കുട്ടികളെ ശില്പകലയുമായി കൂടുതല്‍ അടുപ്പിക്കുകയെന്ന ലക്ഷ്യവുമായി പൊതുവിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ലളിതകലാ അക്കാദമി ഒരുക്കുന്ന സംസ്ഥാനത്തെ ആദ്യ ശില്‍പ്പോദ്യാനം പെരിങ്ങോട്ടുകുറുശ്ശി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സാംസ്‌ക്കാരിക – പട്ടികജാതി- പട്ടികവര്‍ഗ്ഗ – പിന്നാക്കക്ഷേമ – നിയമ-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ .കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.
അമൂര്‍ത്ത രൂപങ്ങളില്‍ വിരിയുന്ന ശില്പങ്ങള്‍ക്ക് നിരീക്ഷണവും വ്യാഖ്യാനവും കാണുന്നവരുടെ മനസുകളില്‍ ഉണ്ടാക്കാനാവും. അത് കാഴ്ചക്കാരന്റെ മാനസികതലത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. കുട്ടികളില്‍ ശില്പകലയോട് ആഭിമുഖ്യം ഉണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ആധുനിക സാങ്കേതികവിദ്യയുടെ കാലത്ത് ശില്പകലയുടെ പ്രസക്തിയും തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്.
ശില്പകല ഉള്‍പ്പെടെ കലാ പഠനത്തിന് സംസ്ഥാനത്ത് ബിരുദവും ബിരുദാനന്തര ബിരുദവും നേടാന്‍ നാല് കോളേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ ആരംഭിക്കുന്ന വി .ടി ഭട്ടതിരിപ്പാട് സാംസ്‌ക്കാരിക സമുച്ചയത്തില്‍ ശില്പകലയ്ക്കും ചിത്രകലയ്ക്കും പ്രാധാന്യം നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകള്‍ കോളേജാക്കി ഉയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതായും പെരിങ്ങോട്ടുകുറുശ്ശിയിലെ എം.ആര്‍.എസിന് പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളുകളില്‍ ശില്‍പ്പങ്ങള്‍ ഒരുക്കുന്നതിലൂടെ കുട്ടികളെ ശില്പകലയില്‍ അറിവും താത്പര്യവും ഉള്ളവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയില്‍ ശില്പി വി.ആര്‍ രാജനെയും ശില്‍പ്പികളെയും മന്ത്രി ആദരിച്ചു. കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പെരിങ്ങോട്ടുകുറുശ്ശി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഷേലി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. വി ഗോപിനാഥന്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, ടി .ആര്‍ അജയന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികളായ എം.എ അനിതാനന്ദന്‍, ഭാസ്‌കരന്‍, ചന്ദ്രിക,ഡി .ഇ .ഒ. സി.വി അനിത, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.വി. രവിരാജ്, പി .ടി .എ പ്രസിഡന്റ് വി.ശാന്തകുമാരി, പ്രധാന അദ്ധ്യാപിക ടി. സുധീര, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.