സന്തോഷ് കീഴാറ്റൂർ / അജു അഷ്‌റഫ്
“ഓടുന്നോൻ” അടക്കമുള്ള, അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും, ട്രോൾ ലോകത്തിന് താങ്കൾ ‘മരിക്കുന്നോൻ’ ആണ്. “മരണൻ” എന്നൊരു പേര് പോലും സോഷ്യൽ മീഡിയ തമാശരൂപത്തിൽ താങ്കൾക്ക് ചാർത്തിത്തരുന്നതായി കണ്ടിട്ടുണ്ട്. ഈ ട്രോളുകൾ ആസ്വദിക്കാറുണ്ടോ അതോ അസ്വസ്ഥത സമ്മാനിക്കാറുണ്ടോ? ഒരു പ്രത്യേകതരത്തിൽ താങ്കൾ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി തോന്നിയിട്ടുണ്ടോ?
ട്രോളുകൾ ആസ്വദിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ… ചിലത് ആസ്വദിക്കാറുണ്ട് എന്നാവും ഉത്തരം. അതേസമയം, അവയുടെ കമന്റ് ബോക്സിൽ വരുന്ന കമന്റുകൾ പലപ്പോഴും മാനസികവിഷമം ഉണ്ടാക്കാറുണ്ട് എന്നത് സത്യമാണ്. കമന്റ് എഴുതുന്നവർക്ക് മുന്നും പിന്നും നോക്കേണ്ടതില്ലല്ലോ. ഒരാളുടെ മനസ് വേദനിക്കുന്നുണ്ടോ എന്നതൊന്നും അവരുടെ വിഷയമേയല്ല. സോഷ്യൽ മീഡിയയുടെ ഈ പുതിയ കാലത്ത്, പരസ്പരം മുഖങ്ങൾ കാണാത്ത ഇക്കാലത്ത് ആരെക്കുറിച്ചും എന്തുമെഴുതാം. എതിർവശത്തുള്ള വ്യക്തിക്കത് വിഷമമാവുന്നുണ്ടോ, കണ്ണുനീര് പൊടിയുന്നുണ്ടോ എന്നതൊന്നും ആരും കാണുന്നില്ലല്ലോ. അത്തരം കമന്റുകളെ ആ രീതിയിലെ എടുക്കാറുള്ളൂ.. പക്ഷേ, തുറന്ന് പറയട്ടേ, ചില സമയത്ത് വല്ലാതെ വേദനിക്കാറുണ്ട്.
സിനിമാ മേഖല മാത്രം സ്വപ്നം കണ്ടുവന്നൊരാളല്ല ഞാൻ. കഴിഞ്ഞ 33 വർഷക്കാലമായി നാടകവും സിനിമാ അഭിനയവും, പിന്നണിയിൽ അസിസ്റ്റന്റ് ഡയറക്ടറായും, എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും പലവേഷങ്ങൾ ഞാൻ അണിഞ്ഞിട്ടുണ്ട്. ജനകീയ പ്രശ്നങ്ങളിൽ കൃത്യമായി ഇടപെടാൻ ശ്രമിക്കുന്നൊരാളാണ് ഞാൻ. എറണാകുളത്തെ ഫ്ലാറ്റിലിരുന്നുകൊണ്ടല്ല ഞാൻ ഫേസ്ബുക്കിൽ എഴുതാറുള്ളതും അഭിപ്രായം പറയാറുള്ളതും. ഞാനെന്റെ മണ്ണിൽ, എന്റെ നാട്ടിൽ വന്നിട്ടാണ് അഭിപ്രായപ്രകടനങ്ങൾ നടത്താറുള്ളതും, എന്നാൽ കഴിയുന്നത്ര പ്രതിഷേധങ്ങളിലും മറ്റും പങ്കെടുക്കാറുമുണ്ട്.
ഇടക്കാലത്ത് ടൈപ്പ് കാസ്റ്റിംഗ് തീർച്ചയായും നേരിടേണ്ടി വന്നിട്ടുണ്ട്. വളരേ വൈകിയായിരുന്നു സിനിമയിലേക്കുള്ള എന്റെ എൻട്രി. ആദ്യകാലത്ത് സിനിമയിലെ മറ്റ് വശങ്ങളെ കുറിച്ച് വലിയ ധാരണ ഇല്ലായിരുന്നു. പ്രൊഡക്ഷൻ കൺട്രോറുടെയോ നിർമാതാവിന്റെയോ സംവിധായകന്റെയോ ഒരു കോൾ വരുന്നു, ഇതാണ് സിനിമ, ഇതാണ് വേഷം എന്ന് പറയുന്നു, ചെയ്യാമോ എന്ന് ചോദിക്കുന്നു. ഒരുപക്ഷെ നമ്മൾ സ്വപ്‍നം കണ്ടൊരു സംവിധായകൻ ആയിരിക്കാം വിളിക്കുന്നത്. അപ്പൊ അവിടെ മറ്റൊന്നും തന്നെ നോക്കാൻ നമ്മൾ ശ്രമിക്കില്ലല്ലോ. സാമ്പത്തികമോ, സീനിന്റെ എണ്ണമോ വേഷത്തിന്റെ വലിപ്പചെറുപ്പമോ ഒന്നും നോക്കില്ല. ആ സിനിമയുടെ ഭാഗമായി മാറുന്നു. അങ്ങനെ ആയിരുന്നു ആദ്യകാല സിനിമകൾ. ആ സിനിമകളിലൂടെ പതിയെ ഒരേതരം റോളുകളിലേക്ക് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടു. പിന്നീടാണ് ഫിലിം ഇൻഡസ്ട്രിയുടെ അവസ്ഥ അതാണെന്ന് മനസിലാവുന്നത്. ചെയ്ത നല്ല വേഷങ്ങൾ പലപ്പോഴും ആരുടെയും ശ്രദ്ധയിൽ പെടാതെ പോയിട്ടുണ്ട്. “ഓടുന്നോൻ ” ഒക്കെ അത്രയേറെ ആത്മസമർപ്പണം നടത്തി ചെയ്ത സിനിമയാണ്. പക്ഷേ ദൗർഭാഗ്യവശാൽ അതിന് വേണ്ടത്ര ശ്രദ്ധ ലഭിച്ചില്ല. കഴിഞ്ഞ ഐ. എഫ്. എഫ്. കെ യിൽ പ്രദർശിപ്പിച്ച, ഞാൻ തന്നെ നിർമിച്ച ചിത്രമാണ് “അവനോവിലോന”. ഞാൻ ട്രാൻസ്ജന്ററായ വേഷമിട്ട ആ ചിത്രവും അർഹിച്ച രീതിയിൽ ചർച്ചയാവാഞ്ഞത് സങ്കടമാണ്. ഇങ്ങനെ ഒക്കെ ആണെങ്കിലും, സിനിമാ ലോകത്ത് ഞാൻ സന്തോഷവാനാണ്, സന്തുഷ്ടനാണ്.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല