ശംഖുമുഖം ആര്‍ട്ട് മ്യൂസിയം ഉദ്ഘാടനം ഞായറാഴ്ച വൈകിട്ട്

0
557

തിരുവനന്തപുരം: നഗരസഭയുടെ മേല്‍നോട്ടത്തില്‍ ആരംഭിക്കുന്ന ശംഖുമുഖം ആര്‍ട്ട് മ്യൂസിയം ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചിത്രകാരന്‍ ശ്രീ. സുധീര്‍ പട്‌വര്‍ധന്‍ മുഖ്യാതിഥി ആയിരിക്കും. സമകാലീന ചിത്രകലയുടെ നേരനുഭവം തദ്ദേശീയർക്കും വിദേശ വിനോദസഞ്ചാരികൾക്കും ലഭ്യമാക്കുന്ന ഒരു ഇടമായാണ് ഈ മ്യൂസിയം നഗരസഭ വിഭാവനം ചെയ്തിരിക്കുന്നത്. തലസ്ഥാനത്ത് ഇത്തരമൊരു സാംസ്കാരിക ഇടം തുറക്കുന്നത് ഇതാദ്യമായാണ്.

ആറാട്ട് ഉൽസവത്തോടനുബന്ധിച്ച് രാജകുടുംബാംഗങ്ങള്‍ക്ക് വിശ്രമത്തിനായി നിർമ്മിച്ച ശംഖുമുഖത്തെ തെക്കേകൊട്ടാരമാണ് ഇതിനായി പ്രയോജനപ്പെടുത്തുന്നത്. നഗരസഭ ഏറ്റെടുത്ത തെക്കേകൊട്ടാരം കഴിഞ്ഞ കുറെ വർഷങ്ങളായി പ്രവർത്തനമില്ലാതെ അടഞ്ഞു കിടക്കുകയായിരുന്നു. ഒട്ടനവധി സഞ്ചാരികൾ ദിനം പ്രതി എത്തിച്ചേരുന്ന ശംഖുമുഖത്ത് സമകാലീന കലയുടെ ഒരു മ്യൂസിയം ആരംഭിക്കുന്നത് ഏറെ അർത്ഥവത്തായിരിക്കും എന്ന കാഴ്ചപ്പാടിലാണ് ഇവിടം ആര്‍ട്ട് മ്യൂസിയമാക്കാനുള്ള തീരുമാനമെടുത്തത്. കലാകാർന്മാർക്ക്  നിരന്തരം സംഗമിക്കുന്നതിനും പ്രദർശനങ്ങൾ ഒരുക്കുന്നതിനും നമ്മുടെ തലസ്ഥാനത്ത് നിലവാരമുള്ള ഒരു ഇടമില്ല എന്നത് കൂടി കണക്കിലെടുത്താണ് ഈ തീരുമാനം.ബറോഡയിലും മുംബൈയിലും സൂറത്തിലുമെല്ലാം നഗരസഭകളുടെ നേതൃത്വത്തിലുള്ള മ്യൂസിയങ്ങൾ വളരെ പ്രസിദ്ധമാണ്. മിക്ക വിദേശരാഷ്ട്രങ്ങളിലെയും പ്രസിദ്ധമായ പല മ്യൂസിയങ്ങളും ദൃശ്യകലാപദ്ധതികളും അതത് നഗരസഭകളുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നു വരുന്നുണ്ട്.ശംഖുമുഖം മ്യൂസിയം യാഥാര്‍ഥ്യമാകുന്നതോടെ തിരുവനന്തപുരവും ഈ നിരയിലേക്ക് ഉയരുകയാണ്.

ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായവർ ഉൾപ്പെടെയുള്ള കലാകാരന്മാരുടെ പ്രദർശനങ്ങൾ സംഘടിപ്പിക്കുക, സമകാലീന കലാപ്രവർത്തനങ്ങളെ ജനങ്ങൾക്ക് കൂടുതൽ പരിചയപ്പെടുത്തുക,കേരളീയ ചിത്ര-ശില്പ കലകൾക്ക് സ്വയം പര്യാപ്തമായ വിപണി ലഭ്യമാക്കുക, നവാഗതരായ കലാകാർന്മാർക്ക് പ്രദർശനവേദിയും സ്കോളർഷിപ്പ് പോലുള്ള സൗകര്യങ്ങളും സജ്ജമാക്കുക, ലോകത്തെ ഇതര കലാമ്യൂസിയങ്ങളും ഗ്യാലറികളുമായി സഹകരിച്ചുകൊണ്ടുള്ള എക്സ്ചേയ്ഞ്ച് പ്രദർശനങ്ങൾ സംഘടിപ്പിക്കുക,ദൃശ്യകലയെക്കുറിച്ചും ഇതര കലാസാംസ്കാരിക രംഗങ്ങളെക്കുറിച്ചും ചർച്ചകൾ സംഘടിപ്പിക്കുക,  ഇത് സംബന്ധിച്ചുള്ള പുസ്തകങ്ങളും ജേർണലുകളും പ്രസിദ്ധീകരിക്കുക തുടങ്ങിയ വിവിധ പരിപാടികളിലൂടെ കലയുടെ സാന്നിദ്ധ്യം ജനങ്ങളിൽ എത്തിക്കുന്നതിന് മ്യൂസിയം മുൻകൈയെടുക്കും. ഇന്ത്യയിലെ ഇതര ഗ്യാലറികളിൽ നിന്നുള്ള ഒരു മുഖ്യവ്യത്യാസം ശംഖുമുഖം മ്യൂസിയത്തിലെ പ്രദർശനങ്ങളിലെ നിലവാരം ആയിരിക്കും.കലാകാരന്മാർ നേരിട്ട് വാടക നൽകി പ്രദർശനം നടത്തുന്ന പതിവാണ് മറ്റു പലയിടത്തുമുള്ളത്. ഇവിടെ പ്രമുഖരായ കലാചരിത്രകാരന്മാരും അധ്യാപകരും ഉള്‍പ്പെടെയുള്ള ക്യൂറേറ്റര്‍മാര്‍ ചിത്രകാരന്മാരെയും അവരുടെ സൃഷ്ടികളും തെരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കുകയാണ് ചെയ്യുക. ഇതോടൊപ്പം ചിത്രകലാ വർക്ക് ഷോപ്പുകൾ, കുട്ടികൾക്കും മുതിർന്നവർക്കുമായി ആർട്ട് അപ്രീസിയേഷൻ കോഴ്സുകൾ,സെമിനാറുകൾ എന്നിവയും മ്യൂസിയത്തിന്റെ നേതൃത്വത്തിൽ ആരംഭിക്കും. ഒപ്പം സായാഹ്നങ്ങളില്‍ വിവിധ കലാപരിപാടികള്‍ക്കും തല്‍സമയ ചിത്രരചനപോലുള്ള പരിപാടികള്‍ക്കും ഇവിടം വേദിയാകും.

പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ പ്രമുഖരായ കലാ-സാംസ്കാരിക പ്രവര്‍ത്തകരടങ്ങുന്ന ഒരു സമിതിയാണ് മ്യൂസിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റിയ‘ആര്‍ട്ടീരിയ’ ചുമര്‍ച്ചിത്ര പദ്ധതിയുടെ ക്യൂറേറ്ററും 2016ലെ ലളിത കലാ അക്കാദമി പുരസ്കാര ജേതാവുമായ ഡോ. അജിത്കുമാര്‍ ജി. ആണ് മ്യൂസിയത്തിന്റെ ഡയറക്ടര്‍.

കേരളത്തിലെ പുതുതലമുറയിലെ ശ്രദ്ധേയരായ ഒൻപത് കലാകാരന്മാരുടെ ചിത്രങ്ങളാണ് ഉദ്ഘാടന പ്രദർശനമായി ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിലെ കലാചരിത്രവിഭാഗം അദ്ധ്യാപകനും കലാനിരൂപകനുമായ ചന്ദ്രൻ ടി.വി.യാണ് ഈ പ്രദർശനം ക്യുറേറ്റ് ചെയ്യുന്നത്. അജി അടൂർ, അഹല്യ എ.എസ്, ജഗേഷ് എടക്കാട്, ലീന രാജ് ആർ, കെ. മത്തായി, ഷൈൻ കൊല്ലാട്,സുജിത്ത് എസ്. എൻ, സുമേഷ് കാമ്പല്ലൂർ, വൈശാഖ് കെ. തുടങ്ങിയവരുടെ അന്‍പതോളം ചിത്രങ്ങളാണ് ‘റീബൗണ്ട്സ്’ എന്നു പേരിട്ടിട്ടുള്ള പ്രദര്‍ശനത്തില്‍ ഉള്ളത്.ജൂലൈ 31 വരെ ഈ പ്രദർശനം നീണ്ടു നിൽക്കും. പ്രശസ്ത കലാചരിത്രകാരൻ ജോണി എം.എൽ. ക്യുറേറ്റ് ചെയുന്ന ‘ബോഡി’, പ്രശസ്ത ചിത്രകാരിയായ സജിതാ ശങ്കർ ക്യുറേറ്റ് ചെയ്യുന്ന നാഷണൽ വിമൻ ആർടിസ്റ്റ് ഷോ എന്നീ ദേശീയ പ്രദർശനങ്ങളാണ് തുടർന്ന് നടക്കുക. ഓരോ പ്രദര്‍ശനത്തോടനുബന്ധിച്ചും അതിലെ ചിത്രങ്ങളെപ്പറ്റിയും ചിത്രകാരന്മാരെപ്പറ്റിയും വിശദീകരിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന കാറ്റലോഗും പ്രസിദ്ധീകരിക്കും. സന്ദര്‍ശകര്‍ക്ക് പ്രദര്‍ശനത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും സൃഷ്ടികള്‍ ആസ്വദിക്കാനും ഈ കാറ്റലോഗ് ഉപകരിക്കും.

രാവിലെ പത്ത് മണി മുതൽ രാത്രി എട്ടു മണി വരെയാണ് ശംഖുമുഖം ആര്‍ട്ട് മ്യൂസിയം പ്രവര്‍ത്തിക്കുക.മുതിർന്നവർക്ക് 30 രൂപയും 7വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് 10രൂപയും പ്രവേശന ഫീസുണ്ട്.മ്യൂസിയത്തിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനായി മ്യൂസിയത്തെ സഹായിക്കുന്നവരുടെ ഒരു ഫണ്ട് ശേഖരിക്കും. മാസം 100രൂപ വീതം നൽകുന്നവർക്ക് ഇതിൽ അംഗത്വം നേടാം. ഇവര്‍ക്ക് പ്രദർശനങ്ങൾ, മറ്റ് പരിപാടികൾ എന്നിവയ്ക് അംഗങ്ങൾക്ക് കുടുംബത്തോടൊപ്പം പ്രവേശനം സൗജന്യമായിരിക്കും.

സംസ്ഥാന ടൂറിസം, സഹകരണ വകുപ്പു മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മ്യൂസിയം തുറമുഖ വകുപ്പു മന്ത്രി ശ്രീ. കടന്നപ്പള്ളി രാമചന്ദ്രനും കാറ്റലോഗ് പ്രകാശനം ശില്‍പി ശ്രീ. കാനായി കുഞ്ഞിരാമനും നിര്‍വ്വഹിക്കും. മേയര്‍ അഡ്വ. വി.കെ.പ്രശാന്ത് സ്വാഗതം പറയും. ശ്രീ. വി.എസ്.ശിവകുമാര്‍ എം.എല്‍.എ, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും കരുണാമൂര്‍ത്തിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന ഫ്യൂഷന്‍ സംഗീത പരിപാടിയും അരങ്ങേറും.

ഫോട്ടോ കടപ്പാട്: മനോരമ ഓണ്‍ലൈന്‍

LEAVE A REPLY

Please enter your comment!
Please enter your name here