പവലിയൻ
ജാസിർ കോട്ടക്കുത്ത്
“We had a mountain to climb but we kept fighting to the end.” – സ്റ്റീവൻ ജെറാർഡ്.
തിരിച്ചുവരവുകൾക്കും അപ്രതീക്ഷിത വിജയങ്ങൾക്കും പേര് കേട്ട കളിയാണ് ഫുട്ബോൾ. പരാജയത്തിന്റെ വക്കിൽ നിന്ന് ഉഗ്രൻ തിരിച്ചുവരവുകൾ നടത്തി വിജയങ്ങൾ സ്വന്തമാക്കിയ ടീമുകൾ ഒരുപാടുണ്ട്. അതിൽ തന്നെ ഏറ്റവും അധികം ആഘോഷിക്കപ്പെട്ട വിജയമാണ് ‘Miracle of Istanbul’ എന്നറിയപ്പെട്ട 2005 ലെ ലിവർപൂളിന്റെ ചാമ്പ്യൻസ് ലീഗ് കിരീടധാരണം. ബാഴ്‌സലോണ അടങ്ങുന്ന ഗ്രൂപ്പിൽ ഒന്നാമതെത്തിയാണ് എസി മിലാൻ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് നോക്ക് ഔട്ട് ഘട്ടത്തിൽ എത്തിയത്. മാഞ്ചെസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ച എസി മിലാന് തന്നെയായിരുന്നു കിരീടം ഏവരും പ്രവചിച്ചിരുന്നത്. മൊണാക്കോക്ക് പിന്നിൽ രണ്ടാം സ്ഥാനക്കാരായി നോക്ക്ഔട്ട് റൗണ്ടിൽ പ്രവേശിച്ച ലിവർപൂൾ ബയർ ലെവർകുസൻ, യുവന്റസ്, ചെൽസി എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് ഫൈനലിൽ എത്തിയത്.
ഇസ്താംബൂളിലെ അതാതുർക്ക് സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ തങ്ങളുടെ പരമ്പരാഗതമായ ചുവന്ന ജഴ്സിയിൽ ആണ് ലിവർ പൂൾ ഇറങ്ങിയത്. യൂറോപ്യൻ കപ്പ് ഫൈനലുകളിൽ ധരിക്കുന്ന വെള്ള ജഴ്സിയിൽ മിലാൻ കളത്തിൽ ഇറങ്ങി.
മത്സരം തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ എസി മിലാൻ ആദ്യ ഗോൾ നേടി. പിർലോ എടുത്ത ഫ്രീകിക്കിൽ നിന്ന് ലഭിച്ച അവസരം മിലാൻ ക്യാപ്റ്റൻ പൗലോ മാൾദിനി വലയിൽ എത്തിക്കുകയായിരുന്നു. മുപ്പത്തി ഒമ്പതാം മിനുട്ടിൽ മിലാൻ ലീഡുയർത്തി. കക്കയും ഷെവ്ചെങ്കൊയും നടത്തിയ നീക്കം അർജന്റെയിൻ താരം ക്രെസ്‌പോ ഗോളാക്കി മാറ്റി. 44ആം മിനുട്ടിൽ കക്ക നൽകിയ മനോഹരമായ പാസ് സ്വീകരിച്ചു ക്രെസ്‌പോ തന്റെ രണ്ടാം ഗോൾ നേടിയതോടെ 3-0 എന്ന വ്യക്തമായ ലീഡിൽ ആദ്യ പകുതി അവസാനിച്ചു. ഫുട്ബോൾ ലോകം കണ്ട എക്കാലത്തെയും മികച്ച തിരിച്ചു വരവിനാണ് തങ്ങൾ സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് അതാതുർക്ക് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾക്ക് അപ്പോൾ അറിയില്ലായിരുന്നു. മൂന്ന് ഗോളുകൾക്ക് പിന്നിലായിരുന്നെങ്കിലും തങ്ങളുടെ പ്രശസ്തമായ “You will never Walk alone” ഗാനം പാടിക്കൊണ്ട് ലിവർപൂൾ ആരാധകർ തങ്ങളുടെ താരങ്ങൾക്ക് പിന്തുണ നൽകുന്നുണ്ടായിരുന്നു. രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ ലിവർപൂൾ പരിശീലകൻ റാഫ ബെനിറ്റസ് സ്റ്റീവ് ഫിന്നനെ പിൻവലിച്ചു ഡിയറ്റ്മർ ഹമന്നെ കളത്തിൽ ഇറക്കി. രണ്ടാം പകുതി തുടങ്ങി ഒൻപത് മിനുറ്റിനകം ലിവർപൂൾ ഒരു ഗോൾ മടക്കി. ഹെഡറിലൂടെ ക്യാപ്റ്റൻ സ്റ്റീവൻ ജെറാർഡ് ആണ് ഗോൾ നേടിയത്. ആത്മവിശ്വാസം വീണ്ടെടുത്ത് വർധിത വീര്യത്തോടെ പൊരുതിയ ലിവർപൂൾ തൊട്ട് പിന്നാലെ രണ്ടാം ഗോൾ നേടി. സ്മൈസറിന്റെ നിലം പറ്റെയുള്ള ലോങ്ങ് റേഞ്ചർ ഷോട്ട് മിലാൻ കീപ്പർ ദിദക്ക് കൈപ്പിടിയിൽ ഒതുക്കാൻ ആയില്ല. 59’ആം മിനുട്ടിൽ സ്റ്റീവൻ ജെറാർഡിനെ ബോക്സിൽ ഗട്ടൂസൊ വീഴ്ത്തിയതോടെ ലിവർപൂളിനായി പെനാൽറ്റി ലഭിച്ചു. സാബി അലോൻസോ എടുത്ത പെനാൽറ്റി കിക്ക് ദിദ തടുത്തിട്ടെങ്കിലും റീബൗണ്ടിൽ ലക്ഷ്യം കണ്ട അലോൻസോ സ്കോർ നില തുല്യമാക്കി. എക്സ്ട്രാ ടൈമിലും സ്കോർ നില തുല്യമായതോടെ വിജയികളെ കണ്ടെത്താൻ പെനാൽറ്റി ഷൂട്ട് ഔട്ട് അനിവാര്യമായി വന്നു.
മിലാന് വേണ്ടി ആദ്യ കിക്ക് എടുത്ത സെർജിഞ്ഞോയുടെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. പിന്നാലെ പിർലോയുടെ കിക്ക് ലിവർപൂൾ കീപ്പർ ഡ്യുടക് കൈപിടിയിൽ ഒതുക്കി. ലിവർപൂൾ ആദ്യ രണ്ട് കിക്കുകളും ഗോളാക്കി മാറ്റിയപ്പോൾ മൂന്നാം കിക്കെടുത്ത റീസെയുടെ ഷോട്ട് ദിദ രക്ഷപ്പെടുത്തി. മിലാന് വേണ്ടി അഞ്ചാം കിക്ക് എടുക്കാൻ എത്തിയത് ഷെവ്ചെങ്കോ ആയിരുന്നു.
മത്സരത്തിന്റെ അധിക സമയത്ത് 117ആം മിനുട്ടിൽ കിരീടം മിലാനിലേക്ക് എത്തിക്കാൻ ഷെവ്ചെങ്കോക്ക് സുവർണാവസരം ലഭിച്ചിരുന്നു. രണ്ട് തവണയാണ് ലിവർപൂൾ ഗോൾ കീപ്പർ ഡ്യുടക് ഷെവ്ചെങ്കൊയുടെ ഗോളെന്നുറപ്പിച്ച ഷോട്ടുകൾ തടഞ്ഞിട്ടത്. പിന്നീട് യുവേഫ ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച നിമിഷങ്ങളിൽ ഒന്നായി ആ ഡബിൾ സേവ് ആരാധകരുടെ മനസിൽ ഇടം പിടിച്ചു.
മിലാന്റെ അഞ്ചാമത്തെ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിക്കേണ്ടത് അനിവാര്യമായിരുന്നു. പക്ഷെ മിലാനും വിജയത്തിനുമിടയിൽ ഡ്യുടക് ഒരു വിലങ്ങു തടിയായി നിന്നു. ഷെവ്ചെങ്കോയുടെ ഷോട്ട് ഡ്യുടക് ഇടം കൈ കൊണ്ട് തടുത്തിടുമ്പോൾ ഗ്യാലറി അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഫുട്ബോൾ ചരിത്രത്തിലെ, ലിവർപൂളെന്ന ഐതിഹാസിക ക്ലബ്ബിന്റെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായി ഇസ്താംബൂളിലെ ഈ ഫൈനൽ മത്സരം മാറി. തങ്ങളുടെ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടമാണ് അന്ന് ലിവർപൂൾ നേടിയത്. മത്സരത്തിലെ ഏറ്റവും നിർണായകമായ രണ്ട് സേവുകളെ പറ്റി ഡ്യുടക് തന്റെ ആത്മകഥയിൽ പിന്നീട് ഇങ്ങനെ കുറിച്ചിട്ടു.
” They called the 2005 Champions League final the ‘Miracle of Istanbul’. Well, this was my miracle. The save of my career. Of my life. ”
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല