ഷൗക്കത്ത്
ഒരു നായയെ നോക്കി ഇത് നായയാണെന്നു പറഞ്ഞാൽ അതിപ്പോൾ പറയേണ്ടതുണ്ടോ? കണ്ടാലറിയാമല്ലോ എന്നു നാം തിരിച്ചു ചോദിക്കും. ഞാൻ മനുഷ്യനാണെന്ന് ഒരാൾ പറഞ്ഞാൽ പറഞ്ഞയാൾക്ക് എന്തോ കുഴപ്പമുണ്ടെന്ന് നാം പരസ്പരം പരിഹസിച്ച് ചിരിക്കും. ഹാ! മനുഷ്യർ നാം!
ഇന്ന് നാരായണ ഗുരു സമാധി ദിനം. മനുഷ്യന് മനുഷ്യത്വം ജാതിയെന്ന് മനുഷ്യരോട് പറയേണ്ടി വരുന്ന നിവൃത്തികേട് അനുഭവിച്ച മറ്റൊരു ഗുരു. നാം ലജ്ജയില്ലാതെ, അഭിമാനത്തോടെ മറ്റെന്തൊക്കൊ പറഞ്ഞ് അതിൽ അഭിരമിക്കുന്നു.
മാവ് ചൂണ്ടി ഇത് പ്ലാവെന്നും പൂച്ചയെ ചൂണ്ടി ഇത് എലിയെന്നും പറയുന്നതിൽ ഒരു തെറ്റുമില്ലെന്നു ധരിക്കുന്ന നാം മനുഷ്യരുടെ കണ്ണ് എന്നാണ് ഒന്നു തുറന്നു കിട്ടുക !
പേരൂരു തൊഴിലീ മൂന്നും
പോരുമായതു കേൾക്കുക
ആരു നീയെന്നു കേൾക്കേണ്ട
നേരു മെയ് തന്നെ ചൊല്കയാൽ എന്നാണ് നാരായണ ഗുരു പറഞ്ഞത്.
ശരീരം തന്നെ ജാതി ഏതെന്നു പറയുന്നുണ്ടല്ലോ! പിന്നെ എന്തേ മനുഷ്യാ, നിനക്ക് നീ ആരെന്ന് സംശയം? എന്ന അദ്ദേഹത്തിന്റെ ചോദ്യം നമ്മുടെ നെഞ്ചിൽ പതിച്ചിരുന്നെങ്കിൽ !!!