പ്രവാചകൻ – 2

0
988
പ്രവാചകൻ – ഖലീൽ ജിബ്രാൻ

വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്

ഭാഗം രണ്ട്.

അവന്‍ നഗരത്തിലേക്ക് പ്രവേശിച്ചതോടെ എല്ലാവരും കരഞ്ഞുവിളിച്ച് അവനിലേക്കു വന്നു. നഗരത്തിലെ പ്രായംചെന്നവര്‍ മുന്നോട്ടുവന്ന് അവനോടു പറഞ്ഞു:

ഞങ്ങളെയുപേക്ഷിച്ച് അകന്നു പോകരുതേ. ഞങ്ങളുടെ സായന്തനത്തില്‍ നീയൊരു മദ്ധ്യാഹ്നമായിരുന്നു.
നിന്റെ യൗവനം ഞങ്ങള്‍ക്ക് സ്വപ്നം കാണുവാനുള്ള സ്വപ്നങ്ങള്‍ നല്കി.
ഞങ്ങള്‍ക്ക് നീയൊരു അപരിചതനോ അതിഥിയോ ആയിരുന്നില്ല.
പിന്നെയോ ഞങ്ങള്‍ക്കേറെ അടുപ്പമുള്ള
പ്രിയനും പുത്രനുമായിരുന്നു.
നിന്റെയീ മുഖദര്‍ശനത്തിനായി
വിശന്നിരിക്കാന്‍ ഞങ്ങളുടെ കണ്ണുകള്‍ക്ക് ഇടവരുത്തരുതേ..

തുടര്‍ന്ന് പുരോഹിതന്മാരും പുരോഹിതകളും അവനോട് പറഞ്ഞു:
നമ്മെ വേര്‍പ്പെടുത്താന്‍ കടലിലെ തിരമാലകളെ അനുവദിക്കരുതേ.
ഞങ്ങള്‍ക്കൊപ്പം നീ ചിലവഴിച്ച സംവത്സരങ്ങളെല്ലാം
ഒരോര്‍മ്മമാത്രമായി മാറാന്‍
ഇടയാക്കരുതേ.

ഞങ്ങള്‍ക്കിടയില്‍ ഒരു വെളിച്ചമായി നീ സഞ്ചരിച്ചു.
നിന്റെ നിഴല്‍ ഞങ്ങളുടെ മുഖങ്ങളില്‍
വെളിച്ചം വിതറി.
ഞങ്ങളത്രമാത്രം നിന്നെ സ്നേഹിച്ചു.
അത് വാക്കിലൂടെ പറയാനാവുകയേയില്ല. മൂടുപടത്താല്‍
മൂടപ്പെട്ടതുപോലെയായിരുന്നു അത്.
എന്നാല്‍ ഇപ്പോഴത് നിനക്കുമുന്നില്‍ നിലവിളിക്കുന്നു.
അത് നിനക്കു മുന്നില്‍ വിവസ്ത്രയായി നില്ക്കുന്നു.
വേര്‍പിരിയുന്ന നിമിഷംവരെ
സ്നേഹം അതിന്റെ അഗാധമായ ആഴത്തെ അറിയുന്നതേയില്ല.

മറ്റുള്ളവരും അവനടുത്തേക്കുവന്ന് അപേക്ഷിച്ചു. അവന്‍ അവരോട് ഒന്നും പറഞ്ഞില്ല.
തലകുനിച്ചു നില്ക്കുക മാത്രം ചെയ്തു.
അവന്റെ മാറിലേക്ക് കണ്ണുനീര്‍ പെയ്തുവീഴുന്നത് അവനടുത്തുനിന്നവര്‍ മാത്രം കണ്ടു.
തുടര്‍ന്ന് അവനും ആള്‍ക്കൂട്ടവും ദേവാലയാങ്കണത്തിനു മുന്നിലുള്ള
വിശാലമായ നടുത്തളത്തിലേക്കു നടന്നു.

അപ്പോള്‍ ദേവാലയത്തില്‍നിന്നും ഒരു സ്ത്രീ ഇറങ്ങിവന്നു.
അവള്‍ക്കുപേര്‍ അല്‍മിത്ര.
അവളൊരു സന്യാസിനി.
അലിവൂറും മിഴികളോടെ അവനവളെ നോക്കി. അവന്‍ നഗരത്തിലെത്തിയ ദിവസം അവനിലേക്കു വരികയും അവനില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്തവളായിരുന്നു അല്‍മിത്ര.

അവനെ അഭിവാദ്യം ചെയ്തുകൊണ്ട് അവള്‍ പറഞ്ഞു:
ദൈവത്തിന്റെ പ്രവാചകാ,
പരമമായതിനെ തേടിയുള്ള നിന്റെ യാത്രയില്‍, നിന്റെ കപ്പലിനായി നീ ഏറെനാള്‍ തിരഞ്ഞു. ഇപ്പോഴിതാ നിന്റെ കപ്പല്‍ തീരത്തണഞ്ഞിരിക്കുന്നു.
ഇനി നീ തീര്‍ച്ചയായും പോകേണ്ടതുണ്ട്.

മഹത്തായ അഭിലാഷങ്ങളുടെ വാസസ്ഥാനത്തിനും സ്മരണകളുടെ രാജ്യത്തിനും വേണ്ടിയുള്ള നിന്റെ അടങ്ങാത്ത തേടല്‍ അത്രയും അഗാധമായിരുന്നു.
ഞങ്ങളുടെ സ്നേഹം നിന്നെ ബന്ധിക്കുകയോ ഞങ്ങളുടെ ആവശ്യങ്ങള്‍ നിന്നെ തടഞ്ഞുനിറുത്തുകയോ ചെയ്യില്ല.

ഞങ്ങളെ വിട്ടുപിരിയുന്നതിനുമുമ്പ് ഇതുമാത്രം ഞങ്ങള്‍ നിന്നോടു ചോദിക്കുന്നു.
നീ ഞങ്ങളോട് നിന്റെ സത്യത്തെ പറയുക. ഞങ്ങളത് ഞങ്ങളുടെ മക്കളോടു പറയും.
അവര്‍ അവരുടെ മക്കളിലേക്കത് പകരും. അങ്ങനെയത് എന്നെന്നും നിലനില്ക്കും.

നിന്റെ ഏകാകിതയില്‍ ഞങ്ങളുടെ ദിനരാത്രങ്ങള്‍ക്ക് നീ കാവലാളായി.
നിന്റെ ഉണര്‍വ്വുകളില്‍ ഞങ്ങളുടെ നിദ്രയിലെ തേങ്ങലും പൊട്ടിച്ചിരിയും നീ ശ്രദ്ധയോടെ ചെവിയോര്‍ത്തു.
അതുകൊണ്ട് ‍ഞങ്ങള്‍ക്ക് ഞങ്ങളെ ഇപ്പോള്‍ വെളിപ്പെടുത്തിത്തരിക. ജനനമരണങ്ങള്‍ക്കിടയില്‍ നിനക്കു വെളിപ്പെട്ടതിനെക്കുറിച്ചെല്ലാം ഞങ്ങളോടു സംസാരിക്കുക.

അവന്‍ പറഞ്ഞു: ഓര്‍ഫലീസിലെ ജനങ്ങളേ, നിങ്ങളുടെ ആത്മാവുകളില്‍
സ്പന്ദിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചല്ലാതെ മറ്റെന്താണെനിക്ക് സംസാരിക്കാനാവുക?

അപ്പോള്‍ അല്‍മിത്ര പറഞ്ഞു:
ഞങ്ങളോട് സ്നേഹത്തെക്കുറിച്ച് സംസാരിക്കുക.

അവന്‍ തലയുയര്‍ത്തി ജനങ്ങളെ ഒന്നു നോക്കി. അവര്‍ക്കുമേല്‍ ഒരു നിശ്ചലത പ്രസരിച്ചു. നിശ്ചയദാര്‍ഢ്യമാര്‍ന്ന സ്വരത്തില്‍ അവന്‍ പറഞ്ഞു:

(തുടരും.. )

LEAVE A REPLY

Please enter your comment!
Please enter your name here