കോഴിക്കോട്: മലയാളിക്ക് ദിവ്യപ്രണയത്തിന്റെ പുത്തന്‍ അനുഭൂതി സമ്മാനിച്ച പ്രിയ ഷഹബാസ് അമന്‍. ഗസല്‍ ഗായകന്‍, ഗാനരചിയിതാവ്, സംഗീത സംവിധായകന്‍, സൂഫി ഗായകന്‍. കോഴിക്കോട് ടാഗോര്‍ ഹാളിലുണ്ടായിരുന്നു വ്യാഴാഴ്ച. ‘ഷഹബാസിനൊപ്പം’ എന്ന പരിപാടിയുമായി. ഈ രാത്രി നമ്മുടേത് എന്ന് ടാഗോറില്‍ ഇരുന്നവര്‍ക്ക് തോന്നിയ രാവ്. കോഴിക്കോട് ഇഞ്ചിനിയറിംഗ് കോളേജ് യൂണിയന്‍, റോട്ടറി ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജിലെ തങ്ങളുടെ സുഹൃത്തിന്റെ പിതാവിന്റെ ചികിത്സാ ചെലവിന് വേണ്ടിയാണ് കോളേജ് യൂണിയന്‍ ഇങ്ങനെയൊരു ഉദ്യമവുമായി ഇറങ്ങിയത്.
ഗസല്‍ ചരിത്രം അറിയിച്ചു കൊണ്ടുള്ള സംസാരങ്ങളും ഹൃദയത്തിന് പ്രണയത്തിന്റെ ദിവാനുഭൂതി പകരുന്നു പാട്ടുകള്‍ ഉണ്ടായിരുന്നു നാല് മണിക്കൂര്‍ നീണ്ട കണ്‍സേര്‍ട്ടില്‍. കെ. എല്‍ സൈഗാള്‍, മെഹ്ദി ഹസന്‍, ഗുലാം അലി, മുഹമ്മദ് റഫി തുടങ്ങിയ വിഖ്യാത ഗസല്‍ ഗായകരുടെ ആലാപന ശൈലി ആസ്വാദകാര്‍ക്ക് പരിചയപെടുത്തുന്നതായിരുന്നു ആദ്യ സെഷന്‍. ചരിത്രം കൂടി അറിഞ്ഞു വേണം ഗസലിനെ സമീപിക്കാന്‍ എന്ന് അദ്ദേഹം പറഞ്ഞു.
ഓരോരുത്തര്‍ക്കും സ്വന്തമായ രീതികള്‍ പിന്തുടരാം. ഇന്ന് പാടുന്ന പോലെയല്ല നാളെ പാടുക. തന്റെ കാലശേഷം തന്റെ പാട്ടുകള്‍ താന്‍ പാടിയത് പോലെ അനുകരിച്ച് പാടുകയൊന്നും വേണ്ട. സ്വന്തമായ ഭാവുകത്വങ്ങള്‍ ഉണ്ടാക്കി എടുക്കുന്നതില്‍ അതിന്‍റെതായ സൗന്ദര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഗസല്‍ പരിചയമില്ലാത്ത സിനിമാ ആസ്വാദകര്‍ ഉണ്ട്. സിനിമ പരിചയം ഇല്ലാത്ത ഗസല്‍ ആസ്വാദകരും. അവര്‍ക്കിടയില്‍ ഒരു പാലം ആവാന്‍ സിനിമയില്‍ പാടിയ ശേഷം സാധിച്ചു. ഷഹബാസ് രചിച്ചതും പാടിയതും ആയ സിനിമാ പാട്ടുകള്‍ ആയിരുന്നു അടുത്ത സെഷനില്‍. മനോഹരമായിരുന്നു ആ ഭാഗവും. ഹൃദയത്തെ തലോടി പ്രണയത്തിൻ്റെ നീർച്ചാലുകൾ തീർത്ത് ഒഴുകിയിറങ്ങുന്ന അനുഭവം.
ആനന്ദ് (തബല), പോള്‍സണ്‍ (സിത്താര്‍), സുശാന്ത് (കീ ബോര്‍ഡ്), തനൂജ് (സന്തൂര്‍), നിഖില്‍ റാം (ഫ്ലൂട്ട്) എന്നിവര്‍ ആയിരുന്നു അദ്ധേഹത്തിന്റെ സംഘാഗങ്ങള്‍. എല്ലാരും കൂടി ഒരുമിച്ച് പ്രയത്നിച്ചപ്പോളാണ് മനോഹരമായ മധുരം നുകരാന്‍ ആസ്വാദകര്‍ക്ക് സാധിച്ചത്. ടര്‍ട്ടില്‍ ഇവന്റ്സ് ആണ് പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്.