മധു തൃപ്പെരുന്തുറ
വെള്ളരിക്കാപ്പട്ടണത്തിലെ രാജാവിന് മീശയില്ല. തനിക്കില്ലാത്തത് പ്രജകള്‍ക്കും വേണ്ടെന്ന് രാജാവ് തീരുമാനിച്ചു. ദേശത്ത് മീശയില്ലാത്തോരെ കണ്ടുമടുത്ത പ്രജ രാജശാസനത്തെ ധിക്കരിച്ച് മീശ വളര്‍ത്താന്‍ തുടങ്ങി. ഇരു കവിളിലേക്കും വളര്‍ന്നിറങ്ങിയ വിശറിപോലത്തെ സുന്ദരന്‍ മീശ! കുളിച്ച് അമ്പലത്തില്‍ തൊഴാന്‍ പോയ പെണ്ണുങ്ങള്‍ മീശകണ്ട് പേടിച്ച് ദൈവത്തെ മറന്നു. ദൈവം കോപിച്ചിരിക്കുകയാണെന്നും കുട്ടനാട്ടില് അതിവര്‍ഷവും വെള്ളപ്പൊക്കവും മീശകാരണമാണെന്നും ജ്യോത്സന്മാര്‍ കവടി നിരത്തിപ്പറഞ്ഞു. അതിയാന്റെ മീശ കണ്ടുകെട്ടാനും മുക്കാലില്‍ കെട്ടി മൂന്നടി കൊടുത്ത് നാടുകടത്താനും രാജാവ് കല്‍പ്പന പുറപ്പെടുവിച്ചു. മൈതാനത്തിന് ഒത്ത നടുവില്‍ രാജ കിങ്കരന്മാര്‍ മീശയെ കൊണ്ടുനിര്‍ത്തി. ഉയര്‍ന്ന പീഠത്തിലിരുന്ന് രാജാവ് ക്ഷുരകന് ആജ്ഞകൊടുത്തു. ക്ഷുരകന്‍ കത്തിയെടുത്ത് തേപ്പുകല്ലില്‍ ഉരസി മീശവടിക്കാനാഞ്ഞതും മൂക്കിനു താഴെയുള്ള വെപ്പുമീശ ഊരിമാറ്റി ടിയാന്‍ രാജാവിനെ അമ്പരപ്പിച്ചു. രാജാവിന് ചിരിക്കാതിരിക്കാനായില്ല. അന്നു മുതലാണ് വെള്ളരിക്കാപ്പട്ടണത്തിലെ പുരുഷന്മാരും സ്ത്രീകളും മീശവെയ്ക്കാന്‍ തുടങ്ങിയത്.
വര: സുബേഷ് പത്മനാഭന്‍
വിശ്വവിഖ്യാതമായ മൂക്കിന്റെ പുനരവതാരമായി മീശ തീരാതിരുന്നത് നന്ന് !