മൂക്കുത്തിസമരം

0
1056
athmaonline-mookkuthi-samaram

പാഠപുസ്തകത്തിൽ ഇല്ലാത്ത ചരിത്രം 

അനന്ദു രാജ്

കേരളത്തിന്റെ പ്രതിരോധചരിത്രം വലിയ അടരുകളും പടരുകളും നിറഞ്ഞ ഒന്നാണ്. അതിന്റെ ഘടനാപരമായ ഉയർപ്പും, അന്നേവരെ നിലനിന്നിരുന്ന സകല സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾക്ക് വിഘാതമായ ആകൃതിയും നമുക്ക് പ്രത്യക്ഷത്തിൽ കാണാൻ സാധിക്കുന്നത് 19ആം നൂറ്റാണ്ടിന്റെ ആദ്യം മുതലാണ്. ‘നവോത്ഥാനകാലഘട്ടം’ എന്ന് പിൻകാലത്ത് വിളിക്കപ്പെട്ട കാലഘട്ടം തുടങ്ങുന്നത് ഇവിടെ മുതലാണെന്ന് കരുതാം. വ്യത്യസ്ത ജാതിവിഭാഗങ്ങൾ ശ്രേണീബദ്ധമായി നിലനിന്നിരുന്ന അസമത്വങ്ങൾക്കും, ജാത്യാചാരങ്ങൾക്കും എതിരായി വലിയ പ്രകമ്പനം കൊള്ളിക്കുന്ന പ്രക്ഷോഭങ്ങൾ നടത്തുന്ന കാഴ്ചകൾ നമുക്ക് ഇവിടം മുതൽ കാണാൻ സാധിക്കും.

കേരളത്തിന്റെ ജനാധിപത്യസാഹചര്യത്തിന് കാരണമായ വലിയ മാറ്റങ്ങൾക്ക് അടിത്തറ ഈ നവോത്ഥാനത്തിനുള്ളിൽ നിന്നും നമുക്ക് വായിക്കാവുന്നതാണ് . എന്നാൽ എഴുത്ത് അധികാരം ഉണ്ടായിരുന്ന പ്രബല സമൂഹങ്ങൾ വരമൊഴി പകർത്തിയപ്പോൾ അടിത്തട്ടിൽ നിന്നും രൂപം കൊണ്ട പ്രതിരോധ- മൂല്യ മുന്നേറ്റങ്ങളെ ബോധപൂർവ്വം തന്നെ ഒഴിവാക്കിയതായി കാണാവുന്നതാണ്. സവർണമുഖ്യധാരകൾ നിശബ്ദമാക്കിത്തീർത്ത ദലിത്-പിന്നോക്ക ജ്ഞാനസാംസ്കാരിക വ്യവഹാരങ്ങൾ ഉയർത്തിക്കൊണ്ടുവരികയും അവ സൃഷ്‌ടിച്ച പ്രപഞ്ചബോധത്തെ ബദൽ അന്വേഷണത്തിന്റെ ഭാഗമായി അടയാളപ്പെടുത്തുകയും ചെയ്യുന്നത് സാമൂഹ്യജനാധിപത്യത്തിലേക്കുള്ള(Social Democracy) ചവിട്ടുപടിയായി മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്. അങ്ങനെ പാഠവൽക്കരിക്കപ്പെടാതെ പോയ സമരമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ,’മൂക്കുത്തി സമരം’.

ശ്രീനാരായണഗുരു ജനിക്കുന്നതിനും മുപ്പത് വർഷം മുമ്പ് ജനിക്കുകയും, പിന്നോക്കസമുദായങ്ങളുടെ സാമൂഹ്യനീതിയ്ക്ക് വേണ്ടി അക്ഷീണം പരിശ്രമിക്കുകയും ഒടുവിൽ രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത മഹത് വ്യക്തിത്വമാണ് ആറാട്ടുപുഴ വേലായുധപണിക്കർ. എന്നാൽ അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും ചരിത്രത്തിന്റെ ജീവപുസ്തകത്തിൽ വേണ്ടുവോളം അടയാളപ്പെടുത്തിയിട്ടില്ല എന്നതാണ് വാസ്തവം. തിരുവിതാംകൂറിന്റെ ചരിത്രത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിതിരിച്ച സംഭവം തന്നെയായിരുന്നു വേലായുധപ്പണിക്കർ നയിച്ച മൂക്കുത്തി സമരം. പിൻകാലത്ത് ജാതി അയിത്തതിനെ മറികടന്നു ജനാധിപത്യവൽക്കരിച്ച സാമൂഹ്യപൊതുമണ്ഡലം ഉണ്ടായിവന്നതിൽ ഈ സമരത്തിന് ചെറുതല്ലാത്ത പങ്കുണ്ട്.

1860ൽ പന്തളത്താണ് സമരത്തിന് ആസ്‌പദമാവുന്ന സംഭവം ഉണ്ടാവുന്നത്. അക്കാലത്ത് ഓരോ സമുദായക്കാർക്കും അണിയാവുന്ന ആഭരണങ്ങൾക്ക് ചില ചിട്ടകളൊക്കെയുണ്ടായിരുന്നു. പിന്നോക്ക ജാതിക്കാർക്ക് മൂക്കുത്തിയൊന്നും അണിയാൻ അവകാശം ഇല്ലായിരുന്ന അക്കാലത്ത് നാട്ടുനടപ്പ് ലംഘിച്ച് ഒരു ഈഴവയുവതി മൂക്ക് കുത്തി സ്വർണ്ണമൂക്കുത്തി ധരിച്ചു നടന്നു. ഇത് നാട്ടിലെ സവർണ്ണരുടെ എതിർപ്പിന് വഴിയൊരുക്കി. ജാത്യാചാരം ലംഘിച്ചത് വഴി, തങ്ങളെ അപമാനിച്ച ഈഴവയുവതിയുടെ നേരെ ആക്രോശിച്ചുകൊണ്ട് പാഞ്ഞടുത്ത സവർണ്ണർ ആ മൂക്കുത്തി മാംസത്തോടുകൂടി വലിച്ചെടുത്തു ചവിട്ടിയരച്ചു.ഇതറിഞ്ഞാണ് ആറാട്ടുപുഴ വേലായുധപണിക്കരും സംഘവും സ്ഥലത്ത് എത്തുന്നത്. വെറുംകയ്യോടെ ആയിരുന്നില്ല പണിക്കർ എത്തിയത്. ഒരു കിഴി നിറയെ മൂക്കുത്തിയുമായി സ്ഥലത്ത് എത്തിയ പണിക്കർ നാട്ടിലുള്ള അവർണ്ണസ്ത്രീകളെ വിളിച്ചുകൂട്ടി അവരെക്കൊണ്ട് എല്ലാം സ്വർണ്ണമൂക്കുത്തി അണിയിച്ചു നാട്ടിലൂടെ നടത്തിച്ചു. അക്കാലത്ത് അച്ചിപുടവ സമരം ഒക്കെ നടത്തിയത് വഴി പേര് കേട്ട വിപ്ലവകാരിയായിരുന്ന വേലായുധപണിക്കരെ ചോദ്യം ചെയ്യാൻ സവർണ്ണർക്കോ മറ്റാർക്കുമോ ധൈര്യം ഉണ്ടായിരുന്നില്ല.

ഇവർക്ക് നേരെ ഇനിയും ആക്രമണം ഉണ്ടാവുമോ എന്നറിയാൻ വേലായുധപണിക്കരും സംഘവും പന്തളത്ത് തന്നെ കുറച്ച് ദിവസങ്ങൾ തങ്ങി. എന്നാൽ ഒരു പ്രശ്നവും ഉണ്ടായില്ലെന്ന് മാത്രമല്ല, കുതിരപ്പുറത്തു റോന്ത്‌ ചുറ്റിയ ആയുധധാരിയായ പണിക്കർക്കും സംഘത്തിനും കാണാനായത് സ്വർണ്ണമൂക്കുത്തിയണിഞ്ഞു സ്വച്ഛന്ദം സഞ്ചരിക്കുന്ന പിന്നോക്കസത്രീകളെയാണ്.ചരിത്രം ബോധപൂർവം മറന്നുകളഞ്ഞ ആറാട്ടുപുഴ വേലായുധപണിക്കരെയും, പണിക്കർക്കൊപ്പം തന്നെ മൂക്കുത്തി സമരത്തിന്റെ കാതലായ ആദ്യം മൂക്കുത്തി അണിഞ്ഞ സ്ത്രീയെയും മറ്റ് ധൈര്യശാലികൾ ആയ സ്ത്രീകളെയും അടയാളപ്പെടുത്തുന്നത് വഴി, നമ്മൾ ഇന്ന് ആർജിച്ചിരിക്കുന്ന മൂല്യ-ബോധ്യങ്ങളുടെ രൂപീകരണത്തെ പറ്റിയുള്ള വലിയ മനസ്സിലാക്കലുകൾക്ക് വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം.

athmaonline-anandu-raj
അനന്ദു രാജ്

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here