നിധിൻ.വി.എൻ
മലയാള സിനിമയിലെ നിത്യഹരിത നായകന് ഇന്നലെ 92-ാം ജന്മദിനം. തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴിൽ ഷാഹുൽ ഹമീദിന്റെയും അസുമ ബീവിയുടെയും മകനായി 1926 ഏപ്രിൽ ഏഴിന് ജനിച്ചു. 1952-ൽ എസ്.കെ.ചാരിയുടെ ‘മരുമകൾ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അബ്ദുൾ ഖാദറിനെ, ‘വിശപ്പിന്റെ വിളി’ എന്ന ചിത്രത്തിന്റെ ചിത്രീകരണ വേളകിലാണ് തിക്കുറിശ്ശി സുകുമാരൻ നായർ നസീറായി നാമകരണം ചെയ്യുന്നത്. ‘പൊന്നാപുരം കോട്ട’ എന്ന സിനിമയിലൂടെ നസീർ എന്ന പേര് സംവിധായകൻ കുഞ്ചാക്കോ പ്രേം നസീർ എന്നാക്കി പുനർനാമകരണം ചെയ്തു.
‘മരുമകൾ’ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും, ‘വിശപ്പിന്റെ വിളി’ ആയിരുന്നു ആദ്യം പുറത്തുവന്ന ചിത്രം. കോളേജ് പഠനകാലത്ത് നാടക കലാരംഗത്തെ തന്റെ പ്രതിഭ തെളിയിച്ചു കൊണ്ടാണ് നസീർ സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. തമിഴിൽ 56 ചിത്രങ്ങളിലും, തെലുങ്കിൽ 21 ചിത്രങ്ങളും, കന്നഡയിൽ 32 ചിത്രങ്ങളുമായി 781 ചിത്രങ്ങളിൽ നസീർ അഭിനയിച്ചിട്ടുണ്ട്. ഏറ്റവുമധികം സിനിമകളിൽ നായകനായി അഭിനയിച്ചതിന്റെ ഗിന്നിസ് റെക്കോർഡും അദ്ദേഹത്തിന്റേതാണ്. ഒരേ നായികയോടൊപ്പം ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് നസീർ. ഷീലയോടൊപ്പം 130 ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു.
1980-ൽ പുറത്തിറങ്ങിയ നസീറിന്റെ 500-ാമത്തെ ചിത്രമായ ‘കരിപുരണ്ട ജീവിതങ്ങളിലെ’ അഭിനയത്തിന് ‘Outstanding Performance’ അവാർഡ് ലഭിച്ചു.1989-ൽ ധ്വനി വരെ നസീർ അഭിനയിച്ച സിനിമകൾ പ്രേക്ഷകർ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു.പ്രേമരംഗങ്ങളിൽ ചക്രവർത്തിയായ നസീർ 1989 ജനുവരി പതിനാറിന് അന്തരിച്ചു.