കവിത
പ്രതാപ് ജോസഫ്
നട്ടെല്ല് ഒരു ആറുവരി അതിവേഗപാതയാണ്
വാഹനങ്ങൾ ഇരമ്പിയാർക്കുന്നതിന്റെ വെളിച്ചമല്ലാതെ മറ്റൊന്നും കാണാനില്ല
എന്റെ കൈകൾ ഏതോ വിദൂരഗ്രാമത്തിലേയ്ക്കുള്ള പാതകളാണ്
അതിന്റെയറ്റത്ത്
വലിയ കുന്നിൻചെരുവിൽ
ഓലമേഞ്ഞ വീട്ടിൽ ഒറ്റയ്ക്കൊരാൾ വസിക്കുന്നു
മഴപെയ്യുന്നുണ്ട്, കാറ്റടിക്കുന്നുണ്ട്
മണ്ണെണ്ണയും വാങ്ങി അയാൾ വീട്ടിലേയ്ക്ക് മടങ്ങുന്നു
എന്റെ ഹൃദയത്തിന്റെ ഇരുട്ടുനിറഞ്ഞ മൂലയ്ക്ക്
ഒരാൾ തോണിയിറക്കിയിരിക്കുന്നു
ഒരു ചിമ്മിനി വെളിച്ചത്തിൽ അയാൾ ചൂണ്ടയിടുകയാണ്
അമ്മയില്ലാത്ത ഒരു കുട്ടി
വീട്ടിൽ ഒറ്റയ്ക്കുറങ്ങുന്നതിന്റെ ആധിയുണ്ട്,
അയാളുടെ ചിമ്മിനിവിളക്കിന്റെ തെളിച്ചമില്ലാത്ത കത്തലിൽ
ഷട്ടറുതാഴ്ത്തിയിരിക്കുന്ന ഒരു കടമുറിക്കുമുന്നിൽ
ഒരു വൃദ്ധൻ കൂനിയിരിക്കുന്നു
അയാൾക്ക് തണുക്കുന്നുണ്ട്, അയാൾക്ക് വിശക്കുന്നുണ്ട്, അയാൾക്ക് ഉറങ്ങണമെന്നുമുണ്ട്
അയാളെ ആരും ഗൗനിക്കുന്നില്ല
ഏറ്റവും തിരക്കേറിയ നഗരംവീഥിപോലെ ചിലയിടങ്ങൾ
ഏറ്റവും വിജനമായ ഗ്രാമപാതപോലെ ചിലയിടങ്ങൾ
ചെറുപട്ടണങ്ങൾ പോലെ ചിലയിടങ്ങൾ
വിദൂരവൻകരകളിലേയ്ക്കെന്നപോലെ
ഓരോ ദിവസവും
അണിഞ്ഞൊരുങ്ങി ആർഭാടത്തോടെ
ഞാൻ, എന്റെ ശരീരത്തിലേക്ക് തിരിക്കുന്നു
ഏതെങ്കിലും ഒരു കവലയിലെത്തി
ഹതാശനായി മുഖംകുനിച്ചിരിക്കുന്നു
പെട്ടെന്നൊരുദിവസം മുഖാവരണങ്ങൾ അണിഞ്ഞ ഒരു ജനസഞ്ചയമല്ല എനിക്കുമുന്നിൽ
നൂറ്റാണ്ടുകളായി വിധേയപ്പെട്ട് വിധേയപ്പെട്ട്അ
വരുടെ മുഖംതന്നെ ഒരു മുഖാവരണമായിരിക്കുന്നു
അവരോരോരുത്തരും ഞാനല്ലാതെ മറ്റാരുമല്ല
വാക്കുകൾ കുഴഞ്ഞുകുഴഞ്ഞ് വലപോലെ ആയിരിക്കുന്നു
ചിത്രങ്ങൾ അളിഞ്ഞളിഞ്ഞ് ചെളിപോലെയായിരിക്കുന്നു
വലയും ചെളിയും കൂടിച്ചേർന്ന്
എന്തോപോലെയായിരിക്കുന്നു
എനിക്കീ വാക്കുകളും ചിത്രങ്ങളും
അഴിച്ചെടുത്തേ മതിയാവൂ
…
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം) editor@athmaonline.in,
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ ആൻഡ്രോയ്ഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്യൂ…