ബേപ്പൂര്‍ വീചികളില്‍ ‘രാധേ ശ്യാം’ എന്ന പേരില്‍ ഠുമ്‌രിയുടെ തന്ത്രി താളവാദ്യ ആവിഷ്‌കരണം തയ്യാറാവുന്നു. ആര്‍ട്ടിസ്റ്റ് കളക്ടീവിന്റെ നേതൃത്വത്തിലാണ് ആഗസ്ത് 15ന് വൈകിട്ട് 6.30ന് രാധേ ശ്യാം അരങ്ങേറുന്നത്. ദേശ്, കേദാര്‍, ഭൈരവി, പീലു എന്നീ രാഗങ്ങളില്‍ വിളംബിത്, മദ്ധ്യമ്, ദ്രുത് തുടങ്ങിയ കാലപ്രമാണങ്ങതഗളില്‍ ചിട്ടപ്പെടുത്തിയാണ് ഈ അവതരണം നടക്കുന്നത്. ബീഗം അക്തര്‍, ഗിരിജാ ദേവി, കിഷോരി അമോങ്കര്‍, ശോഭ ഗുര്‍തു എന്നീ ഠുമ്‌രി ഗായകര്‍ക്കുള്ള ശ്രദ്ധാഞ്ജലി കൂടിയാണ് ‘രാധേ ശ്യാം’. സിത്താറില്‍ വിനോദ് ശങ്കരും തബലയില്‍ ഗിരീഷ് സാഹായിയും പക്കവാജില്‍ ഹരിനാരായണനും നേതൃത്വം നല്‍കും.
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീത ധാരയില്‍ ഖയാല്‍ കഴിഞ്ഞാല്‍ ഏറെ പ്രാധാന്യമുള്ള സംഗീതശാഖയാണ് ‘ഠുമ്‌രി’. പതിനഞ്ചാം നൂറ്റാണ്ടോളം പുരാതനമായ ഈ സംഗീത രൂപത്തിന് ‘ചിലങ്കകളുടെ ശബ്ദം കേള്‍പ്പിക്കാനായി നൃത്തത്തില്‍ നടക്കുക’ എന്ന് അര്‍ത്ഥം വരുന്ന ‘ഠുമക്‌ന’ എന്ന ഹിന്ദി വാക്കില്‍ നിന്നാണ് ഈ പേര് വരുന്നത്.