അനന്തമായ കാത്തിരിപ്പിന്റെ പകലിരവുകൾ… (ഒരു ലോക്ക് ഡൗൺ ചലഞ്ച്)

0
335
shabna-sasi-wp

ശബ്ന ശശി

ഏകാന്തതയെ കുറിച്ചെഴുതുമ്പോൾ ലോകം എന്നിലേക്ക് ചുരുങ്ങുന്നതായി പലപ്പോഴും തോന്നാറുണ്ട്, അതുകൊണ്ട് തന്നെ ഒറ്റപ്പെടലിനെ ഒരുപാട് സ്നേഹിക്കുന്നയാളാണ് ഞാൻ. എല്ലായ്പ്പോഴും എല്ലായിടത്തും ഞാൻ അന്വേഷിക്കുന്നതും ഈ ഏകാന്തതയെയായിരുന്നു. ‘അവനവനാകൽ’ എത്ര ഗംഭീരമായ അനുഭവമാണെന്ന തിരിച്ചറിവിന്റേതായിരുന്നു ഒറ്റപ്പെടലിന്റേത്. ചില സമയങ്ങളിൽ ഈ ലോകത്ത് ഏറ്റവും സന്തോഷിക്കുന്ന മനുഷ്യൻ ഞാനാണെന്നും മറ്റു ചിലപ്പോൾ ഞാൻ മാത്രമെന്താ ഇങ്ങനായി പോയേ… എന്നും തോന്നാറുണ്ട്. ചിന്തകളുടെ രണ്ടു തലങ്ങളിൽ ഒരുപോലെ എത്തിക്കാൻ ഏകാന്തതക്കല്ലാതെ മറ്റൊന്നിനും കഴിയില്ല.

ആരോടും ഞാൻ പെട്ടെന്നടുക്കാറില്ല അടുത്തുകഴിഞ്ഞാൽ വിടാറുമില്ല, ഒരാളോട് ചാടി കേറി മിണ്ടാൻ പോവുമ്പോഴൊക്കെ മനസ്സ് വേണ്ടെന്ന് പറഞ്ഞ് ഉൾവലിഞ്ഞുകൊണ്ടേയിരിക്കും. ചില സമയങ്ങളിൽ… എനിക്ക് എന്നോട് തന്നെ മടുപ്പ് തോന്നും… എനിക്കെന്നോട് കൂട്ടുകൂടാൻ കഴിയാത്തതു പോലെ. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ ഞാൻ അമ്മയുടെ വീട്ടിലാണ്. ഇവിടെ ഞാനും അമ്മമ്മയും മാമനും മാത്രമേയുള്ളൂ. പോസിറ്റിവിറ്റിയുടെ പര്യായങ്ങളാണ് ഇവർ രണ്ടുപേരും. ബോറടിച്ചു തുടങ്ങുമ്പോൾ എന്തെങ്കിലും എഴുതും, എഴുതി തീരുമ്പോൾ സിനിമയിലേക്ക് പോവും അതും കഴിഞ്ഞാൽ ഇഷ്ടഗാനങ്ങളുടെ ലിസ്റ്റിൽ നിന്നും ഓരോന്നായി കേട്ടു തുടങ്ങും. പാട്ടിനല്ലാതെ മറ്റെന്തിനാണ് ഈ ലോകത്തെ തണുപ്പിക്കാനാവുക… ഇടയ്ക്ക് അറിയാവുന്ന പാട്ടുകാരോടൊക്കെ ഓരോ പാട്ടുപാടി തരാൻ പറഞ്ഞ് ബുദ്ധിമുട്ടിക്കും. ഈ സമയത്ത് പുറത്ത് വന്ന പല കഴിവുകളെയും കലാകാരന്മാരെയും സ്നേഹത്തോടെ സ്വീകരിച്ചുകൊണ്ടിരുന്നു.

ചിലരെയൊക്കെ അത്ഭുതത്തോടെ നോക്കിനിന്ന നിമിഷങ്ങൾ ലോക്ക് ഡൗൺ തന്നു. പിന്നെ മറുപടി കൊടുക്കാതെ പോയ ചില മെസ്സേജുകൾ പരതികൊണ്ടിരുന്നു. ഇന്നിപ്പോൾ കൂട്ടിനെ തേടിക്കൊണ്ടിരിക്കുകയാണ്, ഒരുമിച്ചിരുന്ന് കൂട്ടുകൂടാനും, കഥ പറയാനും, പാട്ട് പാടാനും, ചിരിക്കാനും, കരയാനുമെല്ലാം ഇടങ്ങൾ തേടിക്കൊണ്ടിരിക്കുകയാണ് പക്ഷെ പറ്റില്ലല്ലോ… നമ്മളെല്ലാവരും ഒറ്റക്കാണ്, ഒറ്റക്കൊരുമിച്ചാണ് എന്ന് പറയുന്നതാവും നല്ലതെന്ന് ചില വീഡിയോ കോളുകൾ കാണിച്ചുതരുന്നുണ്ട്. ജനലൊന്നു മെല്ലെ തുറന്നാൽ കിട്ടുന്ന വെളിച്ചവും നമ്മളും തമ്മിലുള്ള ദൂരം ആത്മവിശ്വാസത്തിന്റേതാണ്, സമാധാനത്തിന്റേതാണ്… നമ്മൾ ഇരുട്ടിലല്ല. ഈ ലോക്ക് ഡൗൺ ദിനങ്ങൾ പലതും പഠിപ്പിച്ചു, നമ്മളെപ്പോഴോ തിരസ്കരിച്ച വ്യക്തികളെ കുറിച്ചോർമിക്കാൻ… നമ്മൾ നടന്നകന്ന ദൂരങ്ങളെ അളക്കാൻ… നമ്മൾ കാണാതെപോയ കാഴ്ചകളെ തിരിഞ്ഞുനോക്കാൻ… കേൾക്കാതെ പോയ വാക്കുകളെ വീണ്ടും കേൾക്കാൻ… ഇതെല്ലാം ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോഴാണ് നമുക്ക് കഴിയുക. ഒരു അതിജീവന ചരിത്രകഥക്കുകൂടി നമ്മൾ കഥാപാത്രങ്ങളാവും.

മുന്നിൽ നയിക്കാൻ ശുഭാപ്തി വിശ്വാസകാരനായ ഒരു നായകനുള്ളപ്പോൾ കേരളം, കേരളമായി തന്നെ നിലനിൽക്കും. വൈകുന്നേരങ്ങളിൽ പത്രസമ്മേളനത്തിൽ കേൾക്കുന്ന ആ ദൃഢമായ വാക്കുകളിൽ നിന്ന് കിട്ടുന്ന ധൈര്യവും ആത്മവിശ്വാസവുമൊന്നും എത്ര വലിയ കൗൺസിലിംഗ് കേട്ടാലും കിട്ടാൻ പോണില്ല. ഒരു നാടിന്റെ മുഴുവൻ മാനവിക ആരോഗ്യത്തെ കാത്തുസൂക്ഷിക്കുന്ന ടീച്ചറമ്മ തരുന്ന സ്നേഹത്തിനും കരുതലിനേക്കാൾ മറ്റൊരു മരുന്നും നമ്മുടെ ആരോഗ്യത്തെ ഭേദപ്പെടുത്തില്ല. വീണിടത്തുനിന്ന് എണീപ്പിച്ചു നടത്തുകയല്ല, വീഴാൻ പോലും വിടാതെ മുറുകെ പിടിക്കുന്ന ആരോഗ്യപ്രവർത്തകർ, സ്വയം മറന്ന് സധൈര്യം കാവൽ നിൽക്കുന്ന പോലീസുകാർ, വ്യാജവാർത്തകളെ നേരിട്ടുകൊണ്ട് മുന്നണി പോരാളികളായി ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർ ഇവരൊക്കെയാണ് അതിജീവനത്തിന്റെ പോർമുഖങ്ങൾ. ലോകത്ത് പല കോണിലും ഈ സമയത്ത് ഒറ്റപ്പെട്ടുപോയവരുടെ ഏകാന്തത ശ്വാസം മുട്ടിക്കുന്നുണ്ട്…

ഈ കാലത്ത് മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുന്നവരും ചികിത്സയിൽ കഴിയുന്നവരും കൂടി നമ്മുടെ പ്രാർത്ഥനയിൽ ഉണ്ടാവട്ടെ… ഹൈദരാബാദിലെത്തിയ അൻവിതയുടെ ചിരി തരുന്ന കരുത്ത് ചെറുതല്ല. രോഗം(കോവിഡ് 19)ഭേദമായവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി കേരളം നിൽക്കുമ്പോൾ ആവേശമായി മാറുകയാണ് ഈ ലോക്ക് ഡൗൺ, അതെ… ഇതും ഒരു ചലഞ്ച് ആയി ഏറ്റെടുത്തുകഴിഞ്ഞു നമ്മൾ. കേരളത്തിന്റെ ആത്മാവറിയുന്ന മനുഷ്യർ ഇന്ന് വീട്ടിലിരുന്ന് അതിജീവിക്കുകയാണ്. വേണ്ടിവന്നാൽ തെരുവിലേക്കിറങ്ങാനും നാടിന്റെ സുരക്ഷക്കുവേണ്ടി വീട്ടിലടച്ചിരിക്കാനും അറിയാമെന്ന് കാണിച്ചുതരുകയാണ് കേരള ജനത. ഇനിയും നമ്മൾ കൂട്ടം കൂടും, കൂട്ടങ്ങളിൽ നിന്ന് ഏകയായി നടക്കും, നല്ല ഏകാന്തതകൾ കൂടെ പോരും. പുതിയ സ്വപ്‌നങ്ങൾ വീണ്ടും ഉടലെടുത്തുകൊണ്ടിരിക്കുകയാണ്. നാളത്തെ കുറിച്ചുള്ള ചിന്തകളിലാണ് നമ്മളിപ്പോഴും…
ഈ കാലവും കടന്നുപോകും… It will be allright…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here