PHOTOSTORIES
സുർജിത്ത് സുരേന്ദ്രൻ
മുംബൈ യാത്രയിലെ ഏറ്റവും ആവേശം കൊള്ളിച്ച ഒരു സമയമാണ് ‘എലിഫന്റാ കേവ്സി’ലേക്കുള്ള ബോട്ട് യാത്ര. ഗേറ്റ് ഓഫ് ഇന്ത്യയുടെ തീരത്തുനിന്നും 10 കിലോമീറ്ററോളം സഞ്ചരിച്ചാലാണ് ചരിത്രപ്രാധാന്യമുള്ള ഈ ദ്വീപിൽ എത്തിച്ചേരുക. നിരവധി ബോട്ടുകൾ യാത്രക്കാരെയും കൊണ്ട് ദ്വീപിലേക്ക് പോയ്കൊണ്ടിരിക്കുന്നുണ്ട്. ബോട്ടിന്റെ മുകളിലത്തെ നിലയിൽ കയറിയാൽ അത്യാവശ്യം കാഴ്ച്ചകളൊക്കെ കാണാം. മുബൈ നഗരത്തിലെ കൂറ്റൻ കെട്ടിടങ്ങളും, കപ്പലുകളും, ഗേറ്റ് വേ ഓഫ് ഇന്ത്യയും, താജ് ഹോട്ടലും ഒക്കെ ആസ്വദിച്ച് അരമണിക്കൂറിലധികം വരുന്ന ഒരു കടൽ യാത്ര.
ഈ കാഴ്ചകൾക്കൊക്കെ അപ്പുറം യാത്രയുടെ ആവേശം കൂട്ടുന്ന ഒരു കൂട്ടർ ഉണ്ട്. ബോട്ടിനെ വട്ടമിട്ടു പറക്കുന്ന ‘സീഗൾ പക്ഷികൾ’. ബോട്ടിനകത്തുനിന്നു തന്നെ വാങ്ങിക്കാൻ കിട്ടുന്ന കുർകുറെ പാക്കറ്റിൽ നിന്നും ഒരെണ്ണമെടുത്തുയർത്തിയാൽ മതി നമ്മളെ സന്തോഷിപ്പിക്കാനും അവറ്റകളുടെ വയറു നിറക്കാനും വേണ്ടി കടൽകാറ്റിൽ ബാലൻസ് ചെയ്തു പറന്ന് നല്ല സ്റ്റൈലായിട്ട് കുറക്കുറേ കൊക്കിലൊതുക്കി പറക്കും. കൂർത്ത കൊക്കുകളും, ബലമുള്ള ചിറകുകളും, ജാഗ്രതയോടെ ഉള്ള നോട്ടവും ഉള്ള നല്ല വൃത്തിയുള്ള പക്ഷികൾ.
സൈബീരിയൻ സീഗൾ (Seagull) എന്ന ദേശാടന പക്ഷികളാണ് ഇവ. കൂട്ടം കൂട്ടമായാണ് ഇവയെ കാണപ്പെടുക. ചെറിയ പ്രാണികൾ, പുഴുൾ, മീൻ, ചിപ്‌സ് അങ്ങനെ കണ്ട എല്ലാഭക്ഷണങ്ങളും അകത്താക്കും. മിക്കവാറും വർഷത്തിൽ ഒരിക്കൽ മാത്രമാണ് പ്രജനനം നടത്തുന്നത്. കൂടാതെ മൂന്ന് മുതൽ അഞ്ച് മാസം വരെ നീണ്ടുനിൽക്കുന്ന പ്രജനന കാലങ്ങളുണ്ട്. ഇൻകുബേഷൻ 22 മുതൽ 26 ദിവസം വരെ നീണ്ടുനിൽക്കും.
ബോട്ട് കരക്കടുക്കുമ്പോഴേക്കും എനിക്ക് ക്യാമറയിൽ പകർത്താൻ തക്കവണ്ണം രണ്ടുമൂന്ന് ഷോട്ടുകൾ സമ്മാനിച്ചിട്ടാണ് കൂട്ടർ അടുത്ത യാത്രക്കാരെ സന്തോഷിപ്പിക്കാനായി അടുത്ത ബോട്ട് തേടിപ്പോയത്.
…
പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് : 9048906827