം ഒരു നിശ്വാസം തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്നത് അയാൾ തിരിച്ചറിഞ്ഞു. കണ്ണുകൾ അടഞ്ഞു പോവുമ്പോഴും ഒരു കൂട്ടം തുമ്പികൾ വെള്ളിയാങ്കല്ലിൽ പാറി നടക്കുന്നത് മുരളി കണ്ടു. കൂട്ടത്തിൽ പുതുതായി വന്ന വലിയ കണ്ണുകളുള്ള ഒരു തുമ്പി തന്നെ നോക്കി മന്ദഹസിക്കുന്നുണ്ടായിരുന്നു.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
പെരുത്ത് ഇഷ്ടായി???? ഇനിയും പ്രതീക്ഷിക്കുന്നു ….
മുരളിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ ????????????
നല്ല ഭാഷാശുദ്ധി. അതി ഗംഭീരം ഈ കഥ. ഇനിയും സൃഷ്ടികൾ വരട്ടെ…
Wow really amazing illustration