പ്രണയം പിരിയുമ്പോൾ

0
770
athmaonline-yahiya-muhammed

കവിത

യഹിയാ മുഹമ്മദ്

പ്രണയം പിരിയുമ്പോൾ
ഒരു കടൽ ഉടലാകെ
മൂടി വെക്കും

പ്രളയം ഒടുങ്ങിയതിന് ശേഷമുള്ള അശാന്തതയിൽ
രണ്ട് വൻകരകൾ പിറവിയെടുക്കും.

ഏകാന്തതയുടെ
ഒറ്റത്തുരുത്തിൽ
മൗനത്തിന്റെ കപ്പൽ സഞ്ചാരികൾ
നങ്കൂരമിടും
നമ്മിൽ നിന്നും പറിച്ചെടുത്ത അട്ടഹാസത്തെ പോക്കുവെയിൽ തൂക്കിലേറ്റും

അന്ന് എന്റെ
കണ്ണുകളിൽ ഒരു കടൽ ചത്തു മലർന്നിട്ടുണ്ടാവും
തിരയിളക്കമില്ലാത്ത സഞ്ചാര ദിശയിൽ മീനുടലുകൾ എങ്ങിനെ
ചിത്രമെഴുതാനാണ്

നിലാവ് കുടിച്ച് കുടിച്ച് ചുവന്ന നിന്റെ ചുണ്ടുകളിൽ
വരൾച്ച ദാഹം തീർത്തു പോയ ചതുപ്പുനിലത്തെ
വിള്ളലു കാണാം

നിന്റെ ഉദരത്തിൽ
പുത്ത എന്റെ രക്തപുഷ്പങ്ങൾ
നോവിന്റെ വിഷത്തീണ്ടലേറ്റ്
കരിഞ്ഞു കാണും

പ്രണയം പിരിയുമ്പോൾ
ദിശയറിയാത്ത ഒരു കാറ്റ്
പൂമരച്ചില്ലയിൽ
വെയിൽ പൂക്കൾക്ക്
പരാഗണം നടത്തുന്നുണ്ടാവും

നീ തോർന്ന് പോയ ഒരു മഴയിൽ
ഇറങ്ങിപ്പോയ എന്റെ ഹൃദയത്തെ
വഴിയിലെവിടെയെങ്കിലും
ഉപേക്ഷിക്കേണം
അതിൽ കുരുത്ത എന്റെ
നോവുകളുടെ ബീജം
പെറ്റുപെരുകുന്നതിന്നും മുമ്പ്

പ്രണയം പിരിയുമ്പോൾ
രണ്ടാത്മാക്കൾ
ഇയ്യാംപാറ്റകളായ്
ചിറകുകളറ്റ്
ധ്രുവങ്ങളിലേക്ക് പതിക്കും
ഇനി ചിറകുകൾ വച്ചാലും
പറന്നടുക്കാവുന്ന
അകലത്തിലല്ലല്ലേ
അവരിപ്പോൾ

യഹിയാ മുഹമ്മദ്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here