Secret Superstar

0
495

 

മനോജ് രവീന്ദ്രൻ നിരക്ഷരൻ

ഡങ്കൽ എന്ന അമീർഖാൻ സിനിമയിൽ ഗുസ്തിക്കാരിയായി തകർത്തഭിനയിച്ച സൈറ വസിം എന്ന പതിനേഴുകാരിയുടെ മറ്റൊരു ഗംഭീര പ്രകടനമാണ് സീക്രട്ട് സൂപ്പർസ്റ്റാറിലുള്ളത്. ഇൻസിയ എന്ന ആ പ്രഥാന കഥാ‍പാത്രത്തിന്റെ അച്ഛനും അമ്മയുമായി തിരശ്ശീലയിൽ വരുന്ന രാജ് അർജ്ജുനും മെഹർ വിജും പോരാഞ്ഞിട്ട് അമീർ ഖാനും കാഴ്ച്ച വെക്കുന്നത് ഉജ്ജ്വലപ്രകടനം തന്നെ. സന്ദേശത്തിന് സന്ദേശമുണ്ട്; നല്ല ഗാനങ്ങൾ വേണമെങ്കിൽ അതുമുണ്ട്.

ഹിന്ദി സിനിമകളുടെ സ്ഥിരം കണക്കുവെച്ച് നോക്കിയാൽ, ചിലവാക്കുന്നതിന്റെ ചെറിയൊരു അംശം പോലും ചിലവില്ലാത്ത ഈ സിനിമ, മലയാളത്തിൽ നിന്ന് മാത്രം ഇതിനകം നിർമ്മാണച്ചിലവിലധികം തുക നേടിക്കഴിഞ്ഞിട്ടുണ്ടാകാം.

അമീർഖാൻ ഒരു ബ്രില്ല്യന്റ് നടനും നിർമ്മാതാവും സിനിമാവ്യവസായിയുമൊക്കെ ആയി നിലനിൽക്കുന്നത് ഇത്തരം ചില തകർപ്പൻ നീക്കങ്ങളിലൂടെയാണ്. തന്റെ സ്റ്റാർഡം ഈ സിനിമയ്ക്ക് വേണ്ടി അദ്ദേഹം ഗംഭീരമായി ഉപയോഗപ്പെടുത്തുന്നു. എന്നിട്ട്, ഏതൊരു സൂപ്പർസ്റ്റാറും എടുത്തണിയാൻ രണ്ടാമതൊന്ന് ആലോചിച്ചേക്കാവുന്ന ഒരു ‘അലവലാതി‘ റോൾ സ്വന്തമായി ഏറ്റെടുത്ത് അഭിനയിപ്പിച്ച് തകർക്കുകയും ചെയ്യുന്നു. മുൻപ് അദ്ദേഹം ചെയ്തിരിക്കുന്ന സീരിയസ്സ് റോളുകളിലെ ഏതെങ്കിലും ഒരു മുഖഭാവം, ഈ സിനിമയിലെ അദ്ദേഹത്തിനെ കോമാളി രംഗങ്ങൾക്കിടയിൽ ഓർത്തെടുക്കാൻ ശ്രമിച്ച ഞാൻ പരാജയപ്പെട്ടു. അത്തരത്തിലാണ് ഇതിലെ വേഷം അദ്ദേഹം വ്യത്യസ്തമാക്കുന്നത്. ഒരു സൂപ്പർസ്റ്റാർ ആയിട്ട് പോലും സിനിമയുടെ പേരിൽ സൂചിപ്പിക്കുന്ന സീക്രട്ട് സൂപ്പർസ്റ്റാറിന് വേണ്ടി ഓരം ചേർന്ന് നിൽക്കാൻ ഒരുപക്ഷേ അമീർഖാനെപ്പോലെ മറ്റൊരുപാട് നടന്മാർക്ക് കഴിഞ്ഞെന്ന് വരില്ല.

അടുക്കളയിൽ പാടി അത് യൂ-ട്യൂബിലിട്ടവർ അതിന്റെ ചുവടുപിടിച്ച് പ്ലേ ബാക്ക് സിംഗറായത് ഇന്നാട്ടിൽ നടന്നിട്ടുള്ള കാര്യം തന്നെയാണ്. അതിഭാവുകത്വങ്ങളിൽ നിന്നും അമാനുഷിക കഥകളിൽ നിന്നും കഥാപാത്രങ്ങളിൽ നിന്നും വെളിയിൽക്കടന്ന് നിൽക്കുന്ന ഹിന്ദിസിനിമ അധികമൊന്നും നമ്മൾ ഇതുവരെ കണ്ടിട്ടില്ലല്ലോ ? അതുകൊണ്ടുതന്നെ സീക്രട്ട് സൂപ്പർസ്റ്റാർ കാണാത്തവരുണ്ടെങ്കിൽ തീയറ്ററിൽ‌പ്പോയിത്തന്നെ കാണണം. അതിന് കഴിയുന്നില്ലെങ്കിൽ സീഡി വാങ്ങിയിട്ടെങ്കിലും കണ്ടിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here