ചെറുകഥ
റഫീഖ് പട്ടേരി
പതിനെട്ട് ദിവസത്തെ കാനന ജീവിതം…. ഞങ്ങൾ മൂന്ന് പേർ …
അതെ കാടിന്റെ അനന്തമായ ഭാവപ്രകടനങ്ങൾ കണ്ടും അനുഭവിച്ചും ഡോക്ടർ ഹരിയും പോലീസുകാരൻ മധുവും പിന്നെ ഞാനും പതിനെട്ടാമത്തെ ദിവസവും പിന്നിട്ടു. അത് ഒരു മായിക പ്രപഞ്ചമായിരുന്നു. നിർവ്വചനങ്ങൾക്കും അപ്പുറം. പുറം ലോകമായി ഒരു ബന്ധവും ഇല്ലാതെ. ഫോണില്ല, ഇന്റർനെറ്റില്ല. അങ്ങിനെ ദിവസങ്ങളിൽ നിന്ന് ദിവസങ്ങളിലേക്ക് …
പ്രഭാതത്തിൽ പതിവ് പോലെ ടെന്റിൽ നിന്നും പുറത്ത് വന്നപ്പോൾ മധു ഒരു കപ്പ് കാപ്പി തന്നു. ഡോക്ടർ കുറച്ചപ്പുറത്ത് പാറപ്പുറത്ത് യോഗയിലാണ്. ഞാൻ കാപ്പി വേഗത്തിൽ കുടിച്ച് കാമറയുമായി അരുവിക്കരയിലേക്ക് നടന്നു. അൽപം കഴിഞ്ഞപ്പോൾ ഡോക്ടർ വിളിച്ചു. ഞാൻ തിരിച്ച് നടന്നു. കാനന യാത്രയിലെ സഹായിയായി ഞങ്ങളുടെ കൂടെ ഉണ്ടാകാറുള്ള ആദിവാസി യുവാവ് ചെമ്പൻ അവിടെ എത്തിയിരുന്നു.
ഡോക്ടർ എന്റെ നേരെ തിരിഞ്ഞ് പറഞ്ഞു: ‘നാട്ടിൽ ആകെ പ്രശ്നമാണെന്നാണ് ചെമ്പൻ പറയുന്നത്. നമുക്ക് ഉടനെ കാടിറങ്ങണം’
ഞാനൊന്നും മനസ്സിലാകാതെ കാമറയുമായി നിൽക്കുന്നത് കണ്ട് ഡോക്ടർ വീണ്ടും പറഞ്ഞു: ‘വേഗം …’
സത്യത്തിൽ ഡോക്ടറുടെ തിടുക്കം എന്നെ അൽഭുതപ്പെടുത്തി. എന്താണ് കാര്യം എന്ന് ഞാൻ അന്വേഷിക്കാൻ നിന്നില്ല. വേഗത്തിൽ പാക്ക് ചെയ്യാൻ തുടങ്ങി.
ഏറെ നേരം കഴിയുന്നതിന് മുമ്പ് ചെമ്പന് പുറകെ ഞങ്ങൾ മൂന്ന് പേരും മുന്നോട്ട് നീങ്ങി. ഡോക്ടർ ഹരി ഒന്നും പറയാതെ തന്റെ ബാഗിന്റെ ഭാരം താങ്ങി ചെമ്പന്റെ കാലടികൾക്കൊപ്പം തന്നെ നടന്നു. പുറകെ ഞാനും മധുവും. അങ്ങിനെ നിശ്ശബ്ദമായി ഞങ്ങൾ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. ചതുപ്പ് നിലത്തിനപ്പുറത്തെ ഉറച്ച മണ്ണിൽ കാലമരുമ്പോൾ കരിയിലകൾ നുറുങ്ങി പൊടിഞ്ഞു. മുന്നോട്ട് നീങ്ങവേ പെട്ടന്ന് ചെമ്പൻ നിന്നു കൈകൾ ഉയർത്തി നിൽക്കാൻ പറഞ്ഞു. ഞങ്ങൾ മൂന്ന് പേരും നിന്നു. ചെമ്പൻ ധൃതിയിൽ ഞങ്ങളേയും കൊണ്ട് അപ്പുറത്തെ മരങ്ങൾക്ക് പുറകിലേക്ക് നീങ്ങി. ചുള്ളി കമ്പുകൾ ഒടിഞ്ഞു നുറുങ്ങുന്ന ശബ്ദത്തിനൊപ്പം അത് ഞാൻ കണ്ടു. ഇളകി മറിഞ്ഞ് കരിമ്പാറക്കൂട്ടം പോലെ ഒരു സംഘം ആനകൾ. അവ ഞങ്ങൾക്ക് അരികിലൂടെ മുന്നോട്ട് നീങ്ങി. കാടിന്റെ ഒരു പാട് അനുഭവങ്ങൾ ഉണ്ടായിട്ട് ഉണ്ട് പക്ഷേ ആദ്യമായാണ് ഇങ്ങനെ ഒരനുഭവം. എന്റെ ശരീരത്തിലെ രോമങ്ങൾ എഴുന്നേറ്റ് നിന്നു. ഒരുതരം ഇക്കിളിപ്പെടുത്തൽ ശരീരത്തിലൂടെ കടന്ന് പോയി. ആ ആനക്കൂട്ടം അത് വളരെ വലുതായിരുന്നു. കുട്ടികളും ആണും പെണ്ണും അടങ്ങിയവർ. പെട്ടന്ന് ഒരു കൊമ്പൻ നിന്നു. തുടർന്ന് പുറകെ വരുന്നവരും നിന്നു. കൊമ്പൻ തുമ്പിക്കൈ പൊക്കി ചെവി ഇളക്കാതെ ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് ഒന്ന് തിരിഞ്ഞു. എല്ലാവരുടേയും മുഖത്ത് ഭയം ഇരച്ച് കയറുന്നത് ഞാൻ കണ്ടു. പക്ഷേ,പിന്നീട് അവ മുന്നോട്ട് തന്നെ നീങ്ങി. ആനക്കൂട്ടം മറഞ്ഞപ്പോൾ ചെമ്പൻ ഒന്ന് ദീർഘശ്വാസം എടുത്തു. പിന്നെ മരത്തിന്റെ മറവിൽ നിന്നും പുറത്തിറങ്ങി. കൂടെ ഞങ്ങളും. ഈ പ്രദേശത്തെ ഏറ്റവും അപകകാരിയായ കൊമ്പന്റെ നേതൃത്വത്തിലായിരുന്നു ആ സംഘം നീങ്ങിയിരുന്നതത്രെ. അത് പറയുമ്പോൾ തന്റെ കൈവെള്ള പോലെ കടറിയുന്ന ചെമ്പൻ പോലും പേടി കൊണ്ട് വിറച്ചു.
എന്ത് പ്രതിസന്ധി ആയാലും എനിക്ക് വേണ്ടത് ഞാൻ ക്ലിക്ക് ചെയ്ത് എടുക്കാറുണ്ട്. ഇപ്രാവശ്യം ആ മനോഹര ദൃശ്യം പകർത്താൻ ഞാൻ നിന്നില്ല. എന്തോ ഒരു ആപത് ശങ്ക എന്നെ പിടികൂടിയിരുന്നു.
വീണ്ടും ഞങ്ങൾ മുന്നോട്ട് നീങ്ങി.
സമതലങ്ങൾ പിന്നിട്ട് പാറ കെട്ടുകൾ നിറഞ്ഞ ഒരു പ്രദേശത്ത് കൂടിയായിരുന്നു ഇപ്പോൾ ഞങ്ങൾ നീങ്ങി കൊണ്ടിരുന്നത്. അത് കൊണ്ട് തന്നെ വളരെ സവധാനമേ മുന്നോട്ട് പോക്ക് സാധ്യമായിരുന്നുള്ളു. കയ്യിലെ മൂർച്ചയുള്ള വെട്ടുകത്തി കൊണ്ട് മുന്നിലെ വള്ളികൾ വെട്ടിമാറ്റി ശ്രമപ്പെട്ടാണ് ചെമ്പൻ മുന്നിൽ നീങ്ങിയിരുന്നത്.
പാറക്കെട്ടുകൾ അവസാനിച്ച് അനേകം മരങ്ങൾ തിങ്ങി വെളിച്ചം കടക്കാത്ത അത്രയും കനത്ത കാടിന്റെ വന്യതയിലൂടെ സശ്രദ്ധം നീങ്ങുമ്പോൾ ഞാനോർത്തു. ഞങ്ങൾ ഈ ഒരു ഭൂപ്രകൃതിയിലൂടെ ആയിരുന്നില്ല കാടിനകത്തേക്ക് പ്രവേശിച്ചത്. എന്റെ ചിന്ത അറിഞ്ഞെന്നോണം ചെമ്പൻ പറഞ്ഞു ‘ഇത് ഒരെളുപ്പവഴിയാണെന്ന് ‘ വേഗത്തിൽ ഈ ഭാഗത്ത് നിന്ന് പുറത്ത് കടക്കണം. ഇവിടെ പുലികളുടെ കേന്ദ്രമാണ്. അൽപം ക്ഷീണം തോന്നിയിരുന്നു ഞങ്ങൾക്ക് അതെല്ലാം നിമിഷം നേരം കൊണ്ട് അപ്രത്യക്ഷമായി. ഞങ്ങൾക്ക് വേഗത കൂടീ. എന്നാലും തിരക്കിട്ട ഈ മടക്കം എന്തിനാണ് ആ ചിന്ത എന്നെ ഇടയ്ക്ക് അലോസരപ്പെടുത്തി.
വൈകാതെ ഞങ്ങൾ ഒരു ആദിവാസി ഊരിലെത്തി. ആശ്വസത്തോടെ കുറേ വെള്ളം കുടിച്ച് അവിടെ ഒരു പാറയിൽ മലർന്നു കിടന്നു. അങ്ങിനെ കിടക്കുമ്പോൾ ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദം ഞാൻ കേട്ടു. അത് എന്റെ ഓർമ്മകളെ വർഷങ്ങൾക്ക് പുറകിലേക്ക് കൊണ്ട് പോയി.
വൈൽഡ് ലൈഫ് ഫൗണ്ടേഷന് വേണ്ടി പ്രവർത്തിക്കുന്ന കാലം. അധികവും കാടിനകത്ത് തന്നെ ആയിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക വനപ്രദേശത്തിലൂടേയും സഞ്ചരിച്ചുകൊണ്ടിരുന്ന കാലം. കൂടെ പ്രിയപ്പെട്ട പ്രൊഫസർ തങ്ക വേലു സാറും സംഘവും. ഏകദേശം അറുപത് വയസിനടുത്ത് പ്രായമുള്ള വേലു സാർ വലിയ ഒരൽഭുതമായിരുന്നു. അപകടകരമായ കാടുകളിലൂടെയും മലയിടുക്കുകളിലൂടേയും മയിലുകളോളം സഞ്ചരിച്ചാലും ക്ഷീണമില്ലാത്ത ഊർജ്ജസ്വലനായ ഒരു മനുഷ്യൻ. അദ്ദേഹം മിക്കപ്പോഴും രാത്രി ടെൻറടിക്കാൻ തിരഞ്ഞെടുക്കുക ഒഴുകുന്ന അരുവിയുടെ കരയിലെ പാറപ്പുറത്തായിരിക്കും. രാത്രി മുഴുവൻ ചെവി നിറയെ ആ ശബ്ദം നിറഞ്ഞു നിൽക്കും. ഡിജിറ്റൽ ഫോട്ടോഗ്രാഫിയിലെ വിപ്ലവം തുടങ്ങുന്നതിന് മുമ്പായിരുന്നു അത്. മിനോൾട്ട കാമറയും എ എസ് എ കൂടിയ ഫ്യൂജി ഫിലിമും. എ എസ് എ കൂടിയ ഫിലിം എനിക്കായ് വരുത്തുന്നതായിരുന്നു. വേലു സാർ ഓർക്കാൻ മാധുര്യമുള്ള ഒരു പച്ച മനുഷ്യനായിരുന്നു. ഇപ്പോൾ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ ആവോ? വർഷങ്ങൾക്ക് മുമ്പേ ബന്ധം മുറിഞ്ഞിരുന്നു. പിന്നീട് ആ പഴയ ലാൻ ഫോൺ നമ്പറിൽ വിളിച്ചു നോക്കി. പക്ഷേ, അത് ഏതോ ടെലഫോൺ എക്സ്ചേഞ്ചാണ് എന്ന് പറഞ്ഞു. എങ്കിലും ചെന്നൈ നഗരത്തിലെത്തിയാൽ ആദ്യം ഓർമ്മ വരുക അദ്ദേഹത്തെയാണ് .പിന്നെ എവി എം മ്മിൽ കാമറമാനായിരുന്ന ശെൽവം. സ്പെഷ്യൽദോശ ഉണ്ടാക്കി ‘സാപ്പ്ട് കണ്ണാ’ എന്ന് പറഞ്ഞ് സ്നേഹത്തോടെ നൽകിയിരുന്ന പാട്ടിയമ്മ. പട്ടിണി കാലങ്ങളിൽ ഭക്ഷണം നൽകിയ രാമസ്വാമി. അങ്ങിനെ ഓർമ്മകൾ നമ്മേ ഇങ്ങനെ കൊണ്ട് പോകും…
‘സാർ… സാർ …’ ആരോ എന്നെ കുലുക്കി വിളിച്ചു. ഒരു ഞെട്ടലോടെ ഞാനുണർന്നു.
കാട്ടിൽ ഉറങ്ങുമ്പോഴും അബോധ മനസ്സ് ഉണർന്നിരിക്കും. പക്ഷേ ഇപ്പോൾ അത് ഉണ്ടായില്ല. അറിയാതെ തന്നെ സുരക്ഷിതത്വത്തിന്റെ തണൽ തിരിച്ചറിഞ്ഞതാകാം.
ചെമ്പൻ എന്നെ നോക്കി ഇരിക്കുകയാണ്.എൻ്റെ മുന്നിൽ ചൂടുള്ള കപ്പ പിന്നെ കാന്താരിയും ഉള്ളിയും പുളിയും ഉപ്പും ചേർത്ത ചമ്മന്തിയും.
ചെമ്പന്റെ അമ്പരപ്പ് മാറിയില്ല. ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു: ‘ഉറങ്ങിപ്പോയി …’
അവൻ പല്ല് മുഴുവൻ പുറത്ത് കാട്ടി ചിരിച്ചു. വളരെ മനോഹരമായ നിരയൊത്ത വെളുത്ത പല്ലുകൾ.
ഞാൻ ഒരു കഷണം കപ്പ എടുത്ത് ചമ്മന്തിയിൽ മുക്കി കടിച്ചു. എന്റെ നാവിനടിയിലൂടെ വൈദ്യുതി പ്രവാഹം പോലെ എന്തോ ഒന്ന് തലയിലേക്ക് മിന്നൽവേഗതയിൽ ഉരച്ചു കയറി. ഞാനൊന്ന് തല കുടഞ്ഞു. കണ്ണടച്ച് തല ഉയർത്തി ഇരുന്നു. അത് ശരിയായി വരാൻ കുറച്ച് സമയമെടുത്തു. രുചികരമായ കപ്പയും ചമ്മന്തിയും വേഗത്തിൽ ഞാൻ ചവച്ചരച്ചു. പെട്ടന്നു നാവ് കടിച്ചു. അൽപസമയം അനങ്ങാതെ ഇരിക്കേണ്ടി വന്നു. കണ്ണുകൾ നിറഞ്ഞു. അല്ലെങ്കിലും രുചികരമായി എന്ത് കഴിക്കുമ്പോഴും ഇത് പതിവാണ്.
‘പെട്ടന്ന് ആയിക്കോട്ടെ പുറപ്പെടാം ‘ താഴെ നിന്നും ഡോക്ടറുടെ ശബ്ദമായിരുന്നു.
ഞാൻ വേഗം കഴിച്ച്. കുറച്ചപ്പുറത്തുള്ള അരുവിയിൽ നിന്നും മുഖവും കയ്യും കാലും കഴുകി പോകാൻ റെഡിയായി. ഡോക്ടർ ആരയോ പരിശോധിക്കുകയായിരുന്നു. ഞാനും മധുവും ചെമ്പനും പുൽമേടിന്റെ ആരംഭത്തിൽ കാത്തിരുന്നു.
ശൈത്യകാലത്തിന് ശേഷമുള്ള തെളിമയാർന്ന ആകാശവും വിവിധ വർണ്ണങ്ങളിൽ പൂത്തുലഞ്ഞ മരങ്ങളും മനോഹരമാക്കിയ താഴ് വാരം നോക്കി നിൽക്കേ മധു പറഞ്ഞു: ‘കാര്യങ്ങൾ അപകടമാ ണ്…’
ഞാനൊന്നും മനസ്സിലാക്കാതെ മധുവിനെ നോക്കി.
‘കൊറോണ …!’ മധു പറഞ്ഞു
‘കൊറോണയോ ?’
‘അതെ…’
‘അത് നമ്മൾ വരുമ്പോളും ഉണ്ടല്ലോ ‘
‘അത് പോലെ അല്ലത്രെ ഇപ്പോൾ.’
ഞാനൊന്നും പറഞ്ഞില്ല.
ഞങ്ങൾ പ്രകൃതിയിലേക്ക് നോക്കി നിന്നു.
‘പോകാം …’
അത് ഡോക്ടർ ആയിരുന്നു.
ചൂട് കൂടുകയാണ്. ശരീരത്തിൽ വിയർപ്പ് ചാലുകൾ ഒഴുകി ഷർട്ട് നനഞ്ഞു. നടത്തത്തിനിടയ്ക്ക് വാട്ടർ ബോട്ടിലിൽ നിന്നും ഞാൻ കുറച്ച് വെള്ളം കുടിച്ചു. ഡോക്ടർ അതീവ ഗൗരവത്തിൽ ആയിരുന്നു. അത് എന്നെ അസ്വസ്ഥനാക്കി.
വളരെ അധികം ഉയരത്തിൽ നിൽക്കുന്ന വൻമരങ്ങൾ അതിന്റെ തണലിലേക്കും ഊഷ്മളതയിലേക്കും പ്രവേശിച്ചപ്പോൾ തണുപ്പ് അനുഭവപ്പെട്ടു. എന്നാൽ ചെമ്പൻ ഒരു മുന്നറിയിപ്പ് തന്നു. ഇനി സൂക്ഷിക്കേണ്ടത് കിങ്ങ് കോബ്രയെ ആണ്. അത് അവൻ പറയുന്നതിന് മുമ്പേ എനിക്ക് തോന്നിയതാണ്. ഓരോ പ്രദേശത്തിന്റെയും സ്വഭാവമനുസരിച്ച് അത് മനസ്സിലാക്കാം. ഞങ്ങളുടെ നടത്തത്തിന് വേഗത കുറഞ്ഞു. കാലാ കലങ്ങളായി പൊഴിഞ്ഞ ഇലകൾ പതു പതുത്ത ഒരു മെത്ത പോലെ ഭൂമിയോട് ചേർന്നു കിടക്കുകയാണ്.
പതുക്കെ മരങ്ങൾ കുറഞ്ഞ് വരുന്നതായി കണ്ടു. മാത്രമല്ല വെള്ളം ഒഴുകുന്ന ശബ്ദവും കേട്ടു തുടങ്ങി. ഏതോ ഒരു കാട്ടരുവിക്ക് സമാന്തരമായിട്ടാണ് ഇപ്പോൾ ഞങ്ങൾ നീങ്ങുന്നത് എന്ന് മനസിലായി.
നടന്നു കൊണ്ടിരുന്ന ചെമ്പൻ നടത്തം നിറുത്തി. താഴെ എന്തോ സൂക്ഷിച്ച് നോക്കി.
‘എന്താ …?’ മധു ചോദിച്ചു
‘പുലിയുടെ കാൽപാട്.’ ചെമ്പൻ പറഞ്ഞു.
‘പഴക്കമുണ്ടോ…” ഞാൻ ചോദിച്ചു.
‘ഇല്ല. പുതിയതാ, ഏറിയാൽ ഒരു നാഴിക.അതിനപ്പർത്ത് ല്ല ‘ ചെമ്പൻ പറഞ്ഞു:
‘സൂക്ഷിക്കണം അത്രേ വേണ്ടു’
എനിക്ക് പുതുമയൊന്നും തോന്നിയില്ല. എത്ര വട്ടം ഇത് പോലെ അല്ലെങ്കിൽ ഇതിലും ഭീതി നിറഞ്ഞ അവസ്ഥയിലൂടെ കടന്ന് പോയിട്ടുണ്ട്.
പിന്നീട് ഞങ്ങൾ വളരെ സൂക്ഷമതയോടെയാണ് സഞ്ചരിച്ചത്.അപകടം പതിയിരിപ്പുണ്ടെന്ന ചിന്ത ആസൂക്ഷമത വർദ്ധിപ്പിച്ചു. കുത്തനെയുള്ള കയറ്റം ആയാസപ്പെട്ടാണ് കയറിയത്. അതൊരു പുൽമേടായിരുന്നു. കാടിന് നടുവിൽ മനോഹരമായ ഒരിടം. അവിടെ നിന്ന് നോക്കിയാൽ വിശാലമായി ഒഴുകുന്ന അരുവികാണാം. വെയിലിൽ തിളങ്ങുന്ന ജലകണങ്ങൾ കാണാം. ശബ്ത്തോടെ താഴേക്ക് പ്രവഹിക്കുകയാണ്. അതൊരു മോഹിപ്പിക്കുന്ന കാഴ്ചയായിരുന്നു.
അൽപസമയത്തെ വിശ്രമത്തിനു ശേഷം വീണ്ടും ഞങ്ങൾ യാത്ര തുടർന്നു.
ഏകദേശം ഒരു മണിക്കൂർ യാത്ര കൊണ്ട് ഞങ്ങൾ കാടതിർത്തിയിലെത്തി.
ഇനി ഇവിടം മുതൽ ചെമ്പനില്ല. അവൻ വിട പറയുകയാണ്. നിഷ്കളങ്കമായ നൈർമല്യത്തോടെ ചിരിച്ച് വിട പറയുമ്പോൾ അവന്റെ സഞ്ചിയിൽ നിന്നും ഒരു കുപ്പി തേൻ എടുത്ത് ചിരിയോടെ എനിക്ക് തന്നു. കലർപ്പില്ലാത്ത, കാപട്യമില്ലാത്ത സ്നേഹത്തിന്റെ ആർദ്രമായ കനിവായി ചെമ്പൻ എന്നിൽ നിറഞ്ഞു. സുരക്ഷിതമായി ഞങ്ങളെ കാടിറക്കി ആ ആദിവാസി യുവാവ് കാട്ടിൽ മറയുമ്പോൾ എന്തോ ഒന്നു നഷ്ടപ്പെട്ട പോലെ.
ഒരു നിശ്ചലതയ്ക്ക് ശേഷം ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി.
കാടതിർത്തിയിൽ നിന്നും ഒറ്റയടിപ്പാതയിലൂടെ നടന്ന് ടാർ റോഡിലിറങ്ങി.
റോഡിലൂടെ ആദ്യം കണ്ട കവലയിലേക്ക് ഞങ്ങൾ ധൃതിയിൽ നടന്നു. അത്യാവശ്യം ജനസാന്ദ്രതയുള്ള ഒരു കവലയാണത്. അതിന്റെ നിർജീവത ഞങ്ങളെ ആശ്ചര്യപ്പെടുത്തി. വണ്ടി പാർക്ക് ചെയ്തിരുന്ന സ്ഥലവും വിജനമായിരുന്നു. ഞങ്ങൾ ഡോക്റുടെ ബ്ലാക്ക് താറിലേക്ക് കയറി.
വണ്ടി സ്റ്റാർട്ടാകില്ലെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഒരായടിക്ക് തന്നെ സ്റ്റാർട്ടായി.
ഞാൻ ക്ഷീണത്തോടെ സീറ്റിൽ ചാരി പുറത്തേക്ക് കണ്ണയച്ചു. റോഡിൽ ആരും ഉണ്ടായിരുന്നില്ല. മഹാ ശുന്യത …ഇനി വല്ല ഹർത്താലും… ?
ഡോക്ടർ ഒരു ഷോർട്ട് കട്ട് വഴി വണ്ടി ടൗണിലേക്ക് എടുത്തു.
അവിടെ ഭീതിപ്പെടുത്തുന്ന ഒരു തരം സ്മശാന മൂകത തങ്ങിനിൽക്കുന്നു. ഒരു മനുഷ്യജീവിയെ പോലും എങ്ങും കാണുന്നില്ല. ചില ഇംഗ്ലീഷ് സിനിമകളിൽ കാണുന്നത് പോലെ ആയിരുന്നു ചുറ്റും.
എന്റെ ഉൽകണ്ഠ ഇനി തടഞ്ഞുവെക്കാനാകുമായിരുന്നില്ല.
ഞാൻ ഡോക്ടറോട് ചോദിച്ചു: ‘എന്താണ് ഡോക്ടർ ഇതെല്ലാം?’
‘നിങ്ങളുടെ ആരുടേങ്കിലും മൊബൈലിൽ ചാർജ് ഉണ്ടോ?’ ഡോക്ടർ ചോദിച്ചു.
സത്യത്തിൽ മൊബൈലിന്റെ കാര്യം തന്നെ ഞങ്ങൾ മറന്ന് പോയിരുന്നു. ഞാൻ എന്റെ ഫോണെടുത്ത് വേഗം ചാർജ്ജിന് ഇട്ടു.
‘ഡോക്ടറെ ഈ കയററം കയറുമ്പോൾ വലത് വശത്താണ് പോലീസ് സ്റ്റേഷൻ ഞാനൊന്ന് കാര്യങ്ങൾ തിരക്കാം.’ മധു പറഞ്ഞു
വണ്ടി സ്റ്റേഷന്റെ മതിലിനോട് ചേർത്ത് നിറുത്തി. മധു സ്റ്റേഷനിലേക്ക് പോയി.
‘സംഭവം അതീവ ഗൗരവമാണ് ‘ ഡോക്ടർ പറഞ്ഞു: ‘അല്ലാതെ ഇങ്ങനെ ഒരവസ്ഥ ഉണ്ടാകില്ല. ലോകത്ത് വൈറസ് രോഗം റിപ്പോർട്ട് ചെയ്തതെല്ലാം കനത്ത അപകടം സൃഷ്ടിച്ചവയാണ്. എന്നാൽ പഴയത് പോലെ അല്ല ഇന്ന് ലോകം മൊത്തം തുറന്നിട്ടിരിക്കുകയാണ്. ദിവസങ്ങൾ കൊണ്ട് എല്ലാം തകിടം മറിയും’
മധു ധൃതിയിലാണ് വണ്ടിയിലേക്ക് വന്നത്. ഞാനും ഡോക്ടറും മധുവിനെ നോക്കി.
‘കാര്യങ്ങൾ അതീവ ഗുരുതരമാണ്. ലോകം മൊത്തം കൊറോണ പടർന്നു പിടിക്കുകയാണ്. ഇവിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
നിയമം കർശനമാണ്. ഒരാൾക്ക് പോലും പുറത്തിറങ്ങാൻ അനുവാദമില്ല.’ ‘മധു പറഞ്ഞു: മരണസഖ്യ ഉയരുകയാണ്’
‘ഊം …’ഡോക്ടർ മൂളി : ‘ഇത് ഞാൻ പ്രതീക്ഷിച്ചതാണ്. ഇത്തരത്തിൽ ഒരു വൈറസ് അറ്റാക്ക് ഉണ്ടായാൽ … പിന്നെ ….’
എന്നെ വീട്ടിൽ ഇറക്കി. ഡോക്ടറും മധുവും പോയി. എനിക്ക് എന്നോട് തന്നെ ഒരറപ്പ് തോന്നുന്നുണ്ടായിരുന്നു. വേഗം കുളിക്കാൻ കയറി. ബക്കറ്റിൽ നിന്നും വെള്ളമെടുത്ത് കുറേ നേരം തലയിലൂടെ ഒഴിച്ചു.
കുളിക്ക് ശേഷം ഒരു ചായ കഴിച്ച് നേരെ കട്ടിലിലേക്ക്. കിടന്ന് കൊണ്ട് പലതും ഓർക്കാൻ ശ്രമിച്ചു. എല്ലാം ഓരോ നിയോഗങ്ങളാണ്. അതിന്റെ നിഴലിൽ മുന്നോട്ട് പോകുകയാണ് ഓരോ മനുഷ്യനും.
ചിന്തയിലൂടെ മുന്നോട്ട് പോകവെ പതുക്കെ കണ്ണുകൾക്ക് കനം വെക്കുകയും ഉറക്കത്തിലേക്ക് വീഴുകയും ചെയ്തു.
ദിവസങ്ങളായി പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കുകയാണ്. ഒരു പക്ഷേ , എത്രയോ കാലങ്ങൾക്ക് ശേഷം. അല്ലെങ്കിൽ ഇത്തരം ഒരവസ്ഥയിലൂടെ ഇന്ന് ജീവിച്ചിരിക്കുന്ന ഒരാളും കടന്ന് പോയിരിക്കില്ല. ഏതെങ്കിലും ഒരു രാജ്യത്തോ ദേശത്തോ ദുരന്തങ്ങൾ സംഭവിക്കാറുണ്ട്. എന്നാൽ ലോകം മുഴുവൻ ഭീതിയുടെ നിഴലിലേക്ക് ചേക്കേറുന്ന കാഴ്ച ആദ്യമായിരിക്കും. വൻ രാജ്യങ്ങൾ കീഴടങ്ങുന്നു. അഹങ്കാരങ്ങൾ ചോർന്നൊലിക്കുന്നു. മരണമെന്ന ക്ഷണിക്കപ്പെടാത്ത അതിഥി കടന്ന് വരുമ്പോൾ പതറുകയാണ്, ബുദ്ധി വൈഭവത്താൽ ആകാശം കീഴടക്കിയ മനുഷ്യൻ.
ഡോക്ടറും മധുവുമെല്ലാം നല്ല തിരക്കിലാണ്. സ്വഭാവികത നഷ്ടപ്പെട്ട് ലോകം വിജനമായിരിക്കുന്നു. ഞാനെന്റെ പുസ്തകങ്ങൾക്ക് നടുവിലാണ്.
ദിവസങ്ങൾക്ക് ശേഷം ഞെട്ടിപ്പിച്ച് കൊണ്ട് ഫോൺ ശബ്ദിച്ചു. ഫോണെടുത്തപ്പോൾ മധുവാണ്.
‘ഹലൊ….’
‘എന്താ വിവരം നീ ഒക്കെ അല്ലേ ?’ മധു ചോദിച്ചു.
‘ഓ കുഴപ്പമൊന്നും ഇല്ല.എന്താ നിൻ്റെ വിശേഷം ?’
‘ഡ്യൂട്ടിയിലാണ് … ‘
‘ഊം… ‘
‘ശരി എന്നാ ഞാൻ പിന്നെ വിളിക്കാം’
മധു പെട്ടന്ന് ഫോൺ കട്ട് ചെയ്തു.അവന് എന്തോ സംഘർഷമുള്ള പോലെ. ചിലപ്പോൾ തോന്നിയതാകും.
കോളിങ്ങ് ബെൽ ശബ്ദിച്ചപ്പോൾ ചിന്ത മുറിഞ്ഞു. എഴുന്നേറ്റ് പുറത്ത് വന്നപ്പോൾ തൊട്ടപ്പുറത്തെ വീട്ടിലെ ചേച്ചിയായിരുന്നു. ഞാൻ ചിരിച്ച് കൊണ്ട് ചോദിച്ചു: ‘എന്താ ചേച്ചി…’
‘അത് ഞാൻ….’ ചേച്ചി പറയാൻ പ്രയാസപ്പെട്ടു.
‘എന്താണെങ്കിലും പറഞ്ഞോളു’ ഞാൻ ചേച്ചിയെ ധൈര്യപ്പെടുത്തി.
‘ഒരു ആയിരം രൂപ എടുക്കാൻ ഉണ്ടോ ? കഴിക്ക്ണ മരുന്ന് കഴിഞ്ഞു. എന്റെ കയ്യിൽ പൈസ ഒന്നും ഇല്ല.ശ് രീധരേട്ടൻ പൈസ അയച്ചാലെ ഇനി …’ ചേച്ചി അത്രയും പറഞ്ഞത് ആൾക്കൂട്ടത്തിൽ തുണി ഉരിഞ്ഞ് പോയ ഒരാളുടെ അവസ്ഥയിലായിരുന്നു.
‘അതിനെന്താ ചേച്ചി….’
ഞാൻ പണമെടുത്ത് ചേച്ചിക്ക് നൽകി. അവർ നന്ദിയോടെ എന്നെ ഒന്ന് നോക്കി പിന്നെ വേഗം നടന്നു. അവരുടെ കണ്ണ് നിറഞ്ഞിരുന്നോ?
അകത്തേക്ക് നടക്കുമ്പോൾ ഞാനോർത്തു. എത്ര എത്ര മനുഷ്യരാണ് ഇങ്ങനെ ദുരിതം അനുഭവിക്കുന്നത്. എന്നിട്ടും ഒരു ബോധവുമില്ലാത്ത കുറേ മനുഷ്യർ വേറേയും!
പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ പുസ്തകങ്ങൾക്ക് നടുവിൽ ധ്യാനത്തിലെന്നവണ്ണം ദിവസങ്ങൾ മുന്നോട്ട് നീങ്ങി. ദിവസങ്ങളുടെയും ആഴ്ചകളുടേയും കണക്കുകൾ നഷ്ടപ്പെട്ട് ഒരു പുററിനകത്തേക്ക് ആഴ്ന്നിറങ്ങിയ പോലെ.
നക്ഷത്രങ്ങൾ ചിന്നി ചിതറിയ ആകാശത്തിന് താഴെ ഞാൻ മലർന്നു കിടന്നു. ആ കാശം മനോഹരമായിരുന്നു.
തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് കൂപ്പുകുത്തിയ മനുഷ്യൻ തന്റെ ദയനീയതയിലേക്ക് തല ചായ്ച്ചിരിക്കുന്നു. അവർ വിശ്രമിക്കുകയാണ്. മാസ്റ്റർ പ്ലാനുകൾക്കും ടൈംടേബിളുകൾക്കും പൊങ്ങച്ചങ്ങൾക്കും അഹങ്കാരങ്ങൾക്കുമെല്ലാം ഒടുവിൽ സ്വന്തം ദൈന്യതയുടെ ബോധത്തിലേക്ക് കടക്കുകയാണ്.
ലോകത്ത് അനേകകോടി ജീവജാലങ്ങൾ ജനിമൃതികളുടെ താഴ് വാരങ്ങൾ കടന്ന് പോയി. കമാനങ്ങളും കോട്ടക്കൊത്തളങ്ങളും പണിഞ്ഞവർ മജ്ജയും മാംസവും കൊണ്ട് സുഖത്തിലാറാടിയവർ. ഒരു നേരത്തെ പോലും ആഹാരം ലഭിക്കാതെ മരണത്തിലമർന്ന കുഞ്ഞുങ്ങൾ. അങ്ങിനെ … അങ്ങിനെ ….
ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായവയുടെ ഗണത്തിലേക്ക് ഒരു പക്ഷേ …
നഷ്ടപ്പെടാത്ത കാരുണ്യത്തിന്റെ ഉറവകൾ നിലനിൽക്കുന്നു എന്ന അറിവ് തന്നെ വലിയ ആശ്വാസം നൽകുന്നു.
ആകാശത്തിന്റെ വിശാലതയിൽ നിന്ന് കണ്ണുകൾ പിൻവലിച്ച് ഞാൻ പതുക്കെ കണ്ണുകളടച്ചു. അത് ഒരു ഉൾക്കുളിരിലേക്കായിരുന്നു.
ജന്മജന്മാന്തരങ്ങളുടെ സ്വന്തനത്തിൻ്റെ പറുദീസയിലേക്ക് എന്ന പോലെ കനമില്ലാതെ ഞാൻ നിദ്രയിലേക്ക് ഉയരുകയായിരുന്നു.
* **