കവിത
രേഷ്മജഗൻ
പലതവണ മുറിവേറ്റവരുടെ
ഹൃദയത്തിനു നേരെ
വാക്കുകളിൽ വിഷം നിറച്ചൊരു
പുഞ്ചിരി
തൊടുത്തു വിടേണ്ടതില്ല.
ഇനി നിങ്ങൾക്ക് സൂര്യനുദിക്കാത്ത പകലുകളാണെന്നും
നക്ഷത്രങ്ങളില്ലാത്ത രാത്രിയാണെന്നും
പറഞ്ഞു ഭയപ്പെടുത്തേണ്ടതില്ല.
പല തവണ മുറിഞ്ഞ
ഹൃദയത്തിനിപ്പോൾ
കാരിരുമ്പിന്റെ കരുത്തായിരിക്കും.
തൊടുക്കുന്നതൊക്കെയും ആയിരങ്ങളാവുന്ന ഇന്ദ്രജാലം
അവരും സ്വന്തമാക്കിയിട്ടുമുണ്ടാവും.
തൂലികത്തുമ്പിന്റെയറ്റത്ത്
നോവാഴങ്ങളെ മുറിച്ചു കടന്ന
ഒരു തിരയടങ്ങാ കടൽ.
ചിന്തകളിൽ കൊടുങ്കാറ്റിനെ
കെട്ടിയിട്ടവന്റെ വീര്യം.
നീലഞരമ്പുകളിൽ പ്രതിരോധത്തിന്റെ അഗ്നിപ്രവാഹം
കാത്തിരിക്കാമെന്നൊരു
വാക്കാർക്കും
കൊടുക്കാത്തിടത്തോളം
കൈപിടിച്ചാരേയും മോഹിപ്പിക്കാത്തിടത്തോളം.
പുരയില്ലാത്തവന്റെ
മേൽക്കൂരയ്ക്ക് താഴെ
ഉള്ളും ഉടലും പൊള്ളുമ്പഴൊക്കെയും
നെഞ്ചിലൊരു കത്തുന്ന കനലുമായി
അവരിനി തനിച്ചാണ്.
ഇനി ആഘോഷങ്ങളുടെ
കൊടിയേറ്റങ്ങളില്ല
ആർപ്പുവിളികളുടെ കടലിരമ്പലുകളില്ല
മുറിവുകളോടെ ഒരു കവിതയീ
നെഞ്ചിൽ അടക്കം ചെയ്യുന്നു
മുറിവേറ്റവരുടെ ശബ്ദം പിൻവിളികൾക്കു കാതോർക്കുവാനില്ലാത്തവന്റെ
പൊള്ളുന്ന ജല്പനങ്ങളാവുന്നു.
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.