”മോഹൻലാലോ, എങ്കിൽ പോയി രണ്ട് പറഞ്ഞേക്കാം!!” ഈ കലാപരിപാടി നിങ്ങൾക്ക് മടുക്കുന്നില്ലേ?

0
218

ലിജീഷ് കുമാർ

‘പണ്ടു പാടവരമ്പത്തിലൂടെ
ഒരു ഓലക്കുടയുമെടുത്ത്
ചെറു ഞാറുനടുന്നൊരു കാലത്തന്ന്
ഓടിനടന്നൊരു പെണ്ണേ…’ എന്ത് പാട്ടായിരുന്നു, ല്ലേ ? ഭാഗ്യരാജിന്റെ വരികളും സംഗീതവുമാണ്, ചിത്രം ‘ജോസഫ്’. പാടിയത് യേശുദാസൊന്നുമല്ല കേട്ടോ, ജോജുവാണ്. ജോജു പാടിയത്രയും ജീവൻ കൊടുത്ത് ആ പാട്ട് മറ്റാർക്കും പാടാനൊക്കത്തില്ല.

അഖിൽ രാജ് അടിമാലിയുടെ ‘കൊളംബിയൻ അക്കാഡമി’ എന്ന പടത്തിനു വേണ്ടി അലോഷ്യ പീറ്ററിന്റെ മ്യൂസിക്കിൽ അജു പാടിയ പാട്ട് കേട്ടിട്ടുണ്ടോ, ‘ലഹരി ഈ ലഹരി…’ എന്ന പാട്ട് ? ശ്രീജിത്ത് രാജേന്ദ്രനെഴുതിയ പാട്ടാണ്. മഞ്ഞക്കുപ്പായമൊക്കെ ഇട്ട് ഒരു വെള്ള തോർത്തുമുണ്ട് തലയിൽക്കെട്ടി അജു വർഗീസ് അത് പാടുമ്പോളറിയാം ഈ പാട്ട് ആസ്വാദകരിരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന്.

അക്ഷയ് കൊല്ലൂരെഴുതി എറിക് ജോൺസൺ സംഗീതം നൽകിയ ഒരു സങ്കടപ്പാടുണ്ട് അധിന്‍ ഒള്ളൂര്‍ സംവിധാനം ചെയ്യുന്ന ‘പെണ്ണന്വേഷണം’ എന്ന പടത്തിൽ. ‘പെണ്ണുകെട്ടണം കണ്ണുകെട്ടണം’ എന്ന ഈ പാട്ട് പാടിയത് ജേക്കബ് ഗ്രിഗറിയാണ്. ദുൽഖര്‍ സൽമാൻ ഫേസ്ബുക്കിലൂടെ റിലീസ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽത്തന്നെ ഈ പാട്ട് വൈറലായി.

‘ഏനൊരുവന്‍ മുടിയഴിച്ചിങ്ങാടണ്’ എന്ന ഒടിയനിലെ എം.ജയചന്ദ്രന്റെ പാട്ട് മോഹൻലാൽ പാടിയപ്പഴും ഇത് തന്നെയായിരുന്നു അവസ്ഥ. പുറത്ത് വന്നതും പാട്ട് കേറിയങ്ങ് കൊളുത്തി. മേപ്പറഞ്ഞ പാട്ടുകളെല്ലാം പോയവർഷം ആഘോഷിക്കപ്പെട്ടത് അതിന്റെ വരികളുടേയോ സംഗീതത്തിന്റെയോ മികവുകൊണ്ട് മാത്രമായിരുന്നില്ല, പാടിയ സെലിബ്രിറ്റി സിംഗറുടെ കൂടെ ക്രഡിറ്റാണത്. മികച്ച സെലിബ്രിറ്റി സിംഗർക്ക് റെഡ് എഫ്.എം ഏർപ്പെടുത്തിയ അവാർഡിന് 4 നോമിനേഷനുകളാണുണ്ടായിരുന്നത്. ജോജു ജോർജ്, മോഹൻ ലാൽ, ജേക്കബ് ഗ്രിഗറി, അജു വർഗീസ്. ആ അവാർഡ് മോഹൻലാൽ നേടിയതുമായി ബന്ധപ്പെട്ട് എന്തെല്ലാം പുകിലുകളാണ് ഓൺലൈൻ മാധ്യമങ്ങളിൽ കൊഴുക്കുന്നത്. യേശുദാസിന് കൊടുത്തില്ല, ജയചന്ദ്രന് കൊടുത്തില്ല, ഹ ഹ, സെലിബ്രിറ്റി സിംഗർക്കുള്ള അവാർഡേ !!

വാളെടുക്കും മുമ്പ് മിനിമം നോമിനേഷനുകൾ ഏതൊക്കെയായിരുന്നു എന്നെങ്കിലും അന്വേഷിക്കണ്ടേ – പോട്ടെ, ഇതെന്തിന് നൽകുന്ന അവാർഡാണെന്നെങ്കിലും. ശരി സംഗതി അങ്ങനെയാണെന്നിരിക്കട്ടെ – എന്തിന് മോഹൻലാൽ, ജോജുവിന് കൊടുക്കാഞ്ഞതെന്ത് എന്ന ചോദ്യമുണ്ടാവും. എനിക്കറിയാം, ഉണ്ടാവുമെന്നേ. ജനങ്ങളുടെ തെരഞ്ഞെടുപ്പാണ് എന്ന സാങ്കേതിക ന്യായമൊന്നും ഞാനതിനെഴുന്നള്ളിക്കുന്നില്ല. കോർപ്പറേറ്റുകൾക്കും കൊമേഴ്സ്യൽ ലക്ഷ്യമുള്ള ചാനലുകൾക്കും അവർ സംഘടിപ്പിക്കുന്ന അവാർഡ് നിശകളിൽ താരസാന്നിദ്ധ്യം അനിവാര്യമാണ് എന്ന കോമൺസെൻസും ആവർത്തിക്കുന്നില്ല. ഒരു നാടോടിപ്പാട്ടിനെ ഒരാൾക്ക് പാടാവുന്നതിന്റെ പീക്കിൽ പാടിയിട്ടുണ്ട് ജോജു ജോർജ്. അതുകൊണ്ട് തന്നെ സെലിബ്രിറ്റി സിംഗർ എന്ന പരിഗണനയിലല്ല, പാടവരമ്പത്തിലൂടെ ഓലക്കുടയുമെടുത്ത് എന്ന പാട്ട് പരിഗണിക്കപ്പെടേണ്ടത്. മികച്ച ഫോക് സിംഗർക്കുള്ള അവാർഡ് തന്നെ അവർ ജോജുവിന് കൊടുത്തിട്ടുണ്ട്. രണ്ടവാർഡും അദ്ദേഹത്തിന് തന്നെ കൊടുത്ത്, ആ മോഹൻലാലിനെ ഒഴിവാക്കിക്കൂടേ എന്ന ദുഷ്ടലാക്കിന് മറുപടിയില്ല കേട്ടോ.

റെഡ് എഫ്.എം. മ്യൂസിക് അവാർഡ് എന്ന പേരിൽ പാട്ടുകൾക്ക് അവാർഡ് ഏർപ്പെടുത്തപ്പെടുമ്പോൾ പല കാറ്റഗറികളിലും മികച്ച പാട്ടുകാർക്ക് അവാർഡുണ്ടാകുമെന്ന് ഉറപ്പാണ്. ‘മീനേ ചെമ്പുള്ളി മീനേ… കായൽ കണ്ണീരു നീന്തീ…’ എന്ന പാട്ട് പാടിയ തൊട്ടപ്പനിലെ നിഖിൽ മാത്യുവിനെയാണ് പോയവർഷത്തെ മികച്ച ഗായകനായി റെഡ് എഫ്.എം തെരഞ്ഞെടുത്തത്. മറ്റുഭാഷയിലെ പാട്ടുകാർ മുതൽ ഏതുവിധേനയും തന്റെ പ്രതിഭ ലോകത്തെ കാണിക്കാൻ യൂട്യൂബിൽ പാട്ടുപാടിയിട്ട് പെടാപ്പാടു പെടുന്ന ഗായകർ വരെ റെഡ് എഫ്.എം മ്യൂസിക് അവാർഡിന്റെ വേദിയിൽ ആദരിക്കപ്പെട്ടിട്ടുണ്ട്. അങ്കമാലിയിലെ അഡ്ലക്സ് സെന്ററിലിരുന്ന് ഞാനവർക്ക് കൈയ്യടിച്ചിട്ടുണ്ട്. മുഖ്യധാരാ സിനിമകളോട് മാത്രം കമ്പമുള്ള ശരാശരി പ്രേക്ഷകരിലൊരാളാണ് ഞാൻ. കമ്പോളത്തിന്റെ യുക്തി തന്നെയാണ് എന്റെ കാഴ്ചയെയും കേൾവിയേയും ഇതുവരെ നിയന്ത്രിച്ചതും. എനിക്ക് തീരെ പരിചിതരല്ലാത്ത വലിയ ഒരു വിഭാഗം പാട്ടുകാരെ റെഡ് എഫ്.എം.ന്റെ വേദിയിൽ കണ്ട് അമ്പരപ്പ് തോന്നിയിട്ടുണ്ട്. ശ്ശെടാ, ഇവരെയൊക്കെ എവിടുന്ന് തപ്പിയെടുക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്.

ഒരുപാട് പാട്ടുകാർ, ഒരുപാട് പാട്ടുകൾ, ഒരുപാട് പ്രതിഭകൾ !! ചുരുക്കത്തിൽ, റെഡ് എഫ്.എം ബെസ്റ്റ് സിംഗ് അവാർഡ് ഒറ്റ കാറ്റഗറിക്ക് മാത്രമുള്ളതായിരുന്നില്ല. പല വിഭാഗങ്ങളിൽ അത് നേടിയ പലരിൽ ഒരാളായിരുന്നു മോഹൻ ലാൽ. അപ്പൊ അത് കഴിഞ്ഞില്ലേ, കഴിയില്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് ഇങ്ങനെ ചോദിക്കുന്നതും. കോലാഹലങ്ങൾ ഇനിയും തുടർന്നു കൊണ്ടേയിരിക്കും. രസമാണത്, സംവാദ മണ്ഡലങ്ങൾ എപ്പോഴും സജീവമായങ്ങനെ നിൽക്കട്ടെ. അല്പം കൂടെ യുക്തിഭദ്രമായി അതിൽ ഇടപെടാൻ നമുക്ക് കഴിയട്ടെ. ”മോഹൻലാലോ, എങ്കിൽ പോയി രണ്ട് പറഞ്ഞേക്കാം !!” എന്ന കലാപരിപാടി നിങ്ങൾക്ക് മടുക്കട്ടെ. നന്ദി,

LEAVE A REPLY

Please enter your comment!
Please enter your name here