ദമ്പതിമാരായ വിഷ്ണു പരമേശ്വര്‍, ലിപിക അയ്യപ്പത്ത് എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന ഫോട്ടോ സ്‌റ്റോറിയാണ് ‘പപ്പി’. സമൂഹം കുഞ്ഞുങ്ങളോട് ചെയ്യുന്ന ക്രൂരതകളെ വരച്ചുവെക്കുന്ന ഫോട്ടോ സ്‌റ്റോറി സംവിധാനം ചെയ്തിരിക്കുന്നത് ലിപികയാണ്. തൊടുപുഴയിലെ ഏഴു വയസ്സുകാരനായ പപ്പി രണ്ടാനച്ഛന്റെ ക്രൂര പീഡനത്തെ തുടര്‍ന്നാണ് ഈ ലോകത്തോട് വിടപറഞ്ഞത്. ആ പപ്പിയെ ഓര്‍മ്മപ്പെടുത്തി കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തേങ്ങലായി നിറയുകയാണ് ഈ ചിത്രകഥ.
അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന ഒരു കുടുംബം. അവരുടെ സന്തോഷങ്ങളിലേക്ക് മരണം അതിഥിയായി കടന്നുവരുന്നു. തുടര്‍ന്നുള്ള അവരുടെ ജീവിതത്തെയാണ് പപ്പി എന്ന് പേരിട്ടിരിക്കുന്ന ഈ ഫോട്ടോ സ്‌റ്റോറിയിലൂടെ ലിപിക പറയുന്നത്.
‘മനസ്സിനെ വല്ലാതെ അലട്ടിയ സംഭവം ഒരു ആര്‍ട്ട് ഫോര്‍മിലൂടെ ചെയ്യണമമെന്നും അത് എക്കാലവും സമൂഹത്തില്‍ നീറ്റലായി നില്‍ക്കണമെന്നും ആഗ്രഹിച്ചതുകൊണ്ടാണ് ഇത്തരം ഒരു വര്‍ക്ക് ചെയ്തത്’ എന്ന് ലിപിക അയ്യപ്പത്ത് പറയുന്നു. ‘നിരാശയെയും മരണത്തെയും സൂചിപ്പിക്കുന്ന കളര്‍ടോണ്‍ മനപ്പൂര്‍വം കൊടുത്തതാണ്’; ഫോട്ടോഗ്രാഫറായ വിഷ്ണു പരമേശ്വര്‍ പറയുന്നു.
ഒഡേസ സത്യന്റെ പേരക്കുട്ടിയായ സത്യജിത്ത് ആണ് പപ്പിയായി അഭിനയിച്ചിരിക്കുന്നത്. പപ്പിയുടെ അനിയനായി അക്കുവും, അച്ഛനും അമ്മയുമായി ശരത്, ഷസിയ എന്നിവരും വേഷമിട്ടിരിക്കുന്നു. ക്രൂരനായ രണ്ടാനച്ഛനായി രതീഷ് വേഷമിട്ടിരിക്കുന്നു.