വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ഭാഗം മൂന്ന്
അപ്പോള്‍ അല്‍മിത്ര പറഞ്ഞു:
ഞങ്ങളോട് സ്നേഹത്തെക്കുറിച്ച് സംസാരിക്കുക.
അവന്‍ തലയുയര്‍ത്തി
ജനങ്ങളെ ഒന്നു നോക്കി.
അവര്‍ക്കുമേല്‍ ഒരു നിശ്ചലത പ്രസരിച്ചു. നിശ്ചയദാര്‍ഢ്യമാര്‍ന്ന സ്വരത്തില്‍
അവന്‍ പറഞ്ഞു:
സ്നേഹം നിങ്ങളെ വിളിക്കുന്പോൾ അനുഗമിക്കുക.
വഴികള്‍ കഠിനവും
കുത്തനെയുമാണെങ്കിലും.
അതിന്റെ ചിറകുകള്‍
നിങ്ങളെ പൊതിയുന്പോള്‍
വഴങ്ങിക്കൊടുക്കുക.
തൂവലുകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന വാള്‍ നിങ്ങളെ മുറിവേല്പിക്കുമെങ്കിലും.
നിങ്ങളോടവന്‍ സംസാരിക്കുന്പോൾ വിശ്വസിക്കുക.
വടക്കന്‍കാറ്റ് പൂങ്കാവനങ്ങളെ കശക്കിയെറിയുന്നതുപോലെ,
അവന്റെ വാക്കുകള്‍
നിങ്ങളുടെ സ്വപ്നങ്ങളെ ചിതറിച്ചുകളയുമെങ്കിലും.
സ്നേഹം കീരീടമണിയിക്കുന്നതുപോലെ കുരിശിലേറ്റുകയും ചെയ്യും.
അവന്‍ നിങ്ങളുടെ വളര്‍ച്ചയ്ക്കൊപ്പമായിരിക്കുന്നതുപോലെ നിങ്ങളെ വെട്ടിയൊതുക്കുകയും ചെയ്യും.
നിങ്ങള്‍ക്കും മുകളിലേക്കുയര്‍ന്നുവന്ന്
സൂര്യനില്‍ വിറകൊള്ളുന്ന മൃദുശാഖകളെ തഴുകുന്നതോടൊപ്പം നിങ്ങളുടെ വേരുകളിലേക്കിറങ്ങിവന്ന് മണ്ണുമായുള്ള അതിന്റെ ആ പിടുത്തത്തെ ഒന്നുലക്കുകയും ചെയ്തേക്കും.
കതിര്‍ക്കറ്റകള്‍ അടുക്കുന്നതുപോലെ നിങ്ങളെയവന്‍ അവനിലേക്കു ചേര്‍ത്തുവയ്ക്കും. നഗ്നമാക്കുവാന്‍ നിങ്ങളെയവന്‍ മെതിക്കും. ഉമിയാറ്റാനായി നിങ്ങളെയവന്‍ പാറ്റും. തെളിച്ചെടുക്കാന്‍ അവന്‍ നിങ്ങളെ പൊടിക്കും. വഴക്കമാര്‍ജ്ജിക്കുംവരെ നിങ്ങളെ കുഴയ്ക്കും. അവസാനം, ദൈവത്തിന്റെ പരിശുദ്ധ വിരുന്നില്‍ വിശുദ്ധമായ അന്നമായിത്തീരുവാനായി യാഗാഗ്നിയില്‍ നിന്നെയവന്‍ ഹോമിക്കും.
ഹൃദയരഹസ്യങ്ങള്‍ തുറന്നറിയുവാനും ആ അറിവില്‍ സ്വയമഴിഞ്ഞ്
സമഷ്ടിയുടെ ഭാഗമായി മാറുവാനും ഇങ്ങനെയെല്ലാം സ്നേഹം
നിങ്ങളോടു ചെയ്തേക്കും.
എന്നാല്‍ ഭീതിമൂലം, സ്നേഹത്തിന്റെ സമാധാനവും സന്തോഷവും മാത്രമാണ് തേടുന്നതെങ്കില്‍, നഗ്നത മറച്ച്,
സ്നേഹത്തിന്റെ മെതിനിലത്തുനിന്നും
പൂര്‍ണ്ണമായി ചിരിക്കാനോ കരയാനോ കഴിയാത്ത ഋതുഭേദരഹിതമായ ലോകത്തേക്ക് ഒഴിഞ്ഞുപോകുന്നതുതന്നെയാണ് നല്ലത്.
സ്നേഹം സ്നേഹമല്ലാതെ ഒന്നും പകരുന്നില്ല. സ്നേഹത്തെയല്ലാതെ മറ്റൊന്നും സ്വീകരിക്കുന്നില്ല.
സ്നേഹം സ്വന്തമാക്കുന്നില്ല.
അതിനെ സ്വന്തമാക്കാനുമാവില്ല. എന്തുകൊണ്ടെന്നാൽ സ്നേഹത്തിന്
സ്നേഹം തന്നെയാണ് സാഫല്യം.
നിങ്ങള്‍ സ്നേഹത്തിലായിരിക്കുമ്പോള്‍ ദൈവം എന്റെ ഹൃദയത്തിലാണെന്ന് പറയാതിരിക്കുക. മറിച്ച്, ഞാന്‍ ദൈവത്തിന്റെ ഹൃദയത്തിലാണെന്ന് പറയുക.
സ്നേഹത്തിന്റെ ഗതിവിഗതികളെ സ്വയം നിയന്ത്രിക്കാമെന്ന് കരുതരുത്.
നിങ്ങള്‍ യോഗ്യനെങ്കില്‍ സ്നേഹം നിങ്ങളെ വഴിനടത്തുകയാണ് ചെയ്യുക.
സ്വയം നിറയുകയെന്നതല്ലാതെ
മറ്റൊരു ലക്ഷ്യവും സ്നേഹത്തിനില്ല. സ്നേഹത്തിലായിരിക്കുന്പോള്‍ ആഗ്രഹങ്ങള്‍ വേണമെന്ന് നിങ്ങള്‍ക്ക് നിര്‍ബന്ധമെങ്കില്‍
ഇവയൊക്കെയായിരിക്കട്ടെ നിങ്ങളുടെ അഭിലാഷങ്ങള്‍:
സ്വയമുരുകി, രാത്രിയോട് രാഗങ്ങള്‍ പാടിയൊഴുകുന്ന ഒരരുവിയാകുക. അതിലോലമായ ഹൃദയാതുരതയുടെ നോവറിയുക.
സ്നേഹത്തെക്കുറിച്ചുള്ള നിങ്ങളുടെ സ്വന്തം ധാരണയാല്‍ ആഴത്തില്‍ മുറിവേല്ക്കുക. പൂര്‍ണ്ണമനസ്സോടെയും ഹര്‍ഷോന്മോദത്തോടെയും രക്തമൊഴുക്കുക.
വിരിഞ്ഞ ഹൃദയത്തോടെ പുലരുന്നതിനു മുന്പേയുണർന്ന് സ്നേഹത്തിന്റെ മറ്റൊരു ദിനത്തിന് നന്ദി പറയുക.
മദ്ധ്യാഹ്നത്തില്‍ സ്വസ്ഥരായി സ്നേഹാര്‍ദ്രതയെ ധ്യാനിക്കുക.
സായാഹ്നമായാല്‍, നിറഞ്ഞ കൃതജ്ഞതയോടെ സ്വഭവനത്തിലേക്കു മടങ്ങുക.
എന്നിട്ട്, നിങ്ങളുടെ ഹൃദയത്തെ പുണര്‍ന്നുനില്ക്കുന്ന പ്രിയതമനുവേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയും അധരങ്ങളില്‍ മൗനമായ സങ്കീര്‍ത്തനത്തോടെയും നിദ്രയിലേക്കു പ്രവേശിക്കുക.
(തുടരും………)