ഒരു കപടസന്യാസിയുടെ ആത്മകഥ

0
717

പോൾ സെബാസ്റ്റ്യൻ

എന്തെല്ലാം അനുഭവങ്ങൾ പേറുന്നതാണ് ഓരോ ജീവിതവും! ഇല്ലായ്മയിൽ നിന്ന് ഉയർന്ന്, ബിസിനെസ്സിന്റെയും പ്രശസ്തിയുടെയും ഉയരങ്ങളിൽ കയറി, ആനന്ദത്തിന്റെ വിവിധ മേഖലകളിൽ കറങ്ങി നിരാശയുടെ അടിത്തട്ടു സ്പർശിച്ചു വീണ്ടും ഉയർന്നു വന്ന്….അനുഭവങ്ങളുടെ ഒരു കലവറയാണ് ‘ഒരു കപട സംന്യാസിയുടെ ആത്മകഥ’ തുറന്നിടുന്നത്. ആമുഖത്തിൽ പറയുന്നു. “ഭൗതിക നേട്ടങ്ങൾക്ക് ഇടയിൽ മാനുഷിക മൂല്യങ്ങൾ മറന്ന് ജീവിക്കുന്നവർക്ക് ഒരു തിരിച്ചറിവ് ഉണ്ടാകണമെന്ന് മാത്രമേ ഈ പുസ്തകം കൊണ്ട് ആഗ്രഹിക്കുന്നുള്ളു..”

അനന്തഭദ്രം – മലയാളികൾ മറക്കാനിടയില്ലാത്ത സിനിമയാണ്. ഈ സിനിമയുടെ രചയിതാവ് എന്ന നിലയിലാണ് സുനിൽ പരമേശ്വരൻ എന്ന പേര് എന്നിലേക്ക് ആദ്യമായി എത്തുന്നത്. മാന്ത്രിക നോവലുകൾ വായിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയിൽ സുനിൽ പരമേശ്വരന്റെ നോവലുകൾ തിരഞ്ഞു പിടിച്ചു വായിച്ചു. ഭദ്രാസനവും വെള്ളിമനയും അങ്ങനെ വായിച്ചവയാണ്. നോവലുകളിലെ ആവർത്തന വിരസത ചിലപ്പോഴൊക്കെ വഴി മുടക്കിയപ്പോഴും വിഭ്രാത്മകമായ, ഭാവനാ സമ്പന്നമായ ആ നോവലുകളിൽ ഒരിക്കലും ഉദ്വേഗത്തിന് കുറവുണ്ടായിരുന്നില്ല. സുനിലിന്റെ പ്രേതാനുഭവങ്ങളുടെ പുസ്തകം വാങ്ങി വെച്ചിട്ടുണ്ടെങ്കിലും വായിക്കാനായിട്ടില്ല. അതിനിടയിലാണ് കൈരളി ബുക്സ് പ്രസിദ്ധീകരിച്ച സുനിൽ പരമേശ്വരൻ – ഒരു കപട സന്യാസിയുടെ ആത്മകഥ കണ്ണിൽ പെടുന്നത്. ആത്മ കഥകളും ആത്മാക്കളുടെ കഥകളും ഒരു പോലെ ഇഷ്ടപ്പെടുന്ന ഞാൻ മറ്റു പുസ്തകങ്ങളെ നീക്കി വെച്ച് ഈ പുസ്തകം വായിച്ചു തീർക്കുകയായിരുന്നു.

പുസ്തകം വായിച്ചു കഴിയുമ്പോൾ എഴുത്തുകാരനോട് സഹാനുഭൂതിയും പ്രാർത്ഥനയും മാത്രമാണ് ബാക്കി. ഈ ആത്മകഥയിൽ എഴുത്തുകാരൻ കടന്നു വന്ന വഴികളെ നന്നായി അടയാളപ്പെടുത്തുന്നുണ്ട്. അൻപത്തിനാലാം വയസ്സിൽ വാർദ്ധക്യവും മരണചിന്തയുമൊക്കെയായി സ്വന്തം ശവക്കുഴിയൊരുക്കി കാത്തിരിക്കുന്ന ഒരാൾ! മനസ്സിന്റെ വിഭ്രാത്മകതയിൽ ഉഴലുന്ന ഒരാത്മാവ്! വിശ്വാസത്തിന്റെയോ അന്ധവിശ്വാസത്തിന്റേയോ ആയ നൂൽപ്പാലങ്ങളിലൂടെ നടക്കുന്ന ഒരാൾ. മറ്റുള്ള ഭൂരിഭാഗം പേരും ആണും പെണ്ണും തന്നെ ചതിച്ചു എന്ന് ചിന്തിക്കുന്ന ഒരാൾ. തന്നെ ചുറ്റിപ്പറ്റി വന്ന കുടിലകളായ സ്ത്രീകളുടെ ചതിയുടെ നിരവധി അനുഭവങ്ങളെ മുൻ നിർത്തി സ്ത്രീകളോട് മൊത്തത്തിൽ ഒരകലം സൂക്ഷിക്കണമെന്ന് മനസ്സിൽ ചിന്തിക്കുന്ന ഒരാൾ…. അയാൾ തുറന്നെഴുതുന്ന അനുഭവങ്ങൾ നിർവികാരതയോടെ വായിച്ചു പോകാനാവില്ല.

രണ്ട് ഉദാഹരണങ്ങൾ ചേർക്കാം.

വേലക്കാരി പെൺകുട്ടി ജോലിയിൽ നിന്ന് പിരിച്ചു വിടപ്പെട്ട് പോകുന്നതിന് മുൻപ് പറയുന്ന സംഭാഷണം. “എന്റെ അമ്മ ഞങ്ങളുടെ നാട്ടിലെ ഏറ്റവും വലിയ വേശ്യയാണ്. രാത്രിയിൽ മണ്ണെണ്ണ വിളക്ക് ഊതിക്കെടുത്തിയാൽ ഇരുട്ടാണ്. ആ ഇരുട്ട് എനിക്ക് പേടിയാണ്. അതിൽ നിന്ന് രക്ഷപെടാൻ ആണ് ഞാൻ ഇവിടെ വന്നത്.” അവൾ തേങ്ങി. എനിക്ക് വാക്കുകൾ ഇല്ലാതായി. “അച്ഛന്റെ പ്രായമുള്ള അമ്മയെ അനുഭവിച്ച വല്ല ലോറിക്കാരന്റെ കൂടെ ശരീരം പങ്കു വെക്കുന്നതിനേക്കാൾ എത്രയോ വലുതാണ് എന്റെ സുനിമോന്റെ കൂടെ കിടക്കുന്നത്. എന്നും എനിക്ക് ഓർമ്മിക്കാൻ ജീവിക്കാൻ അത് മതിയാകും. നേരമാകുന്നു. എന്നെയൊന്ന് കെട്ടിപ്പിടിക്ക്…”

ലോറയുമായുള്ള അവസാന സംഭാഷണം.

അവൾ ലോറ എന്റെ കണ്ണീർ തുടച്ചു. “ഞാൻ ഏട്ടാന്ന് വിളിച്ചോട്ടെ?” ഞാൻ ഒന്നും മിണ്ടിയില്ല. “ഒരു പുരുഷനും കൊടുക്കാത്ത ഈ ശരീരം ഞാൻ നിനക്ക് തരാം. എന്റെ ഗർഭപാത്രത്തിൽ നീ കുഞ്ചനെപ്പോലെ ഒരു കുഞ്ഞിനെ സൃഷ്ടിച്ചോളൂ. നിന്റെ പേര് എന്റെ മരണം വരെ ആ ജനിക്കുന്ന കുഞ്ഞിനോടു പോലും പറയില്ല.” ഞാൻ നടുങ്ങിപ്പോയി! “ഞാൻ ഒരുത്തനും എന്റെ ഈ ശരീരം കൊടുത്തിട്ടില്ല. നീ ഇത് വിശ്വസിക്കണം. എല്ലാ പുരുഷ പിശാചുക്കളെയും ഞാൻ ഭ്രമിപ്പിക്കും. മദ്യം കൊടുക്കും. വാക്കുകൾ കൊണ്ട് മോഹിപ്പിക്കും. ഒടുവിൽ എന്റെ ശരീരത്തിന് അവന്മാർ അവന്മാർ കാലിൽ കെട്ടിപ്പിടിച്ചു കേഴും. നാണം കെട്ടവന്മാർ നിന്നെ പരിചയപ്പെട്ടിട്ട് എത്രകാലമാകുന്നു. നീ മാത്രമാണ് എന്നോട് ശരീരം കൊതിക്കാത്ത, എന്റെ പിന്നാലെ വന്ന് കാമപ്രണയം നടത്താത്തത്.”

എഴുത്തുകാരനോട് മാത്രമല്ല, ഇതിൽ വന്നു പോകുന്ന മറ്റു വ്യക്തികളോടും വായനക്കാർക്ക് സഹാനുഭൂതി ഉണ്ടാക്കും വിധമാണ് എഴുത്ത്. എഴുത്തുകാരന്റെ ഭാര്യയോടും അമ്മയോടും കോഴിക്കോട്ടെ വിവാഹിതയായ സ്ത്രീയോടും, വീട്ടിൽ വേലയ്ക്കു വന്ന പെണ്കുട്ടിയോടും, രോഗബാധിതനായ ഭർത്താവിനെ ശുശ്രൂഷിക്കുന്ന ഭാര്യയോടും പുരുഷനോട് വിദ്വേഷം തീർക്കുന്ന ലോറയോടും എന്നിങ്ങനെ ഒരു വിധം സ്ത്രീ കഥാ പത്രങ്ങളോടെല്ലാം നമുക്ക് കാരുണ്യത്തിന്റെ ചിന്തകൾ ചേർത്ത് വെക്കാൻ തോന്നും.

ചിട്ടയില്ലാത്ത ജീവിതത്തിന്റെ കുറിപ്പുകൾ എഴുതിയതിലും ചിട്ടയുടെ കുറവ് മുഴച്ചു കാണാം. പറഞ്ഞത് തന്നെ വീണ്ടും പറയുന്ന ആവർത്തന വിരസത, ക്രമം തെറ്റിയുള്ള അവതരണങ്ങൾ എന്നിവയുള്ളപ്പോഴും വായന ഒരിക്കലും മടിക്കുന്ന ഒന്നാവുന്നില്ല. തന്നെ ദ്രോഹിച്ചവർക്ക് മാപ്പ് കൊടുക്കുന്നു എഴുതുമ്പോഴും പകയടങ്ങാത്ത മനസ്സും വിരക്തിയുടെ ചാരത്തിനടിയിലും പൊള്ളുന്ന ആഗ്രഹത്തിന്റെ കനലുകളും ഉണ്ടെന്ന് തോന്നിയാൽ വായനക്കാരെ കുറ്റം പറയാനാവില്ല. സംന്യാസിയാണെങ്കിലും തന്റേതും മുറിഞ്ഞാൽ ചോര പൊടിയുന്ന ശരീരമാണെന്ന് സുനിൽ പരമേശ്വരൻ ആവർത്തിച്ചു പറയുന്നുണ്ട്.

അനുഭവങ്ങളുടെ കൈ പിടിച്ചു ചിന്തയുടെ ആഴത്തിലേക്കും വായനക്കാരെ എഴുത്തുകാരൻ ഇടയ്ക്കിടെ കൂട്ടിക്കൊണ്ട് പോകുന്നുണ്ട്.

“സമ്പന്നത ദൈവം തരുന്നതാണ്. അത് ഫിക്സഡ് ഡെപ്പോസിറ്റ് അല്ല. വെറും സേവിങ് അക്കൗണ്ട് ആണിത്. അത്യാവശ്യം വരുമ്പോൾ ഈശ്വരൻ അത് സ്ലിപ്പില്ലാതെ എടുക്കും. നാം അത് അറിയില്ല. ഒരു മൊബൈൽ മെസ്സേജ് പോലും വരില്ല.”

“തെറ്റ് ചെയ്യുന്നവരെ നമ്മൾ ശിക്ഷിക്കേണ്ട. പ്രപഞ്ച ശക്തി ശിക്ഷിച്ചു കൊള്ളും.”

“ധനമുണ്ടെങ്കിൽ എന്തും കോംപ്രമൈസ് ചെയ്യാം. എന്തും.”

“ഋതുഭേദങ്ങൾ പ്രപഞ്ചത്തിനു മാറ്റം വരുത്തും. മനുഷ്യന്റെ സ്വഭാവത്തിന് ഒരു മാറ്റവും വരുത്തുന്നില്ല. സ്വന്തം കർമ്മങ്ങളിലെ തെറ്റുകൾ തിരിച്ചറിയുന്നില്ല. എല്ലാം ശരികളാണ്. അനന്തഭദ്രത്തിൽ മഹാ മാന്ത്രികനായ ദിഗംബരൻ പറയുന്നത് പോലെ എന്റെ ശരികൾ എന്റെ മാത്രം ശരികളാണ്.”

“കാമവും ക്രോധവും മോഹവും എല്ലാം പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലുമുണ്ട്.”

“അപഖ്യാതികൾ ദുർഗന്ധം പോലെ പരക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. ഖ്യാതി മെല്ലെയെ വരൂ.”

“ചുറ്റും ഇരുട്ടായിരുന്നു. നമ്മളെ തിരിച്ചറിയാത്ത, നമുക്ക് തിരിച്ചറിയാവുന്ന ഇരുട്ട്.”

“ഏറ്റവും നല്ല ആയുധം ക്ഷമയാണ്. ഏറ്റവും വലിയ പ്രതികാരം മൗനവും.”

സത്യങ്ങളും സംശയങ്ങളും ഇഴ ചേർന്ന ജീവിത മുഹൂർത്തങ്ങൾ കൊണ്ട് സമൃദ്ധമാണ് ഈ ആത്മകഥ. മായയുടെയും അവിശ്വാസത്തിന്റെയും ചതിയുടെയും പ്രതികാരത്തിന്റെയും മുഹൂർത്തങ്ങൾ നിരവധി തവണ വീതം കടന്നു പോയി പുസ്തകവായന അവസാനിക്കുമ്പോഴേക്കും ചിന്തയുടെ തുരുത്തിലേക്ക് വായനക്കാർ മാറിക്കഴിഞ്ഞിരിക്കും. സത്യമോ അസത്യമോ ആവട്ടെ, യാഥാർഥ്യമോ മിഥ്യയോ ആവട്ടെ, തീക്ഷ്ണമായ അനുഭവങ്ങളുടേതാണ് ഈ ആത്മകഥ. സുനിൽ പരമേശ്വരന്റെ പുസ്തകങ്ങൾ വായിച്ചിട്ടുള്ളവരും ആളെപ്പറ്റി അറിയാവുന്നവരും വായിക്കാൻ ഇഷ്ടപ്പെടുന്ന അനുഭവങ്ങളുടെ പുസ്തകം. “ഒരു കപട സന്യാസിയുടെ ആത്മകഥ.”

LEAVE A REPLY

Please enter your comment!
Please enter your name here