വിവർത്തനം : ഷൗക്കത്ത്
ചിത്രീകരണം : സംഗീത്
ഭാഗം പതിനൊന്ന്
കൊടുക്കൽ വാങ്ങലുകൾ
പിന്നീട് ഒരു കച്ചവടക്കാരന്‍ പറഞ്ഞു:
വാങ്ങുന്നതിനെയും വില്ക്കുന്നതിനെയും കുറിച്ച്
ഞങ്ങളോട് പറയുക.
ഭൂമി നിങ്ങള്‍ക്കായി ഫലങ്ങള്‍ നല്കുന്നു.
എങ്ങനെയത് സ്വീകരിക്കണമെന്ന് അറിയുമായിരുന്നെങ്കില്‍
നിങ്ങള്‍ക്ക് ആഗ്രഹങ്ങള്‍ ഉണ്ടാകുമായിരുന്നേയില്ല.
ഭൂമിയുടെ അനുഗ്രഹങ്ങള്‍
പരസ്പരം പങ്കുവയ്ക്കുന്നതിലൂടെയാണ്
നിങ്ങള്‍ സമൃദ്ധരും തൃപ്തരുമാകുക.
എന്നാല്‍ പങ്കുവയ്ക്കല്‍ സ്നേഹത്തോടെയും
കരുതലോടെയും നീതിയോടെയുമല്ലെങ്കില്‍
അത് ചിലരെ അത്യാര്‍ത്തിയിലേക്കും
മറ്റു ചിലരെ പട്ടിണിയിലേക്കും നയിക്കും.
കടലിലും മുന്തിരിത്തോപ്പിലും വയലുകളിലും
അദ്ധ്വാനിക്കുന്നവരായ നിങ്ങള്‍
കച്ചവടസ്ഥലത്തുവെച്ച്
നെയ്ത്തുകാരെയും കുശവോന്മാരെയും
സുഗന്ധദ്രവ്യങ്ങള്‍ ശേഖരിക്കുന്നവരെയും കണ്ടുമുട്ടുമ്പോള്‍,
മൂല്യവിവേചനംചെയ്യുന്ന ത്രാസ്സുകളെയും
കണക്കുകളെയും കുറ്റമറ്റതാക്കാന്‍
ഭൂമിയുടെ മഹനീയ ചൈതന്യത്തെ
നിങ്ങളിലേക്ക് ആവാഹിച്ചുണര്‍ത്തുവിന്‍!
വാചകമടിച്ച് നിങ്ങളുടെ അദ്ധ്വാനത്തെ
സ്വന്തമാക്കുന്ന ശൂന്യഹസ്തരെ
നിങ്ങളുടെ കൊടുക്കല്‍വാങ്ങലുകളില്‍
ഇടപെടുത്താതിരിക്കുക.
അങ്ങനെയുള്ളവരോട് പറയുക:
ഞങ്ങളോടൊപ്പം വയലിലേക്കു വരിക.
അതുമല്ലെങ്കില്‍ ഞങ്ങളുടെ സഹോദരങ്ങളോടൊപ്പം
കടലില്‍പോയി വലവീശുക.
കരയും കടലും ഞങ്ങളോടെന്നപോലെ
നിങ്ങളോടും കനിയാതിരിക്കില്ല.
പാട്ടുപാടുന്നവരും നര്‍ത്തകരും
പുല്ലാങ്കുഴലൂതുന്നവരും
ആ വഴി വരികയാണെങ്കില്‍
അവരുടെ സമ്മാനങ്ങള്‍ വാങ്ങുക.
അവരും പഴങ്ങളും കുന്തിരിക്കവും
ശേഖരിക്കുന്നവരാണ്.
അവര്‍ കൊണ്ടുവരുന്നത്
സ്വപ്നാവിഷ്ക്കാരങ്ങളാണെങ്കിലും
അത് നിങ്ങളുടെ ആത്മാവിനുള്ള
അന്നവും വസ്ത്രവുമാണല്ലോ!
ചന്തസ്ഥലത്തുനിന്ന് മടങ്ങുന്നതിനുമുമ്പ്
ശൂന്യമായ കൈകളോടെ
ആരും പോകുന്നില്ലെന്ന് ഉറപ്പുവരുത്തുക.
നിങ്ങളില്‍ ഏറ്റവും ദരിദ്രനായവന്റെ
ആവശ്യങ്ങള്‍ നിറവേറുംവരെ
ഭൂമിയുടെ മഹനീയചൈതന്യം വിശ്രമമില്ലാതെ
അശാന്തമായി കാറ്റിലലഞ്ഞുകൊണ്ടേയിരിക്കും.