അകവും പുറവും എരിഞ്ഞവരുടെ ജീവചരിത്രം

1
876
athmaonline-oru-puka-koodi-kalpattanarayanan-muneer-agragami-thumnail

കൽപ്പറ്റ നാരായണന്റെ ഒരു പുക കൂടി എന്ന കവിതയുടെ പഠനം

മുനീർ അഗ്രഗാമി

ഏതുകാര്യത്തിനും എന്നും മുന്നിൽ നിന്നിരുന്ന ഒരാൾക്ക് കാലപ്പകർച്ചകൊണ്ട് പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടായാലുള്ള അവസ്ഥ നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? പ്രതാപത്തോടെ കഴിഞ്ഞിരുന്ന ഒരാൾ കാലക്രമത്തിൽ സ്ഥാനമാനങ്ങൾ ക്ഷയിച്ച് നെഞ്ച് വിരിച്ചു നടക്കാൻ ആവാതെ ഏറെ സങ്കടത്തോടെ സ്വന്തം കഥ ഓർത്തെടുക്കുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ?

muneer-agragami-wp
മുനീർ അഗ്രഗാമി

കൽപ്പറ്റ നാരായണന്റെ ‘ഒരു പുക കൂടി’ എന്ന കവിതയിൽ ബീഡി തൻറെ സ്വന്തം കഥ പറയുന്നത് ഈ ഒരു അവസ്ഥയിലിരുന്നാണ്. പോലീസ് വരുന്നുണ്ടോ എന്ന് ഇടത്തേക്കും വലത്തേക്കും നോക്കി കയ്യിലിരിക്കുന്ന ബീഡി തുടർന്ന് വലിക്കണോ കളയണോ എന്ന് ചിന്തിക്കുന്ന കവിതയിലെ ആഖ്യാതാവിനോട് ബീഡി മെല്ലെ ഒച്ച താഴ്ത്തി ഇങ്ങനെ പറയുന്നു.

“എനിക്ക് വയ്യ ഇങ്ങനെ നാണംകെട്ട് ജീവിക്കാൻ ഞാൻ മുമ്പൊരിക്കലും ഇതുപോലെ ആയിരുന്നില്ല ” ബീഡി പറഞ്ഞത് എത്ര വലിയ സത്യമാണെന്ന് കവിത നമുക്ക് പറഞ്ഞു തരുന്നു. കേരളത്തിൽ പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചതിൽ പിന്നെ പഴയപോലെ ആരെയും പേടിക്കാതെ മലയാളിക്ക് പുകവലിക്കാൻ സാധിച്ചിട്ടില്ല . കൽപ്പറ്റ നാരായണന്റെ ഈ കവിത 2011 ൽ ഇറങ്ങിയ ‘ഒരു മുടന്തന്റെ സുവിശേഷം’ എന്ന കവിതാസമാഹാരത്തിലാണുള്ളത് . മാതൃഭൂമി വാരികയിൽ ഈ കവിത പ്രസിദ്ധീകരിച്ചു വന്നതുമുതൽ , ഇരുപതാം നൂറ്റാണ്ടിൽ യൗവനം ആഘോഷിച്ച മലയാളികളെല്ലാം ഗൃഹാതുരമായ ഏതോ പുകച്ചുരുളുകൾ പോലെ കൂടെ കൊണ്ടുനടക്കുന്ന കവിതയാണിത്.



1999 ജൂലൈ 12നാണ് കേരള ഹൈക്കോടതി കേരളത്തിലെ പൊതുസ്ഥലത്ത് പുകവലി നിരോധിച്ചത്. ലോകചരിത്രത്തിൽ തന്നെ പുകവലി നിരോധിച്ചു കോടതി ഉത്തരവിടുന്നത് ആദ്യമായാണ്. കേരളത്തിൽ എവിടെയും എങ്ങനെയും ഏതുനേരത്തും പുകവലിക്കുന്ന ശീലത്തിന് മാറ്റമുണ്ടായത് അന്നുമുതൽക്കാണ് . ഓഫീസ്, കല്യാണവീട്, മരണവീട്, സ്കൂൾവളപ്പ്, ബസ്റ്റാൻഡ്, സിനിമാ തിയേറ്റർ എന്നിങ്ങനെ പുകവലിക്കാർ ഇല്ലാത്ത ഒരു ഇടവും കേരളത്തിൽ ഉണ്ടായിരുന്നില്ല.

താൻ നാണം കെടാതെ ജീവിച്ചിരുന്ന ആ കാലത്തെ കുറിച്ചാണ് ബീഡി പറയുന്നത് . ഒരിക്കൽ ചങ്കൂറ്റത്തിന്റെ പ്രതീകമായി കൂസൽ ഇല്ലാത്തവരുടെ ചുണ്ടുകളിൽ താൻ ജ്വലിച്ചതും തന്റേടത്തിന്റെയും ധൈര്യത്തിന്റെയും പ്രതീകമായി നട്ടപ്പാതിരകളിൽ കാടുപിടിച്ച ഇടവഴികളിലൂടെ ധൈര്യത്തോടെ നടന്നതും ഗ്രാമത്തിലെ തോടിനു മുകളിലെ ഒറ്റത്തടിപ്പാലം കടന്നതും ബീഡി ഓർക്കുകയാണ്.
ചുമരെഴുതാനും പോസ്റ്ററൊട്ടിക്കാനും വിപ്ലവകാരികളുടെ കൂടെക്കൂടിയ ആ കാലം പേടിയില്ലാതെ എരിഞ്ഞു തീർന്നു. അക്കാലത്ത് മനുഷ്യർ വഴികളുടെ ദൂരം പോലും ബീഡിയുടെ കണക്കനുസരിച്ച് അളന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനും എതിരെ കാസർകോഡ് ജില്ലയിലെ കയ്യൂർഗ്രാമത്തിൽ നടന്ന കർഷക സമരത്തിൽ സമരഭടൻ മാർക്കൊപ്പം പങ്കെടുത്ത കാര്യം ബീഡി പ്രത്യേകം ഓർമ്മിക്കുന്നു. കേരളത്തിൻറെ രാഷ്ട്രീയ സാംസ്കാരിക ചരിത്രത്തിൽ ചലനങ്ങളുണ്ടാക്കിയ നക്സൽബാരി പ്രവർത്തനങ്ങൾക്കൊപ്പം ബീഡി ഉണ്ടായിരുന്നു.വർഗീസും തേറ്റമല കൃഷ്ണൻകുട്ടിയും അജിതയും ഫിലിപ് എം. പ്രസാദുമെല്ലാം വയനാട്ടിൽ പുൽപ്പള്ളിയിൽ നക്സൽബാരി പ്രവർത്തനങ്ങൾ നടത്തിയ കാര്യങ്ങളാണ് കവിതയിൽ സൂചിപ്പിക്കുന്നത്.

achanum-makalum-kalpatta-narayanan-athmaonline
കൽപറ്റ നാരായണൻ

രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മാത്രമല്ല, സർഗ്ഗാത്മകമായി ഇടപെടലുകളിൽ കൂടി തന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് ബീഡി ഉറപ്പിച്ചു പറയുന്നുണ്ട്. നാടകവേദിയുടെ പ്രവർത്തനങ്ങളിൽ ,ഫിലിം സൊസൈറ്റികളുടെ കൂടിയാലോചനകൾ, എഴുത്തുകാരന് ഏകാന്തതയിൽ തണുപ്പിലും ഇരുട്ടിലും എല്ലാം താൻ കൂട്ട് ഉണ്ടായിരുന്നുവെന്ന് ബീഡി ഓർത്തെടുക്കുന്നു.

ധീരന്മാരായ പുരുഷന്മാരുടെ ചുണ്ടുകളിൽ എരിഞ്ഞ് തിളങ്ങിയ ഒരു കാലം .അതെല്ലൊം തീർന്നിരിക്കുന്നു . സിനിമയിലെ നായകന്മാർ ബീഡി ആഞ്ഞു വലിച്ചു ആരാധകരെ നേടി. നിങ്ങൾക്ക് ഓർമ്മയില്ലേ തൊണ്ണൂറുകളിലെ കൂട്ടുകാർ പരസ്പരം പറഞ്ഞിരുന്ന രണ്ടു വാക്യങ്ങൾ

‘ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ തീപ്പെട്ടിയുണ്ടോ സഖാവേ ബീഡി എടുക്കാൻ’
എന്ന കുശലാന്വേഷണം. വേണു നാഗവള്ളിയുടെ ലാൽസലാം എന്ന സിനിമയിൽ ഭരത് മുരളിയും മോഹൻലാലും അനശ്വരമാക്കിയ സ്റ്റീഫൻ നെട്ടൂരാന്റയും ആൻറണി യുടെയും വാക്കുകൾ. അക്കാലത്തെ തീവണ്ടികൾ പോലെ, ഉള്ളിൽ തീയുള്ളവരെ മുന്നിൽ നിന്ന് താൻ നയിച്ചു എന്ന് ബീഡി പറയുന്നത് അതുകൊണ്ടാണ്.

ചിന്തിക്കുന്നവരുടെയും പ്രവർത്തിക്കുന്നവരുടെയും എല്ലാം ആത്മവിശ്വാസമായിരുന്നു ബീഡി. കേരളത്തിൻറെ സാംസ്കാരിക പരിസരങ്ങളിലും തൊഴിലിടങ്ങളിലും ബീഡി ഒഴിച്ചുകൂടാനാവാത്ത ഒരു സാന്നിദ്ധ്യമായിരുന്നു. എല്ലാ ഇടപെടലുകളിലും ബീഡിയുടെ പുകച്ചുരുളുകൾ ഉണ്ടായിരുന്നു. ചൂഷണത്തിനെതിരെ പ്രതികരിച്ചവൻറെ കൂട്ടായിരുന്നു. തകർന്നുപോയവൻറെ ആശ്വാസമായിരുന്നു. ബീഡിയില്ലാത്ത ഇടങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല എന്നാണ് കവിത പറയുന്നത്. രസമറിയാൻ സ്ത്രീകൾ പോലും തന്നെ കട്ട് വലിച്ചിട്ടുണ്ട്.

പക്ഷേ ഹൈക്കോടതിയുടെ ഉത്തരവിലൂടെ കാര്യങ്ങൾ ആകെ മാറി മറിഞ്ഞു. കോട്ടയം ബിസിഎം കോളേജ് അധ്യാപിക മോനമ്മ കോക്കാട് നൽകിയ പരാതിയിലാണ് ഈ സുപ്രധാന വിധി ഉണ്ടായത്. ട്രെയിൻ യാത്രയിൽ പുകവലി ശല്യം ഉണ്ടായതോടെ അവർ കോടതിയെ സമീപിക്കുകയായിരുന്നു. പൊതുസ്ഥലങ്ങളിലെ പുകവലി ഭരണഘടനാവിരുദ്ധവും ഇരുപത്തിയൊന്നാം അനുച്ഛേദത്തിൻറെ ലംഘനവുമാണെന്ന് കോടതി കണ്ടെത്തി. അന്നുമുതലാണ് മലയാളിയുടെ സാംസ്കാരിക ജീവിതത്തിൽ നിന്ന് അഭിവാജ്യഘടകമായിരുന്ന ബീഡി മെല്ലെ മെല്ലെ അപ്രത്യക്ഷമാകുന്നത്. കവിതയിൽ കൽപ്പറ്റ നാരായണൻ പറയുന്നതു പോലെ തലയുയർത്തി നിൽക്കാൻ സാധിക്കാത്ത നാണക്കേടിൽ എത്തുന്നത്. കവിതയുടെ തുടർന്നങ്ങോട്ടുള്ള ഭാഗത്താണ് കൽപ്പറ്റ നാരായണൻ കവിതയിൽ ദർശനങ്ങൾ വ്യക്തമാക്കുന്നത്.



ബീഡി തൻറെ കുറവുകൾ തിരിച്ചറിഞ്ഞ് കഴിവുകേടുകൾ മനസ്സിലാക്കി , തന്നെക്കുറിച്ചുള്ള അപ്രിയസത്യങ്ങൾ വിളിച്ചു പറയുകയാണ്

എനിക്കറിയാം,
“ഞാന്‍ നന്നല്ല
ആരോഗ്യത്തിന്
കുടുംബഭദ്രതയ്ക്ക്
ഭാവിഭദ്രതയ്ക്ക്.
സ്വന്തം ചിതയ്ക്ക് തീകൊളുത്തുകയാണ്
ബീഡിക്ക് തീ കൊളുത്തുമ്പോള്‍ ”

ബീഡി വലിക്കുന്ന ഒരാൾ സ്വന്തം ചിതയ്ക്ക് തന്നെയാണ് തീ കൊളുത്തുന്നത് എന്ന കാര്യത്തിൽ ഇന്നാർക്കും തർക്കമില്ല. നമ്മെ ചിന്തിപ്പിക്കുന്ന വരികളിലൂടെ പുകവലി വിരുദ്ധസന്ദേശമാണ് കവി പകരുന്നത്. പുകവലി മനുഷ്യൻറെ ആരോഗ്യത്തിന് ഹാനികരവും മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്നു എന്നതും ശാസ്ത്രീയമായി തെളിഞ്ഞ കാര്യമാണ്. ലോകത്ത് മരണ കാരണങ്ങളായ രോഗങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് സി ഒ പി ഡി. ഇത് പുകവലി മൂലം ശ്വാസകോശത്തിനു സംഭവിക്കുന്ന രോഗമാണ് പുകയില ഒരു വർഷം അറുപതുലക്ഷം പേരുടെ മരണത്തിന് കാരണമാകുന്നുണ്ടത്രേ.

താൻ ഒരു ദുശ്ശീലം ആണെന്നും ബീഡി തിരിച്ചറിയുന്നു.
“എങ്കിലും ആശ്വാസങ്ങളില്ലാത്ത മനുഷ്യന്
ദുശ്ശീലത്തോളം ഉതകുന്ന മിത്രമുണ്ടോ?” എന്ന് കവി ചോദിക്കുന്നു. ഒറ്റപ്പെടുമ്പോൾ , ആരും മനസ്സിലാക്കാൻ ഇല്ലാത്തപ്പോൾ, ആശ്വാസകരമായി ഒന്നും ജീവിതത്തിൽ സംഭവിക്കാത്തപ്പോൾ മനുഷ്യൻ ലഹരിക്ക് അടിമപ്പെടുന്നു. ദുശ്ശീലം ആണെന്ന് അറിഞ്ഞിട്ടും അവരത് സ്വീകരിക്കുന്നു.



അങ്ങനെ ആയുസ്സിനെ കുറിച്ചും സുരക്ഷിതത്വത്തിനെ കുറിച്ചും ചിന്തിക്കാത്ത ആളുകൾ ബീഡിയുടെ സന്തതസഹചാരികൾ ആയിരുന്നു. അങ്ങനെ എരിഞ്ഞ മനുഷ്യരെക്കുറിച്ച് , നിരാലംബരെക്കുറിച്ച് കവിത സംസാരിക്കുന്നു. മറ്റാർക്കോ വേണ്ടി എരിഞ്ഞുതീരുന്ന മനുഷ്യജന്മമായി കവിതയിൽ ബീഡി മാറുന്നു. അത്തരത്തിലുള്ള അരക്ഷിതരെ വേട്ടയാടിയ നിയമം ഇന്ന് ബീഡിയെ വേട്ടയാടുകയും സമൂഹത്തിൽ നിന്ന് നിഷ്കാസനം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു.

ലോക വ്യാപകമായി പുകയിലവിരുദ്ധ സന്ദേശം പ്രചരിക്കുന്നതും നിയമങ്ങൾ നിർമ്മിക്കപ്പെടുന്നതും ഓർമ്മിക്കുക . 1987ലാണ് പുകയില വിരുദ്ധദിനം ആദ്യമായി ആചരിച്ചത്. ഓരോ വർഷവും മെയ് 31 ലോക പുകയിലവിരുദ്ധ ദിനം ആചരിക്കുന്നു. കയ്യൂരും പുൽപ്പള്ളി യും ബീഡിക്കൊപ്പം എരിഞ്ഞിരുന്ന നാളിൽ പുകയിലവിരുദ്ധ സന്ദേശങ്ങളും നിയമങ്ങളും ഇത്ര തീവ്രമായിരുന്നില്ല. 2003 ല്‍ ഇന്ത്യയിൽ പുകവലി നിരോധന നിയമം നിലവിൽ വന്നു.
2013 ൽ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പറഞ്ഞത് പുകയില മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, പുകയില നിയന്ത്രണ നിയമങ്ങൾ എന്നിവ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കും എന്നാണ്. .
ഈ പശ്ചാത്തലത്തിൽ ബീഡിയുടെ ആത്മഗതം നോക്കുക
“കണ്ടില്ലേ
ഞാന്‍ മാത്രം കൂട്ടുണ്ടായിരുന്ന അരക്ഷിതരെ
വേട്ടയാടിയ നിയമം
ഇന്നെന്നെ വേട്ടയാടുന്നത്?”



ഈ വേട്ടയാടലിൽ നിൽക്കക്കള്ളിയില്ലാതെ കമ്പനികൾ ചുവടുകൾ മാറ്റുന്നു. ചില കമ്പനികൾ അപ്രത്യക്ഷമായി. പലർക്കും തൊഴിൽ ഇല്ലാതായി. ഒരുകാലത്ത് നാലായിരത്തി അഞ്ഞൂറ് തൊഴിലാളികൾ ജോലി ചെയ്തിരുന്ന ബീഡിക്കമ്പനിയായിരുന്നു ദിനേശ് ബീഡിക്കമ്പനി. ഇപ്പോൾ ആ പ്രതാപം എല്ലാം പോയി. പുകയില വിരുദ്ധ പരസ്യങ്ങൾ എല്ലാ മാധ്യമങ്ങളിലും വരുന്നു. ബീഡിയുടെ പരസ്യത്തിന് നിയന്ത്രണങ്ങൾ വന്നു . പുതിയ കാലം വന്നു പുതിയ ലഹരിവസ്തുക്കൾ വന്നു. പുകച്ചു കളയുന്നതിന് ഭാഗ്യക്കുറി എടുത്തുകൂടെ എന്ന് പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മനസ്സിലാക്കിയവർ ചോദിച്ചു തുടങ്ങി.

കൽപ്പറ്റ നാരായണൻ ‘ഒരു പുക കൂടി ‘ എന്ന ഈ കവിതയിലൂടെ കേരളത്തിൻറെ സാംസ്കാരിക ചരിത്രകാരന്മാർ കാണാത്ത, എന്നാൽ കേരളത്തിൻറെ സാംസ്കാരിക രംഗത്ത് അവഗണിക്കാനാവാത്ത സാന്നിധ്യമായിരുന്ന ബീഡിയെ കണ്ടെടുക്കുകയാണ്. ഉള്ളിൽ തീയുമായി നടന്നവരുടെ ചുണ്ടിൽ ബീഡി എരിഞ്ഞുനിന്ന ഒരു കാലത്തിൻറെ ദൃക്സാക്ഷിയാണ് കവി. ഒരു ബീഡിയുടെ ആത്മകഥയിലൂടെ താൻ ജീവിച്ച കാലത്തിൻറെ ഒരു ശീലത്തിന്റെ കഥ കൂടിയാണ് കല്പറ്റ നാരായണൻ ഈ കവിതയിലൂടെ പങ്കുവെക്കുന്നത്.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

1 COMMENT

  1. അമ്പത് പൈസക്ക് വല്യാ പ്പാക്ക് ബീഡി മേടിച്ചിരുന്ന കാലം ഓർമ്മ വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here