വൈശാഖൻ തന്പി
“നീയെന്താടാ വരാന്‍ വൈകിയത്? നീ ജംഗ്ഷനില്‍ ഉണ്ടാകുമെന്ന് പറഞ്ഞതുകൊണ്ട് ഞാനവിടെ വന്നിരുന്നു, നിന്നെ കണ്ടില്ലല്ലോ!”
“ഓഹ്! ഒന്നും പറയണ്ടളിയാ, ഒരു ആന എന്റെ തലയില്‍ കൂടെ പിണ്ടമിട്ടു. പിന്നെ വീട്ടില്‍ പോയി കുളിച്ച് വൃത്തിയാക്കിയിട്ടാ വന്നത്.”
“ഹെന്ത്? ആന തലയില്‍ക്കൂടി പിണ്ടമിട്ടെന്നോ? നീയെന്തിനാ ആനയുടെ കീഴെപ്പോയി ഇരുന്നത്?”
“ഞാന്‍ ആനയുടെ കീഴെ പോയതല്ല. ആന പറന്ന് വന്ന് മുകളില്‍ നിന്ന് പിണ്ടമിടുവായിരുന്നു!”
“ആന പറന്നുവന്ന് നിന്റെ തലയില്‍ പിണ്ടമിട്ടെന്നോ… യെന്തോന്നെടേയ് പ്രാന്തായാ?”
“സത്യമാടാ. ആന പറന്നുവന്നതും പിണ്ടമിട്ടതും ഒരുമിച്ചായിരുന്നു.”
“ഡേ ഡേ, നീ കഞ്ചാവടിച്ചിട്ടുണ്ടോ? സത്യം പറ. അതോ നിന്ന നിപ്പിന് നിനക്ക് വട്ടായാ?”
“അതെന്താ അളിയാ നീ അങ്ങനൊക്കെ ചോദിക്കുന്നത്? എന്നെ നിനക്ക് അത്ര വിശ്വാസമില്ലേ?”
“നിന്നെ വിശ്വാസമൊക്കെ തന്നെ, എന്നും വച്ച് തള്ളുമ്പോ ഒരു മയമൊക്കെ വേണ്ടേ അളിയാ? ഒരുമാതിരി നഴ്സറിപ്പിള്ളേര്‍ പറയുന്ന പുളുവാണല്ലോ ഇത്.”
“നീ അങ്ങനെ പറയരുത്. നീ ഇത് കള്ളമാണെന്ന് പറയാനെന്താ കാരണം? ഞാനിന്ന് വരെ നിന്നോട് കള്ളം പറഞ്ഞിട്ടുണ്ടോ?”
“നീ ഇതുവരെ കള്ളം പറഞ്ഞിട്ടില്ല, ശരി തന്നെ. പുളുവടിച്ച് പരിചയമില്ലാത്തതുകൊണ്ടാണോ മനുഷ്യന്റെ കോമണ്‍ സെന്‍സിന് നിരക്കാത്തതൊക്കെ പറയുന്നത്?”
“ഇതിലെന്താ കോമണ്‍ സെന്‍സിന് നിരക്കാത്തത്?”
“ഡേയ് സത്യം പറ, നീ ശരിക്കും കഞ്ചാവടിച്ചിട്ടുണ്ടോ?”
“നീ ചോദിച്ചതിന് മറുപടി പറ. ഞാന്‍ പറഞ്ഞത് നിനക്ക് വിശ്വാസം വരാത്തതെന്താ? അതിലെന്താ കോമണ്‍ സെന്‍സിന് നിരക്കാത്തത്?”
“എടാ കോപ്പേ, ആന പറക്കുമോ!?”
“അതെന്താ ആനയ്ക്ക് പറന്നാല്‍?”
“ആന പറക്കുന്ന ജീവി അല്ല, അതന്നെ! അതിന് ചിറകില്ലല്ലോ!”
“ഈ ലോകത്തെ മുഴുവന്‍ ആനകളേയും നീ കണ്ടിട്ടുണ്ടോ? ചിറകുള്ള ആന ഉണ്ടെങ്കിലോ?”
“എന്റളിയാ ഇത് മാരക പിടുത്തമാണല്ലോ! ഏതാ സാധനം?”
“നീ ചോദിച്ചതിന് മറുപടി താ. ചിറകള്ള ആനയെ നീ കാണത്തതാണെങ്കിലോ? മോഹന്‍ലാല് ചോദിച്ച മാതിരി നീ ദുബായ് കണ്ടിട്ടില്ലാന്ന് വച്ച് ദുബായ് അവിടില്ലാന്നാണോ?”
“പഷ്ട് ഉദാഹരണം! എടാ നമ്മള്‍ കാണുന്ന ആനകള്‍ക്കൊന്നും ചിറകില്ല. പോരെങ്കില്‍ ബയോളജി പുസ്തകത്തില്‍ അനിമല്‍ കിങ്ഡം പഠിച്ചപ്പോള്‍ ആന പറക്കാന്‍ പറ്റാത്ത വലിയ മൃഗങ്ങളുടെ കൂട്ടത്തിലല്ലേ ചാക്കോ സാര്‍ പഠിപ്പിച്ചത്? ചിറകുള്ള ഒരു ആന ഉണ്ടായിരുന്നെങ്കില്‍ ഈ ലോകത്ത് നീ മാത്രമാകില്ലല്ലോ അത് കാണുന്നത്. അത് ഇതിനകം വാര്‍ത്ത ആയേനെ, പ്രത്യേകിച്ച് ഇന്നത്തെക്കാലത്ത്! നിന്നെ അന്വേഷിച്ച് ഞാന്‍ ജംഗ്ഷനില്‍ വന്നിരുന്നു എന്ന് പറഞ്ഞില്ലേ? നീ പറഞ്ഞത് സത്യമായിരുന്നെങ്കില്‍ ആ ജംഗ്ഷനില്‍ എല്ലാവരും ഇതാകുമായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. അവിടെ പക്ഷേ വിശേഷിച്ച് ഒന്നും സംഭവിച്ച ഭാവം ആര്‍ക്കും ഇല്ലായിരുന്നു. ആന പിണ്ടമിട്ടതുകൊണ്ട് കുളിച്ച് വൃത്തിയായിട്ടാ വരുന്നതെന്ന് നീ പറയുന്നു, പക്ഷേ നിന്നെ കണ്ടിട്ട് അതിന്റെ ഒരു ലക്ഷണവും ഇല്ല. നിന്റെ ശരീരം ഉണങ്ങിയിരിക്കുവാ, നീ ഈ അടുത്ത സമയത്തെന്നും കുളിച്ച ലക്ഷണമില്ല. അങ്ങനെ എന്തല്ലാം ലൂപ്പ് ഹോള്‍സ്. എങ്ങനെ നോക്കിയാലും നീ പറഞ്ഞത് കള്ളമാണെന്ന് ഏത് കൊച്ചുകുഞ്ഞിനും മനസിലാവും.”
“നീ ഒരു സംഭവം തന്നെ അളിയാ!”
“ഊതാതെടേയ്, നീ ചുമ്മാ നമ്പരിട്ടതാ അല്ലേ?”
“അല്ലളിയാ, ഈ പറക്കുന്ന ആനയ്ക്ക് പകരം പറക്കുന്ന കുതിരയുടെ കാര്യമാണ് പറഞ്ഞതെങ്കിലോ?”
“എന്നാലും ആരും വിശ്വസിക്കൂല. അതും കോമണ്‍ സെന്‍സിന് നിരക്കുന്നതല്ല. നീ അങ്ങനെ പറയുമ്പോ, നിന്നോട് അത് തെളിയിക്കാന്‍ പറഞ്ഞാ നീ പെടും! നിന്നെക്കൊണ്ട് പറ്റ്വോ?”
“എന്നാപ്പിന്നെ, പറക്കുന്ന കുതിര ഇല്ല എന്ന് തെളിയിക്കാന്‍ നിന്നോട് ഞാന്‍ പറഞ്ഞാലോ?”
“അതിപ്പോ…”
“വേണ്ടാ അത് പോട്ടെ. ഞാന്‍ വെള്ളത്തിന് മുകളില്‍ കൂടി നടന്നു എന്ന് പറഞ്ഞാലോ?”
“അതും വിലപ്പോകില്ല.”
“അപ്പോ ഞാന്‍ അശരീരി കേട്ടു എന്ന് പറഞ്ഞാലോ?”
“നിനക്ക് വട്ടാന്ന് പറയും… നില്ല് നില്ല്…. നീ എന്താ ഈ പറഞ്ഞുവരുന്നത്??”
“അളിയാ നീ ഒരു കാര്യം ശ്രദ്ധിച്ചോ നീ എന്ത് യുക്തിപരമായിട്ടാണ് ചിന്തിക്കുന്നത്? വളരെ സിസ്റ്റമാറ്റിക്കായി ചിന്തിച്ചിട്ടാണ് ഞാന്‍ പറയുന്നത് കള്ളമാണെന്ന് നീ മനസിലാക്കുന്നത്.”
“ഇതിപ്പോ സാമാന്യബുദ്ധിയുള്ള എല്ലാരും ചെയ്യുന്ന കാര്യമല്ലേ?”
“ആണ്. പക്ഷേ പറക്കുന്ന കുതിരയും വെള്ളത്തില്‍ക്കൂടിയുള്ള നടത്തവും അശീരീരിയുമൊക്കെ മറ്റ് പലയിടത്തും വായിക്കുമ്പോ നീ ഈ അവിശ്വാസം കാണിക്കാറില്ലല്ലോ…”
“ഓഹോ, അപ്പോ അതാണ് നീ കിടന്ന് ഉരുണ്ടത്?”
“ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഉപയോഗിച്ച യുക്തിയുടെ പാതി പോരേ അളിയാ വാട്ടര്‍ ടാങ്കിന്റെ സ്ഥാനം കാരണം നിന്റെ ഭാവി തുലയുമെന്നും പാത്ത് ഫൈന്‍ഡറും ക്യൂരിയോസിറ്റിയും പോയി കിളച്ചുമറിച്ച ചൊവ്വ നിന്റെ പെങ്ങളുടെ ഭര്‍ത്താവിനെ കൊല്ലുമെന്നും പറയുന്നത് തെറ്റാണെന്ന് മനസിലാക്കാന്‍?”
“എടാ മനുഷ്യന്റെ യുക്തിയ്ക്ക് ഒരുപാട് പരിമിതികളുണ്ട്. എല്ലാ കാര്യങ്ങളും യുക്തികൊണ്ട് വിശദീകരിക്കാന്‍ കഴിയില്ല.”
“ശരി അത് തത്വത്തില്‍ സമ്മതിച്ച് തരാം. ഇനി ഇതുകൂടി പറ, യുക്തിയ്ക്ക് വിശദീകരിക്കാവുന്ന കാര്യങ്ങളും അല്ലാത്ത കാര്യങ്ങളും തമ്മില്‍ എങ്ങനെയാ നീ വേര്‍തിരിക്കുന്നത്?”
“ഏഹ്?”
“അതായത് രമണാാാ, ഇത്തിരി നേരത്തേ നീ എന്റെ ആനക്കഥ യുക്തിപൂര്‍വം തള്ളിക്കളഞ്ഞില്ലേ? അതേ നീ വാസ്തുവും ജ്യോതിഷവുമൊക്കെ യുക്തി വച്ച് വിശദീകരിക്കാന്‍ പറ്റില്ല എന്നും പറയുന്നില്ലേ? ഇത് തമ്മില്‍ വേര്‍തിരിക്കുന്ന മാനദണ്ഡം എന്താന്ന്. ഒരു കാര്യത്തില്‍ യുക്തി ഉപയോഗിക്കാമോ ഇല്ലേ എന്ന് എങ്ങനെ തിരിച്ചറിയും എന്ന്…”
“അതായത്…അഹ്..ഹം..”
“നീ ഇപ്പോ പറയണ്ടളിയാ, ആലോചിച്ച് നോക്കിയാ മതി. തത്കാലം നമുക്കിത് നിര്‍ത്താം. ചെലപ്പോ നിന്റെ വികാരങ്ങള്‍ വല്ലതും വ്രണപ്പെട്ടാലോ! നമ്മുടെ ബന്ധം തകരാന്‍ അത് മതി, അനുഭവമുണ്ടേയ്…”
വൈശാഖൻ തന്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്