സോമൻ പൂക്കാട്
എഴുപതുകളിൽ വിശേഷിച്ചും നമ്മുടെ നാടകങ്ങളിലും സിനിമകളിലും കവിതകളിലും വീശിയടിച്ച വിപ്ലവത്തിന്റെ കൊടുംകാറ്റ് കഥകളിൽ നാം അനുഭവിച്ചറിയുന്നത് എം സുകുമാരന്റെ കഥകളിലൂടെയായിരുന്നു .ജീവിതത്തിന്റെ അതിരുകളിലേക്ക് മാറ്റി നിർത്തപ്പെട്ട മനുഷ്യരുടെ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ മിക്കവാറും കഥകളിൽ നുരഞ്ഞു പതഞ്ഞിരുന്നത്. അദ്ദേഹത്തിന്റെ അത്ര വിപ്ലവ സ്വപ്‌നങ്ങൾ കണ്ട കഥാകാരൻമാർ മലയാളത്തിൽ കുറവായിരുന്നു. ഭക്തിയുടെ ചൂണ്ട വിഴുങ്ങിയവന് അതിൽ നിന്നും മോചനമില്ലാത്തതുപോലെ നൈതികതയുടെ ചൂണ്ട വിഴുങ്ങിയവന് അതിൽ നിന്നും മോചനമുണ്ടാകില്ല. വിപ്ലവത്തിന് ഒരുങ്ങാത്ത ഒരു സമൂഹത്തിൽ വിപ്ലവം കൊണ്ടുവരിക എന്നത് ത്യാഗമാണ്. അവിടെ നിങ്ങളുടെ ത്യാഗം ഒരു രോഗമായി മറ്റുള്ളവർ കരുതും ആക്ഷേപിക്കും.പലരും മധ്യവർഗ്ഗ ഒത്തു തീർപ്പിലേക്കു പോകുകയും ദിവസം ചെല്ലുംതോറും കൂടുതൽ കൂടുതൽ സന്ധി ചെയ്യുപ്പെടുകയും അനുരഞ്ജനത്തിന്റേതായ മാർഗ്ഗത്തിലേക്കു വഴുതി വീഴുകയും ചെയ്തപ്പോൾ സുകുമാരൻ ധാർമികതയുടെയും വിശുദ്ധിയുടെയും കൈകളിൽ കിടന്നു കൂടുതൽ കൂടുതൽ മൗനിയാകുകയായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സഞ്ചാരപഥം പലരും നടന്ന ടാറിട്ട റോഡായിരുന്നില്ല പാതാളങ്ങളോളം ആഴത്തിലുള്ള മനസ്സിന്റെ സൂക്ഷമപഥങ്ങളായിരുന്നു.
1976 ൽ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ച ‘മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങൾ’ പിതൃ തർപ്പണം’ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ‘ചുവന്ന ചിഹ്നങ്ങൾ’ ജനിതകം’ സിനിമയക്കപ്പെട്ട സംഘഗാനം,ഉണർത്തുപാട്ട്, കഴകം എന്നിങ്ങനെ അനുവാചകരെ ചിന്തയുടെയും രാഷ്രീയത്തിന്റെയും പ്രത്യാശപ്രസരിപ്പിച്ച കഥകളുടെ തുടക്കംകുറിച്ചത് 70 കളുടെ തുടക്കത്തിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധികരിച്ച’വഴിപാട്’ ‘പർവ്വതങ്ങളെ നീക്കം ചെയ്ത വിഡ്ഢിയായ വൃദ്ധ’നിലൂടെയായിരുന്നു.’വഴിപാട്’ എന്ന കഥയും ഏതാണ്ട് ഇതേകാലത്ത് മാതൃഭൂമിയിൽ വരികയുണ്ടായി. എന്നാൽ തുടക്കം മനോരമയിൽ പ്രസിദ്ധികരിച്ച ‘മഴതുള്ളി’ എന്ന കഥയിലൂടെയായിരുന്നു.സസ്കാരത്തിന്റെ രാജപാതകളിൽ നിന്നും ആട്ടിയകറ്റപ്പെട്ട മനുഷ്യരുടെ തീക്ഷണമായ ആഭിചാരങ്ങളിലൂടെ ഗോത്രങ്ങളിലൂടെ നിസ്വരായി ജീവിച്ചു മരിച്ചുപോകുന്നവരുടെ മൂക ഇതിഹാസങ്ങളാണ് എം സുകുമാരന്റെ മിക്ക കഥകളും.ഇതെല്ലാം മലീമസമായ അധികാരാസക്തിയുടെ സമാന്തരമായൊരു ബദൽ ജീവിതം സൃഷ്ടിക്കുന്ന കഥാപ്രപഞ്ചമാണ്.
സുകുമാരൻ തന്റെ സർഗ്ഗാത്മക ജീവിതം കൊണ്ട് സമൂഹത്തിന്റെ മുകളിലേക്ക് കയറുകയായിരുന്നു.പലരും ഒപ്പം കയറാൻ ശ്രമിച്ചു അതിൽ പാതിയും പിടിവിട്ടു വീണു പോയവരാണ്.ചുറ്റും വെള്ളമിരമ്പിയപ്പോൾ ഒടുവിൽ കൊടിമരവും വെള്ളത്തിൽ മുങ്ങിയപ്പോൾ എവിടെയെങ്കിലും ഒരു പച്ച തുരുത്തിനായി നാലപ്പടും നോക്കിയിരുന്നവരിൽ സുകുമാറാനുമുണ്ടായിരുന്നു.സർഗ്ഗാത്മകത എന്നത് മാധ്യമ വിപണിയുടെ വിനിമയ ലോകവുമായി സന്ധ്യചെയ്യപ്പെട്ടപ്പോൾ സുകുമാരനെപ്പോലുള്ളവർക്ക് നിശ്ശബ്ദരാകേണ്ടിവന്നു. ഒത്തു തീർപ്പില്ലായ്മയാണ് നിശബ്ദത എന്നുപറയുന്നത്.അരാഷ്രീയതയുടേതായ ഒരു മധ്യവർഗംസ്വപ്നം പേറുന്ന ബുദ്ധി ജീവിനാട്യക്കാർക്കിടയിൽ സുകുമാരന്റെ എഴുത്തിനും സുകുമാരൻ എന്നവ്യക്തിക്കും ഉന്നതമായ സ്ഥാനമാണുള്ളത്. മൗനം ഭേദിച്ച് തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചവരെ ഒന്നടങ്കം നിരാശയിലാക്കി അദ്ദേഹം എന്നേക്കുമായി മൗനത്തിന്റെ തുരുത്ത് തേടി പോയിരിക്കുന്നു.അദ്ദേഹത്തിന്റെ സിംഹ ഗർജ്ജനസമാനമായ എഴുത്തിനെ ബാക്കിയാക്കി.കാല്പനികം എന്ന് കരുതാവുന്നൊരു സ്വപ്നംപോലെ.കരുത്തുറ്റ ആശങ്ങൾകൊണ്ട് വായനക്കാരനെ വിസ്മയിപ്പിച്ച അനീതിക്കെതിരെ സന്ധിയില്ലാത്ത പൊരുതിയ ആ ധീര വിപ്ലവകാരിയെ ഒരിക്കൽ കൂടി സ്മരിക്കാം.വിവാദങ്ങളിലൂടൊയോ വേദികളിലൂടെയോ അഭി മുഖങ്ങളിലൂടെയോ ആരുടെയും ശ്രദ്ധപിടിച്ചുപറ്റാതെ നമുക്കിടയിൽ ജീവിച്ചു അകാലത്തിൽ പൊലിഞ്ഞുപോയ എം സുകുമാ¬രൻ എന്ന സാമൂഹ്യ പ്രതിബന്ധതയുള്ള പ്രതിഭക്ക് വിട.വിപ്ലവാഭവാദ്യങ്ങൾ സഖാവെ..(വായനയിലൂടെ)