ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്ര സംവിധായകൻ സത്യജിത് റേ ഓർമ്മയായിട്ട് ഇന്നേക്ക് 26 വർഷം. സിനിമയെ പഠിക്കാൻ തുടങ്ങിയ കാലംതൊട്ട് കേൾക്കാൻ തുടങ്ങിയ പേരാണ് സത്യജിത് റേ. പഥേർ പാഞ്ചാലി എന്ന ചിത്രത്തിലൂടെ തുടങ്ങി ചാരുലത വരെയുള്ള റേ ചിത്രരങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ ആ ഇഷ്ടം പ്രണയമായി രൂപാന്തരപ്പെടുകയായിരുന്നു. സിനിമയോടുള്ള ഇഷ്ടം കൊണ്ട് അദ്ദേഹം നടത്തിയ പ്രയാണം ചരിത്രമാണ്, ഒരു ചലച്ചിത്രക്കാരനും അവകാശപ്പെടാനാവാത്ത ചരിത്രം.
1921 മേയ് – 2 ന് സുകുമാർ റേ, സുപ്രഭ റേ എന്നീ ദമ്പതികളുടെ മകനായി കൊൽക്കത്തയിലെ കലാപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച റേ,ഇന്ത്യൻ സിനിമയെ ലോക സിനിമയുടെ നിലവാരത്തിലേക്ക് ഉയർത്തി. എഴുത്തുകാരൻ, ചിത്രകാരൻ, തത്ത്വചിന്തകൻ, പ്രസാധകൻ, വാനനിരീക്ഷകൻ എന്നീ മേഖലയിൽ തന്റെ പ്രതിഭ തെളിയിച്ച ഉപേന്ദ്ര കിഷോർ റേ-യുടെ കൊച്ചുമകനും; ബംഗാളി സാഹിത്യ ലോകത്തെ ഹാസ്യ കവി, ബാലസാഹിത്യകാരൻ, ചിത്രകാരൻ,നിരൂപകൻ എന്നീ നിലകളിൽ പ്രശസ്തനായ സുകുമാർ റേ-യുടെ മകനുമാണ് സത്യജിത് റേ. കൊൽക്കത്തയിലെ പ്രസിഡൻസി കോളേജിലും,ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവ്വകലാശാലയിലുമായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.
അഭിനേതാവായി കലാജീവിതം ആരംഭിച്ച റേ, ഴാങ് റെൻവായെ കണ്ടതും,ബൈസിക്കിൾ തീവ്സ് കണ്ടതും അദ്ദേഹത്തെ ചലച്ചിത്ര ലോകത്തേക്ക് തിരിയാൻ പ്രേരിപ്പിച്ചു. ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. തന്റെ ആദ്യ ചിത്രമായ പഥേർ പാഞ്ചാലിയുടെ രചനയ്ക്കു വേണ്ടി റേ തിരഞ്ഞെടുത്തത് ബംഗാളി സാഹിത്യത്തിലെ എക്കാലത്തെയും വിശിഷ്ട കലാസൃഷ്ടിയായ ബിഭൂതിഭൂഷൻ ബന്ദോപാധ്യായുടെ അതേ പേരിലുള്ള നോവലായിരുന്നു.
പതിനൊന്ന് അന്താരാഷ്ട്ര പുരസ്കാരങ്ങൾ കരസ്തമാക്കി പഥേർ പാഞ്ചാലി. കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരവും ഇതിൽപ്പെടും. പഥേർ പാഞ്ചാലി, അപരാജിതോ, അപൂർസൻസാർ എന്നീ തുടർചിത്രങ്ങളാണ് അപുത്രയം എന്ന പേരിൽ അറിയപ്പെടുന്നത്. തിരക്കഥാരചന, നടീനടന്മാരെ തിരഞ്ഞെടുക്കൽ, പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്രനിർമ്മാണത്തിന്റെ സമസ്ത മേഖലയിലും കഴിവു തെളിയിച്ച റേ;മികച്ച ചിത്രകാരനും കഥാകൃത്തും കൂടിയാണ്. 1992 ഏപ്രിൽ 23-ന് അദ്ദേഹം അന്തരിച്ചു.