വെള്ളിനേഴി കലാഗ്രാമത്തെപ്പറ്റി ഹ്രസ്വചിത്രം ഒരുങ്ങുന്നു

0
682

വള്ളുവനാടിന്റെ സാംസ്കാരിക സ്രോതസ്സായ വെള്ളിനേഴി കലാഗ്രാമത്തെപ്പറ്റി ഹ്രസ്വചിത്രം ഒരുങ്ങുന്നു. വിഷ്ണു അച്യുത മേനോന്റെ നേതൃത്വത്തിലുള്ള ഒരു  സംഘം യുവ മാധ്യമപ്രവർത്തകർ തയാറാക്കുന്ന ഹ്രസ്വചിത്രത്തിനു പശ്ചാത്തല സൗകര്യം ഒരുക്കുന്നത് വെള്ളിനേഴി കലാഗ്രാമം പ്രമോഷൻ കൗൺസിൽ ആണ്. ഒരു മണിക്കൂർ ദൈർഘ്യമുണ്ടാകും.

സംസ്ഥാന ടൂറിസം വകുപ്പ് കലാഗ്രാമമായി പ്രഖ്യാപിച്ച വെള്ളിനേഴിയിൽ നാൽപതോളം തനതു കലാരൂപങ്ങളുണ്ട്. കഥകളി, കഥകളി സംഗീതം, മെയ്ക്കോപ്പ് നിർമാണം, ചുട്ടി, കൂടിയാട്ടം, ശാസ്ത്രീയ സംഗീതം, നൃത്തം, ശിൽപകല, പൂതൻ തിറ, പരിചമുട്ടുകളി, കളമെഴുത്തു പാട്ട്, പുള്ളവൻ പാട്ട്, അയ്യപ്പൻപാട്ട്, ഭഗവതിപ്പാട്ട്, പാന, നന്തുണിപ്പാട്ട്, വാദ്യകലകൾ, കൃഷ്ണനാട്ടം, തോൽപ്പാവക്കൂത്ത് തുടങ്ങിയവയൊക്കെ അതിലുൾപ്പെടും. ഇവയുമായി ബന്ധപ്പെട്ട് ആയിരത്തോളം കലാകാരന്മാർ ഇവിടെയുണ്ട്.

വേദം, സാഹിത്യം, സംഗീതം തുടങ്ങിയ സുകുമാരകലകളുടെ സംരക്ഷകരായിരുന്ന ഒളപ്പമണ്ണ മന ഇവിടെയാണ്. കഥകളിയിലെ കലാപൂർണിമ എന്നറിയപ്പെടുന്ന കല്ലുവഴിചിട്ട പിറന്നത് ഈ മുറ്റത്താണ്. പിൽക്കാലത്ത് അതു കേരള കലാമണ്ഡലത്തിലേക്കു പറിച്ചു നട്ടു. . പത്മഭൂഷൺ ബഹുമതി ലഭിച്ച കലാമണ്ഡലം രാമൻകുട്ടിനായർ പത്മശ്രീ ബഹുമതി നേടിയ കീഴ്പ്പടം കുമാരൻ നായർ എന്നിരൊക്കെ ഈ കലാഗ്രാമത്തിന്റെ സംഭാവനകളാണ്.

കേരള കലാമണ്ഡലം, ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ കലാനിലയം, ഡൽഹി സ്കൂൾ ഓഫ് കഥകളി എന്നീ സ്ഥാപനങ്ങളുടെ മേധാവികളായി പ്രവർത്തിച്ചവരിൽ ഭൂരിഭാഗവും ഇവിടെനിന്നുള്ളവരാണ്. കഥകളി ഉത്സവങ്ങളായ താടിയരങ്ങ്, നിവാപം എന്നിവ ഇവിടത്തെ പ്രധാന കലാ ആഘോഷങ്ങളാണ്. ശാസ്ത്രീയ സംഗീതത്തിലെ ഇതിഹാസം ചെമ്പൈ വൈദ്യനാഥ ഭാഗവതർ ആദ്യമായി കച്ചേരി നടത്തിയതു വെള്ളിനേഴിയിലെ കാന്തള്ളൂർ ക്ഷേത്രത്തിലാണ്. അതിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും സംഗീതാരാധന നടക്കുന്നു. ഏതു വേനലിലും ഉറവവറ്റാത്ത കുന്തിപ്പുഴയുടെ തീരത്തനിന്നാണു പറയിപെറ്റ പന്തിരുകുലത്തിലെ നാറാണത്തു ഭ്രാന്തനെ ചെത്തല്ലൂർ നാരായണ മംഗലത്തു മനയ്ക്കു കിട്ടിയതെന്നാണു വിശ്വാസം.

ജൈന സംസ്കൃതിയുടെ വേരുകളുള്ള ഈ പ്രദേശം നെടുങ്ങേതിരി, വള്ളുവക്കോനാതിരി, കോഴിക്കോട് സാമൂതിരി എന്നിവരുടെ അധീനതയിലായിരുന്നു. സാമൂതിരിയുടെ പ്രതിനിധിയായി ചുമതലയേൽക്കുന്ന ഏറാൾപ്പാടിന്റെ കൊട്ടിച്ചെഴുന്നള്ളത്തു കടന്നു പോകുന്നത് കലാഗ്രാമ പ്രദേശത്തുകൂടെയാണ്. ഇതൊക്കെ പരിഗണിച്ചാണു ഈ പ്രദേശത്തെ ടൂറിസം ഭൂപടത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങളുടെ ചിത്രീകരണമാണ് ഹ്രസ്വചിത്രത്തിലൂടെ ലക്ഷമിടുന്നത്. രാജ്യാന്തര തലത്തിൽ വെള്ളിനേഴിയുടെ സാംലസ്കാരിക പാരമ്പര്യം പ്രചരിപ്പിക്കുകയാണു ലക്ഷ്യം.

കടപ്പാട് : ജോണ്‍ എം ചാണ്ടി – മനോരമ ഓണ്‍ലൈന്‍

LEAVE A REPLY

Please enter your comment!
Please enter your name here