കുളത്തൂപ്പുഴയില്‍ ‘രാഗസരോവരം’ ഒരുങ്ങി; ഉദ്ഘാടനം നാളെ

0
152

ആഞ്ചല്‍: കുളത്തൂപ്പുഴ രവിക്ക് (രവീന്ദ്രന്‍) ജന്മനാട്ടില്‍ സാമരകമൊരുങ്ങി. കുളത്തൂപ്പുഴ ടൗണിനോടുചേര്‍ന്ന്‌ കല്ലടയാറിന്റെ തീരത്ത് നിര്‍മിച്ച സ്മാരകം രാഗസരോവരം വെള്ളിയാഴ്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. ജന്മനാട്ടില്‍ രവീന്ദ്രന് സ്മാരകം വേണമെന്ന സംഗീത പ്രേമികളുടെ നീണ്ടനാളത്തെ ആഗ്രഹമാണ് ഇതോടെ യാഥാര്‍ഥ്യമാകുന്നത്. രവീന്ദ്രന്‍ പഠിച്ച കുളത്തൂപ്പുഴ ഗവ. യുപി സ്‌കൂളില്‍ 2009 ജനുവരിയില്‍ 30ന് നടന്ന ചടങ്ങില്‍ ഗായകന്‍ കെ ജെ യേശുദാസ് കല്ലിട്ട സ്മാരകത്തിന്റെ ആദ്യഘട്ടം 14 വര്‍ഷത്തിനുശേഷമാണ് പൂര്‍ത്തിയാകുന്നത്. ഒ എന്‍ വി കുറുപ്പാണ് രാഗസരോവരം എന്ന പേരിട്ടത്. പീഢത്തിനു മുകളില്‍ തുറന്നുവച്ച പുസ്തകത്തില്‍ ചെല്ലോ വാദ്യോപകരണം ചാരിവച്ച മാതൃകയിലാണ് സ്മാരകത്തിന്റെ രൂപകല്‍പ്പന. 1.80 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. രൂപകല്‍പ്പന ചെയ്ത സിനിമാ സംവിധായകന്‍ രാജീവ് ആഞ്ചലാണ് നിര്‍മാണച്ചുമതലയും ഏറ്റെടുത്തത്. രവീന്ദ്രന്‍ സംഗീതം നല്‍കിയ ഗാനശേഖരം ലഭിക്കാനും കേള്‍ക്കാനുമുള്ള സൗകര്യം, സംഗീത വിദ്യാലയം, സാംസ്‌കാരികകേന്ദ്രം എന്നീ ലക്ഷ്യത്തോടെയാണ് സ്മാരക നിര്‍മാണം ആരംഭിച്ചത്. 55 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ച് നിര്‍മാണം ആരംഭിച്ച മന്ദിരത്തിന് സാംസ്‌കാരിക വകുപ്പില്‍ നിന്ന് 15 ലക്ഷം രൂപയും അനുവദിച്ച് നല്‍കിയിരുന്നു. ബാക്കി തുക പഞ്ചായത്തും വകയിരുത്തി. ഇതില്‍ 25 ലക്ഷം രുപ ചെലവഴിച്ചു നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് പാതിവഴിയില്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് സര്‍ക്കാര്‍ അനുമതിയോടെ അടങ്കല്‍ തുകയില്‍ വര്‍ധനവ് വരുത്തിയാണ് നിര്‍മാണം അവസാനഘട്ടത്തിലെത്തിയത്. ഇതിനിടെ ഒട്ടേറെ വിവാദങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കെട്ടിട നിര്‍മാണം മാത്രമാണ് നടത്താനായത്. തുടര്‍ന്ന് രണ്ടാംഘട്ടത്തില്‍ ഒരു കോടി രൂപ വകയിരുത്തി ഉദ്യാനമൊരുക്കി സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കാനും പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഇതിന്റെ തുടര്‍നിര്‍മാണത്തിന് പിഎസ് സുപാല്‍ എംഎല്‍എ രണ്ടുകോടി രൂപ അനുവദിച്ചിട്ടുണ്ട്. വെള്ളി വൈകിട്ട് അഞ്ചിന് കുളത്തൂപ്പുഴ കെഎസ്ആര്‍ടിസി മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി സജി ചെറിയാന്‍ രാഗസരോവരം നാടിന് സമര്‍പ്പിക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here