PHOTOSTORIES
ദേവരാജ് ദേവൻ
ആദ്യമേ പറയട്ടെ ഇതൊരു യാത്രാ വിവരണമല്ല, എന്റെ യാത്രയിൽ ഞാൻ കണ്ട ചില കാഴ്ചകളെ നിങ്ങൾക്ക് പരിചയപെടുത്തലാണ്.
നമ്മൾ എല്ലാവരും യാത്രാ വിവരണങ്ങൾ വായിച്ചിട്ടുണ്ടാവും. പുസ്തകരൂപത്തിലുള്ള യാത്രാവിവരണങ്ങളെക്കാൾ മാസികകളിൽ ചിത്രങ്ങളോടുകൂടി വരുന്ന യാത്രാവിവരണങ്ങളോടാണ് പണ്ടുമുതലേ എനിക്ക് താല്പര്യം. വായിക്കുന്ന വ്യക്തിക്ക് കൂടി ആ സ്ഥലങ്ങളിൽ പോയ ഒരു ഫീൽ ഉണ്ടാക്കാൻ ആ ചിത്രങ്ങൾക്ക് കഴിയാറുണ്ട് ഫോട്ടോകൾ ഉൾപ്പെടുത്താത്ത യാത്രാവിവരണങ്ങൾക്ക് പൂർണതയും ഭംഗിയും ഉണ്ടാവാത്തതും അതുകൊണ്ടാണ് എന്റെ യാത്രകളിൽ എല്ലായ്പ്പോഴും ക്യാമറ കൂടെ കരുതാറുണ്ട്. ക്യാമറ സ്വന്തമാക്കിയത് ഈയിടെ ആണ്, അതിനു മുൻപ് മൊബൈൽ ക്യാമറകളായിരുന്നു ആശ്രയം. യാത്ര കഴിഞ്ഞു എത്രകാലം കഴിഞ്ഞാലും നമ്മൾ എടുത്ത ഫോട്ടോയിലേക്ക് നോക്കുമ്പോൾ അവ ഇന്നലെ കഴിഞ്ഞപോലെ നമുക്കനുഭവപ്പെടും.
“യാത്രപോയത് വെറുതെ ആയി, ക്യാമറ ഇല്ലാത്തതു കൊണ്ട് ഫോട്ടോസോന്നും എടുക്കാൻ പറ്റിയില്ല “എന്ന് പലരും പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട് എത്രയോ കാശു മുടക്കി നമ്മൾ പോകുന്ന യാത്ര ഒരു ക്യാമറ ഇല്ലാത്തതിനാൽ വെറുതെ ആയി എന്ന് തോന്നിപ്പിക്കുന്നത് യാത്രയും ഫോട്ടോഗ്രാഫിയും തമ്മിൽ അത്രയേറെ ബന്ധപെട്ടു കിടക്കുന്നതുകൊണ്ട് മാത്രമാണ്.
സഞ്ചാരിയായ ഒരു ഫോട്ടോഗ്രാഫർ സഞ്ചരിക്കുന്നത് അയാൾക്ക് വേണ്ടി മാത്രമല്ല അയാൾ കണ്ട കാഴ്ച്ചകൾ മറ്റുള്ളവരെ കാണിക്കാനും അനുഭവിപ്പിക്കാനും ആണ്. അവന്റെ ചിത്രങ്ങൾ അവൻ നടന്ന വഴികളെക്കുറിച്ച് പറയും… കൂടെ നമ്മെ കൈപിടിച്ചു നടത്തിക്കുകയും ചെയ്യും.
വിക്ടർ ജോർജ് എന്ന (മഴയെ സ്നേഹിച്ച്, ഒരു മഴയിൽത്തന്നെ നമ്മോട് യാത്രപറഞ്ഞ ) പ്രശസ്തഫോട്ടോഗ്രാഫറുടെ “മഴചിത്രങ്ങൾ” മഴയുടെ വ്യത്യസ്ത ഭാവങ്ങളാണ് നമ്മെ അനുഭവിപ്പിക്കുന്നത്. മഴക്കൊപ്പം അദ്ദേഹം സഞ്ചരിച്ച വഴികളുടെ സാക്ഷ്യപ്പെടുത്തലുകൾ. നെല്ലിയാമ്പതി കാടിനകത്തേക്ക് 14 കിലോമീറ്റർ നടന്ന് ആനമട എന്ന സ്ഥലത്തേക്കൊരു യാത്രപോയി. അവിടെ ഒരു രാത്രിയും പകലും.
ആ യാത്രയിലെ എന്റെ ക്യാമറാ അനുഭവങ്ങൾ മറക്കാനാവാത്തതാണ് കാടിനകത്തെ പുലർക്കാലം വല്ലാത്തൊരു അനുഭവമായിരുന്നു. കയ്യിൽ ക്യാമറയും പിടിച്ചു അങ്ങനെ നോക്കി നിന്നുപോയി കാലിൽ കടിക്കുന്ന അട്ടകളെ കാര്യമാക്കാതെ കാട്ടിനുള്ളിലെക്ക്, നടക്കുമ്പോൾ, കാടിന്റെ വന്യമായ ആ പച്ച മാത്രമായിരുന്നു ഉള്ളിൽ നിറയെ.
ഓരോ കാഴ്ചകളും എന്നെ അത്രമേൽ അമ്പരപ്പിച്ചു. മരകൂട്ടങ്ങൾക്കിടയിലൂടെ ആദ്യ വെയിലിന്റെ സ്വർണ നൂലുകൾ അരിച്ചിറങ്ങുന്നത്, ഇലകളിൽ വെയിൽ വീണു തിളങ്ങുന്നത്, ഓറഞ്ച് തോട്ടങ്ങളിലൂടെ കൊടയോഴുകുന്നത് കാടിനുള്ളിലെ തടാകത്തിൽ നിന്നും പുകപോലെ നീരാവിയുയരുന്നത്… റോസ് നിറത്തിൽ ഭംഗിയുള്ള പേരറിയാത്ത പൂവുകളിൽ മഞ്ഞു വീണു കിടക്കുന്നത്… കാപ്പിച്ചെടിയുടെ വെളുത്തപൂക്കൾ വനകന്യകമാരെപ്പോലെ തലകുനിച്ച് നിൽകുന്നത്, അങ്ങിനെ ഒത്തിരി ഒത്തിരി കാഴ്ച്ചകൾ കാട്ടിനുള്ളിൽ എടുത്ത ഫോട്ടോകളിൽ ചിലത് നിങ്ങളുമായി ഇവിടെ പങ്കുവക്കുന്നു.
…
പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന ഫോട്ടോ സ്റ്റോറികൾ editor@athmaonline.in എന്ന ഇ മെയിൽ വിലാസത്തിലേക്ക് അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് : 9048906827