ആലപ്പുഴ: ഡിസംബർ എഴു മുതൽ ഒമ്പതു വരെ ആലപ്പുഴയിൽ നടക്കുന്ന 59-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മീഡിയ രജിസ്‌ട്രേഷൻ തുടങ്ങി. കലോത്സവം റിപ്പോർട്ടുചെയ്യുന്ന മാധ്യമ പ്രവർത്തകർക്ക് മീഡിയ പാസ് അനുവദിക്കുന്നതിനാണിത്. ബന്ധപ്പെട്ട മാധ്യമ സ്ഥാപനങ്ങളുടെ ആലപ്പുഴ ഓഫീസ് വഴിയാകണം അപേക്ഷിക്കാൻ. ആലപ്പുഴയിൽ ഓഫീസ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് നേരിട്ട് അപേക്ഷിക്കാം. ഡിസംബർ മൂന്നിന് വൈകീട്ട് അഞ്ചുവരെ അപേക്ഷകൾ ആലപ്പുഴ ജില്ല ഇൻഫർമേഷൻ ഓഫീസിൽ സ്വീകരിക്കും.
ബന്ധപ്പെട്ട മാധ്യമ സ്ഥാപനത്തിന്റെ ഔദ്യോഗിക ലെറ്റർപാഡിൽ തയ്യാറാക്കിയ അപേക്ഷയ്‌ക്കൊപ്പം ലേഖകരുടെ/ഫോട്ടോഗ്രാഫർമാരുടെ/വീഡിയോഗ്രാഫറുടെ രണ്ടു വീതം ഫോട്ടോയും ഉള്ളടക്കം ചെയ്യണം. ഓൺലൈൻ വഴി ഫോട്ടോകൾ സ്വീകരിക്കില്ല. ഒരു സ്ഥാപനത്തിൽ നിന്ന് ഒരു അപേക്ഷ മാത്രമേ സ്വീകരിക്കൂ. അപേക്ഷകൾ ഓൺലൈനായി youthfestprd@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ജില്ല ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ-688001 എന്ന വിലാസത്തിൽ തപാലിലും നേരിട്ടും സമർപ്പിക്കാം.