കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ സമകാലിക വായന

0
571

വായന

അജേഷ് നല്ലാഞ്ചി

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ് പി രാജീവിന്റെ മാനിഫെസ്റ്റോയുടെ സമകാലിക വായന എന്ന പുസ്തകം. ഇ എം എസിന്റെ മാർക്സിസത്തിനൊരു ബാലപാഠം വായിച്ചതിന് ശേഷം തുടർ പഠനം വേണ്ടുന്നവർ നിർബന്ധമായും കടന്നു പോവേണ്ട പുസ്തകം.

തൊഴിലാളി വർഗത്തിന്റെ ആശയ ശക്തിയാണ് ദർശനം. തിരിച്ച് ദർശനത്തിന്റെ പ്രയോഗത്തിനുള്ള ഭൗതിക ശക്തിയാണ് തൊഴിലാളിവർഗം. സിദ്ധാന്തമില്ലാത്ത പ്രയോഗം അന്ധവും പ്രയോഗമില്ലാത്ത സിദ്ധാന്തം വന്ധ്യവുമെന്ന് ലെനിൻ പറഞ്ഞത് രാജീവ് ഓർമപ്പെടുത്തുന്നുണ്ട്.

സിദ്ധാന്തം ശരിയാണോ എന്ന് നോക്കാൻ അതിന്റെ പ്രയോഗമല്ലാതെ മറ്റ് മാർഗ്ഗമില്ലെന്ന് മാവോ പറഞ്ഞിട്ടുണ്ട്. സമകാലിക വായനയുടെ സത്ത അതിലുണ്ട്. എഴുതപ്പെട്ട സമയത്തെ സാമൂഹിക ചുറ്റുപാടോ, തൊഴിലാളിയോ , മുതലാളിയോ അല്ല ഇന്ന് സത്യാനന്തര കാലത്തുള്ളത്.. എന്നാൽ ഒരു വരി പോലും തിരുത്താതെ സത്യാനന്തര കാലത്തെ വർഗ്ഗ സമരങ്ങളെ അഭിസംബോധന ചെയ്യാൻ മാനിഫെസ്റ്റോയ്ക്ക് കഴിയും എന്നതാണ് സമകാലിക വായനയുടെ പ്രസക്തി..

“ജോലി കിട്ടാൻ കഴിയുന്ന കാലത്തോളം മാത്രം ജീവിക്കുകയും തങ്ങളുടെ അധ്വാനം മൂലധനത്തെ വർദ്ധിപ്പിക്കുന്ന കാലത്തോളം മാത്രം തൊഴിൽ കിട്ടുകയും ചെയ്യുന്ന പണിക്കാരുടെ വർഗ്ഗമാണ് തൊഴിലാളി വർഗ്ഗം ” മാനിഫെസ്റ്റോയുടെ ഒന്നാമധ്യായത്തിൽ മാർക്സും ഏംഗൽസും തൊഴിലാളി വർഗ്ഗത്തെ ഇപ്രകാരം നിർവ്വചിക്കുന്നുണ്ട്. ഏത് കാലത്താണ് അല്ലെങ്കിൽ ഏത് മേഖലയിലെ തൊഴിലാളിവർഗ്ഗത്തിനാണ് ഈ നിർവ്വചനത്തിന് പുറത്തൊരു അസ്ഥിത്വം അവകാശപ്പെടാനുള്ളത്.. 1848 ൽ നിന്ന് 2020 ലെത്തുമ്പോൾ തൊഴിലാളി – മുതലാളി ബന്ധത്തിന്റെ കാതൽ അധ്വാനശക്തി കൊടുക്കൽ – വാങ്ങൽ പ്രക്രിയയായിത്തന്നെ തുടരുന്നു.

ഐജാസ് അഹമ്മദിന്റെ നിരീക്ഷണം പി രാജീവ് പ്രത്യേകം എടുത്തു പറയുന്നുണ്ട്. അപകടകരമായ രീതിയിൽ മാർക്സിസത്തെ വ്യാഖ്യാനിക്കുന്നവർക്കും അതേറ്റ് പിടിക്കുന്നവർക്കും അതൊരു മുന്നറിയിപ്പ് കൂടിയാണ്. അതിങ്ങനെയാണ് – ” രക്തച്ചൊരിച്ചിലിനോ കലാപത്തിനോ വേണ്ടിയുള്ള ആഹ്വാനത്തിന്റെ ചെറിയ സൂചന പോലും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ എവിടെയും കാണാൻ കഴിയില്ല ” എന്നാണ്.

അജേഷ് നല്ലാഞ്ചി

അതിനർത്ഥം വർഗ്ഗ സമരത്തിന്റെ എഴുതപ്പെട്ടതോ അല്ലാത്തതോ ആയ ചരിത്രത്തിൽ രക്തച്ചൊരിച്ചിൽ ഉണ്ടായിട്ടില്ല എന്നല്ല. അവയെ മാർക്സിസ്റ്റുകൾ വർഗ്ഗ സമരത്തിന്റെ ഉജ്വല ഏടുകളായി തന്നെയാണ് പരിഗണിക്കുന്നത്. മുതലാളിത്ത വ്യവസ്ഥയുടെ പതനം മാനിഫെസ്റ്റോ ആഗ്രഹിക്കുക മാത്രമല്ല അനിവാര്യമെന്ന് പ്രഖ്യാപിക്കുന്നുമുണ്ട്..

മാനിഫെസ്റ്റോയിലെ എന്നും പ്രസക്തമായ ഒരു വാചകത്തെ പി രാജീവ് വിശദമായിത്തന്ന അപഗ്രഥിക്കുന്നുണ്ട്. മുതലാളിത്തത്തെ കുറിച്ചുള്ള ആ വാചകമിങ്ങനെയാണ് – ” മനുഷ്യനും മനുഷ്യനും തമ്മിൽ നഗ്നമായ സ്വാർത്ഥമൊഴികെ, ഹൃദയ ശൂന്യമായ റൊക്കം പൈസയൊഴികെ മറ്റൊരു ബന്ധവും അത് ബാക്കി വച്ചില്ല”



സമകാലിക മാനിഫെസ്റ്റോ വായനയുടെ സർവ്വ പ്രാധാന്യവും ഈ വരികളിൽ നമുക്ക് വായിച്ചെടുക്കാം..

മാനിഫെസ്റ്റോയുടെ ആമുഖത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണ് ഒരു പക്ഷെ പി രാജീവിന്റെ ഈ ശ്രമങ്ങളെ വേറിട്ട് നിർത്തുന്നത്. ആമുഖത്തിലേക്ക് പ്രവേശിക്കാതെ ഉള്ളടക്കത്തിലേക്ക് കടക്കുന്നത് നീതിയല്ലന്ന് തറപ്പിച്ച് പറയുന്നു. മാനിഫെസ്റ്റോയെ കാലികമായി അവതരിപ്പിക്കുക എന്നത് ദുഷ്കരമായ പ്രവർത്തിയെന്ന് രാജീവ് സമ്മതിക്കുമ്പോൾ തന്നെ സമർത്ഥമായി അത് കൈകാര്യം ചെയ്യാൻ സഖാവിന് കഴിഞ്ഞിട്ടുണ്ട് എന്നതാണ് പുസ്തകത്തിന്റെ ആകെത്തുക..

മാർക്സിസത്തിന്റെ , മാനിഫെസ്റ്റോയുടെ പുതിയതും പഴയതുമായ വായനക്കാർക്ക് ഒരു മികച്ച അനുഭവ പരിസരം ഈ പുസ്തകം ഒരുക്കുന്നുണ്ട്..

LEAVE A REPLY

Please enter your comment!
Please enter your name here