‘എസ് ദുര്‍ഗ’ ആസ്വദിച്ച് ചിത്രീകരിച്ച സിനിമ: പ്രതാപ്‌ ജോസഫ്

0
1426

പ്രതാപ്‌ ജോസഫ് / ബിലാല്‍ ശിബിലി

വിവാദങ്ങള്‍ക്കും സെന്‍സര്‍ കുരുക്കുകള്‍ക്കും ശേഷം ‘എസ് ദുര്‍ഗ’ കേരളത്തില്‍ വെള്ളിയാഴ്ച്ച റിലീസ് ചെയ്യുകയാണ്‌. നെതർലന്റിലെ റോട്ടർഡാം ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയ ചിത്രത്തിന് IFFK യിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും വേണ്ടത്ര പരിഗണന ലഭിച്ചില്ല എന്ന പരാതി ഉയര്‍ന്നിരുന്നു.

ചിത്രത്തിന്റെ പേര് ‘സെക്‌സി ദുർഗ’ എന്നായതിനാൽ മതവികാരം വൃണപ്പെടുത്തുന്നു എന്ന് പറഞ്ഞു പരാതികള്‍ ഉയര്‍ന്നിരുന്നു. ചിത്രത്തിന് ദുർഗാ ദേവിയുമായി ഒരു തരത്തിലും ബന്ധമില്ലെന്ന് സംവിധായകൻ വിശദീകരിച്ചിരുന്നു. പക്ഷെ, സിനിമയുടെ പേര് ‘സെക്സി ദുര്‍ഗ’ എന്നതിന് പകരം ‘എസ് ദുര്‍ഗ എന്ന് ആക്കേണ്ടി വന്നിരുന്നു.

ഛായാഗ്രാഹക മികവിന് റഷ്യയിലെ തർക്കോവ്സ്കി ഫിലിം ഫെസ്റ്റിവലിലെ പുരസ്കാരവും സിനിമയെ തേടിയെത്തിയിരുന്നു. സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് പ്രതാപ് ജോസഫാണ്.

പ്രതാപ്‌ ജോസഫ്
മാധ്യമ പ്രവര്‍ത്തകന്‍, ഛായാഗ്രാഹകൻ, സംവിധായകന്‍

ശ്രദ്ധേയമായ സിനിമകള്‍

കുറ്റിപ്പുറം പാലം
52 സെക്കന്‍ഡ് – ഷോര്‍ട്ട് ഫിലിം
അവള്‍ക്കൊപ്പം
ശവം – ദി കോർപ്സ് (ഛായാഗ്രഹണം)
ഏലി ഏലി ലാമാ സാബഖ്താനി (ഛായാഗ്രഹണം)
എസ് ദുര്‍ഗ (ഛായാഗ്രഹണം)
രണ്ടു പേര്‍ ചുംബിക്കുമ്പോള്‍

ശ്രദ്ധേയമായ പുരസ്കാരങ്ങള്‍

റഷ്യന്‍ തർക്കോവ്സ്കി പുരസ്‌കാരം
മികച്ച ഛായാഗ്രാഹകനുള്ള പി ജെ ആന്റണി പുരസ്‌കാരം

പ്രതാപ് ജോസഫ് ആത്മ ഓണ്‍ലൈനോട്‌ സംസാരിക്കുന്നു

സിനിമയും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടോ?

IFFK യില്‍ നിന്ന് സിനിമ പിന്‍വലിച്ചതുമായി ബന്ധപെട്ട വിവാദങ്ങള്‍ ആണ്. അന്തര്‍ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായ പുരസ്കാരങ്ങള്‍ നേടിയ സിനിമയെ ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ ആയിരുന്നു ഉള്‍പെടുത്തിയിരുന്നത്. അതിന് ശേഷമുള്ള സ്വാഭാവികമായ ഏറ്റുമുട്ടല്‍ ആണ് സര്‍ക്കാരുമായി ഉള്ളത്.

ഞങ്ങളുടെ ‘ഉന്മാദിയുടെ മരണം’ എന്ന സിനിമക്ക് ചില സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സബ്സിഡി നിഷേധിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്.

സിനിമ പിന്‍വലിച്ചത് കൊണ്ടാണോ ?

അങ്ങനെ വേണം കരുതാന്‍. ഇത്തരം സിനിമകള്‍ സര്‍ക്കാര്‍ ആണ് പ്രോത്സാഹിപ്പിക്കേണ്ടത്.

അക്കാദമിയുടെയും സര്‍ക്കാരിന്‍റെയും ഭാഗത്ത് നിന്ന് നെഗറ്റീവ് പ്രതികരണം മാത്രമാണോ ലഭിച്ചത്?

അങ്ങനെ നെഗറ്റീവ് റെസ്പോൺസ് എന്ന് പറയാന്‍ പറ്റില്ല. സിനിമ അവര്‍ IFFK യിലേക്ക് തെരഞ്ഞെടുത്തിരുന്നു. പക്ഷെ…

വാര്‍ത്താ പ്രാധാന്യം ലഭിക്കാനാണ് പിന്‍വലിച്ചത് എന്നുള്ള സംസാരം ഉണ്ടല്ലോ ?

സിനിമ പൂര്‍ണ്ണമായും സംവിധായകന്‍റെയാണ്. സനലിന് അതൊരു ഒതുക്കലായി തോന്നിയത് കൊണ്ടാണ് അദ്ദേഹം അത് പിന്‍വലിച്ചത്. വാര്‍ത്താപ്രാധാന്യം കിട്ടാന്‍ വേണ്ടിയാണ് എന്ന് പറയാന്‍ പറ്റില്ല.

വിവാദങ്ങള്‍

വിവാദം ഉണ്ടാക്കാനുള്ള യാതൊന്നും സിനിമയിലില്ല. ആളുകള്‍ സിനിമ കണ്ടിട്ടല്ലല്ലോ എതിര്‍ക്കുന്നത്. പേര് കേട്ട് കുറച്ച് സംഘികള്‍ ഇളകി എന്നല്ലാതെ, മതത്തിന്‍റെ പേരിലുള്ള ഒന്നും സിനിമയില്‍ ഇല്ല.

മുഖ്യധാര മാധ്യമങ്ങളും പിന്തുണയും

നല്ല പിന്തുണയാണ് റിലീസ് പ്രഖ്യാപിച്ചത് മുതല്‍ കിട്ടിക്കൊണ്ടിരിക്കുന്നത്. ഇന്ന് വരെ ഇല്ലാത്ത ഒരു രൂപത്തിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. ഓരോ സ്ഥലത്തും അവിടെയുള്ള പ്രാദേശിക കൂട്ടങ്ങളാണ് വിതരണക്കാര്‍ ആവുന്നത്. പിന്നെ, മുഖ്യധാര മാധ്യമങ്ങള്‍ ഒരിക്കലും സമാന്തര സിനിമകളെ പ്രോത്സാഹിപ്പിക്കാറില്ലല്ലോ.

സിനിമയുടെ ലൈറ്റിംഗ്

സിനിമ ഏതാണ്ട് മുഴുവനായും രാത്രിയാണ് ചിത്രീകരിച്ചിട്ടുള്ളത്‌. ഒരു രാത്രി തുടര്‍ച്ചയായി നടക്കുന്ന കാര്യങ്ങള്‍ ആണ് സിനിമയിലുള്ളത്. പതിനഞ്ചും ഇരുപതും മിനുട്ടുകള്‍ ഉള്ള വലിയ ഷോട്ടുകള്‍ ആയിരുന്നു. പൂര്‍ണമായും അവൈലബിള്‍ ലൈറ്റില്‍ ആണ് ഷൂട്ട്‌ ചെയ്തത്. അത്രയും നീളമേറിയ ഷോട്ടുകള്‍ ലഭ്യമായ വെളിച്ചത്തില്‍ ചിത്രീകരിച്ചത് വലിയ വെല്ലുവിളി ആയിരുന്നു.

അത് വിജയിച്ചു എന്നാണ് സിനിമ കണ്ട ആളുകളുടെ പ്രതികരണങ്ങളില്‍ നിന്ന് മനസിലാവുന്നത്. റഷ്യയില്‍ നിന്ന് മികച്ച ക്യാമറക്കുള്ള അവാര്‍ഡ്‌, റോട്ടർഡാം അവാര്‍ഡ്‌ ഒക്കെ അതാണ്‌ വ്യക്തമാക്കി തരുന്നത്. ബാക്കി, കേരളത്തിലെ കാണികള്‍ കണ്ടിട്ട് തീരുമാനിക്കേണ്ടതാണ്.

തിരുവനന്തപുരം കോവളം ഹൈവേയില്‍ വെച്ചാണ് സിനിമ ചിത്രീകരിച്ചത്. വാഹനങ്ങള്‍ ഏറ്റവും കുറവുള്ള രാത്രി 12 മണി മുതല്‍ 4 മണി വരെയുള്ള സമയത്താണ് ഷൂട്ട്‌ ചെയ്തത്. ആ സമയം ലഭ്യമായ വാഹനങ്ങളുടെ വെളിച്ചം, സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചം എന്നിവയൊക്കെയാണ് ഉപയോഗിച്ചത്. അധികം വെളിച്ചം ഒന്നും ഉപയോഗിച്ചിട്ടില്ല.

ഒരു പക്ഷെ, ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു ഉദ്യമം. അതും ഇത്രയും നീളമേറിയ ഷോട്ടുകള്‍. ആരും ധൈര്യപ്പെടില്ല. 20 ദിവസമായിരുന്നു ഷൂട്ടിംഗ്. എസ് ദുര്‍ഗ ഏറ്റവും നന്നായി ആസ്വദിച്ച് ചെയ്ത ചിത്രമാണ്‌.

എസ് ദുര്‍ഗയിലേക്ക് എത്തിയത്

ഇവരുടെ തന്നെ ‘ഏലി ഏലി ലാമാ സാബഖ്താനി’ സിനിമയുടെ ക്യാമറ ചെയ്തിരുന്നു. മുമ്പ് തന്നെ സനലുമായി സൗഹൃദം ഉണ്ടായിരുന്നു. ഏലിയിലേക്ക് സനല്‍ ആണ് വിളിക്കുന്നത്. അതിന്‍റെ സംവിധായകന്‍ ജിജു ആന്റണി ആണ്.

രണ്ടു പേര്‍ ചുംബിക്കുമ്പോള്‍

സമാന്തരമായി നടക്കുന്ന ഫിലിം ഫെസ്റ്റുകളില്‍ ഒക്കെയാണ് സിനിമ സ്ക്രീന്‍ ചെയ്തത്. ഇപ്പോള്‍ ഏതാണ്ട് 40 ഓളം സ്ഥലങ്ങളില്‍ സിനിമ കാണിച്ചു കഴിഞ്ഞു. സിനിമ സെന്‍സര്‍ ചെയ്യുകയോ ഒന്നും ചെയ്തിട്ടില്ല. കൊമേര്‍ഷ്യല്‍ റിലീസ് ഉദ്ദേശിച്ചിട്ടില്ല.

എന്ത് കൊണ്ട് സമാന്തര സിനിമ ?

നമ്മളിപ്പോള്‍ സെക്സി ദുര്‍ഗയുടെ കാര്യം തന്നെ കണ്ടല്ലോ. കൊമേര്‍ഷ്യല്‍ റിലീസ് ചെയ്യണമെങ്കില്‍, സിനിമ സെന്‍സര്‍ ചെയ്യണം. സെന്‍സര്‍ ബോര്‍ഡ് അതില്‍ ഒരുപാട് പ്രശ്നങ്ങള്‍ പറയും. അങ്ങനെയുള്ള പ്രതിസന്ധികള്‍ ഉള്ളത് കൊണ്ടാണ്, ഒരു കലാകാരന്‍ എന്ന നിലക്കുള്ള സ്വാതന്ത്ര്യം ലഭിക്കുന്ന സമാന്തര സിനിമയിലേക്ക് വരുന്നത്.

സെന്‍സറിങ്ങ് ആവശ്യമില്ല ?

ഞാന്‍ സെന്‍സറിങ്ങിന് എതിരാണ്. കലാസൃഷ്ടിക്ക് ഒരു തരത്തിലുമുള്ള സെന്‍സറിങ്ങും ആവശ്യമില്ല. ഇന്ത്യയില്‍ സിനിമക്ക് മാത്രമേ നിയന്ത്രണം ഉള്ളു. കഥ, നോവല്‍, നാടകം ഇതിനൊന്നും സെന്‍സറിങ്ങ് ഇല്ല. സിനിമക്ക് മാത്രമായി എന്തിനാണ് സെന്‍സറിങ്ങ്? സിനിമ പോലൊരു മാധ്യമത്തെ ഭരണകൂടം പേടിക്കുന്നു.

സംസ്ഥാന അവാര്‍ഡ്‌

സിനിമക്ക് സംസ്ഥാന അവാര്‍ഡില്ല. ഇതൊക്കെ ഒരു ജൂറി തീരുമാനിക്കുന്നതാണ് എന്ന് വേണമെങ്കില്‍ പറയാം. ബോധപൂര്‍വ്വം അവഗണിച്ചു എന്ന് ആരോപിക്കാന്‍ ഒന്നും പറ്റില്ല. ഒരു പരാമര്‍ശം പോലും ഉണ്ടായില്ല. സിനിമ കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെ, അത് ബോധപൂര്‍വ്വം ആയിരുന്നോ അല്ലയോ എന്ന്.

എന്ത് കൊണ്ട് ‘സെക്സി’ ദുര്‍ഗ

സിനിമയിലെ സംഭവവികാസങ്ങള്‍ പുരോഗമിക്കുമ്പോള്‍ സമാന്തരമായി അപ്പുറത്ത് ഒരു ഉത്സവം കാണിക്കുന്നുണ്ട്. ഒരു ഭാഗത്ത് ദുര്‍ഗയെ ദേവി ആയി കണ്ട് പൂജിക്കുമ്പോള്‍, മറുഭാഗത്ത് അവളെ ‘സെക്സി’ ആയി മാത്രം കാണുന്നു. അവളിലെ ശരീരം മാത്രം ശ്രദ്ധിക്കുന്നു.

രാത്രി കാലങ്ങളില്‍ ഇവിടെ നിലനില്‍ക്കുന്ന സദാചാര ബോധങ്ങളോടാണ് സിനിമ സംവദിക്കുന്നത്. ആറു കഥാപാത്രങ്ങള്‍ ആണ് ഉള്ളത്. എല്ലാം തുല്യ പ്രാധാന്യമുള്ളവയാണ്.

മുഖ്യധാര സിനിമയില്‍ അല്ലേ കൂടുതല്‍ പ്രേക്ഷകരെ കിട്ടുക ?

അല്ലാതെ തന്നെ എന്‍റെ സിനിമകള്‍ ആളുകളിലേക്ക് എത്തുന്നുണ്ട് എന്നാണ് എന്‍റെ വിശ്വാസം. ആളുകളുടെ അഭിരുചിക്ക് അനുസരിച്ച് സിനിമ ചെയ്യാന്‍ അല്ല, എന്റെ അഭിരുചിക്കനുസരിച്ച് സിനിമ ചെയ്യാനാണ് ആഗ്രഹിക്കുന്നത്.

പ്രേക്ഷകരോട്

എസ് ദുര്‍ഗ കാണട്ടെ കേരളത്തിലെ പ്രേക്ഷകര്‍. എന്നിട്ട്, അവര്‍ തീരുമാനിക്കട്ടെ, IFFK യിലും സംസ്ഥാന അവാര്‍ഡിലും മറ്റെന്തെങ്കിലും പൊളിറ്റിക്സ് നടന്നിട്ടുണ്ടോ എന്ന്.

LEAVE A REPLY

Please enter your comment!
Please enter your name here