പരകായം

1
616
athmaonline-parakaayam-radhakrishnan-edachery-thumbnail

കവിത

രാധാകൃഷ്ണൻ എടച്ചേരി

അമ്പതു കഴിഞ്ഞപ്പോൾ
ചില സമയങ്ങളിൽ
ഞാൻ പോലുമറിയാതെ
മറ്റൊരാളായി മാറുന്നു

തിരശ്ശീലയിൽനിന്നും
ഇറങ്ങിവരുന്നവരാണവർ

കാപ്പാട് ബീച്ചിൽ
കാറ്റേറ്റ് നടക്കുമ്പോഴാണ്
ഒരു മസിൽമാൻ
എന്നെ ഉരസിപ്പോയത്

പെട്ടെന്ന്
ബാഷയിലെ രജനിയും
കിംഗിലെ മമ്മൂട്ടിയുമായി

പുഴിമണലിൽ
ചവിട്ടിക്കൂട്ടി
ഷർട്ട് വലിച്ചൂരി
സിഗരറ്റ് തീകൊളുത്തി
ഇംഗീഷ് ഡയലോഗ് കാച്ചി
നടന്നു.

സ്ലോമോഷനിൽ
നീങ്ങുന്ന എന്നെ
അത്ഭുതാദരവോടെ
ഞാൻ തന്നെ
നോക്കിനിന്നു.



സ്വപ്ന നഗരിയിൽ
ചാമ്പയ്ക്കാമരച്ചോട്ടിൽ
കടല
കൊറിച്ചിരിക്കുമ്പോഴാണ്
നീലക്കണ്ണുള്ള
അവൾ
കടൽനീലക്കരയുള്ള
സാരിചുറ്റി
ഒഴുകിവരുന്നത്

“ചന്ദനത്തിൽ കടഞ്ഞെടുത്തൊരു
സുന്ദരീ ശില്പം….”
നിത്യഹരിത നായകന്റെ
പാട്ടുപാടി പിറകെകൂടി

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ
ശങ്കറായി
ചോക്ളേറ്റുകളിൽ
പ്രണയം മധുരിച്ചു

എത്രവേഗത്തിലാണ്
ഞങ്ങൾ
കുഞ്ചാക്കോബോബനും
ശാലിനിയുമായത്

ഇപ്പോൾ
ഇതെഴുതുന്നത്
വിയ്യൂർ ജയിലിലെ
മുപ്പത്തിമൂന്നാം സെല്ലിൽ
നിന്നാണ്

ഫ്ളാഷ്ബാക്കിൽ

സന്ധ്യ
കുതറാൻ ശ്രമിക്കുന്ന
പാലുമായി വരുന്ന
പുത്തൻപുരയിൽ
ഷീല
കെ.പി.ഉമ്മർ.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. രാധാകൃഷ്ണന്റെ പരകായം എന്ന കവിത പുതു മൊഴി വഴികളിൽ പുതുമ തന്നു… കവിയ്ക്ക് കവിതയുടെ സ്നേഹം.

LEAVE A REPLY

Please enter your comment!
Please enter your name here