“ഇന്നലെയിൽ നിന്നും ഇന്നിലേക്ക് പടരുന്ന തൂവാനത്തണുപ്പ്”

0
415
athmaonline-padmarajan-dr-sunitha-g-saouparnika-thumbnail

ഡോ. സുനിത സൗപർണിക

ഏഴാമത്തെ പിറന്നാളിനുള്ള ഉടുപ്പും വാങ്ങി അമ്മയുടെ കൂടെ, ഒരു ജീപ്പിൽ, തിരിച്ചു വീട്ടിലേക്കുള്ള വരവാണ്. അന്ന് ആ വണ്ടിയിൽ വച്ചാണ് ആദ്യമായി ആ പാട്ട് കേൾക്കുന്നത്.

“ഒന്നാം രാഗം പാടി… ഒന്നിനെ മാത്രം തേടി…”

അതിന് മുൻപേ കേട്ട പാട്ടുകളോട് തോന്നാതിരുന്ന, ഒരു വല്ലാത്ത ഇഷ്ടം ഈ പാട്ടിനെ പൊതിഞ്ഞു. ഒരു മൂന്നാംക്ലാസുകാരിയെ വശത്താക്കാൻ ചില ‘ഒന്നുകൾ’ ഉണ്ടായിരുന്നത് കൊണ്ടാണോ എന്തോ…

‘എന്നാലും ആ തേടിയ ‘ഒന്ന്’ എന്തായിരിക്കും…’ എന്ന കുഞ്ഞുസംശയവും കൊണ്ടാണ് അന്ന് വീടണഞ്ഞത്.

പിന്നെ എപ്പോൾ കേൾക്കുമ്പോഴും ആ പാട്ടിന് പുതിയ ഉടുപ്പിന്റെ മണമുണ്ടായിരുന്നു. പുസ്‌തകം പൊതിയാനെടുത്ത പഴയൊരു മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ പേജിലാണ്, പാതിയടഞ്ഞ പോലത്തെ കണ്ണുകളുള്ള ആ താടിക്കാരന്റെ ചിത്രം ആദ്യമായി കാണുന്നത്. അന്നാണ് ആ പേര് ആദ്യം വായിക്കുന്നതും,

“പദ്മരാജൻ”



പിറന്നാളുടുപ്പിന്റെ മണമുള്ള പ്രിയപ്പെട്ട പാട്ട് ഈ മനുഷ്യന്റെ സിനിമയിലേതാണെന്നറിഞ്ഞപ്പോൾ പാട്ടിനോടുള്ള ഇഷ്ടം അയാളെയും പൊതിഞ്ഞു തുടങ്ങി. അയാളുടെ സിനിമകളെ ഒരിക്കലും തിരഞ്ഞു പോയില്ല. ടിവിയിൽ വരുന്നവ, അതും ചിലത് മാത്രം, കുത്തിയിരുന്നു കണ്ടു. വരുമ്പോഴൊക്കെയും മുഷിപ്പില്ലാതെ പിന്നെയും പിന്നെയും കണ്ടു.

വേനലവധിയുടെ ഉച്ചനേരങ്ങളിൽ എപ്പോഴോ ആണ് ‘നൊമ്പരത്തിപ്പൂവ്’ കാണുന്നത്. വെറും ഭ്രാന്തടയാളമായി ചുരുക്കിക്കണ്ട ചെമ്പരത്തിപ്പൂവിനെ പിന്നെ കാണുമ്പോഴെല്ലാം ഉള്ളിലൊരു നൊമ്പരച്ചോര പൊടിഞ്ഞു. വിരിയും മുൻപേ വീണുപോയ ചെമ്പരത്തിമൊട്ടുകളിൽ അപകടച്ചോര മണത്തു.

പത്താംക്ലാസ്സിലെ ജ്യോഗ്രഫി പീരിയഡ്. ഉപ്പളങ്ങളെ കുറിച്ച് പറഞ്ഞ്, ഇഖ്ബാൽ മാഷ് ആലോചിക്കുകയാണ്, “പദ്മരാജന്റെ ഒരു പടത്തിൽ ഉപ്പളങ്ങൾ കാണിക്കുന്നുണ്ട്, ഏതായിരുന്നു ആ സിനിമ…?” പാച്ചുവിനെയും മുത്തശ്ശനെയും ഓർത്ത് ദിവസങ്ങളോളം ഉറക്കം പോയ എനിക്ക് ആ ചോദ്യം എളുപ്പമായിരുന്നു.

ഏഷ്യാനെറ്റിൽ “ഞാൻ ഗന്ധർവ്വൻ” വരുന്ന സമയം. ഗന്ധർവ്വൻ എന്ന മിത്ത്, ജോൺസൺ മാഷിന്റെ പാട്ട്, നിതീഷ് ഭരദ്വാജ് എന്ന ഗന്ധർവ്വൻ, പദ്മരാജൻ എന്ന മനുഷ്യന്റെ ഭാഷ. രണ്ടരമണിക്കൂർ നേരം കണ്ണും മിഴിച്ചിരിക്കാൻ ഇവയെല്ലാം അധികമായിരുന്നു.



ഇറയത്ത് ഊത്താലേറ്റു മഴയറിഞ്ഞപ്പോഴെല്ലാം മണ്ണാറത്തൊടിയിലെ തൂവാനമേറ്റ് ഉള്ളു നനഞ്ഞു. ഭ്രാന്തന്റെ കാലിലെ ചങ്ങലയിലെ ഒറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള മുറിവാകാൻ കൊതിച്ചവൾക്ക്, ഒരു തീവണ്ടിയാത്രയ്ക്കിടയിലെ കൈവീശലിൽ ഒതുങ്ങേണ്ടി വരുമ്പോഴായിരുന്നു, തൂവാനമൊഴിഞ്ഞ് തുമ്പികൾ കൂട്ടം തെറ്റിപ്പോയതും ഉള്ളിൽ ആർത്തലച്ചൊരു മഴ പെയ്തു തോർന്നതും.

(കൂടെ നടക്കാൻ കൂട്ടാക്കിയ ആളെ തിരിച്ചറിഞ്ഞത് വടക്കുന്നാഥന്റെ ആൽത്തറയിൽ വച്ചായിരുന്നു. പണ്ടെന്നോ ഉള്ളിൽ തോന്നിയ സംശയത്തിന്,

“ഏത് ഒന്നിനെ മാത്രം ആയിരിക്കും തേടിയത്”
എന്ന, പാട്ടിൽ കേട്ട ആ പഴയ സംശയത്തിന്, തീർപ്പുണ്ടായത് അതേ ഗോപുരവാതിൽക്കൽ വച്ചു തന്നെ എന്നത് യാദൃച്ഛികം. പിന്നീട് ഹൃദയസംഗമത്തിൻ എത്രയെത്ര ശീവേലികൾ തൊഴുതു…)

ചിറകഴിച്ചു വെച്ച ആകാശങ്ങളെല്ലാം തുന്നിച്ചേർക്കുന്ന, അതിരുകളെല്ലാം പൊളിച്ചെഴുതുന്ന ഇന്നത്തെ പെണ്ണിനും മുൻപേ,
”ദേശാടനക്കിളി കരയാറില്ല” എന്നും “കൂടെവിടെ” എന്നുമുള്ള രണ്ടു ചെറിയ വാചകങ്ങളിൽ എഴുതിച്ചേർക്കപ്പെട്ടിരുന്നത് ഒരു വലിയ രാഷ്ട്രീയം ആയിരുന്നു.



മലയാളിയുടെ കാല്പനികതയിൽ മുന്തിരിച്ചാറൊഴിച്ച്, “അവിടെ വച്ച് നിനക്ക് ഞാൻ എന്റെ പ്രേമം തരും” എന്നു പറഞ്ഞ് സോഫിയയും സോളമനും നീട്ടുന്ന ചഷകങ്ങളിൽ വർഷങ്ങൾക്കിപ്പുറവും പ്രണയം തുളുമ്പേയിരിക്കുന്നു, വർദ്ധിതവീര്യത്തോടെ…

മായയിൽ നിന്നും ശരത്തിന്റെ മുഖത്തേക്ക് പടർന്ന ചുവപ്പും, മായയില്ലാതെ നിസ്വനായി പടിയിറങ്ങിപ്പോവുന്ന നരേന്ദ്രന്റെ ചോര വാർന്ന മുഖവും കണ്ട് ഉള്ളാലെ ഇല്ലാതായി, നെഞ്ഞു നീറിപ്പോയത് എത്ര തവണ… ദാ, ഇന്നലെയും കൂടെ…

പ്രിയപ്പെട്ട പദ്മരാജൻ,

നിങ്ങൾ ചെയ്തു വച്ച ഇന്നലെകളിലെ തൂവാനമേറ്റ് ഉള്ളലിഞ്ഞില്ലാതാവുന്ന, നിങ്ങളെ പ്രണയിയ്ക്കുന്നവരുള്ളപ്പോൾ ഓരോ മേയ് ഇരുപത്തിമൂന്നിനും നിങ്ങൾ പുനർജ്ജനിക്കുന്നുവെന്ന് നിങ്ങൾ അറിയുന്നുണ്ടോ…

സൂര്യസ്പർശമുള്ള പകലുകളിലേക്ക്, ചന്ദ്രസ്പർശമുള്ള രാത്രികളിലേക്ക്, ഓരോ ജനുവരി ഇരുപത്തിനാലിനു ശേഷവുമുള്ള മൂന്നാംപക്കം നിങ്ങൾ ഉയിർത്തെഴുന്നേൽക്കുന്നുവെന്ന് നിങ്ങൾ അറിയുന്നുണ്ടോ…

ഏറ്റവും പ്രിയപ്പെട്ട പദ്മരാജൻ,

നിങ്ങളെ ഗന്ധർവ്വൻ എന്നും, നിങ്ങളുടെ വലിയ – ചെറിയ ജീവിതത്തെ ഉദകപ്പോള എന്നുമല്ലാതെ മറ്റെന്തു വിളിക്കാനാണ്…

ഡോ. സുനിത സൗപർണിക
ഡോ. സുനിത ജി സൗപർണിക


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here