വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ഭാഗം നാല്
അല്‍മിത്ര വീണ്ടും ചോദിച്ചു:
വിവാഹത്തെക്കുറിച്ച് ഞങ്ങളോട്
എന്താണ് പറയാനുള്ളത്?
അവന്‍ ഇങ്ങനെ പറഞ്ഞു:
നിങ്ങള്‍ ഒന്നിച്ചു ജനിച്ചു.
ഇനി എന്നെന്നും
ഒന്നിച്ചുതന്നെയായിരിക്കുക.
നിങ്ങളുടെ ദിനങ്ങളെ
മരണത്തിന്റെ വെണ്‍ചിറകുകള്‍ ശിഥിലമാക്കുംവരെ
നിങ്ങള്‍ ഒന്നിച്ചുതന്നെയാകട്ടെ.
നിശ്ശബ്ദമായ ദൈവസ്മരണകളില്‍പോലും
നിങ്ങള്‍ ഒന്നിച്ചായിരിക്കട്ടെ.
അപ്പോഴും നിങ്ങള്‍ക്കിടയില്‍
ഒഴിഞ്ഞ ആകാശങ്ങളുണ്ടാകട്ടെ.
സ്വര്‍ഗ്ഗീയമായ തെന്നല്‍
നിങ്ങള്‍ക്കിടയില്‍ നൃത്തംചെയ്യട്ടെ.
പരസ്പരം സ്നേഹിക്കുക.
എന്നാലത് സ്നേഹബന്ധനമാകാതിരിക്കട്ടെ.
മറിച്ച്, രണ്ട് ആത്മതീരങ്ങള്‍ക്കിടയില്‍
ചലിക്കുന്ന ആഴിയാകട്ടെ.
പരസ്പരം നിറയ്ക്കുക.
എന്നാല്‍ ഒരേ പാത്രത്തില്‍നിന്ന്
പാനം ചെയ്യാതിരിക്കുക.
പരസ്പരം പങ്കുവയ്ക്കുക.
എന്നാലത് ഒരേയപ്പമാകാതിരിക്കട്ടെ.
ഒരേ സംഗീതത്തെ പൊഴിക്കുമ്പോഴും
വീണയുടെ തന്ത്രികള്‍ ഒറ്റയായിരിക്കുന്നതുപോലെ,
ഒന്നിച്ച് ആടിപ്പാടി ആഹ്ലാദിക്കുമ്പോഴും
ഓരോരുത്തരും അവരവരായിരിക്കട്ടെ.
ഹൃദയങ്ങള്‍ പകരുക.
എന്നാലത് പരസ്പരം സൂക്ഷിക്കാനാവരുത്.
എന്തുകൊണ്ടെന്നാല്‍ ജീവിതഹസ്തത്തിനുമാത്രമെ
നിങ്ങളുടെ ഹൃദയത്തെ ഉള്‍ക്കൊള്ളാനാവൂ.
ഒന്നിച്ചു നില്ക്കുക.
എന്നാലത് തൊട്ടുതൊട്ട് വേണ്ട:
ക്ഷേത്രത്തിലെ തൂണുകള്‍
അകന്നകന്നാണ് നില്ക്കുന്നത്.
ഓക്കുമരവും സൈപ്രസും
ഒന്നൊന്നിന്റെ നിഴലില്‍ വളരുന്നില്ല.
ഒരു പിഞ്ചുകുഞ്ഞിനെ മാറോടു ചേര്‍ത്തു പിടിച്ചുകൊണ്ട് ഒരമ്മ പറഞ്ഞു:
ഞങ്ങളോട് കുഞ്ഞുങ്ങളെക്കുറിച്ച് സംസാരിക്കുക.
അവന്‍ പറഞ്ഞു:
നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളല്ല.
ജീവിതത്തിന് അതിനോടുതന്നെതന്നെയുള്ള
അഭിനിവേശത്തിന്റെ
പുത്രന്മാരും പുത്രികളുമാണ്.
നിങ്ങളിലൂടെയാണ് വന്നതെങ്കിലും നിങ്ങളില്‍നിന്നല്ല.
നിങ്ങളോടൊപ്പമുണ്ടെങ്കിലും നിങ്ങളുടേതല്ല.
നിങ്ങളുടെ സ്നേഹം അവര്‍ക്കു നല്കാം.
എന്നാല്‍ ചിന്തകള്‍ വേണ്ട.
എന്തുകൊണ്ടെന്നാല്‍ അവര്‍ക്ക്
അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങളെ നിങ്ങള്‍ക്ക് വീടുകളിലടച്ചിടാം.
എന്നാല്‍ അവരുടെ ആത്മാവിനെ
അവിടെ തളയ്ക്കാനാവില്ല.
സ്വപ്നങ്ങളില്‍പോലും നിങ്ങള്‍ക്ക് പ്രവേശിക്കാനാവാത്ത
നാളെയുടെ ഭവനങ്ങളിലാണ്
അവരുടെ ആത്മാവ് വസിക്കുന്നത്.
നിങ്ങള്‍ക്ക്
അവരെപ്പോലെയാകാന്‍ ശ്രമിക്കാം.
എന്നാല്‍ അവരെ
നിങ്ങളെപ്പോലെയാക്കാന്‍ ശ്രമിക്കേണ്ട.
എന്തുകൊണ്ടെന്നാല്‍ ജീവിതം പിന്നിലോട്ടൊഴുകുന്നില്ല.
ഇന്നലെയുമായി അത്
കിന്നാരംപറയുന്നുമില്ല.
നിങ്ങള്‍ വില്ലാണെങ്കില്‍
കുഞ്ഞുങ്ങള്‍ നിങ്ങളില്‍നിന്നും
എയ്തുവിടുന്ന ജീവസ്സുറ്റ അമ്പുകളാണ്.
അനന്തതയുടെ വഴിയില്‍ തന്റെ ലക്ഷ്യസ്ഥാനത്തെ വില്ലാളി ദര്‍ശിക്കുന്നു.
അതിവേഗത്തില്‍ ലക്ഷ്യത്തിലേക്കു കുതിക്കുവാനായി
അവന്‍ തന്റെ ശക്തിയില്‍
നിങ്ങളെ കുലയ്ക്കുന്നു.
വില്ലാളിയുടെ കയ്യിലുള്ള നിങ്ങളുടെ വളയല്‍ സന്തോഷത്തിനാകട്ടെ.
എന്തുകൊണ്ടെന്നാല്‍ പായുന്ന അമ്പിനെപ്പോലെ
ഉറപ്പുള്ള വില്ലിനെയും അവന്‍
അഗാധമായി സ്നേഹിക്കുന്നു.