പച്ച മരുന്നുകളുടെ കൂട്ടുകാരൻ. 

0
319

സുബൈർ സിന്ദഗി പാവിട്ടപ്പുറം

ലിക്കുട്ടിക്ക എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന ശാന്ത സ്വഭാവക്കാരനായ ശബ്ദം താഴ്ത്തി സംസാരിക്കുന്ന, റോഡിന്റെ അരികു ചേർന്ന് സാവധാനം നടന്നു നീങ്ങുന്ന മെലിഞ്ഞ ശരീരവും വലിയ ഹൃദയവും ഉള്ള ഒരു മനുഷ്യൻ.
വടക്കത്തു വളപ്പിൽ ആലിക്കുട്ടി.
ഭൂമിയിൽ കുറെ മനുഷ്യർ ജീവിച്ചു മരിച്ചു. ഓരോരുത്തരിലും അവരുടേതായ പ്രത്യേകതകൾ ഉണ്ട് ചിലരിലുള്ളത് മറ്റു പലരിലും കാണാം, അതുപോലെ തന്നെ ചിലരെ നമുക്ക് പൂർണ്ണമായും അനുകരിക്കാൻ കഴിയും, ചിലരുടെ പ്രത്യേകതകൾ നമുക്ക് പലതും പഠിക്കാൻ ഉണ്ടാവും, ചിലരെ നമുക്ക് അത്ഭുതമായിരിക്കും, ലോകം അറിയാതെ പോയവർ. ആലികുട്ടിക്ക അത്തരത്തിലുള്ള തനി ഗ്രാമീണനായിരുന്നു.
ഏറെ പ്രായമായ കാലത്താണ് അദ്ദേഹത്തെ ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. പള്ളിയിൽ ബാങ്ക് വിളിക്കുന്ന മുക്രിയായും, വൈദ്യ ശാലയിൽ മരുന്നെടുത്തു കൊടുക്കാനും അത് പോലെ തന്നെ മതപരമായ അറിവും ഉള്ള ഒരു സാധാരണ മനുഷ്യൻ. റോഡരികിലും തൊടികളിലും ഒക്കെയുള്ള പല ചെടികളും മരങ്ങളുമൊക്കെ നമുക്ക് വെറും പുല്ലുകളും കാടു പിടിച്ച് കിടക്കുന്ന ഉപയോഗ ശൂന്യമെന്ന് തോന്നുന്ന പലതുമാണ്. എന്നാൽ അലികുട്ടികാക്ക് അതെല്ലാം പച്ച മരുന്നുകളാണ്. എല്ലാത്തിനും പ്രത്യേകം പേരുകളുണ്ട്. അത് ‌പോലെ തന്നെ എല്ലാത്തിനും പ്രത്യേകമായ ഗുണങ്ങളും ഉണ്ട്. ഇതെല്ലാം കൃത്യമായി അറിയുന്ന മനുഷ്യർ ഒരുകാലത്തു നമ്മുടെ ഗ്രമങ്ങളിലൊക്കെ ജീവിച്ചിരുന്നു എന്നുള്ളത് നമുക്കെല്ലാം അറിയാം. ഇത് വായിക്കുമ്പോൾ നിങ്ങളുടെ നാട്ടിലും അയല്പക്കത്തുമുള്ള ചില പ്രായമായവരുടെ മുഖം മനസ്സിൽ തെളിയും. എന്നാൽ ഇന്ന് നമ്മുടെ പരിസരം അത്തരം മരുന്നുകളെല്ലാം വെട്ടിത്തെളിച്ചു ശുദ്ധീകരിച്ചപ്പോൾ ഇത്തരത്തിലുള്ള ആളുകളും ഈ ഭൂമിയിൽ നിന്നും അസ്തമിച്ചിട്ടുണ്ട്. അത്തരത്തിൽ ഏറെ വ്യത്യസ്തനാണ് ജീവിതം കൊണ്ടും കർമ്മം കൊണ്ട് ആലികുട്ടിക്ക. പച്ചമരുന്ന് ചെടികൾക്ക് സംസാരിക്കാനും പ്രതിഷേധിക്കാനും കഴിഞ്ഞിരുന്നെങ്കിൽ ഞങ്ങളുടെ നാട്ടിലൊക്കെ നാട്ടു മധ്യസ്ഥർ ചില വീടുകളിൽ നടക്കാറുള്ള പോലെ, എന്റെ നാട്ടിലെ പച്ചമരുന്ന് ചെടികൾ അവരുടെ വാസസ്ഥലം മനുഷ്യൻ നശിപ്പിച്ചില്ലാതാക്കുന്നത് എതിർത്തു നിൽക്കാൻ സഹായം തേടി അവയെല്ലാം ആലികുട്ടിക്കയുടെ വീട്ടുപടിക്കൽ ചെല്ലുമായിരുന്നു എന്ന്‌ ഞാൻ ചിന്തിക്കാറുണ്ട്.
അദ്ദേഹത്തിന്റെ അറിവിൽ ഇല്ലാത്ത ഒരു പച്ചമരുന്നും ഉണ്ടായിരുന്നില്ല. ഓരോ പുൽനാമ്പുകളുടെയും പേരും ഔഷധ ഗുണവും അറിയുന്ന അദ്ദേഹത്തിന്റെ നടപ്പ് ശ്രദ്ധിച്ചാൽ ഒരു പുൽക്കൊടിയും ചവിട്ടി നശിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നോ എന്ന് സംശയിച്ചു പോകുന്നു. ഇന്ന് തൊഴിലുറപ്പിന്റെ ഭാഗമായും, ശുചിത്വത്തിന്റെ ഭാഗമായും നമ്മൾ വെട്ടിത്തെളിക്കുന്ന ഓരോ പുൽച്ചെടിയും ഒട്ടേറെ മനുഷ്യരുടെ രോഗങ്ങൾക്കുള്ള ഔഷധമാണെന്ന് തെളിവുകൾ സഹിതം ഉറക്കെ പറയാൻ കഴിയുമായിരുന്ന ചിലരിൽ ഒരാളായിരുന്നു ആലികുട്ടിക്ക. പാവിട്ടപ്പുറം എന്ന നാടിന്റെ പേര് പറയുമ്പോൾ അടയാളപ്പെടുത്തുന്ന ചില മുഖങ്ങളിൽ ഒന്നാണ് ആലികുട്ടിക്ക. രാത്രിയിൽ ഭക്ഷണം കഴിക്കാൻ തുടങ്ങും മുൻപ് പാവിട്ടപ്പുറം സെന്ററിലോ ബസ്റ്റോപ്പിലോ ഏതെങ്കിലും ഭിക്ഷക്കാരോ മറ്റോ കിടക്കുന്നുണ്ടെങ്കിൽ ആരുമറിയാതെ തന്റെ ഭക്ഷണം കൊടുത്തു വീട്ടിൽ വന്നു കിടന്നിരുന്ന ഒരസാധാരണ സ്വഭാവത്തിന്റ ഉടമയായിരുന്നു ആലികുട്ടിക്ക. മുൻപൊക്കെ പൈപ്പിൽ വരുന്ന വെള്ളം ആശ്രയിച്ചാണ് ഒട്ടുമിക്ക വീട്ടുകാരും കഴിഞ്ഞിരുന്നത്. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് പൈപ്പിൽ വെള്ളം വരിക. ചിലപ്പോൾ രാത്രി സമയങ്ങളിൽ ഏറെ നേരം സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന കൂട്ടത്തിൽ നിന്നും ആഗ്രഹിച്ച അത്രയും ആവശ്യത്തിനുള്ള വെള്ളം പലപ്പോഴും കിട്ടണം എന്നില്ല. അങ്ങിനെ കൊണ്ട് വെക്കുന്ന കുടങ്ങളിലെ വെള്ളം ആരെങ്കിലും പ്രയാസം പറഞ്ഞാൽ വീട്ടുകാർ പ്രധിഷേധം അറീച്ചാലും അത് വിലക്കെടുക്കാതെ അദ്ദേഹം കൊടുത്തിരുന്നു. (ഇന്നിത് വായിക്കുമ്പോൾ വലിയ കാര്യമായി തോന്നില്ലായിരിക്കാം പക്ഷെ ആ കാലത്ത് അതൊരു വലിയ പ്രവർത്തി തന്നെയാണ് )
ഇത്തരത്തിൽ ഏറെ വ്യത്യസ്തയുള്ള ഒരു പച്ചയായ മനുഷ്യർ, നമ്മുടെ ഗ്രാമങ്ങളിൽ നിശബ്ദരായി അറിവിന്റെ നിറകുടങ്ങളായി, അനുകരിക്കാനാവാത്ത ജീവിത ശൈലികൊണ്ട് വ്യത്യസ്തരായി ജീവിക്കുന്നു. ജീവിച്ചു മരിച്ചു പോയിരിക്കുന്നു. ആലികുട്ടിക്ക ഇത്തരത്തിൽ വ്യത്യസ്തനായ പാവിട്ടപ്പുറത്തിന്റെ മറക്കാത്ത മായാത്ത അടയാളമാണ് നന്മയുടെ, സ്നേഹത്തിന്റെ, സൗഹാർദ്ദത്തിന്റെ, സാഹോദര്യത്തിന്റെ, സമാധാനത്തിന്റെ, സാന്ത്വനത്തിന്റെ അനുകരിക്കാനാവാത്ത അടയാളം. പച്ചമരുന്നുകളുടെ കൂട്ടുകാരൻ..

LEAVE A REPLY

Please enter your comment!
Please enter your name here