സാഹിത്യ വേദിയിലൂടെ അതി ജീവിക്കും കഥയുടെ ‘ശില്പ’ഭംഗി

0
260

ശ്രീനാഥ് ചീമേനി

എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ അക്ഷരങ്ങള്‍ കൊണ്ട് അതിജീവിച്ച ശില്പ ഇനി മുതല്‍ കഥാകാരിയായി അറിയപ്പെടും. കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് സാഹിത്യ വേദി പ്രസാധനം ചെയ്യുന്ന ശില്പ കെ.ബി യുടെ കഥാസമാഹാരം ‘നിറഭേദങ്ങള്‍’ മാര്‍ച്ച് 17 ന് കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ വച്ച് കവി സച്ചിദാനന്ദന്‍ പ്രകാശനം ചെയ്യും. ബാലചന്ദ്രന്‍ ചുള്ളിക്കാട് ഏറ്റുവാങ്ങും. നെഹ്‌റു കോളേജ് സാഹിത്യ വേദി പ്രസാധനം ചെയ്യുന്ന പത്തൊന്‍പതാമത് പുസ്തകമാണ് നിറഭേദങ്ങള്‍.

ചീമേനിയിലെ കശുവണ്ടിത്തോട്ടങ്ങളില്‍ വിഷമഴ പെയ്തപ്പോള്‍ ജന്മനാല്‍ രോഗബാധിതയായവളാണ് ശില്പ. എല്ലുപൊടിയുന്ന അസുഖം. എപ്പോള്‍ വേണമെങ്കിലും പരിക്ക് പറ്റാം. കൂലിപ്പണിക്കാരനായ അച്ഛന്‍ ഭുവനചന്ദ്രന് പണി മുടങ്ങാനും, മുത്ത കുട്ടി ശാലിനിയെ വീട്ടില്‍ തനിച്ചാക്കി അമ്മ നിഷയ്ക്ക് നേരം നോക്കാതെ ആശുപത്രിയിലേക്കോടാനും കൂടി കാരണമായത് വിഷമഴ തീര്‍ത്ത ദുരിതമായിരുന്നു. തീരാവേദനയുടെ നടുവില്‍ പരസഹായമില്ലാതെ ഉഴറുന്ന അനുജത്തിയെ സാന്ത്വനിപ്പിക്കുവാന്‍ ആദ്യം പേനയെടുത്തത് നെഹ്‌റു കോളേജിലെ മലയാളം വിദ്യാര്‍ത്ഥിനിയും, സാഹിത്യവേദി അംഗവുമായിരുന്ന കെ .ബി ശാലിനിയാണ്. ശാലിനി ഇപ്പോള്‍ എം.എ-യ്ക്ക് പഠിക്കുകയാണ്. ശില്പയ്ക്കു വേണ്ടി ചേച്ചി എഴുതിയ കവിതകള്‍ അധികം വൈകാതെ കാസറ്റിലായി. സുഗതകുമാരിയും, അംബികാസുതന്‍ മാങ്ങാടും ആമുഖമോതി. കാസറ്റിന് വേണ്ടി പ്രവര്‍ത്തിച്ച ചീമേനി ഗവണ്‍മെന്റ് സ്‌കൂളില്‍ വച്ച് 2011-ല്‍ മധുപാലാണ് കാസറ്റ് പുറത്തിറക്കിയത്.

ശില്പയുടെ പത്താം വയസ്സില്‍ ത്യാഗഭരിതമാം വിധം അവളെ അക്ഷരം പഠിപ്പിക്കാന്‍ നാലധ്യാപകരെത്തി. പേന കണ്ട് ഇഞ്ചക്ഷന്‍ സൂചിയാണെന്ന് തെറ്റിദ്ധരിച്ച് നിലവിളിച്ചവള്‍ പതിയെ അക്ഷരങ്ങളുടെ ലോകത്തേക്ക് ചുവടുകള്‍ വച്ചു. കഥയെഴുതണമെന്ന അംബികാസുതന്‍ മാങ്ങാടിന്റെ വാക്കുകളോടും, നല്‍കിയ പുസ്തകങ്ങളോടുമുള്ള നന്ദിയും ശില്പ പാലിച്ച് തുടങ്ങി. സാഹിത്യ വേദിയെത്തേടി നിരവധി കഥകള്‍ നെഹ്‌റു കോളേജിലെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റിലെത്തി. അവയില്‍ നിന്നും തിരഞ്ഞെടുത്ത കഥകളാണ് ‘നിറഭേദങ്ങ’ളില്‍ സമാഹരിക്കപ്പെടുന്നത്.

മാര്‍ച്ച്, 16, 17 തീയ്യതികളില്‍ നെഹ്‌റു കോളേജില്‍ വച്ച് സാഹിത്യ വേദി സംഘടിപ്പിക്കുന്ന കാഞ്ഞങ്ങാട് കാവ്യോത്സവത്തിന്റെ ഉദ്ഘാടന വേളയിലെ പ്രകാശനച്ചടങ്ങില്‍ കഥാകാരി ശില്പയുമെത്തും, കാണാനല്ല. മനോഹരമായ ഒരു കഥ വായിക്കാന്‍. ധന്യമായ ആ ചടങ്ങില്‍ വച്ച് ശില്പയെ നന്മയുടെ അക്ഷരങ്ങള്‍ പഠിപ്പിച്ച മഹേഷ്, സുരേഷ്, വേണുഗോപാലന്‍, മുംതാസ് എന്നീ നാലധ്യാപകരെയും സാഹിത്യവേദി ആദരിക്കും.

ശാലിനിയുടെ കാസറ്റ് വിറ്റ തുക മുഴുവനായും ശില്പയുടെ ചികിത്സാച്ചെലവിനാണ് ഉപയോഗിച്ചത്. ശില്പയ്ക്കുമുണ്ട് സ്വപ്നങ്ങള്‍. പുസ്തകം വില്‍ക്കണം, തന്റെ ചികിത്സക്കായി ഉണ്ടായ ആറ് ലക്ഷത്തോളം രൂപയുടെ കടബാധ്യതകള്‍ തീര്‍ക്കാന്‍ അച്ഛനെ സഹായിക്കണം. തുരുമ്പെടുത്ത തന്റെ വീല്‍ചെയര്‍ മാറ്റി വാങ്ങണം. അങ്ങനെ…

ആദ്യ കാവ്യോത്സവത്തില്‍ സാഹിത്യവേദി സമാഹരിച്ച പ്രമുഖരുടെ എഴുപത്തിയാറു എന്‍ഡോസെള്‍ഫാന്‍ വിരുദ്ധ കവിതകളുടെ പുസ്തകം ‘ഇരുളില്‍ തനിച്ച് ‘ പ്രശസ്ത കവി കെ.ജി.എസ് പ്രകാശനം ചെയ്തപ്പോള്‍ അതേറ്റു വാങ്ങുകയും കവിത ചൊല്ലുകയും ചെയ്തത് ശില്പയായിരുന്നു. രണ്ടാമത് കാവ്യോത്സവത്തില്‍ വച്ച് സെറിബ്രല്‍ പള്‍സി ബാധിതനായ പയ്യന്നൂരെ എം.പി പ്രണവിന്റെ കവിതാ സമാഹാരം ‘സ്‌നേഹവസന്ത’വും സാഹിത്യ വേദി പ്രസാധനം ചെയ്തിരുന്നു. അതേ കാവ്യോത്സവവേളയുടെ ഉദ്ഘാടന വേദിയില്‍ ഇത്തവണയും അതിജീവന സ്വപ്നങ്ങളുടെ ‘നിറഭേദ’ങ്ങള്‍ വിരിയുകയാണ്. ശില്പഭംഗിയുള്ള കഥകളുടെ രൂപത്തില്‍…!

notice layout

LEAVE A REPLY

Please enter your comment!
Please enter your name here