രജിതൻ കണ്ടാണശ്ശേരി
എഴുത്തുകാരൻ | അധ്യാപകൻ
തൃശ്ശൂർ
1972 ഫെബ്രുവരി ഇരുപത്തഞ്ചിന്, കെ.എസ് അപ്പുവിന്റെയും തങ്കയുടെയും മകനായാണ് രജിതൻ കണ്ടാണശ്ശേരിയുടെ ജനനം. കണ്ടാണശ്ശേരി എക്സൽസിയർ സ്കൂളിലും, മറ്റം സെന്റ് ഫ്രാൻസിസ് ബോയ്സ് ഹൈസ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം, ഗുരുവായൂരിലെ ശ്രീകൃഷ്ണ കോളേജിൽ നിന്നും പ്രീഡിഗ്രിയും ഡിഗ്രിയും കരസ്ഥമാക്കി. ശേഷം, തൃശൂർ സെന്റ് തോമാസ് കോളേജിൽ നിന്നും സുവോളജിയിൽ ബിരുദാനന്തര ബിരുദം നേടി. ഒല്ലൂരിലെ ബി.എഡ് സെന്ററിൽ നിന്നും ബി.എഡ് പാസായ രജിതൻ, പഠനകാലത്ത് കോളേജ് മാഗസിൻ എഡിറ്ററായിരുന്നു. പഠനകാലത്ത് തന്നെ രജിതന്റെ ആദ്യ കഥയിൽ അച്ചടി മഷി പുരളുകയും ചെയ്തു. തന്റെ പതിനാറാം വയസിൽ, മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിൽ ചൂണ്ടൽകാരൻ എന്ന കഥയെഴുതിക്കൊണ്ടാണ് രജിതൻ എഴുത്തിന്റെ ലോകത്തേക്ക് രംഗപ്രവേശനം ചെയ്തത്. മാതൃഭൂമി ബാലപംക്തിയിലേക്ക് രജിതൻ എഴുതിയ “മേഘങ്ങൾ” എന്ന കഥ തിരഞ്ഞെടുത്തത് എം.ടി വാസുദേവൻ നായരായിരുന്നു. പിന്നീട്, ഇതേ പംക്തിയിൽ “അമ്മ എന്തിനാണ് കരയുന്നത്” എന്ന കഥ പി. വത്സലയും തിരഞ്ഞെടുത്തു. (അക്കാലത്ത്, മുഖ്യധാരാ എഴുത്തുകാരായിരുന്നു ‘ബാലപംക്തി’യിലേക്കുള്ള കഥകൾ തിരഞ്ഞെടുത്തിരുന്നത്). ആകാശവാണി തൃശൂർ നിലയത്തിലെ യുവവാണി എന്ന പരിപാടിയിൽ കഥകൾ അവതരിപ്പിക്കാനും രജിതന് അവസരം ലഭിച്ചു. കുങ്കുമം, ഇടം, ഉപധ്വനി, സമകാലിക മലയാളം തുടങ്ങിയ മാസികകളിലും രജിതന്റെ കഥകൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു.
കണ്ടാണശ്ശേരിയിലെ ഗ്രാമീണ വായനശാല നടത്തിയ ഒരു കഥാമത്സരമാണ് ഈ യുവ എഴുത്തുകാരന്റെ ജീവിതത്തെ കീഴ്മേൽ മറിച്ചത്. അന്ന് മത്സരം വിലയിരുത്താനെത്തിയ കോവിലൻ, രജിതന്റെ സർഗ്ഗവാസനയെ പ്രശംസ കൊണ്ട് മൂടി. പിന്നീട്, കണ്ടാണശ്ശേരിയിലെ തലമുറകളുടെ ചരിത്രം പറഞ്ഞ, കോവിലന്റെ ‘തട്ടക’മെന്ന നോവലിന്റെ രചനയിൽ സഹായിയായി രജിതനെ അദ്ദേഹം കൂടെ കൂട്ടി. ‘തട്ടകം’ കേട്ടെഴുതാൻ അവസരം ലഭിച്ചത് ജീവിതത്തിലെ അനശ്വര അനുഭവങ്ങളിലൊന്നായി രജിതൻ വിലയിരുത്തുന്നു. നിലവിൽ കുന്നംകുളം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററിയിൽ അധ്യാപകനായി സേവനമനുഷ്ഠിക്കുന്ന രജിതൻ കണ്ടാണശ്ശേരി, 1996 ലാണ് അധ്യാപനരംഗത്തേക്ക് പ്രവേശിച്ചത്. പാലക്കാട് വ്യാസവിദ്യാപീഠം സീനിയർ സെക്കന്ററി സ്കൂളിലാണ് ഈ ജീവിതത്തിന്റെ ഈ അധ്യായം ആരംഭിച്ചത്. 2000ൽ മലപ്പുറം ജില്ലയിലെ കൽപ്പകഞ്ചേരി ഗവണ്മെന്റ് സ്കൂളിൽ എച്ച്.എസ്.എ ആയ രജിതൻ, 2006 ൽ ഹയർസെക്കന്ററി ഡിപ്പാർട്മെന്റിൽ സുവോളജി അധ്യാപകനായി. ഓൺലൈൻ മാഗസിനുകളിൽ കഥകളും അഭിമുഖങ്ങളും ഓർമക്കുറിപ്പുകളുമായി നിറഞ്ഞുനിൽക്കുന്ന ഈ എഴുത്തുകാരൻ, നിലവിൽ തന്റെ ആദ്യ നോവലിന്റെ പണിപ്പുരയിലാണ്.
ജീവിത പങ്കാളി : രാജി
മക്കൾ : നീരജ, നീരജ്
വിലാസം
കണ്ടമ്പുളളി വീട്, കണ്ടാണശ്ശേരി, തൃശ്ശൂർ – 680102
ഫോൺ : +919446764233
https://lk1.1ac.myftpupload.com/story-review-kovilan-rajithan-kandaanassery/
https://lk1.1ac.myftpupload.com/vilaappurangal-book-review-rajithankandanassery/
നാട്ടു പുരാവൃത്തങ്ങളുടെ ചരിത്രവഴികളിലൂടെ ഒരു യാത്ര…, കാക്കശ്ശേരി ഭട്ടതിരി സ്മാരകത്തിൽ
ആത്മ ഓൺലൈനിൽ പ്രൊഫൈൽ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക