നഗരത്തിന്റെ കറുത്ത മുല ചുണ്ടുകൾ

0
507

സുജിത് താമരശ്ശേരി

ഓഫീസില്‍ നിന്നും ഇറങ്ങുമ്പോള്‍ അന്ന് പതിവില്ലാതെ മഴപെയ്യുന്നുണ്ടായിരുന്നു. ബാംഗ്ലൂര്‍ എന്ന ഈ മഹാ നഗരത്തില്‍ വന്നതിനു ശേഷം ആദ്യമായി മഴകാണുന്ന രാത്രി. പടിയിറങ്ങി നടന്ന പിറന്ന മണ്ണാണ് ആദ്യം മഴയുടെ കൂടെ ഉള്ളില്‍ പെയ്യാന്‍ തുടങ്ങിയത്. വേണലല്‍ ഓര്‍ക്കണേ എന്നും എന്നെ വലിച്ചെറിഞ്ഞ ആ നാടിനെ ഓര്‍ക്കാന്‍ ഒരിക്കലും ഇഷ്ടപ്പെടുന്നില്ല. ഈ രാത്രിയും ഓര്‍മകളുടെ പെരുമഴയില്‍ ഒറ്റക്കാവാന്‍ ആഗ്രഹിക്കുന്നുമില്ല. തണുപ്പ് പടരുന്ന കാറ്റിനെ ചുംബിക്കുന്ന മഴ. നിയോണ്‍ വെളിച്ചത്തില്‍ ഉറ്റിവീഴുന്ന വലിയ മഴത്തുള്ളികള്‍ നനയാനായി ഞാന്‍ ബസില്‍ കയറാതെ റൂമിലേക്ക് നടന്നു തുടങ്ങി. നിലാവ് കെടുത്തിയ രാത്രിയുടെ ആകാശം മിന്നലിനു വഴി മാറികൊടുത്തിരിക്കുന്നു. നിമിഷനേരം കൊണ്ട് ഭൂമിയെ പിളര്‍ക്കുന്ന തരത്തില്‍ മിന്നല്‍ വെടി മരുന്നില്ലാതെ അമിട്ടുപൊട്ടിക്കുമ്പോള്‍ ഭയം ഉള്ളില്‍ ഒളിച്ചു കളിക്കുന്നുണ്ടായിരുന്നു. വാഹനങ്ങള്‍ നിറയുന്ന റോഡിന്റെ ഓരം പറ്റിക്കൊണ്ട് ഞാന്‍ ബാഗ് നെഞ്ചോട് ചേര്‍ത്തുപിടിച്ച് പതുക്കെ നടന്നു നീങ്ങി.

നഗരത്തിന്റെ ഹൃദയം എന്റെ കാലടികളുടെ മുമ്പില്‍ നിന്നും വഴിമാറിയപ്പോള്‍ ഇരുട്ടു നിറഞ്ഞ വഴിത്താരയില്‍ മങ്ങി കത്തുന്ന തെരുവ് വിളക്കുകള്‍ മാത്രം എനിക്ക് വഴി പറഞ്ഞു കൂടെയുണ്ട്. ബസില്‍ യാത്രചെയ്യുന്ന ഞാന്‍ വഴി പഠിച്ചു വരുന്നതേയുള്ളു. ലാപ്‌ടോപ്പിന്റെ കനം പേറുന്ന ബാഗ് മാറ്റി തോളില്‍ ഇട്ടുകൊണ്ട് ഫോണില്‍ നെറ്റ് ഓണ്‍ ചെയ്ത് ഗൂഗിളില്‍ മാപ്പില്‍ റൂമിലേക്കുള്ള വഴി തെറ്റിയില്ലെന്നു ഉറപ്പിച്ചു. തിരക്കു കുറഞ്ഞ റോഡിലേക്ക് ഞാന്‍ കയറി നടത്തം തുടര്‍ന്നു. ഇലകള്‍ പൊഴിയുന്ന കാലത്ത് മഴ പെയ്തപ്പോള്‍ വഴികള്‍ ചളിയില്‍ കുതിര്‍ന്ന് നടത്തം പ്രയാസമായി മാറികൊണ്ടിരിക്കുകയാണ്. എന്നാലും മഴ നനയുമ്പോള്‍ എന്തോ ഒരു സുഖം.

ഇലകള്‍ പൊഴിഞ്ഞ ഫുട്പാത്തിന്റെ മുകളില്‍ വെള്ളം കെട്ടികിടക്കുന്നത് കണ്ടുകൊണ്ട് ചളി തെറിക്കാതെ കാലടികള്‍ ശ്രദ്ധിച്ചുകൊണ്ട് കൈകെട്ടി തണുപ്പിന്റെ ആലസ്യത്തില്‍ നടത്തം തുടരുകയാണ്.

ഇരുട്ടുകോട്ട കെട്ടി തുടങ്ങിയിരിക്കുന്നു. ഇലകള്‍ പൊഴിയുന്ന കാറ്റില്‍ രാകിളികള്‍ ചിറകടിച്ചു പറക്കുന്ന ശബ്ദം കാതുകളില്‍ അലയടിക്കുന്നതിനിടയില്‍ എന്റെ മുമ്പില്‍ വഴിയില്‍ മഴ നനഞ്ഞു നില്‍ക്കുന്ന കറുത്ത് തടിച്ച വലിയ ചെവികളുള്ള ഒരു തെരുവുനായയുടെ വായില്‍ തിളങ്ങുന്ന എന്തോ ഒന്ന് പെട്ടന്ന് എന്റെ ശ്രദ്ധയില്‍പെട്ടു.

മഴ നനഞ്ഞ കണ്ണ് തുരുമ്പി ശരിക്കും നോക്കിയപ്പോള്‍ വാഹനങ്ങള്‍ കുത്തിപ്പായുന്നതിനിടയില്‍ കണ്ണില്‍ തുളച്ചു കയറുന്ന വെളിച്ചത്തില്‍ ഞാന്‍ കണ്ടതു വിരലുകള്‍ നിറഞ്ഞ ഒരു മനുഷ്യന്റെ കൈപ്പത്തിയാണ്.

മൂന്ന് മോതിരങ്ങള്‍ ഉള്ള കൈ വിരലുകള്‍. വെളുത്ത് മെലിഞ്ഞ വിരലുകള്‍. ട്യൂറ്റസ്സ് ഇട്ട നഖങ്ങള്‍. ഞാന്‍ വീണ്ടും എന്റെ കണ്ണുകളെ ഉറപ്പിക്കാന്‍ കുറച്ചുകൂടി നായയുടെ അടുത്തേക്ക് നടന്നു. അതെ എന്റെ കാഴ്ച തെറ്റിയിട്ടില്ല. എന്റെ വരവ് തിരിച്ചറിഞ്ഞ നായ ആ കൈപ്പത്തിയുമായി തിരിഞ്ഞു ഓടുന്നതിനിടയില്‍ ഞാന്‍ ഒന്നു കൂടി നോക്കി. എന്നിട്ട് മനസില്‍ ഉറപ്പിച്ചു. അതൊരു പെണ്‍കുട്ടിയുടെ കയ്യാണ്. ഒരു യുവതിയുടെ കൈ. എവിടെനിന്നോ ആ നായ കടിച്ചുകൊണ്ടുവരുകയാണ് ആ കൈപ്പത്തി. ഈ ഇരുട്ടില്‍ ആരും പെട്ടെന്ന് കാണുന്ന തരത്തില്‍ തിളങ്ങുന്ന മോതിരങ്ങള്‍ അണിഞ്ഞ കൈവിരലുകള്‍ കടിച്ചുകൊണ്ട് നടക്കുന്ന നായയുടെ ഓട്ടം എന്റെ മനസില്‍ ഒരു ഭീതി പടര്‍ത്തുകയാണ്. അകാരണമായി മനസ്സ് എന്തൊക്കെയോ ചിലമ്പുന്നതുപോലെ. പെട്ടെന്നു തന്നെ മനുഷ്യന്‍ വെന്തു ഇല്ലാതാകുന്ന മണം പരിസരത്തുനിന്ന് ഞാന്‍ അറിയാന്‍ തുടങ്ങി. എന്റെ തോന്നലോ, അല്ല, മനുഷ്യന്‍ വെന്തു മണക്കുന്നു? സത്യമാണ്. ഇങ്ങനെയൊരു ഗന്ധം ഞാന്‍ അറിയുന്നത്. ഉത്തരം കിട്ടുന്നില്ല. പക്ഷെ ഒന്ന് അറിയാം. നഗരത്തിന്റെ ഉള്ളില്‍ നിന്നും മാറികൊണ്ടുള്ള വിജനമായ ഈ സ്ഥലം എന്തിനും അവസരമൊരുക്കുന്നതാണ്. കൈപ്പത്തിയുടെ കാഴ്ച മനസ്സില്‍ ഒരു ഭീതിയായി മാറുന്നു എന്ന തിരിച്ചറിവില്‍ എങ്ങനെ നായയുടെ വായില്‍ അങ്ങനെയൊരു കൈപ്പത്തി എത്തിയിരിക്കുന്നു എന്ന ചിന്ത വീണ്ടു കാടുകയറി തുടങ്ങിയപ്പോള്‍ എത്രയും പെട്ടന്നു റൂമിലെത്താന്‍ മനസ്സ് തിരക്കു കൂട്ടുന്നുണ്ടായിരുന്നു.

മനസ്സില്‍ ആ കാഴ്ചയെ പടിയിറക്കാന്‍ വേണ്ടി പലവിധത്തിലും ചിന്ത മാറ്റാന്‍ ശ്രമിച്ചുകൊണ്ട് നടത്തം വേഗം കൂട്ടി, കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ ഒരു ബസ് സ്റ്റോപ്പ് കണ്ടു. മങ്ങിയ വെളിച്ചത്തില്‍ പുതിയതായി പണിത ഒരു ബസ്സ് സ്റ്റോപ്പ്. കന്നടയില്‍ എന്തോ എഴുതിയ ബസ്റ്റോപ്പില്‍ ഇരിക്കാന്‍ മൂന്ന് ഇരിപ്പിടങ്ങളും ഉണ്ടായിരുന്നു. ഒരു പെണ്‍കുട്ടിയും രണ്ടു ആണ്ണുങ്ങളും നില്‍ക്കുന്ന ആ ബസ്റ്റോപ്പില്‍ ഇരുട്ടു പരിസരത്തെ മറക്കുന്നതായിരുന്നു. അവിടെ കയറി ബാഗില്‍ നിന്നും ഹെഡ് സെറ്റ് എടുത്ത് പാട്ടുകേട്ട് പോകാമെന്നുള്ള ധാരണയില്‍ ബാഗ് ഊരി കയ്യില്‍ പിടിച്ചുകൊണ്ട് രണ്ടു മൂന്ന് ആളുകള്‍ ഉള്ള ബസ്റ്റോപ്പ് ലക്ഷ്യമാക്കി നടന്നു പോകുന്നതിനിടയില്‍ പെട്ടെന്നു എന്റെ മുമ്പില്‍ ഒരു 70 വയസ്സ് പ്രായം തോന്നിക്കുന്ന വൃദ്ധന്‍ റോഡില്‍ നടന്നു നീങ്ങുന്നതിനിടയില്‍ പെട്ടന്നു തളര്‍ന്നു വീണു. കരിമ്പടം മൂടിയ ആ മനുഷ്യന്‍ സഹായത്തിനു എന്നെ നോക്കുന്നതുപോലെ കണ്ടപ്പോള്‍ ഒന്നും ആലോചിക്കാതെ വേഗത്തില്‍ ഞാന്‍ അദ്ദേഹത്തെ പിടിച്ചു എഴുന്നേല്‍പ്പിച്ചുകൊണ്ട് ബസ്റ്റോപ്പിന്റെ അരികിലേക്ക് കൈപിടിച്ചുകൊണ്ട് നടത്തിച്ചു. അയാളുടെ ശരീരത്തിന് നല്ല കനം തോന്നുന്നതുപോലെ. ആരോഗ്യവാനായ ഒരാളിന്റെ ശരീരം പോലെ. കൈകള്‍ക്കു ആയാസം കൊടുത്തുകൊണ്ട് അയാള്‍ എന്റെ കൈകളെ സാവധാനത്തില്‍ മോചിപ്പിക്കാന്‍ തുടങ്ങി.

തലയില്‍ വെള്ള പുതച്ച കരിമ്പടം മൂടിയ ആളിന്റെ മുഖം വ്യക്തമാകാത്ത തരത്തില്‍ ഒരു കറുത്ത കണ്ണടയും ധരിച്ച ആ ആള്‍ എന്റെ കണ്ണുകള്‍ക്ക് മുമ്പില്‍ മുഖം വരാതെ ശ്രദ്ധിക്കുന്നത്തുപോലെ എനിക്കു തോന്നി. ഞാന്‍ അറിയുന്ന കന്നടയില്‍ ഹോസ്പിറ്റല്‍ പോകണമോ എന്നു ചോദിച്ചു. മറുപടി പറയാതെ മുഖത്തു നോക്കാതെ വേണ്ടാന്ന് തലയാട്ടിയപ്പോള്‍ അദ്ദേഹത്തെ ബസ്റ്റോപ്പില്‍ ഇരുത്തി ബാഗില്‍ നിന്നും വെള്ളക്കുപ്പി പെട്ടന്നു എടുത്ത് അയാള്‍ക്കു കൊടുക്കാന്‍ നോക്കിയപ്പോള്‍ കയ്യില്‍ പിടിച്ചുകൊണ്ട് അയാള്‍ എന്റെ ബാഗും പെട്ടന്നുതന്നെ പോക്കറ്റിലെ പേഴ്‌സും പൈസയും ഫോണും പിടിച്ചുപറിച്ചെടുത്തു. ഒരു നിമിഷം കൊണ്ട് മുന്നില്‍ വന്ന വെളുത്ത കാറില്‍ കയറിയപ്പോള്‍ എന്റെ കയ്യില്‍ പിന്നെയുള്ളത് അയാളുടെ കഴുത്തില്‍ അണിഞ്ഞ രുദ്രാക്ഷ മാലയുടെ കുറച്ചു മുത്തുകള്‍ മാത്രമായിരുന്നു.

എന്താണ് സംഭവിച്ചതെന്നു അറിയുന്നതിനു മുമ്പ് എന്റെ ഉള്ളില്‍ ഞാന്‍ ചതിക്കപ്പെട്ടാണെന്ന ധാരണയില്‍ ഞാന്‍ ഒരു നിമിഷം അലിഞ്ഞു പോയിരിക്കുന്നു.
ഞാന്‍ എന്തൊക്കെയോ പറയാന്‍ വേണ്ടി നോക്കിയെങ്കിലും ശബ്ദം പുറത്തുവരുന്നില്ല. എന്റെ കൂടെ ബസ്റ്റോപ്പില്‍ ഉണ്ടായിരുന്ന മൂന്ന് പേരും ഇതെല്ലാം കണ്ടിട്ടും ഒരു ഭാവവും ഇല്ലാതെ നില്‍ക്കുന്നതുകണ്ടപ്പോള്‍ ഞാന്‍ ഒറ്റക്കായി മാറിയ സത്യം തിരിച്ചറിയുന്ന നിമിഷത്തില്‍ എന്റെ കണ്ണിലേക്ക് ശക്തമായ വെളിച്ചം അടിച്ചുകൊണ്ട് വന്ന ബസില്‍ ആ ബസ്റ്റോപ്പില്‍ നിന്നവര്‍ ഒന്നും ചോദിക്കാതെ കയറി പോയിരിക്കുന്നു. ആര്‍ക്കും എനിക്ക് നേരിട്ട ഈ പിടിച്ചുപറിഒരു വിഷയമല്ലാത്തതുപോലെ. അല്ലെങ്കില്‍ അവര്‍ക്കു സ്വന്തം കാര്യമെന്നപ്പോലെ മാത്രം. ഞാന്‍ ഒരു നിമിഷം കൊണ്ട് പൂര്‍ണ്ണമായും തളര്‍ന്നുകഴിഞ്ഞിരിക്കുന്നു. ആരോടും ഒന്നുംപറയാന്‍ പോലും കഴിയാത്ത തരത്തില്‍.

എന്റെ കയ്യില്‍ ഇനി ഒന്നുമില്ല. എന്റെ എ.ടി എം കാര്‍ഡ്, പൈസ, ഫോണ്‍, ലാപ്‌ടോപ്പ് എല്ലാം പോയിരിക്കുന്നു. ഓഫീസ് ഡാറ്റയടക്കം നിറഞ്ഞ ലാപ്‌ടോപ്പ്. എന്റെ നല്ല ഓര്‍മകളുടെ പച്ചപ്പ് നിറഞ്ഞ കുറെ ചിത്രങ്ങള്‍, ഫോണില്‍ കുറെ കോണ്‍ടാക്‌സ്, പിന്നെ നമ്പറുകള്‍ അങ്ങനെ എല്ലാം പോയിരിക്കുന്നു. എനിക്ക് ഇപ്പോഴും എനിക്ക് നേരിട്ട ഈ അനുഭവം ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. മനസ്സ് അതിനു തയ്യാറാകുന്നില്ല. ഇനി എങ്ങനെ എന്റെ കാര്യങ്ങള്‍ മുമ്പോട്ട്…. ഓര്‍ക്കുമ്പോള്‍ കൂടുതല്‍ നിരാശ പടരുന്നു. ഇപ്പോള്‍ ഞാന്‍ ധരിച്ച എന്റെ ഉടുതുണിയുടെ അവകാശിയായി മാത്രം മാറിയിരിക്കുന്നു.

നിലവിളിക്കാന്‍ മറന്നുപോയ കാലത്തിനു മുമ്പില്‍ വീണ്ടും ഞാന്‍ തനിച്ചായിരിക്കുന്നു. റൂമില്‍ ഞാന്‍ മാത്രമായതുകൊണ്ട് ആരോടും ഇനി ഒന്നും പറയാനുമില്ല. ബസ്റ്റോപ്പില്‍ നിന്നും വെറുതെ കീശയുടെ ഉള്ളില്‍ കൈ പോയി തിരയുകയാണ് എന്റെ ഫോണ്‍. മഴയില്‍ കുളിച്ച ഞാന്‍ വിയര്‍ക്കുന്നു. ദാഹം ഉള്ളില്‍ നുരഞ്ഞു നിറയുന്നു. ഒരടിപോലും നടക്കാന്‍ കഴിയാത്ത പോലെ. വയറ്റില്‍ തീയാളുന്നപോലെ. വെറും കയ്യോടെ ഇനി ഒന്നും നഷ്ടപ്പെടാന്‍ ഇല്ലാത്തതുപോലെ അമ്മേ എന്നൊരു വിളിയില്‍ ഞാന്‍ ഒതുങ്ങിപ്പോയിരിക്കുന്നു. തിക്കിതിരക്കി പായുന്ന ബാംഗ്ലൂര്‍ നഗരത്തിന്റെ പതിവ് വാഹന തിരക്കു റോഡില്‍ നിറയുന്നതിനിടയില്‍ തലക്കു മുകളില്‍ മെട്രോ ട്രെയിന്‍ ഇരമ്പി കുതിക്കുന്നത് അറിഞ്ഞു ഞാന്‍ പേടിയോടെ പതുങ്ങിപോയി. ബസ്റ്റോപ്പില്‍ നിന്നും ഇറങ്ങി ആകാശത്തേക്ക് ഒന്ന് നോക്കി ഞാന്‍ രണ്ടടി ചുറ്റും നോക്കി മുമ്പോട്ട് നടന്നു. ആരേയും എവിടേയും കാണുന്നില്ല. വാഹനങ്ങള്‍ മാത്രം. എന്ത് ചെയ്യണമെന്ന് അറിയാതെ ഞാന്‍ ദിക്കറിയാതെ മുമ്പോട്ട് നടക്കുന്നതിനിടയില്‍ അരികിലൂടെ പാഞ്ഞുപോയ ലോറിയുടെ പ്രകമ്പനത്തില്‍ ഞാന്‍ ഉണര്‍ന്നപ്പോള്‍ തിരിഞ്ഞു നോക്കി ഒരിക്കല്‍ കൂടി ആ ബസ്റ്റോപ്പിലേക്ക്.

എതിര്‍ദിശയില്‍ പോയ ഏതോ വാഹനത്തിന്റെ വെളിച്ചത്തില്‍ വീണ്ടും ആ കാഴ്ച എന്റെ മുമ്പില്‍. ആ കറുത്ത നായ വീണ്ടും. ഇതാ ഞാന്‍ കാണുന്നു. കൈപ്പത്തി അപ്പോളും നായയുടെ വായില്‍ തന്നെയുണ്ട്. അതെ അതുതന്നെ. ഞാന്‍ വേഗത്തില്‍ ബസ്റ്റോപ്പ് ലക്ഷ്യമാക്കി തിരിഞ്ഞു നടന്നു.

ഞാന്‍ നടന്നു അടുക്കുന്നത് കണ്ടുകൊണ്ട് ഭയപ്പെടാതെ നില്‍ക്കുന്ന ആ കാഴ്ച എനിക്ക് കൂടുതല്‍ ഭീതി നിറയുന്നതായി മാറുന്നതിനിടയില്‍ ഞാന്‍ ബസ്റ്റോപ്പിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ പെട്ടന്നു എന്റെ അരികില്‍ വിരലുകള്‍ അണിഞ്ഞ മോതിരം ഉള്ള കൈപ്പത്തി നിലത്തിട്ടുകൊണ്ട് ഞാന്‍ നടന്ന വഴിയിലൂടെ വേഗത്തില്‍ ആ നായ ഓടി മറഞ്ഞു.

ഒരു നിമിഷത്തിനുശേഷം എന്റെ കണ്ണുകള്‍ തിളങ്ങുന്ന മോതിരം നിറഞ്ഞ കൈപ്പത്തിയില്‍ സ്തംഭിച്ചു നില്‍ക്കുമ്പോള്‍ മഴ പെട്ടന്നു കനത്തു പെയ്യാന്‍ തുടങ്ങി. ഒരു നിമിഷം കൊണ്ട് ഒരു പുഴയാകുന്ന തരത്തില്‍ റോഡില്‍ വെള്ളം നിറഞ്ഞു ഒഴുക്കി തുടങ്ങുന്നു. ബസ്റ്റോപ്പിന്റെ അരികിലൂള്ള ആ മങ്ങിയ വെളിച്ചവും പെട്ടന്നു കെട്ടുപോയപ്പോള്‍ ഞാന്‍ തികഞ്ഞ ഇരുട്ടില്‍ ആ കൈപ്പത്തിക്ക് കാവലിരിക്കുന്ന ഒരാളായി മാറിയിരിക്കുന്നു. ഞാന്‍ നിലത്തിരുന്നുകൊണ്ട് കടന്നുപോകുന്ന വാഹനങ്ങളുടെ വെളിച്ചത്തില്‍ ആ വിരലുകളെ ശരിക്കും നോക്കി. എല്ലാം വജ്ര മോതിരങ്ങള്‍. ഈ ഇരുട്ടിലും കണ്ണുകളെ നോവിക്കുന്ന പ്രകാശമുള്ള വജ്രം. രക്തം ഒലിച്ചിറങ്ങിയ പാടുകള്‍ കൈകളില്‍ കണ്ടപ്പോള്‍ വീണ്ടും പരിസരം തിരിച്ചറിഞ്ഞുകൊണ്ട് മനസ്സ് എന്തുചെയ്യണമെന്ന വഴി തേടാന്‍ തുടങ്ങിയപ്പോള്‍ എത്രയും പെട്ടന്നു ഈ പരിസരം വിട്ടുപോകുക എന്ന ഉത്തരം എന്നെ മഥിക്കാന്‍ തുടങ്ങിയിരുന്നു.

അതെ എത്രയും വേഗം ഇവിടം വിട്ടുപോവുക. ഒന്നുംനോക്കാതെ മഴയില്‍ കുളിച്ചുകൊണ്ടുബസ്റ്റോപ്പില്‍ നിന്നും ഇറങ്ങി ദിക്കറിയാതെ ഇവിടം വിടുക എന്ന ഒറ്റ ലക്ഷ്യത്തില്‍ കുതിക്കുന്നതിനിടയില്‍ ഞാന്‍ മെട്രോ പാലം കഴിഞ്ഞു. പണി നടക്കുന്ന ഭവാന്‍ പാര്‍ക്കിന്റെ അരികിലൂടെ മുമ്പില്‍ കണ്ട ചെറിയ ടാര്‍ ചെയ്ത വഴി കടന്നു കുറച്ചു ദൂരം നല്ല ഇരുട്ടിലൂടെ താനെ നടന്നു വെളിച്ചം കണ്ട ഒരുസ്ഥലത്തെത്തിയപ്പോള്‍ ഒരു വലിയ മരമുള്ള ലേഡീസ് പിജിയുടെ മുമ്പില്‍ ഇനി വഴി തിരിച്ചറിയാന്‍ ചുറ്റും നോക്കിയപ്പോള്‍ എന്റെ പിറകില്‍ ഒരാളുണ്ടായിരുന്നു.

ആ കറുത്ത തടിച്ച നായ വായില്‍ തിളങ്ങുന്ന മോതിരം ഉള്ള കൈപ്പത്തിയുമായി ആ മഴയത്തും എന്റെ പിറകില്‍ അല്ല അരികില്‍ ഇതാ ഈ നിമിഷവും ആ നായ?.. അപ്പോളും എവിടെ നിന്നോ വീശിയടിക്കുന്ന കാറ്റില്‍ ഞാന്‍ അറിയുന്നു ഒരു മനുഷ്യന്‍ വെന്തു മണക്കുന്നു.

കയ്യില്‍ ഉള്ളതെല്ലാം ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ട ഈ രാത്രിയില്‍ ഇനി റൂമിലെത്താന്‍ എങ്ങോട്ടു നടക്കണമെന്ന് ചിന്തിക്കുമ്പോള്‍ എന്റെ മുമ്പില്‍ ആ നായ നടന്നു തുടങ്ങിയിരുന്നു. അപ്പോളും എന്റെ മുമ്പില്‍ ആ കൈപ്പത്തി നിലത്തു ഇട്ടുവെച്ചുകൊണ്ട്…

LEAVE A REPLY

Please enter your comment!
Please enter your name here