ലോക കേരള സഭ 2020 സാംസ്കാരിക വിനിമയത്തിന്‍റെ ഭാഗമായി നിയമസഭ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ പ്രവാസ സംഗീതിക അരങ്ങേറി. ലോക പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞയും, ബംഗ്ലാദേശ് സ്വദേശിനിയുമായ സാമിയ മെഹ്ബൂബ് അഹമ്മദ് അവതരിപ്പിച്ച സവിശേഷ ഹിന്ദുസ്ഥാനി സംഗീതം സദസ്സിന് പുത്തന്‍ അനുഭവമായി. തുടര്‍ന്ന് പ്രവാസ സംഗീതിക ഗ്ലോബല്‍ എക്സൈല്‍ മള്‍ട്ടി മീഡിയ മെഗാഷോ അവതരിപ്പിക്കപ്പെട്ടു. പ്രവാസ ജീവിതത്തിലൂടെ മലയാളി സ്വായത്തമാക്കിയ അന്തര്‍ദേശീയ സംഗീതങ്ങളിലൂടെ ഉള്ള ആലാപനദൃശ്യ യാത്രയാണ് നാടക ചലച്ചിത്ര സംവിധായകനും, ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ സാക്ഷാത്കാരം നിര്‍വ്വഹിച്ച പ്രവാസ സംഗീതിക. ആഫ്രിക്ക, റഷ്യ, അറേബ്യ, തെലുങ്കാന, തമിഴ് നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നുള്ള സംഗീത പ്രതിഭകളാണ് പ്രവാസ സംഗീതിക വേദിയില്‍ അവതരിപ്പിച്ചത്. പ്രമുഖ നൈജീരിയന്‍ സംഗീതജ്ഞന്‍ ജോര്‍ജ്ജ് അക്വിറ്റി അബ്ബാന്‍, യൂറോപ്പില്‍ നിന്നുള്ള സാക്സോഫോണ്‍ കലാകാരി അലീനവാഗിന്‍, സൂഫി ഗായിക അനിത ഷേക്ക്, ജാസി ഗിഫ്റ്റ്, സി.ജെ.കുട്ടപ്പന്‍, മത്തായി സുനില്‍ തുടങ്ങിയവര്‍ മലയാളിയുടെ പ്രവാസ ജീവിതചരിത്ര പരാമര്‍ശങ്ങള്‍ക്കൊപ്പം ഭൂഖണ്ഡങ്ങളുടെ സംഗീതം അവതരിപ്പിച്ചു. ആഫ്രിക്കന്‍ ജാംബേ സംഗീത ഉപകരണങ്ങള്‍ പ്രേക്ഷകര്‍ക്ക് കൈമാറി കൊണ്ടുള്ള വൈവിധ്യമാര്‍ന്ന മ്യൂസിക് ഇന്‍ട്രാക്ഷനും പ്രവാസി സംഗീതികയുടെ ഭാഗമായി.