നിഗൂഡ രാത്രി

0
284
athmaonline-premkrishna-nigoodarathri-wp

കവിത

പ്രേം കൃഷ്ണൻ

അവൾ രാത്രി
ഒരേ സമയം
മുല്ലപ്പൂക്കളെ
വിവാഹം കഴിക്കുകയും
പാലപ്പൂക്കളുമായി
സംഗമിക്കുകയും
ചെയ്യുന്ന
ഒരപൂർവ്വ
അമാവാസി നാളിൽ
ഗ്രാമത്തിലെ
വീടുകളെല്ലാം
ഗാഡ നിദ്രയിലായിരുന്നു.

ഇരുട്ടിലേക്ക്
മിന്നൽ ധ്യാനിച്ച
ഒരു നിമിഷത്തിന്റെ
ശൂന്യതയിൽ
പാതിരാവിന്റെ
അത്ഭുത വാതിൽ പിളർന്ന്
അവൾ യക്ഷി
പുറത്ത് വന്നു.

ഓർമ്മകളിലായിരുന്നു
ചിലങ്കകൾ.
ഉള്ളിലപ്പോൾ
കൂരിരുൾ വഴികളിൽ
നടന്നവന്റെ
കാൽപ്പാദരേഖകൾ
പിളർന്നലറിയ
അവളുടെ മാത്രം
ഗൃഹാതുരത.

സർപ്പങ്ങൾ
വറ്റിപ്പോയ
പഴയ കാവുകൾ കടന്നപ്പോൾ
നിശബ്ദ യാമങ്ങളുടെ കാറ്റ്.

അതും കടന്ന്
പോകവേ
നാലും കൂടിയ കവലയിൽ
രാത്രിയിട്ട് മൂടിയ
പെട്ടിക്കടയെ നോക്കി
മുറുക്കാൻ ചെല്ലമെന്ന
രീതിയിൽ
ഒരു ചിരിച്ച് കാട്ടൽ

പൊടുന്നനെ
അന്തരീക്ഷത്തെ
തുറന്ന് കാട്ടി വന്നു
മറ്റൊരു
മിന്നൽപ്പിണർ !
അവളത് കണ്ട്
ഞെട്ടി പിൻമാറി.
അതാ
വഴിയരികിലൊരു
കുരിശു രൂപത്തിൽ
രക്തം വാർന്നൊരാൾ
തല ചരിച്ച് വിവശനായി
കിടക്കുന്നു!

പെട്ടെന്ന്
വന്യമായവൾ
അലറി നോക്കി –
ആര് നീയീ വഴിത്താരയിൽ
എൻ്റെ സമയത്തിങ്ങനെ?

കാലമേഘങ്ങൾ പോലെ
ഒഴുകുന്നുണ്ടായിരുന്നു
ദീർഘമായ മൗനങ്ങൾ

അവൾ
ആകാംക്ഷയിൽ വിവശ !
എന്റെ നെറ്റിയിലെ
ആണികളുടെ
ആഴത്തിലെ
മുറിവ് പോലെ തന്നെ
ആ കൈത്തണ്ടകളിലുമിതാ
അഗാധമായ മുറിവുകൾ

ഉള്ളിൽ വീണ്ടും
ആകാംക്ഷയുടെ
ഉരുൾ പൊട്ടൽ
ഇടയിൽ
യുഗങ്ങൾ പോലെ
ആവർത്തിക്കപ്പെട്ട മൗനം.

അതിനിടയിലെപ്പോഴോ
മോഹാലസ്യത്തിലെന്ന പോലെ
അയാൾ
അവൾക്കരികിൽ
അവൾ കണ്ട
രൂപത്തിലിരുന്നു
പക്ഷേ കണ്ണുകൾ
ജീവബിന്ദുക്കളാൽ ശാന്തം.

മറ്റെന്ത്
ചോദിക്കുവാൻ
ഞാൻ
എന്താണിങ്ങനെ
എന്നെ പോലെ തന്നെ
തറയ്ക്കപ്പെട്ട്
ഇപ്പോഴിങ്ങനെ?

ഒറ്റ ഉത്തരത്തിൽ
തൃപ്തം?

മിഴികൾ തുറന്ന പോലുള്ള
മറുപടിയുടെ
തൻമ്മാത്ര
ഒരു ചോദ്യമായി

മതിയെന്ന മറുമൊഴിയിൽ
അവളാർദ്രയായി!

ഉത്തരം

അധരം
കൊണ്ടല്ലാതെ
ഹൃദയം കൊണ്ട്
മൊഴിഞ്ഞതിനാൽ

അതിനാൽ മാത്രം !!

കാവ്യ പ്രപഞ്ചത്തിന്റെ
രാത്രി
അതാദ്യമായി
തൊട്ടറിഞ്ഞ
അവൾ,
പിന്നെയവൾക്ക്
ചുറ്റുമുള്ള
കാറ്റിൻ മണങ്ങൾ..
കൂടെ കൊണ്ട് വന്ന സ്വരങ്ങൾ
അങ്ങനെ എല്ലാമെല്ലാം
ഒരു നിമിഷം സ്തബ്ദം..

വീണ്ടും
നിമിഷങ്ങളുടെ
ഇതളുകളഴിയുന്ന
മൗനങ്ങൾ

നിനക്കെന്ത് പറ്റി?
എന്ന് തിരിച്ച്ചോദിച്ചെന്ന്
തോന്നിച്ച
മാത്രയിൽ
അവൾ
ആണി തുരുമ്പിൽ
അറിയാതെ തലോടി പോയി

ഞാൻ
രണ്ടാളെ ഒരേ സമയം
ആത്മാർഥമായി
പ്രണയിച്ചു
മൂന്നാമൻ തല്ലിച്ചതച്ചു
നാലാമൻ
പാതി ജീവനിൽ പ്രാപിച്ചു
അഞ്ചാമൻ തൂക്കിയിട്ടു
ആറാമൻ
ആണിയടിച്ചു

പൊടുന്നനെ
ഒരു പ്ലാവിന്റെ ഹൃദയം
ഇടി വെട്ടിൽ
പിളർന്നു !

അവളിലെയവളിടറിയിരുന്നു

വിട പറയും മുന്നേ
ഒന്ന് കൂടെ
ചോദിച്ചോട്ടെ ?

ഉത്തരം മൗനം

എനിക്കെങ്ങനെ മോക്ഷം?

മറുപടി ചിരിയിൽ
മായാജാലമില്ലാത്ത
വിഷാദം

മടങ്ങുക,
നീ
സ്വന്തം അസ്തിത്വത്തിൽ
സുന്ദരിയാണ്

അത്
കേട്ട മാത്രയിൽ തന്നെ
അവൾ
കാറ്റിന്റെ ഉള്ളനക്കങ്ങളിൽ
തളിർത്തു
മുടിയലകളൊഴുകിയ
വഴികളിൽ
പാലപ്പൂക്കളുടെ
ഗന്ധം പരന്നു..

നിൽക്കൂ
ഞാൻ
പൂർത്തിയാക്കി കൊള്ളട്ടെ
നീ സുന്ദരിയാണ്
ഈ പ്രപഞ്ചത്തിലെ
എല്ലാ
പെണ്ണുങ്ങളെയും പോലെ
പക്ഷേ
നീ മാത്രമാണതെന്ന്
ഏകാന്തകളുടെ
മൂന്ന് കാലങ്ങളിലെയും
ചിന്തകളിൽ നിന്ന്
എന്നേക്കും
മായ്ച്ച് കളഞ്ഞേക്കുക

ജീവനുള്ള
ഒരു വാക്കിൽ
ഉയിർ കരഞ്ഞു
അകലെയെവിടെയോ
ഒരു കുയിലിന്റെ
നാദമുണർന്നപ്പോൾ
അവൾക്ക്
വല്ലാതെ ദാഹിച്ചു

വിട പറയും മുമ്പ്
ഒരു കവിത കൂടെ
തരുമോ ?

തൂമഞ്ഞിന്റെ
സുഷിരങ്ങളിൽ
ഒരു നിമിഷം
പ്രകാശം
മിന്നി മാഞ്ഞത് പോലെ
അവളിലേക്ക്
അരൂപിയായ
വിസ്മയങ്ങൾ
അലയടിച്ചു

നിങ്ങളിൽ
പാപം ചെയ്യാത്തവർ
കല്ലെറിയട്ടെ…

അതിനിടയിലേതോ
ഒരു നിമിഷത്തിൽ
പ്രഭാതത്തിന്റെ
അലിവുള്ള
ഒരു ജലത്തുള്ളിയിലേക്ക്
അവൾ
മാഞ്ഞു പോയിരുന്നു

ലോകം
ആ കവിതയെ
കവിതയിൽ
മറന്ന്
വച്ചത് പോലെ…

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in, WhatsApp : 80 788 16827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here