അയർലന്റിൽ എത്ര പാട്രിക്കുമാരുണ്ട്?

0
204
Best images 1920x1200 Clover Holidays/Saint Patrick's Day,Clover

ജുനൈദ് അബൂബക്കർ

‘അയർലന്റിൽ എത്ര പാട്രിക്കുമാരുണ്ട് ആശാനേ?’

‘ഇതിപ്പോ കോട്ടയത്തെത്ര മത്തായിമാരുണ്ടെന്ന് ചോദിച്ചതുപോലുണ്ടല്ലോ ഔസേപ്പേ, എന്നതാ കാര്യം?’

‘ഓ, ഞാൻ പരിചയപ്പെടുന്നവന്മാരെല്ലാം പാട്രിക്കാ, ഒന്നുകിൽ ആ പാട്രിക്, അല്ലെങ്കിൽ ഈ പാട്രിക്. ഇതെല്ലാം ഇവന്മാരുടെ ശരിക്കുള്ള പേരാണോ? അതോ തമാശയ്ക്ക് നമ്മളോട് പറയുന്നതാണോയെന്നാ ഇപ്പോഴെന്റെ സംശയം.’

‘പണ്ട് കേട്ടിട്ടുള്ളൊരു തമാശയുണ്ട്, അമേരിക്കയിൽ അമിത മദ്യപാനത്തിന് പിടിക്കപ്പെടുന്ന ഐറിഷ്കാരെല്ലാം പേര് പാഡിയെന്ന് പറയുമായിരുന്നത്രേ, ഇങ്ങനെ പിടിക്കപ്പെടുന്നവരെ കൊണ്ടുപോകുന്ന വാഹനം പാഡി വാൻ എന്ന് പേരിലറിയപ്പെടാൻ തുടങ്ങിയെന്ന്.’

‘ഇനി ഔസേപ്പ് പറഞ്ഞകാര്യത്തിലേക്ക് വരാം.’

അയർലന്റിൽ ഏറ്റവും പ്രചാരമുള്ള പേരുകളിൽ ഒന്നാണ് പാഡി എന്ന് ചുരുക്കത്തിലറിയപ്പെടുന്ന പാട്രിക്. അയർലന്റിന്റെ പാലകപുണ്യാളനും (Patron Saint), അപോസ്തലനുമായ വിശുദ്ധ പാട്രിക്കിനോടുള്ള ആദരസൂചകമായാണ് പലരും കുട്ടികൾക്ക് പാട്രിക്കെന്ന് പേരിടുന്നത്.

അഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പാട്രിക് അയർലന്റിൽ മതപ്രചരണത്തിൽ മുഖ്യ പങ്ക് വഹിച്ചയാളാണ്. ഐറിഷ് ക്രിസ്ത്യൻ വിശ്വാസികളുടെ ആദ്യ ബിഷപ്പും. 460 എ.ഡി മാർച്ച് 17-ന് കൌണ്ടി ഡൌണിലെ ഡൌൺപാട്രിക്കിൽ വെച്ചാണ് സെയിന്റ്.പാട്രിക് മരണപ്പെട്ടതെന്ന് വിശ്വസിക്കുന്നു.ഏഴാം നൂറ്റാണ്ടിൽ അയർലന്റിന്റെ പാലകപുണ്യാളനായ് വാഴ്ത്തപ്പെട്ടു.

വി.പാട്രിക്കിന്റെ ചരമ ദിനം അയർലന്റ് സെയിന്റ് പാട്രിക് ദിവസമായ് ആഘോഷിക്കുന്നു.അന്ന് ദേശീയ അവധിയും, ഉത്സവവുമാണ് ഇവിടുത്തുകാർക്ക്. അന്ന് ഈ രാജ്യം മുഴുവൻ പച്ച മയമാവും. മഞ്ഞിന്റെ വെള്ളപ്പുതപ്പ് മാറ്റി പ്രകൃതിയും പച്ചയുടുക്കുന്ന സമയം. പച്ച വസ്ത്രങ്ങളും ഷാം‍റോക്കും (മൂന്നിലകളുള്ള ഒരു ചെടി, സെന്റ് പാട്രിക് ഉപയോഗിച്ചിരുന്നത്) ധരിച്ച് മാത്രമേ അന്ന് ജനങ്ങളെ കാണുകയുള്ളൂ.

1903 മുതൽ സെന്റ്.പാട്രിക് ദിവസം പൊതുഅവധിയായ് കണക്കാക്കപ്പെടുന്നു. സ്വതന്ത്ര അയർലന്റിലെ ആദ്യ സെന്റ്. പാട്രിക് ദിന പരേഡ് നടന്നത് 1931-ലാണ്.

1990-ൽ റിപബ്‍ളിക് ഓഫ് അയർലന്റ് സർക്കാർ സെയിന്റ്. പാട്രിക്സ് ദിനം ദേശീയോത്സവമായ് കൊണ്ടാടാനും, ലോകത്തിന് മുന്നിൽ ആ ദിവസം ഐറിഷ് സംസ്കാരത്തിന്റെ നേർക്കഴ്ചയായ് അവതരിപ്പിക്കാനും തീരുമാനിച്ചു. 1996 മാർച്ച് 17ന് ആയിരുന്നു ആദ്യ ദേശീയോത്സവം കൊണ്ടാടിയത്. അന്ന് അതു വെറും ഒരു ദിവസത്തെ പരിപാടിയായിരുന്നു. പിന്നീട് 1997-ൽ മൂന്നു ദിവസമായും, 2000-ൽ നാല് ദിവസമായും, 2006-ൽ അഞ്ച് ദിവസമായും വർദ്ധിപ്പിച്ചു. ആ വർഷം ഏകദേശം പത്ത് ലക്ഷത്തോളം ആളുകൾ ഇതിൽ പങ്കെടുത്തു. തലസ്ഥാനമായ ഡബ്‍ളിന് പിന്നാലെ ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്നത്, സെയിന്റ്. പാട്രിക്കിനെ അടക്കം ചെയ്തിരിക്കുന്നുവെന്നു വിശ്വസിക്കുന്ന കൌണ്ടി ഡൌണിലാണ്, വെറും 33 കിലോമീറ്റർ മാത്രം ചുറ്റളവുള്ള ഡൌണിൽ 30,000-ത്തിലധികം ജനങ്ങൾ പങ്കെടുക്കുന്നു

സെയിന്റ്.പാട്രിക്ക് ദിനത്തോടനുബന്ധിച്ച് പല കലാപരിപാടികളും സംഘടിപ്പിക്കാറുണ്ട്. അതിൽ ഏറ്റവും മനോഹരം അന്ന് നടക്കുന്ന പരേഡാണ്. ധാരാളം ഫ്‍ളോട്ടുകൾ അണിനിരക്കുന്ന പരേഡിൽ പലരാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കുന്നു.എല്ലാ വർഷവും ഐറിഷ് മലയാളികളും ഇതിൽ ഭാഗഭാക്കാവാറുണ്ട്.

‘മഴയില്ലെങ്കിൽ പരേഡ് കാണാൻ ഞാനും പോകാറുണ്ട് ആശാനേ, സംഗതി നല്ല കളറല്ലേ..’

പരേഡ് കൂടാതെ ലോകത്തിന്റെ പലഭാഗത്തു നിന്നുള്ള സംഗീത മേളകൾ, തെരുവ് നാടകങ്ങൾ, സ്കൈഫെസ്റ്റ് എന്നറിയപ്പെടുന്ന കരിമരുന്ന് പ്രയോഗം എല്ലാം ചേർന്ന് സെയിന്റ്. പാട്രിക് ദിനം വർണാഭമാക്കുന്നു.

ഏറ്റവും വലിയ പരേഡ് നടക്കുന്നത് ഡ‍ബ്‍ളിനിലാണെങ്കിൽ ഏറ്റവും ചെറിയ പരേഡ് കൌണ്ടി കോർക്കിലെ ഡ്രിപ്സിയിലാണ്. ഡ്രിപ്സി ഗ്രാമത്തിലെ രണ്ട് പബ്ബുകൾക്കിടയിലെ 300 അടി ദൂരമാണ് പരേഡ് സ്ഥലം.

അയർലന്റ് കൂടാതെ ധാരാളം ഐറിഷുകാർ താമസമുള്ള അർജന്റീന, കാനഡ, ബ്രിട്ടൺ, അമേരിക്ക, ജപ്പാൻ, മലേഷ്യ, മോണ്ട്സിറാറ്റ്, റഷ്യ, ദക്ഷിണകൊറിയ, സ്വിറ്റ്സർലന്റ് എന്നിവിടങ്ങളിലും എല്ലാ വർഷവും മാർച്ച് 17ന് സെയിന്റ്. പാട്രിക് ദിനം ആഘോഷിക്കുന്നു. അമേരിക്കയിലെ ഷിക്കാഗോ നദിയും, സാൻ അന്റോണിയോ നദിയും ആ ദിവസം പച്ച നിറം കലക്കി പച്ച നദിയാക്കും. ഓരോരോ ആചാരങ്ങൾ.

ആദ്യത്തെ സെയിന്റ്.പാട്രിക് ആഘോഷം നടന്നത് പക്ഷെ അയർലന്റിലല്ല, അത് 1737 ൽ അമേരിക്കയിലെ ബോസ്റ്റണിലായിരുന്നു. ആദ്യത്തെ പരേഡ് ന്യൂയോർക്കിൽ 1766-ലും, ബ്രിട്ടീഷ് സൈന്യത്തിലെ ഐറിഷ് പട്ടാളക്കാരായിരുന്നു ഇതിനു പിന്നിൽ.

ഇതിൽ രസകരമായ സംഗതി ഈ പാട്രിക് പുണ്യാളൻ അയർലന്റുകാരനേയല്ല എന്നതാണ്. ഇറ്റാലിയൻ പിതാവിനും, സ്കോട്ടിഷ് മാതാവിനും മേവിൻ സുക്കറ്റ് (Maewyn Succat) എന്ന പേരിൽ ബ്രിട്ടനിൽ ജനിച്ച പാട്രിക്കിനെ അടിമക്കച്ചവടക്കാർ 16-‍ാം വയസ്സിൽ പിടിക്കുകയും അയർലന്റിൽ വില്പന ചെയ്യുകയും ചെയ്തു. ആറു വർഷം കഴിഞ്ഞു ഇവിടെനിന്നും രക്ഷപെട്ടു തിരികെ ബ്രിട്ടനിലെത്തുകയും മതപഠനം പൂർത്തിയാക്കി വൈദികനാവുകയും ചെയ്തതിനു ശേഷം അയർലന്റിൽ തിരികെയെത്തുകയും മതപ്രചാരണത്തിന്റെ ചുക്കാൻ പിടിക്കുകയുമായിരുന്നു. അങ്ങനെ ഇവിടെ മരിച്ച് പല നൂറ്റാണ്ടുകൾ കഴിഞ്ഞ് ഇവിടുത്തെ പാലക പുണ്യാളനും, ഇവിടുള്ള 30 ശതമാനത്തോളം ആളുകളുടെ പേരിന് കാരണക്കാരനാവുകയും ചെയ്തു.

‘അതുകൊള്ളാമല്ലോ നമ്മുടെ മദർ തെരേസയെ പോലെയല്ലേ? ’

‘മറ്റൊരു രാജ്യം പ്രവർത്തന മേഖലയാക്കിയ കാരണത്താൽ അങ്ങനെയും പറയാം’..

LEAVE A REPLY

Please enter your comment!
Please enter your name here