കുട നന്നാക്കുന്ന ചോയി: തുടരുന്ന വായനകള്‍

0
2519

നിധിൻ.വി.എൻ

മയ്യഴിപ്പുഴയുടെ തീരങ്ങളിലോ, ദൈവത്തിന്റെ വികൃതികളിലോ പറയാത്ത എന്താണ് മുകുന്ദന് ഇനി മയ്യഴിയിൽ പറയാനുള്ളത് എന്ന അന്വേഷണം ഏതൊരാളെയും കുട നന്നാക്കുന്ന ചോയിയിലേക്ക് വലിച്ചിട്ടേക്കാം. അവിടെ നിന്ന് മയ്യഴിയെ കാണുമ്പോൾ ഏതൊരു വായനക്കാരന്റെയും സംശയങ്ങൾക്കുള്ള ഉത്തരം നെയ്തെടുക്കുന്നുണ്ട് മുകുന്ദൻ. ആ നെയ്തെടുപ്പാകട്ടെ നഷ്ടമായിക്കൊണ്ടിരിക്കുന്ന നാട്ടുഭാഷയെയും തനതുരുചികളെയും ചേർത്തെടുത്തു കൊണ്ടാണ്. അതൊരു തരത്തിൽ പുതു തലമുറയോടുള്ള ഓർമ്മപ്പെടുത്തലും ആഗോളീകരണത്തോടുള്ള പ്രതിഷേധവുമായി മാറുന്നു. നഷ്ടമായികൊണ്ടിരിക്കുന്ന പ്രാദേശിക തനതുസ്വത്വങ്ങളെ തിരിച്ചുപിടിക്കാനുള്ള എഴുത്തുകാരന്റെ വെമ്പൽ കൂടിയാണ് ഒരു തരത്തിൽ കുട നന്നാക്കുന്ന ചോയി.

ഫ്രഞ്ച് അധീനഭൂമിയായിരുന്ന മയ്യഴിയിലെ ജനങ്ങളും ഫ്രാൻസും തമ്മിലുള്ള ബന്ധമാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിലും, ദൈവത്തിന്റെ വികൃതികളിലും, കുട നന്നാക്കുന്ന ചോയിയിലും മുകുന്ദൻ പറഞ്ഞു വെക്കുന്നത്. ഫ്രഞ്ചുകാര്‍ മാഹി വിട്ടുപോകുന്നതു മുതൽ കാവിവൽക്കരണത്തിന്റെ ഭീകരതയിൽ നടുങ്ങുന്ന ആധുനിക കാലംവരെ  കുട നന്നാക്കുന്ന ചോയിക്ക് പ്രമേയമാകുന്നു. താൻ ജീവിച്ചിരിക്കുന്ന കാലത്തെ അടയാളപ്പെടുത്തുവാനുള്ള എഴുത്തുകാരന്റെ ബോധപൂർവ്വമായ ശ്രമമായി ഇതിനെ കാണേണ്ടതുണ്ട്. വിവാദങ്ങൾക്ക് കീഴടങ്ങുകയല്ല സംവാദങ്ങൾക്ക് തുടക്കം കുറിക്കുകയാണ് ഒരെഴുത്തുകാരന്‍ ചെയ്യേണ്ടതെന്ന ധാർമ്മികബോധത്തിന്റെ അടിത്തറയിലാണ്  കുട നന്നാക്കുന്ന ചോയിയെ മുകുന്ദൻ പ്രതിഷ്ഠിച്ചിരിക്കുന്നത്. അതാകട്ടെ ധീരമായൊരു പ്രവൃത്തിയുമാകുന്നു.

ചോയി, താൻ മരിച്ചാലെ തുറക്കാവൂ എന്നു പറഞ്ഞ് ഒരു ലക്കോട്ട് മാധവനെ ഏല്പിച്ച് ഫ്രാൻസിലേക്കു പോകുന്നിടത്താണ് കുട നന്നാക്കുന്ന ചോയി എന്ന നോവൽ മുകുന്ദൻ തുടങ്ങുന്നത്. ചോയി ഫ്രാൻസിലേക്ക് പോയതിനേക്കാളും മയ്യഴിയിൽ സംസാരമാകുന്നത് ചോയി മാധവനു കൊടുത്ത ലക്കോട്ടിൽ എന്താണ് എന്നതാണ്. നാട്ടുകാർക്കൊപ്പം വായനക്കാരെയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തികൊണ്ട് ചോയിയുടെ മരണാനന്തരം  ആ ലക്കോട്ട്‌ തുറക്കുന്നു. ഫ്രാൻസിൽ പോയി പട്ടാളത്തിൽ ചേർന്ന് ജിബൂത്തിയിലെ സൈനിക നടപടിക്കിടയിൽ കൊല്ലപ്പെട്ട ചോയിയേക്കാളും, അയാൾ മാധവനുകൊടുത്ത ലക്കോട്ട് മയ്യഴിയിലെ ഒരു ആഭ്യന്തര പ്രശ്നമാകുന്നത് അത്ര നിസ്സാരമായി തള്ളിക്കളയേണ്ട വിഷയമല്ല. ഒരു വ്യക്തിയുടെ ജീവനേക്കാളും മറ്റു ചിലതിന് പ്രാധാന്യമർഹിക്കുന്നത് സാംസ്കാരിക അപചയത്തിന്റെ ദൃഷ്ടാന്തമല്ലാതെ മറ്റെന്താണ്? ഒരു വ്യക്തിയുടെ സ്വകാര്യതകളിലേക്കുപോലും ഏതു നിമിഷവും കടന്നു ചെല്ലാൻ മടിയില്ലാത്ത അധികാരവർഗ്ഗത്തിന്റെ ധാർഷ്ട്യം തായക്കണ്ടി കണ്ണനിലും, വളവിൽ ആന്റണി പോലീസിലും കാണാം. ആ അധികാരസ്വാധീനം ഒരു ജനതയുടെ സാമൂഹിക-സാംസ്കാരിക ജീവിത പരിസരങ്ങളെ എത്രമാത്രം ഭീതിതമാക്കും എന്നാണ് മാധവനിലൂടെ മുകുന്ദൻ വരച്ചുകാട്ടുന്നത്.

ചോയിയുടെ മൃതദേഹം കാണാൻ കാത്തു നിന്ന അന്തോണി സായിവ്മാഷും, വിദ്വാൻ കുഞ്ഞിരാമൻ മാഷും, ചോയിയുടെ മരണത്തിൽ കരഞ്ഞുപോയ മാധവി അമ്മായിയുമെല്ലാം ഇനിയും മനുഷ്യത്വം നശിക്കാത്ത ചിലരായി ബാക്കി നിൽക്കുമ്പോഴും ലക്കോട്ടിനു പിന്നാലെ പാഞ്ഞ ഒരു നാടിന്റെ പ്രത്യയശാസ്ത്രം എന്താണെന്ന് മനസ്സിലാകുന്നില്ല. വ്യക്തിസ്വാതന്ത്ര്യത്തിനോ അവന്റെ/ അവളുടെ സ്വകാര്യതകൾക്കോ യാതൊരു വിലയും നൽകാത്ത ഒരു കാലത്തെ ഇതിലും മനോഹരമായി മുകുന്ദൻ വരയ്ക്കുന്നതെങ്ങനെ? അധികാരവർഗ്ഗത്തിന്റെ അജണ്ടകൾ നിരന്തരം മാറുകയും, അവർ വ്യക്തികളെ ചൂഷണം ചെയ്യുകയും, അവരോട് അനുഭാവം പുലർത്തുന്ന ഒരു സമൂഹത്തെ വളർത്തിയെടുക്കുകയും ചെയ്യുന്നു. സാമൂഹിക-സാംസ്കാരിക അപചയങ്ങൾക്ക് കാരണമാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ ശബ്ദമുയർത്തുന്നവരെ കൊന്നൊടുക്കയും ചെയ്യുമ്പോൾ [കൽബുർഗിയുടെ കൊലപാതകം ഇത്തരത്തിൽ വായിച്ചെടുക്കേണ്ട ഒന്നാണ്] അതിനോടുള്ള എഴുത്തുകാരന്റെ പ്രതിഷേധമാണ് കുട നന്നാക്കുന്ന ചോയി.

രാധ, കമല

കുട നന്നാക്കുന്ന ചോയിലെ ശക്തമായ പെൺ സാന്നിധ്യമാണ് മാധവന്റെ പെങ്ങൾ രാധയും, ചോയിയുടെ പെങ്ങൾ കമലയും. ഇവർ തമ്മിൽ ഒരുപാട് സാമ്യങ്ങൾ നോവലിൽ നിന്ന് വായിച്ചെടുക്കാനാവും. ചോയിക്ക് കമലയോടുള്ള ഇഷ്ടംപോലെ മാധവന് ഏറെ പ്രിയപ്പെട്ടവളാണ് അവന്റെ പെങ്ങൾ. എന്നാൽ കമലയ്ക്കു വേണ്ടി ചോയി നടത്തുന്ന സാഹസങ്ങളോളമൊന്നും മാധവന്റെ പ്രവൃത്തി വളരുന്നില്ല. ചോയിക്കുവേണ്ടി പെങ്ങളിൽ നിന്നും ഒരല്പം അകലം പാലിക്കേണ്ടി വരുന്നുണ്ട് മാധവന്. അതിലവന് അതിയായ ദുഃഖമുണ്ട്. ആ ദുഃഖം ഒരു തരത്തിൽ പെങ്ങൾ തന്നെ മനസ്സിലാക്കാത്തതിലേക്കും വളരുന്നു. ലക്കോട്ടിന്റെ വിഷയത്തിൽ മറ്റുള്ളവരെപ്പോലെ തന്നെയാണ് രാധയുടെ സമീപനം എന്നതൊഴിച്ചാൽ പലപ്പോഴും വായനക്കാരെ ഞെട്ടിക്കുന്നുണ്ട് രാധ. ഒരു സ്ത്രീയുടെ ജൈവികമായ പരിണാമങ്ങളെകുറിച്ച് യാതൊരു മടിയും കൂടാതെ മാധവന് പറഞ്ഞുകൊടുക്കാനും, ദ്രാവിഡ വംശജരായ ഒരു ജനത വെളുത്തവരായതിന്റെ ചരിത്ര പശ്ചാത്തലത്തെ ഓർമ്മപ്പെടുത്താനും, മാധവനിൽ മോഷണക്കുറ്റം ആരോപിച്ച് വളവിൽ  ആന്റണിപോലീസും മറ്റും വീടു പരിശോധിക്കുമ്പോൾ അവരെ എതിർക്കാനും രാധയ്ക്ക് കഴിയുന്നുണ്ട്. പുരുഷകാഴ്ചയുടെ സ്ഥിരം കലാസ്വാദന പരിധിയിൽ നിന്നും മാറി രാധ സഞ്ചരിക്കുന്നത് ഇങ്ങനെയാണെങ്കിൽ സ്വന്തം അഭിപ്രായങ്ങളിൽ അടിയുറച്ചു നിൽക്കുന്ന സ്ത്രീ സാന്നിധ്യമായി കമല മാറുകയാണ്. തന്റെ വിവാഹത്തിന് തന്റെ താല്പര്യത്തിനാണ് വില നല്‍കേണ്ടത് എന്ന വാശിയെ വിജയിപ്പിക്കുന്ന കമലയെയാണ്‌ മുകുന്ദൻ വരച്ചുകാട്ടുന്നത്.

തിരുത്ത്

“വയറ്റു പിഴപ്പിനു വേണ്ടിയാണ് ഞാൻ കപ്പൽ കയറി പോകുന്നത്. എന്റെ നാട് ഗാന്ധിയുടെ ഇന്ത്യയാണ്. ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ മൃതദേഹം നമ്മുടെ ഇന്ത്യയുടെ ദേശീയ പതാകയിൽ പൊതിഞ്ഞ് ചിതയിലേക്കെടുക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല” ഫ്രാൻസിലേക്കു പോകുമ്പോൾ ചോയി മാധവനെ ഏൽപ്പിച്ച കത്തിൽ ഇതായിരുന്നു ഉണ്ടായിരുന്നത്. ഒരു നാടുമൊത്തം കാലങ്ങളോളം അന്വേഷിച്ചു നടന്ന കത്തിലെ വാക്കുകൾ ഇതായിരുന്നു. എന്നിട്ടും ആ വാക്കുകളെ ചോയുടെ മരണാനന്തരം മാധവൻ തിരുത്തുന്നുണ്ട്. അതിങ്ങനെയാണ് -“എന്റെ നാട് ഭാരതമാണ്. ഭാരതദേശത്തിന്റെ സംസ്കാരത്തിലും പാരമ്പര്യങ്ങളിലും ഞാൻ അഭിമാനം കൊള്ളുന്നു. ഞാൻ മരിച്ചു കഴിഞ്ഞാൽ എന്റെ മൃതദേഹം കാവിയിൽ പൊതിഞ്ഞ് ചിതയിലേക്കെടുക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ ആത്മാവിന് ഒരിക്കലും ശാന്തി ലഭിക്കില്ല”. തർക്കമന്ദിരം തകർന്നെന്നെഴുതിയ സുഹ്റയെ, ബാബറി മസ്ജിദ് എന്നു തിരുത്തി ചരിത്രപരമായ ദൗത്യം നിർവ്വഹിച്ച ചുല്യാറ്റിനെ മറന്നു കൊണ്ട് മാധവൻ ചോയിയുടെ വാക്കുകളെ തിരുത്തുമ്പോൾ കാവിവൽക്കരണത്തിന്റെ വരവ് സാധാരണക്കാരുടെ ജീവിതത്തിലേക്ക് എങ്ങനെയാണ് എത്തുന്നതെന്ന് മുകുന്ദന് ആവിഷ്കരിക്കാനാവുന്നുണ്ട്.

ചുവപ്പിൽ നിന്നും കാവിയിലേക്ക് മാധവനെ മാറ്റിയെടുക്കുന്നതും അവന്റെ ജീവിത പരിസരമാണ്. മാധവന്റെ സ്കൂൾ കാലങ്ങളിലൊന്നിൽ കുഞ്ഞിമ്മൂസയുടെ അരയിൽ കിടക്കുന്ന ചുവന്നചരട് മാധവനും, മാധവന്റെ കറുത്ത ചരട് കുഞ്ഞിമ്മൂസയും മാറിമാറി കെട്ടുന്നു. കുഞ്ഞുങ്ങളിലെ കൗതുകമെന്നോ വികൃതിയെന്നോ പറഞ്ഞ് തളളികളയാവുന്ന ഒന്നിനെ പ്രശ്നവത്ക്കരിച്ച് അവർക്ക് ശിക്ഷ ലഭിക്കുന്നിടത്തുനിന്നും അവരുടെ നിഷ്കളങ്കമായ ബോധവും സാമൂഹിക യാഥാർത്ഥവും തമ്മിലുടക്കുന്നു. ആ ഉടക്കലിന്റെ അനന്തരഫലങ്ങളാണ് ചുവപ്പിനെ ഇഷ്ടപ്പെട്ടിരുന്ന മാധവന് ചോയി, വളവിൽ ഡഗ്ലസിന്റെ കയ്യിൽ ചുവന്ന കുട കൊടുത്തയച്ചപ്പോൾ മാധവനതിനോട് വിരക്തി തോന്നാനും, ചോയിയുടെ കത്ത് തിരുത്തി വായിക്കാനും പ്രേരിപ്പിക്കുന്നത്. മാധവനെ കാവിയുടെ പാതയിലേക്കെടുത്തെറിയുന്നതിൽ കുടുംബത്തിനും സമൂഹത്തിനും വലിയ പങ്കുണ്ട്. നമ്മൾ തിരുത്തേണ്ടത് ഇവിടെയാണ്. അല്ലെങ്കിൽ ഇന്ത്യയിൽ നിന്നും ഭാരതത്തിലേക്കും, അതിൽ ഊറ്റം കൊള്ളുന്ന സംസ്കാരത്തിലേക്കും നാം നിർബന്ധപൂർവ്വം നടന്നടുക്കേണ്ടി വരും. അതൊരു തരത്തിൽ അറിഞ്ഞുകൊണ്ട് ഫാസിസത്തിന് കീഴടങ്ങലായി മാറും. ഇവിടെ നാം തിരുത്തേണ്ടത് നമുക്കുള്ളിലെ ചുല്യാറ്റന്മാർക്കൊരവസരം കൊടുത്തുകൊണ്ടാവണം.

LEAVE A REPLY

Please enter your comment!
Please enter your name here