പി വി സിന്ധുവിന്റെ ജീവിതവും സിനിമയാകുന്നു. സിന്ധു ബാഡ്മിന്റൻ ലോക കിരീടം സ്വന്തമാക്കിയതിനു മുന്നേതന്നെ ഇതിനായുള്ള തയ്യാറെടുപ്പ് ആരംഭിച്ചിരുന്നു. നടനും നിർമാതാവുമായ സോനു സൂധാണ് സിന്ധുവിനെക്കുറിച്ചുള്ള സിനിമയുടെ അവകാശം സ്വന്തമാക്കിയത്.
2016ൽ സിന്ധുവിന്റെ ഒളിമ്പിക് മെഡൽനേട്ടത്തെ തുടർന്നായിരുന്നു ആദ്യ പ്രഖ്യാപനമുണ്ടായത്. തിരക്കഥ അവസാനഘട്ടത്തിലാണെന്നും അടുത്തവർഷം ചിത്രീകരണം ആരംഭിക്കാനാകുമെന്നും സോനു സൂധ് പറയുന്നു. അഭിനേതാക്കളെ തെരഞ്ഞെടുക്കലാണ് ഏറ്റവും വലിയ വെല്ലുവിളി. സിന്ധുവിനെ അവതരിപ്പിക്കാൻ ബാഡ്മിന്റൻ താരംകൂടിയായ ദീപിക പദുകോണിനെ സമീപിക്കാൻ ഒരുങ്ങുകാണ് സോനു സൂധ്. തിരക്കഥ പൂർത്തിയായാൽമാത്രമേ അഭിനേതാക്കളുടെ കാര്യത്തിൽ അന്തിമതീരുമാനം ഉണ്ടാകൂ.
സിന്ധുവിന്റെ പരിശീലകൻ പുല്ലേല ഗോപിചന്ദായി സോനു സൂധ് എത്തും. ഝാൻസി റായിയുടെ ജീവിതം പറഞ്ഞ മണികർണികയുടെ തിരക്കഥ പങ്കാളിയായ ഹിമാൻഷു അടക്കമുള്ളവരാണ് സിന്ധുവിനെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥയ്‌ക്കു പിന്നിൽ. സിന്ധുവിന്റെ കോച്ചായ ഗോപി ചന്ദിനെക്കുറിച്ചുള്ള സിനിമയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
സൈന നെഹ്‌വാളിന്റെ ജീവചരിത്രസിനിമ ചിത്രീകരണ ഘട്ടത്തിലാണ്. അമോൽ ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രദ്ധകപൂറാണ് സൈനയെ അവതരിപ്പിക്കുന്നത്. ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുടെ ജീവിതം സിനിമയാക്കാനുള്ള ചർച്ചയും സജീവാണ്. റോണി സ്‌ക്രൂവാലയാണ് ചിത്രം
ഒരുക്കുന്നത്.