കൊല്‍ക്കത്ത: രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (കിഫ്) പ്രവീണ്‍ സുകുമാരന്‍ സംവിധാനം ചെയ്ത ‘സായാഹ്നങ്ങളില്‍ ചില മനുഷ്യര്‍’ എന്ന ചിത്രം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ ഭാഷാ ചിത്രങ്ങള്‍ക്കായുള്ള മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്. നവംബര്‍ 10 മുതല്‍ 17 വരെയാണ് മേള നടക്കുന്നത്.
‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’, ‘ഇയ്യോബിന്റെ പുസ്തകം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച സുര്‍ജിത്ത് ഗോപിനാഥ്, പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യാപകനും നടനുമായ പി.ആര്‍ ജിജോയ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗുരുതരമായ അസുഖം ബാധിച്ച പ്രശസ്തനായ ഫിലോസഫി പ്രൊഫസര്‍ തന്റെ ജീവിതത്തിന്റെ അവസാന ദിവസങ്ങള്‍ ചെലവഴിക്കാന്‍ ഒരു താഴ്വരയില്‍ എത്തുന്നതും അദ്ദേഹത്തിന്റെ സ്വത്വാന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. താഴ്വരയിലെ ജീവിതത്തില്‍ അദ്ദേഹത്തിന് കൂട്ടാകുന്നത് ഒരു പഴയ വിദ്യാര്‍ത്ഥിയാണ്. ഇവര്‍ക്കിടയില്‍ രൂപപ്പെടുന്ന സവിശേഷമായ ബന്ധമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. ദേശീയ പുരസ്‌കാര ജേതാവായ അപ്പു പ്രഭാകറാണ് ചിത്രത്തിന്റെ ക്യാമറ. അഗ്നോസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ ശ്രീകല പ്രനീണാണ് ചിത്രത്തിന്റെ നിര്‍മാണം.