അമ്മയുടെ മണങ്ങൾ, നൃത്തത്തിന്റേം…

0
389
sheethal-shyam

ശീതൾ ശ്യാം

ഒരു നർത്തകി ആകാനായിരുന്നു എനിക്കിഷ്ടം. ചെറുപ്പത്തിൽ ഉള്ള സ്ത്രൈണത കൂടുതൽ പുറത്ത് വന്നത് എന്റെ ന്യത്തത്തിലൂടെയായിരുന്നു. പലരും അത് പരിഹാസ രൂപേണയായിരുന്നു കണ്ടത് ചുറ്റുമുള്ള എല്ലാരും കളിയാക്കിയും പരിഹസിച്ചും അപമാനിച്ചും ആ ഒരു കഴിവ് എന്റെ ഉള്ളിൽ നിന്നും മാറ്റാൻ ശ്രമിച്ചു ഒരാൾ മാത്രം അതിഷ്ടപ്പെട്ടിരുന്നു… അമ്മച്ചി.

അമ്മക്ക് ഒരു പാട് മണമുണ്ടായിരുന്നു… മീനിന്റെ മണം… സിമന്റിന്റെയും കല്ലിന്റെയും മണം, അർക്കാപ്പൊടിയുടെ മണം, മണ്ണെണയുടെ മണം, ചാരത്തിന്റെ മണം, ചെളിയുടെ മണം, പലതരം പച്ചകറികളുടെ മണം, മെഴുകുതിരിയുടെ മണം, മുല്ല പൂവിന്റെ മണം, പലതരം ചെടികളുടെ മണം, ആട്ടും കാട്ടത്തിന്റെയും കോഴിക്കാട്ടത്തിന്റെയും ചാണകത്തിന്റെയും മണം
ചോരയുടെ മണം….
എന്നിലെ ന്യത്ത വാസന തിരിച്ചറിഞ്ഞത് അമ്മയാണ്. നന്നായി ചെയ്യണം എന്ന് എപ്പോഴും പറയുമായിരുന്നു. എനിക്കാണേൽ സിനിമയിൽ കണ്ട ന്യത്തമാണ് എപ്പഴും ഓർമ്മ വരിക. ക്ലാസ്സിക്കൽ.. വെസ്റ്റേൺ എന്നൊന്നും അറിയില്ലാരുന്നു. സിനിമയിലെ നായികമാർ ആയിരുന്നു എന്റെ ന്യത്ത ഗുരുക്കൾ. ഓർമ്മയിൽ ഉള്ളത് 5th പഠിക്കുബോൾ സ്കൂൾ യൂത്ത് ഫെസ്റ്റിവലിന് ഭരതനാട്യം പേര് കൊടുക്കാൻ തയ്യാറായി ദിവസം അടുത്തെത്താറായി കസ്സിൻസ് ആയ ചേച്ചിമാരുടെ അടുത്ത് കാര്യം അവതരിപ്പിച്ചു അവർ സഹായിക്കാമെന്നേറ്റു. അന്ന് അവസാനമായി കണ്ട സിനിമയിലെ ന്യത്തരംഗം മനസ്സിൽ ഓടിക്കളിച്ചു ഗോപികാവസന്തം തേടിവനമാലി…. (ഹിസ് ഹൈനസ്സ് അബ്ദുള്ള ) നായിക ഗൗതമിയായി ഞാൻ ഒരു പാട് രാത്രി സ്വപ്നം കണ്ടു. സ്റ്റെപ്പ് എന്താണെന്നും മനസ്സിൽ ഒരു വിധം തീർച്ചയാക്കി . ഇനി ചമയങ്ങളും വസ്ത്രങ്ങളും ഉണ്ടാക്കണം. അമ്മയെ സമീപിച്ചു അമ്മ ആദ്യം അമ്പരന്നു. നമുക്ക് അതിനുള്ള നിവർത്തിയില്ല കുഞ്ഞേ എന്ന് അമ്മ… കഷ്ടപ്പാട് എന്താണെന്നും ഇല്ലായ്മ്മ എന്താണെന്നും അറിയാത്ത പ്രായത്തിൽ എന്റെ മുൻപിൽ അമ്മയോട് പകയായി, ഞാൻ വാശി പിടിച്ചു. അവസാനം അമ്മ സമ്മതിച്ചു. കൂലിപ്പണിക്കാണ് അമ്മ പോയിരുന്നത് സിമന്റും മണലും കല്ലും എല്ലാം അമ്മയുടെ ലോകമായിരുന്നു. ആ കോട്ടൻസാരിക്ക് എപ്പഴും ആ മണമുണ്ടായിരുന്നു. പണി കഴിഞ്ഞ് വരുമ്പം മരകമ്പനിയിൽ നിന്ന് അർക്കാ പൊടി ചാക്കിൽ നിറച്ചത് തലയിൽ ചുമന്ന് വന്നിട്ടുണ്ടായിരിക്കും. പണി വസ്ത്രങ്ങളുടെ കൂട്ടത്തിൽ ഏതെങ്കിലും മീൻ കവറിൽ ഉണ്ടായിരിക്കും. സുരേഷട്ടന്റെ റേഷൻ കടയിൽ നിന്ന് മണ്ണെണ്ണയും ഉണ്ടാവും. വന്ന ശേഷം അനിയനും എനിക്കും ചായയും പലഹാരങ്ങളും ഉണ്ടാക്കി തരും. മീൻ വെള്ളത്തിലിട്ട് അത് നന്നാക്കും.. ഞാൻ പറയും അമ്മക്ക് മീൻ നാറ്റം…. ചീ….. മീൻ കറി അടുപ്പത്ത് വച്ച് അമ്മ കത്തിക്കാനുള്ള ചിമ്മിനി വിളക്കുകളിൽ മണ്ണെണ ഒഴിച്ച് വക്കും. ഞാൻ പറയും അമ്മച്ചിക്ക് മണ്ണെണയുടെ മണം ചീ…….
അമ്മ മുറ്റമടിക്കാൻ ഇറങ്ങും കക്കുസും കുളിമുറിയും വീടും കിണറിന്റെ അടുക്കൽ എല്ലാം വ്യത്തിയാക്കി വരുമ്പം അമ്മക്ക് ചെളിയുടെ മണം ചീ……
പിന്നെ ആട്ടിൻ കൂടും കോഴി കൂടും എല്ലാം വ്യത്തിയാക്കി വരുമ്പം അമ്മക്ക് പലതരം തീട്ടത്തിന്റെ മണം ചീ……
പാത്രങ്ങൾ എല്ലാം എടുത്ത് കിണറ്റുകരയിൽ ഇരുന്ന് വ്യത്തിയാക്കുബോൾ അമ്മക്ക് വെണ്ണീറിന്റെ (ചാരം) മണം ചീ…
പച്ചക്കറികൾ അരിഞ്ഞ് വ്യത്തിയാക്കി കറിക്ക് പാകത്തിനിടുമ്പോൾ ഒരു മണം
പച്ചക്കറി മണം അമ്മച്ചിക്ക്.. ചീ….

sheethal-shyam

കുളിച്ച് വ്യത്തിയായി ഈ സകല മണങ്ങളെയും കഴുകി കളഞ്ഞ് അമ്മ മുറ്റത്തെ ഉങ്ങ് മരത്തിൽ ചുറ്റിവരിഞ്ഞ് പടർന്ന് പന്തലിച്ച മുല്ലവള്ളിയിലെ പൂക്കൾ ഇറുത്ത് മുറിയിലെ തിരുകുടുംബചിത്രത്തിന്റെ അവിടെ കൊണ്ട് വക്കും. അപ്പോൾ അമ്മക്ക് മുല്ല പൂവിന്റെ മണം. അപ്പോൾ ഞാൻ പറയും അമ്മയെ കെട്ടി പിടിച്ച് ഹാ അമ്മക്ക് എന്ത് നല്ല മണമാ…. മെഴുകുതിരി കത്തിച്ച് പ്രാർഥിക്കുമ്പോഴും അമ്മ അവിടെ കുന്തിരിയ്ക്കും പുകക്കും… (കൊതുക് വരില്ലാത്രെ) മെഴുകുതിരിയുടെയും കുന്തിരിക്കത്തിന്റെയും നല്ല മണങ്ങൾ അമ്മ തരും. കോഴിക്കോട്ടുള്ള രാധ എന്ന ഹിന്ദു യുവതി തൃശ്ശൂരിൽ നിന്നും കോഴിക്കോട്ടുള്ള മഹാറാണി ഹോട്ടലിൽ ജോലി ചെയ്യുന്ന സൈമൺ എന്ന യുവാവുമായി പ്രണയത്തിലായി നാട് വിട്ട് തൃശ്ശൂരിലെ നെടുപുഴ എന്ന സ്ഥലത്ത് എത്തി പങ്കാളിയുടെ മതവിശ്വാസത്തിൽ എർപ്പെട്ട് ഇരിക്കയാണ്… നന്മ നിറഞ്ഞ മറിയവും സ്വർഗ്ഗസ്ഥനായ പിതാവും ലുത്തിനിയും തിരുകുടുംബ പ്രാർഥനയും കാണാപ്പാഠം.

sheethal-shyam

ഈ മണങ്ങൾ ആസ്വദിച്ച് പ്രാർത്ഥനയിൽ മുഴുകുന്ന സമയത്താണ് സൈമന്റെ വരവ്. അത് ഒരു തേർവാഴച്ചയായിരുന്നു….. ചാരായം സുലഭമായിരുന്ന സമയം മുണ്ടിലും ഷർട്ടിലും ചെളി പുരണ്ട് പൊട്ടിവീണ് പകുതി പുറത്ത് പോയ പലഹാര പൊതികൾ സൈമൺ നീട്ടി ആറ് കാലുള്ള മനുഷ്യനെപ്പോലെ അലറും. ഞാൻ കൊണ്ട് വന്നത് നക്കി തിന്നോ അമ്മേം മക്കളും. ജപമാല പൂർത്തിയാകാതെ കൊന്ത മേശപ്പുറത്ത് വെച്ച് അമ്മ ഓടിമാറും. അടുക്കളയുടെ ‘മറുവശത്തേക്ക് കൂടെ ഞാനും. ചോറു താരാൻ പറയുന്ന സൈമന്റെ മുൻപിലേക്ക് വച്ച മീൻ ചട്ടിയും ചോറുകലവും കൊണ്ട് പലതരം മണവുമായി അമ്മ നീങ്ങി നിക്കും. പാത്രത്തിലേക്ക് ചോറ് വിളമ്പി കറി ഒഴിച്ച് കൂട്ടിക്കുഴച്ച് വായിൽ വച്ചരക്കുമ്പോൾ സൈമൺ അലറും. കടൽമീൻ ആണോടി പുലയാടി മോളെ പുഴ മീൻ ഇല്ലെടി എന്ന് അലറന്നുതിനോടൊപ്പം മീൻ ചട്ടിയും ചോറു കലവും തെങ്ങിൻ ചോട്ടിൽ പൂക്കളം തീർത്തിട്ടുണ്ടാകും പിങ്കി( വീട്ടിൽ വളർത്തുന്ന പട്ടി കുട്ടി) ആ പൂക്കളത്തിൽ വിവിധ ആംഗിളുകളിൽ നിന്ന് പോസ്സ് കൊടുക്കും. അലർച്ചയോടെ എണീക്കുന്ന സൈമൺ രാധയെ മുടിക്ക് പിടിച്ച് നല്ല ഇടി പലയിടത്തായി കൊടുക്കും. എല്ലാ മണമുള്ള രാധക്ക് അപ്പോൾ ഒരു പുതിയ മണം വരും. അത് ചോരയുടെ മണമാകും ചുണ്ടും കവിളും കയ്യും തലയുമെല്ലാം ചോരമണവും നിറവും ഉണ്ടാകും ഓടി അടുത്തുള്ള കുറ്റിക്കാട്ടിൽ ഒളിക്കും എല്ലാ മണത്തിനും ചീ എന്ന് പറഞ്ഞ ഞാൻ ചോരമണമുള്ള രാധയെ കെട്ടിപിടിച്ച് കരയും വലതാവുമ്പം സൈമണെ നമുക്ക് ശരിയാക്കാം എന്നൊക്കെ പറഞ്ഞ് രാധയെ ആശ്വസിപ്പിക്കും… സൈമൺ ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയാൽ അമ്മച്ചിയും ഞാനും കുറ്റി കാട്ടിൽ നിന്ന് അടുക്കള ചായ്പ്പിലേക്ക് വരും രാധയെ പറ്റി ചേർന്ന് ഞാൻ കിടക്കു ബം ചോരമണം ഇരച്ച് കയറുന്ന എന്റെ മൂക്കുകളെ തുടക്കാൻ ഞാൻ നന്നേ പാട് പെട്ടു.

ചോര മണം നിന്ന ആ ഒരു ദിവസമായിരുന്നു ഞാൻ എന്റെ ന്യത്ത മോഹം അമ്മയോട് പറയുന്നത് രാധ സമ്മതിച്ചു. വടൂക്കര റെയിൽവെ ഗേറ്റ് ന്റെ അടുത്തുള്ള ദാസന്റെ സൂപ്പർ മാർക്കറ്റിൽ നിന്ന് എനിക്ക് മുത്തുമാലയും ഒട്ട് കമ്മലും വളകളും പൊട്ടും അമ്മ വാങ്ങിത്തന്നു. അടുത്ത വീട്ടിലെ സരോജിനി ചേച്ചീടെ കല്യാണ സാരി ഉടുക്കാനായി വാങ്ങി തന്നു. രാധ പറഞ്ഞു നന്നായി കളിക്കണം എന്ന്… എന്നെ ഒരുക്കാനായി കസിൻ ചേച്ചിമാർ സ്കൂളിൽ വന്നു. പക്ഷേ അന്നേദിവസം സ്റ്റേജിന മത്സരങൾ ഇല്ല… പിറ്റെ ദിവസം ഒറ്റക്ക് സ്കൂളിൽ എത്തി മേയ്ക്കപ്പ് ചെയ്തു പൗഡർ കയ്യിലുള്ളത് മുഖത്ത് പൂശിപൊട്ട് തൊട്ടു ചുവപ്പ് ചാന്ത് കൊണ്ട് കുറി തൊട്ടു സ്വർണ്ണം വാങ്ങുബോൾ കിട്ടുന്ന ആ പിങ്ക് നിറത്തിലുള്ള പേപ്പർ കൊണ്ട് ചുണ്ടിൽ ചായം തേച്ചു. കൺപോളകളിൽ ഐ ഷാഡോ ഇട്ടു. ടി ടി സി ക്ക് പഠിക്കുന്ന ഒരു ട്രെയിനിംഗ് ടീച്ചറോട് സാരി ഉടുപ്പിച്ച് തരാമോന്ന് ചോദിച്ചു. അവർ ചെയ്തു. ആദ്യത്തെ വേദി… ഭയത്തോടെ ഞാൻ ന്യത്തം ചെയ്തു. എന്താ മുദ്ര എന്നറിയാത്ത ഞാൻ ഭരതനാട്യം എന്ന ഐറ്റം മത്സരിക്കുന്നു സ്കൂളിൽ കയ്യടിച്ചു. കുട്ടികൾ കളി കഴിഞ്ഞ് തിരിച്ചറങ്ങുബോൾ TTC ട്രെയ്നിങ് കുട്ടികൾ വന്ന് അഭിനന്ദിച്ചു. ഒരു റോസപ്പൂവും തന്നു. ഒരു വാക്ക് എന്നോട് പറഞ്ഞു, കൺഗ്രാജുലേഷൻ. ആവാക്ക് പഠിക്കാൻ ഒരു പാട് സമയമെടുത്തു.. ആൺ കുട്ടികളുടെ വിഭാഗത്തിൽ ആരും മത്സരിക്കാത്തതിനാൽ ഒന്നാം സ്ഥാനം ലഭിച്ചു. പ്രിൻസിപ്പലിന്റെ ഒപ്പോടുകൂടിയ സർട്ടിഫിക്കറ്റ് രാധയെ കാണിച്ചപ്പം രാധ കരഞ്ഞുകൊണ്ട് പറഞ്ഞു സൈമണെ കാണിക്കണ്ട കീറിക്കളയും എന്ന്. സ്കൂളിൽ ന്യത്തം ചെയ്ത കാര്യം സൈമൺ അറിഞ്ഞു. ആണും പെണ്ണും അല്ലാത്ത ഇവനെ നീയാണ് ഇങ്ങനെയാകുന്നത്. സൈമൺ അലറി രാധക്ക് അന്ന് ചോരയുടെ മണം കൂടുതലായിരുന്നു…

വളർന്നുകൊണ്ടിരിക്കുബോൾ ശോഭനയും ഭാനുപ്രിയയും പത്മിമിനിയും ഒക്കെ ഞാനായി എന്നാഗ്രഹിച്ചു രാധ എന്നെ വടൂക്കര അയ്യപ്പൻകാവിന്റെ അടുത്തുള്ള സുശീല ടീച്ചറുടെ അടുത്ത് ന്യത്തം പഠിക്കാൻ അയച്ചു. സൈമൺ അറിഞ്ഞു അന്ന് എനിക്കും ചോരയുടെ മണമുണ്ടായിരുന്നു. രാധ എന്നെ കെട്ടിപിടിച്ച് കരഞ്ഞ് പറഞ്ഞു ഒന്നും ആഗ്രഹിക്കണ്ട സ്വപ്നം കാണു… നടക്കും എന്ന്.. പല വേദികളും എനിക്കായി ഒരുങ്ങി. മനുഷ്യ സംഗമത്തിന് എർണാകുളം ടൗൺ ഹാളിൽ ആ തമിഴ് ഗാനത്തിന് ന്യത്തം ചെയ്യുമ്പോൾ കയ്യടിക്കുന്നവരുടെ കൂട്ടത്തിൽ രാധയുണ്ടായിരുന്നു. ഞാൻ മണക്കാനും മണമറിയാനും ഒരു പാട് ശ്രമിച്ചു… കിട്ടില്ലെ…

രാധയുടെ മണങ്ങൾ ഇല്ലാതായി… ഇപ്പോഴും ഞാ൯ തേടും ചീ.. എന്ന് പറഞ്ഞ രാധയുടെ ഏതെങ്കിലും ഒരു മണമെങ്കിലും…
നിങ്ങൾക്കും മണമാസ്വദിക്കാം… അമ്മയുടെയൊ അച്ചന്റെയോ കൂടപ്പിറപ്പുകളുടോയൊ… ഈ ലോക്ക് ഡൗൺ കാലം ഏതെങ്കിലും മണങ്ങളുടേതാകട്ടെ

ഏവർക്കും ലോകനൃത്തദിനാശംസകൾ

LEAVE A REPLY

Please enter your comment!
Please enter your name here